Wednesday 14 August 2013

ശ്രീനാരായണഗുരു : കാലഘട്ടത്തിന്റെ അവതാര പുരുഷന്‍


ശ്രീനാരായണ ഗുരു സ്വാമി രണ്ടു നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്, കേരളം ഇന്നത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്ന അവസ്ഥയില്‍ നിന്ന്, അന്നത്തെ കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയതില്‍ ഒരുപാട് ആളുകള്‍ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ച ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍, അത് ശ്രീനാരായണ ഗുരുദേവനായിരിക്കും. അത് സര്‍വ്വ സമ്മതമായ തിരഞ്ഞെടുപ്പാകും എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ശ്രീനാരായണന്‍ അവതാര പുരുഷനായിരുന്നു എന്നു ഞാന്‍ പറയാറുണ്ട്. ആ വാക്ക് പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട് എന്നെനിക്കറിയാം. യേശു ക്രിസ്തുവും, ശ്രീകൃഷ്ണനുമൊക്കെ അവതാരപുരുഷന്‍മാരായിരുന്നു എന്നൊക്കെ പറയുന്ന അര്‍ത്ഥത്തിലല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈശ്വരന്റെ അംശം നമ്മില്‍ എല്ലാവരിലും ഉണ്ട് എങ്കിലും, അത് കൂടുതല്‍ വ്യക്തമായി ജീവിതത്തിന്റെ പ്രധാന മുഖമായി മാറുമ്പോഴാണ് ഞാനൊരു വ്യക്തിയെ അവതാര പുരുഷനായി കാണുന്നത്. ആ അര്‍ത്ഥത്തിലാണ് ശ്രീനാരായണന്‍ അവതാര പുരുഷനായിരുന്നു എന്ന് ഞാന്‍ പറയുന്നത്.
ശ്രീനാരായണന്‍ ജനിച്ച കാലവും, കുലവും, ജീവിത സാഹചര്യങ്ങളും വെച്ചു നോക്കിയാല്‍ ഒരു സാധാരണ മനുഷ്യന് സാധിക്കാനാവാത്ത കാര്യങ്ങളാണ് ഗുരു സാധിച്ചെടുത്തത്. ഞാനെവിടെയോ പറയുകയോ എഴുതുകയോ ചെയ്തിട്ടുണ്ട്. ശ്രീനാരായണന്‍ ജീവിച്ചിരുന്ന കാലത്ത് ഒരേ യോഗത്തിലേക്ക് ശ്രീനാരായണനേയും, ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും, വി ആര്‍ കൃഷ്ണയ്യരേയും, എന്‍ എസ് എസ്സിലെ സുകുമാരന്‍ നായരേയും, പാണക്കാട് തങ്ങളെയും, എന്നെയുമൊക്കെ വിളിക്കുന്നു എന്നു വിചാരിക്കുക. ഓരോ വ്യക്തിയുടെയും ജാതിയുടെ അടിസ്ഥാനത്തില്‍ പരസ്പരം പാലിക്കേണ്ട അകലം പാലിച്ചു കൊണ്ട് ഇരിപ്പിടങ്ങള്‍ ഉണ്ടാക്കേണ്ടി വന്നാല്‍, തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഡിയത്തിന്റെ വലിപ്പമുള്ള ഒരു വേദിയുണ്ടെങ്കില്‍ മാത്രമേ ഒരു അദ്ധ്യക്ഷ വേദി ഒരുക്കാനൊക്കുകയുള്ളൂ. അതു പോലൊരു കാലത്ത് ജീവിച്ച മനുഷ്യനാണ് ഇത്രയും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. അതു കൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ അവതാര പുരുഷന്‍ എന്നു വിളിക്കുന്നത്. ഈശ്വരന്റെ അംശം അദ്ദേഹത്തില്‍ കൂടെ വളരെ ശക്തമായി പുറത്തു വന്നു എന്നുള്ളതു കൊണ്ട് തന്നെയാണ്.
സാമൂഹിക ചരിത്രത്തിന്റെ ബലം മാത്രമല്ല, ശ്രീനാരാണ ഗുരുവിന് അവതാര പദവി നല്‍കുന്നത്. അതായിരുന്നെങ്കില്‍ അദ്ദേഹം, അദ്ദേഹത്തിന്റെ സമുദായത്തില്‍ മാത്രം പ്രാധാന്യം നേടുന്ന ആളായി മാറിയേനേ.. അതേ സമയം, മലയാളികളുടെ ജീവിതത്തെ വലിയൊരളവില്‍ സ്വാധീനിക്കുന്ന വ്യക്തിത്വമായിരുന്നു ശ്രീനാരായണന്‍.
മതം എന്നു പറയുന്നത്, Religion എന്ന ഇംഗ്ലീഷ് പദത്തിന്റെ തര്‍ജ്ജമയായിട്ടാണ് നമ്മള്‍ ഉപയോഗിക്കുന്നത്. മതം എന്ന വാക്കിന് അഭിപ്രായം എന്നാണ് അര്‍ത്ഥം. ഞാന്‍ മതങ്ങള്‍ തമ്മിലുള്ള ഭേദവിചാരത്തെക്കുറിച്ചോ, ഭേദമില്ലായ്മയെക്കുറിച്ചോ ഉപന്യസിച്ച് വിഷയം വിട്ടു പോകുന്നില്ല.
ശ്രീനാരായണന്‍ പറഞ്ഞ മഹാ സന്ദേശമെന്താണ്? ഒരു മനുഷ്യന്റെ മതം എന്നു പറയുന്നത്, അയാളെ മറ്റൊരു മനുഷ്യനില്‍ നിന്നും വേര്‍ തിരിച്ച് നിര്‍ത്തേണ്ട ഒന്നല്ല; അയാളെ മറ്റൊരു മനുഷ്യനുമായി അടുപ്പിക്കേണ്ട ഒന്നാണ് എന്നുള്ളതാണ് ശ്രീനാരായണന്റെ സന്ദേശം.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ശ്രീനാരായണന്‍ പറഞ്ഞപ്പോള്‍, ഏതു മതമായാലും കുഴപ്പമില്ല എന്ന അര്‍ത്ഥത്തിലല്ല അത് വ്യാഖ്യാനിക്കേണ്ടത്. പലപ്പോഴും നമ്മള്‍ അങ്ങിനെയാണ് വ്യാഖ്യാനിക്കാറുള്ളത്. ഏത് മതമാണ് ഭേദമെന്ന് ചോദ്യത്തിന് ഗുരുവിന്റെ മറുപടിയായിരുന്നു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത്. അതായത് മനുഷ്യന്‍ നന്നാവുക എന്നുള്ളതാണ് പ്രധാനം.
ഇന്ന് നിര്‍ഭാഗ്യവശാല്‍, ജാതി ചോദിക്കരുത് എന്ന് പറയുന്നതില്‍ നിന്ന്, ജാതി ചോദിക്കുന്നതാണ് ശരി എന്നു പറയുന്ന ഒരവസ്ഥയിലേക്ക് നമ്മള്‍ കൂപ്പുകുത്തുന്നത് ചിലയിടത്തെങ്കിലും കാണുന്നത് ദുഃഖകരമായ ഒരു സത്യമാണ്. എങ്കിലും ശ്രീനാരായണനെപ്പോലുള്ള ഒരു യുഗ പുരുഷന്റെ പ്രസക്തി ഈ കാലയളവില്‍ വര്‍ധിച്ചിട്ടേയുള്ളൂ എന്നു ഞാന്‍ വിചാരിക്കുന്നു.
ശ്രീനാരായണന്‍ പഠിപ്പിച്ച കാര്യങ്ങള്‍, അതേപടി പാലിക്കാന്‍, ജീവിതത്തില്‍ പകര്‍ത്താന്‍, സമീപനങ്ങളെ സ്വാധീനിക്കുന്ന ശക്തി സ്രോതസ്സായി അതിനെ അംഗീകരിക്കാനൊക്കെ നമ്മില്‍ പലര്‍ക്കും പലപ്പോഴും കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും, എല്ലാവര്‍ക്കുമൊരു വെല്ലുവിളിയായി ഗുരുദേവന്റെ ആശയങ്ങള്‍ ഉണ്ടാവട്ടെ.
നമുക്ക് നമ്മുടെ ലളിത സാഹചര്യങ്ങളില്‍, നാമിരിക്കുന്ന ഓഫീസുകളില്‍, നമ്മുടെ വീടുകളില്‍, നമ്മുടെ സമൂഹങ്ങളില്‍, നമ്മുടെ കൂടിവരവുകളില്‍, നമ്മുടെ പള്ളികളില്‍, നമ്മുടെ അമ്പലങ്ങളില്‍, നമ്മുടെ സമ്മേളനങ്ങളില്‍ എവിടെയും മനുഷ്യന്‍ മനുഷ്യനെ അറിയാനും, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കാനും വേണ്ടിയാണ് ഈശ്വരനെക്കുറിച്ചുള്ള നമ്മുടെ അവബോധത്തെ നാം ഉപയോഗിക്കേണ്ടത് എന്ന് തിരിച്ചറിയുവാന്‍, ശ്രീനാരായണനെക്കുറിച്ചുള്ള ഓര്‍മ്മ ഈ ആഴ്ച നമ്മെയൊക്കെയും പ്രചോദിപ്പിക്കുമാറാകട്ടെ.
ശ്രീനാരായണന്‍ സ്വപ്‌നം കണ്ട, ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു വിശുദ്ധഭൂമിയായി കേരളത്തെ മാറ്റിയെടുക്കാന്‍ തക്കവണ്ണം, നാം സ്‌കൂളില്‍ വരുന്നത് തര്‍ക്കിക്കാനും, വാദിക്കാനും, ജയിക്കാനും, തോല്‍പ്പിക്കാനും വേണ്ടിയല്ല. പരസ്പരം മനസ്സിലാക്കുവാന്‍ വേണ്ടിയാണെന്ന് നമുക്ക് ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയേണ്ടതുണ്ട്.
സമൂഹത്തില്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു വലിയ അന്തരീക്ഷം നിലനില്‍ക്കുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

0 comments:

Post a Comment