Saturday, 24 August 2013

പരിവര്‍ത്തനത്തിന്റെ മഹാഗുരു

അമ്പതാം വയസ്സുമുതല്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനം കേരളത്തിലും വെളിയിലും ഭക്തജനങ്ങള്‍ വിപുലമായി ആഘോഷിച്ചു പോരുന്നു. 1916 ല്‍ നടന്ന ഷഷ്ഠിപൂര്‍ത്തി ആഘോഷം മേറ്റ്ല്ലാ ആഘോഷങ്ങളെയും അതിശയിക്കുക തന്നെ ചെയ്തു. മഹാരാജാവിന്റെ തിരുനാള്‍ പോലും അത്രമാത്രം വ്യാപകമായ ഉത്സാഹപ്രകര്‍ഷത്തോടെ ആഘോഷിക്കപ്പെട്ടിട്ടില്ല.

ജീവിച്ചിരിക്കെ തന്നെ അദ്ദേഹം ഈശ്വരതുല്യനായി ആരാധിക്കപ്പെട്ടു എന്നര്‍ത്ഥം. നാല്‍പ്പത്‌ വര്‍ഷക്കാലത്തെ പൊതുജീവിതത്തിനിടയില്‍ നേരിയൊരു കളങ്കരേഖപോലും ആ പുണ്യാത്മാവില്‍ ആരും കണ്ടിട്ടില്ല. സ്വകാര്യജീവിതം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം കാണിച്ചിട്ടുള്ള അത്ഭുതങ്ങളെക്കുറിച്ച്‌ അനേകം കഥകളുണ്ട്‌. ഊമകള്‍ക്ക്‌ സംസാരിക്കാന്‍ കഴിവ്‌ നല്‍കുക, മാറാരോഗങ്ങള്‍ ഭേദപ്പെടുത്തുക, നിന്ന നിലയില്‍ അപ്രത്യക്ഷനാകുക, ഭക്തന്മാരുടെ അന്തര്‍ഗതങ്ങള്‍ ദിവ്യചക്ഷുസ്സുകൊണ്ടറിയുക എന്നിങ്ങനെ അനേകം കാര്യങ്ങളെക്കുറിച്ചുള്ള കഥകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും അവയ്ക്ക്‌ നല്ല പ്രചാരമുണ്ട്‌. അത്ഭുതകരമായ അദ്ദേഹത്തിന്റെ രോഗ ചികിത്സയെക്കുറിച്ചും പരഹൃദയജ്ഞാനത്തെക്കുറിച്ചും യുക്തിവാദികളായ വ്യക്തികള്‍ തന്നെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അവര്‍ അനുഭവസ്ഥരാണ്‌. സാധാരണക്കാരില്‍ അത്ഭുതമുളവാക്കുന്ന പലതും സ്വാമിയുടെ ചേഷ്ടകളിലും വാക്കുകളിലും ഉണ്ടായിരുന്നു. അവയിലൂടെയും അദ്ദേഹം തന്റെ സന്ദേശം പ്രചരിപ്പിച്ചു പോന്നു.

അതല്ലാതെയും കാലാകാലങ്ങളില്‍ അദ്ദേഹം സന്ദേശങ്ങള്‍ വിളംബരം ചെയ്തു പോന്നിട്ടുണ്ട്‌. 1920 ലെ സ്വാമി തിരുനാള്‍ ദിനത്തില്‍ അദ്ദേഹം രണ്ട്‌ സന്ദേശങ്ങള്‍ വിളംബരം ചെയ്തു. സനാതനമായ മനുഷ്യത്വത്തിന്റെ പ്രഖ്യാപനമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌’ എന്ന കൃതിയിലെ ഒരു വരിയാണത്‌. രണ്ടാമത്തേത്‌, മദ്യത്തെ സംബന്ധിക്കുന്നതാണ്‌. ‘മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌.’ ഇതേത്തുടര്‍ന്ന്‌ അന്ന്‌ കേരളത്തില്‍ മദ്യവര്‍ജ്ജന പ്രസ്ഥാനം രൂപപ്പെടുകയുണ്ടായി.

മതപരിവര്‍ത്തനെത്തെക്കുറിച്ച്‌ അക്കാലത്ത്‌ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു. ആ ഘട്ടത്തില്‍ സഹോദരന്‍ കെ.അയ്യപ്പനുമായി നടത്തിയ ഒരു സംവാദത്തിനിടക്കാണ്‌ ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന സന്ദേശം സ്വാമി അരുളി ചെയ്തത്‌. ജാതിനശീകരണത്തിനുവേണ്ടി ഒരു കൊടുങ്കാറ്റുപോലെ സാഹസികമായി പ്രവര്‍ത്തിക്കുന്ന വിപ്ലവകാരിയായ യുവാവായിരുന്നു അന്ന്‌ സഹോദരന്‍. 1917 ല്‍ ചെറായിയില്‍ വെച്ച്‌ മിശ്രഭോജനം നടത്തിയതുകൊണ്ട്‌ സമുദായം അദ്ദേഹത്തിന്‌ ഭ്രഷ്ട്‌ കല്‍പ്പിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ്‌ സ്വാമി തന്റെ ‘മഹാസന്ദേശം’ പുറപ്പെടുവിക്കുന്നത്‌. ആ സന്ദേശം ഇതാണ്‌. ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട്‌ അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്‌ ഒരു ദോഷവുമില്ല. സര്‍വവിധമായ വിഭാഗീയ ചിന്തകളില്‍നിന്നും സ്പര്‍ദ്ധകളില്‍നിന്നും മനുഷ്യനെ ഉയര്‍ത്തി നിര്‍ത്തുക എന്നതായിരുന്നു ആ സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം. സഹോദരന്‍ നേതൃത്വം നല്‍കിയ സഹോദര പ്രസ്ഥാനത്തിന്‌ ആശീര്‍വാദം നല്‍കിയത്‌ വിശ്വസാഹോദര്യത്തിനുവേണ്ടി പ്രയത്നിക്കാനായിരുന്നു.

1916 ല്‍ സ്വാമി സ്വന്തം നിലയില്‍ ‘പ്രബുദ്ധ കേരളം’ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു വിളംബരം കൂടി ചുവടെ കൊടുക്കുന്നു.

‘നാം ജാതിഭേദം വിട്ടിട്ട്‌ ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും, അത്‌ ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന്‌ വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.’

‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും, മേലും ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.’

സംവാദങ്ങളിലും വിളംബരങ്ങളിലും കൂടി ഇപ്രകാരം സ്വാമി വെളിപ്പെടുത്തിയ സന്ദേശം ഇതായിരുന്നു? ഇതേക്കുറിച്ച്‌ നാം വ്യക്തമായി മനസ്സിലാക്കുക തന്നെ വേണം. അദ്ദേഹം വെളിപ്പെടുത്തിയ സന്ദേശം 1888 ല്‍ അരുവിപ്പുറത്ത്‌ പ്രഖ്യാപിച്ച ആശയം തന്നെയാണ്‌. അതായത്‌, ജാതിഭേദവും മതദ്വേഷവുമില്ലാതെ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തില്‍ ഏവരും സഹോദരഭാവേന വര്‍ത്തിക്കണം. വാക്കിലും പ്രവൃത്തിയിലൂം കൂടി ഏറെ വര്‍ഷക്കാലം ഈ സന്ദേശം പ്രചരിപ്പിച്ചിട്ടും ഗുരുദേവനെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അനുയായികളായ ഈഴവ സമുദായാംഗങ്ങള്‍ പോലും ഒരു ഈഴവനേതാവായി ചിത്രീകരിക്കാന്‍ ശ്രമിച്ചു പോന്നു!

വാസ്തവത്തില്‍ എല്ലാത്തരം വിഭാഗീയ മനോഭാവങ്ങളില്‍നിന്നും വിമുക്തി പ്രാപിച്ച ഒരു വിശ്വമാനവനായിരുന്നു ഗുരുദേവന്‍. അദ്ദേഹത്തിന്റെ ജന്മപ്രകൃതി തന്നെ ആ വിശാലാശയത്വമായിരുന്നു എന്നും പറയാം. എന്നാല്‍, അദ്ദേഹം പിറന്നതും വളര്‍ന്നതും ജാതിസ്പര്‍ദ്ധയുടെയും ജാത്യാചാരങ്ങളുടേയും മുള്‍ച്ചെടികളില്‍ക്കിടയിലുമായിരുന്നു. ആത്മബലത്തോടുകൂടി ആ മഹാത്മാവ്‌ ആ മുള്‍ച്ചെടികള്‍ മുറിച്ചുമാറ്റി. മാനുഷിക മൂല്യങ്ങളുടെ സുരഭിലകുസുമങ്ങള്‍ വിരിയുന്ന പൂങ്കാവനം സൃഷ്ടിക്കാനാണ്‌ ആയുഷ്ക്കാലം മുഴുവന്‍ പ്രയത്നിച്ചത്‌. ഈ ഭ്രാന്താലയത്തെ സമചിത്തതയിലേക്ക്‌ മോചിപ്പിക്കാന്‍ പിറന്ന ഈശ്വരാവതാരമായി അദ്ദേഹത്തെ ചിലര്‍ കരുതുന്നത്‌ ഇക്കാരണത്താലാണ്‌. അതുകൊണ്ടുതന്നെയാണ്‌ ആത്മീയ ശക്തിയുടെ മഴുവെറിഞ്ഞ്‌ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കടലില്‍നിന്ന്‌ കേരളത്തെ മോചിപ്പിച്ച പരശുരാമനായി ഗുരുദേവനെ പ്രാരംഭത്തില്‍ നാം ചിത്രീകരിച്ചത്‌.

ശിവഗിരിയിലും ആലുവായിലും വച്ച്‌ സ്വാമിയെ സന്ദര്‍ശിക്കാന്‍ അഖിലേന്ത്യ നേതാക്കള്‍ പലരും വന്നിട്ടുണ്ട്‌. ഗാന്ധിജിയും ടാഗോറും കൂടി അക്കൂട്ടത്തില്‍പ്പെടും. ഗാന്ധിജി മൂന്നു പ്രാവശ്യം ഗുരുദേവനെ സന്ദര്‍ശിച്ചിട്ടുള്ളതായി കാണുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ വൈക്കം സത്യഗ്രഹ കാലത്തെ സന്ദര്‍ശനമാണ്‌. അഹിംസ, അക്രമരാഹിത്യം, ധാര്‍മികബോധം മുതലായ കാര്യങ്ങളിലെല്ലാം അവര്‍ യോജിക്കുകയാണുണ്ടായത്‌. എങ്കിലും ചാതുര്‍വര്‍ണ്യത്തിന്റെ കാര്യത്തില്‍ അവര്‍ വിയോജിച്ചു. ഗാന്ധിജിക്ക്‌ സ്വാമിയുടെ ‘ഏകജാതി’ എന്ന വാദം സ്വീകാര്യമായില്ല. സമീപത്തുള്ള മരത്തില്‍ ചൂണ്ടി ഗാന്ധിജി പറഞ്ഞു: ‘നോക്കൂ സ്വാമിജീ, ഒരേ മരത്തിലെ ഇലകളാണ്‌ അവയെല്ലാം. എന്നാല്‍ അവയ്ക്ക്‌ തമ്മില്‍ എത്രമാത്രം വ്യത്യാസമുണ്ട്‌. അവ എല്ലാം ഒന്നുപോലെയല്ല. അതിന്‌ മറുപടിയായി സ്വാമി പറഞ്ഞു. പക്ഷേ മഹാത്മജീ അവയുടെയെല്ലാം ചാറിന്‌ ഒരേ രുചിയും ഒരേ ഗുണവുമാണുള്ളത്‌. സാരാംശത്തില്‍ അവയെല്ലാം ഒന്നുതന്നെയാണെന്ന്‌ അത്‌ തെളിയിക്കുന്നു. അതുകേട്ട ഗാന്ധിജി ചിരിച്ചു. സ്വാമിയും മന്ദസ്മിതം തൂകി. പില്‍ക്കാലത്ത്‌ ഗാന്ധിജിയുടെ വീക്ഷണത്തില്‍ ഇതുസംബന്ധമായി ചില മാറ്റങ്ങള്‍ വന്നുവെന്ന്‌ നമുക്കറിയാം. സ്വാമിയുടെ വാക്കുകള്‍ അദ്ദേഹത്തെ കൂടുതല്‍ ചിന്തിക്കാനും സ്വന്തം ആശയങ്ങള്‍ക്ക്‌ മാറ്റം വരുത്താനും പ്രേരിപ്പിച്ചിരിക്കാം. തന്റെ സമ്പൂര്‍ണകൃതികളില്‍ മഹാത്മജി സ്വാമിയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ചില ഭാഗങ്ങളുണ്ട്‌. കത്തുകളായും അല്ലാതെയും. അവയിലെല്ലാം ‘ഹിസ്‌ ഹോളിനസ്‌’ എന്ന വിശേഷണത്തോടെയാണ്‌ സ്വാമിയുടെ നാമം ഉദ്ധരിച്ചിട്ടുള്ളത്‌.

ടാഗോര്‍ ശിവഗിരിയിലെത്തിയത്‌ 1922 ല്‍ ആണ്‌. അവര്‍ തമ്മിലും വളരെ ഹൃദ്യമായ സംവാദമാണ്‌ നടന്നത്‌. മതങ്ങളുടെയെല്ലാം സാരം ഒന്നുതന്നെയാണെന്ന കാര്യത്തില്‍ അവര്‍ യോജിച്ചു. പൂര്‍ണതയിലേക്കുള്ള വികാസമാണ്‌ മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്ന കാര്യത്തിലും അവര്‍ ഒരുപോലെ യോജിക്കുകയാണ്‌ ചെയ്തത്‌. കുമാരനാശാനും സഹോദരന്‍ അയ്യപ്പനും ദ്വിഭാഷികളായി വര്‍ത്തിച്ച ആ സംവാദം തുലോം സമുന്നതമായ ഒരു ആശയമേഖലയിലൂടെയാണ്‌ നീങ്ങിയത്‌. തന്റെ സന്ദര്‍ശനത്തിനുശേഷം ടാഗോര്‍ പറഞ്ഞു. ‘ഭാരത ഭൂമിയില്‍ ജീവിച്ചിരിപ്പുള്ള പരമഹംസന്മാരില്‍ സ്വാമിതൃപ്പാദങ്ങളെപ്പോലെ പാവനചരിതനായ ഒരു മഹാത്മാവിനെ ഞാന്‍ കണ്ടിട്ടില്ല. അനന്തയിലേക്ക്‌ നീളുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും മറ്റ്‌ അവശിഷ്ട്യങ്ങളും അവിസ്മരണീയമാണ്‌.

വൈക്കം സത്യഗ്രഹം നടക്കുന്ന കാലത്ത്‌ സ്വാമി സത്യഗ്രഹികളുടെ ആശ്രമം സന്ദര്‍ശിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവര്‍ക്ക്‌ 1000 രൂപ അദ്ദേഹം സംഭാവന നല്‍കി. തന്നെ അണിയിച്ച ഖദര്‍മാലയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. ഇതിന്റെ സൗരഭ്യം ഉള്ളിലാണ്‌. പുറമേയ്ക്ക്‌ അനുഭവപ്പെടുകയില്ല.
ഉള്ളിലെ സൗരഭ്യം-അതിനാണ്‌ ശ്രീനാരായണ ഗുരുസ്വാമികള്‍ എല്ലാകാലത്തും പ്രാമുഖ്യം നല്‍കിപ്പോന്നത്‌. ആ സൗരഭ്യം ലോകജീവിതത്തില്‍ ആധിപത്യം ചെലുത്തണം. അങ്ങനെ ആധിപത്യം ചെലുത്തുന്നതിന്‌ ബാഹ്യവും ആഭ്യന്തരവുമായ മാറ്റം കൂടിയേ തീരൂ. ബാഹ്യതലത്തില്‍, മലിനമായ അനാചാരങ്ങളും അശാസ്ത്രീയമായ അന്ധവിശ്വാസങ്ങളും നീതിവിരുദ്ധമായ നിയമങ്ങളും മാറിയേ തീരൂ. അക്കാര്യത്തില്‍ സുദൃഢമായ അഭിപ്രായമാണ്‌ സ്വാമി പുലര്‍ത്തിപ്പോന്നത്‌. അദ്ദേഹം ഉച്ചനീചത്വത്തിനെതിരായിരുന്നു. വിഭാഗീയത്ക്കെതിരായിരുന്നു. അതെല്ലാം പരിഹരിക്കുന്നതിന്‌ യുക്തിബദ്ധവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ സ്വാമി അഭിപ്രായപ്പെട്ടുകൊണ്ടിരുന്നു. അരുവിപ്പുറത്ത്‌ വെച്ച്‌ തന്റെ ജീവിതത്തിലെ കര്‍മകാണ്ഡം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ തന്നെ തന്റെ ദര്‍ശനം സ്വാമി പ്രഖ്യാപിക്കുകയുണ്ടായല്ലോ. അത്‌ 1928 ല്‍ സമാധിയടയുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ജ്വലിച്ചു നിന്നു. അതുപോലെ വ്യക്തിജീവിതത്തിലും മനുഷ്യന്‍ പരിശുദ്ധി നേടേണ്ടതാണെന്ന്‌ അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. മനസ്സും വാക്കും കര്‍മവും ഒരുപോലെ പരിശുദ്ധമായിരിക്കണം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന വിളംബരത്തില്‍ ആ ആശയവും അടങ്ങിയിട്ടുണ്ട്‌. ആയുഷ്ക്കാലം മുഴുവന്‍ ദരിദ്രരുടേയും പതിതരുടേയും ദുഃഖിതരുടേയും ബന്ധുവാകുന്നതില്‍ അഭിമാനം പൂണ്ട ആ യോഗിവര്യന്‍ എപ്പോഴും ശുഭപ്രതീക്ഷയാണ്‌ പുലര്‍ത്തിപ്പോന്നത്‌. ലോകം പടിപടിയായി മാലിന്യങ്ങളില്‍ നിന്ന്‌ മോചനം പ്രാപിക്കുമെന്ന്‌ അദ്ദേഹം എപ്പോഴും വിശ്വസിച്ചുപോന്നു. ആ മോചനത്തിനുവേണ്ടി മനുഷ്യര്‍ പ്രയത്നിച്ചുകൊണ്ടിരിക്കണമെന്ന്‌ മാത്രം. ആ മഹാപ്രയത്നത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാനാണ്‌ സ്വാമി അനുയായികളോട്‌ ആവശ്യപ്പെട്ടത്‌.

പ്രൊഫ. എം.കെ സാനു http://www.janmabhumidaily.com/jnb/News/135520

0 comments:

Post a Comment