ചരിത്രഗതിയില്‍ മാറ്റംവരുത്തുന്ന ഏത് പുണ്യാത്മാവിന്റെ വ്യക്തിത്വത്തിലും അനേക മാനങ്ങള്‍ സമഞ്ജസമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നതാണ് പ്രയേണ നാം കണ്ടുവരുന്നത്. ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വത്തിലെ ദുരൂഹമായ ഗഹനതയ്ക്കു നിദാനവും ഇതുതന്നെ. സമൂഹത്തില്‍ വമ്പിച്ച പരിവര്‍ത്തനത്തിനു വഴിതെളിച്ച വിപ്ളവകാരിയായിട്ടാണ് അധികമാളുകളും അദ്ദേഹത്തെ മുന്‍കാലത്തു കണ്ടിരുന്നത്. അത്ഭുതകരമായ സിദ്ധിവിശേഷങ്ങളോടുകൂടിയ അലൌകികാത്മാവായി അദ്ദേഹത്തെ കണ്ടവരും കുറവല്ല. കുമാരനാശാന്‍ തന്നെയും,
ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം
ആരാധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ....ഗുരു നാരായണമൂര്‍ത്തേ
എന്നാണ് അദ്ദേഹത്തെ സ്തുതിച്ചത്. അത്ഭുതങ്ങള്‍ കാട്ടുന്നതിനെ അടിസ്ഥാനമാക്കിയല്ല ആശാന്‍ സ്തുതിക്കുന്നതെന്നു സ്പഷ്ടം. പക്ഷേ, അത്ഭുതങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വീക്ഷണമാണ് ഇന്നത്തെ ഗ്രന്ഥകാരന്മാരധികംപേരും അവലംബിച്ചിരിക്കുന്നതെന്നു കാണുന്നു. നവോത്ഥാനത്തിന്റെ നായകനെന്ന വീക്ഷണത്തോടുകൂടി ഗുരുവിനെ അവതരിപ്പിക്കാനാണ് ഇവിടെ ഞാന്‍ ശ്രമിക്കുന്നത്.
മനുഷ്യനെ മനുഷ്യന്‍ കണ്ടെത്തുന്നതാണ് നവോത്ഥാനമെന്ന നിര്‍വചനം. അതിനൊരു മുഖവുരയായി ഓര്‍മിപ്പിച്ചുകൊള്ളട്ടെ: ജാതിമതവര്‍ഗങ്ങള്‍ക്ക് അതീതമായി മനുഷ്യനെ ദര്‍ശിക്കുക, സര്‍വവിധമായ കര്‍മങ്ങളുടെയും കേന്ദ്രസ്ഥാനത്ത് മനുഷ്യന്‍ എന്ന മഹനീയ സങ്കല്‍പ്പം പ്രതിഷ്ഠിക്കുക- ഏതു നവോത്ഥാനത്തിന്റെയും കേന്ദ്രബിന്ദുവില്‍ സൂര്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന വീക്ഷണം ഇതത്രെ.
ശ്രീനാരായണഗുരുവിന്റെ 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്ന സന്ദേശം പരിശോധിക്കൂ. അതില്‍ പരമമായ ലക്ഷ്യം മനുഷ്യശ്രേയസ്സാണ്. ജാതിയും മതവും മനുഷ്യനുവേണ്ടിയാണ്; ജാതിക്കും മതത്തിനും വേണ്ടിയാണ് മനുഷ്യന്‍ എന്ന പരമ്പരാഗതവിശ്വാസത്തിന്റെ നിഷേധമാണത്. ഒരു പടികൂടി കടന്ന്, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. അരുവിപ്പുറത്ത് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ച 1888ല്‍ത്തന്നെ ജാതിഭേദത്തെയും മതദ്വേഷത്തെയും അതിവര്‍ത്തിക്കുന്ന മനുഷ്യസാഹോദര്യത്തിന്റെ സന്ദേശമാണ് അദ്ദേഹം വിളംബരംചെയ്തതെന്ന് ഓര്‍മിക്കണം. ആ സന്ദേശം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഉപാധികളാണ് സംഘടനയുടെ ശക്തിയും വിദ്യയുടെ പ്രബുദ്ധതയും. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന വാക്യം ഈ മാനവികവീക്ഷണത്തിന്റെ ഭദ്രമായ അടിത്തറയാണെന്ന് എത്രപേര്‍ ഇന്നോര്‍മിക്കുന്നു? ഗുരുവിന്റെ മാനവികവീക്ഷണം ഉള്‍ക്കൊണ്ടതുകൊണ്ടാണ് ശിഷ്യപ്രധാനിയായ കുമാരനാശാന് ഒരു വിശുദ്ധമുഹൂര്‍ത്തത്തില്‍ സാവിത്രിയുടെയും ചാത്തന്റെയും സംഗമം പ്രതിഷ്ഠിക്കാന്‍ കെല്‍പ്പുള്ള ധീരഭാവനയിലെത്താന്‍ സാധിച്ചത്. പുലയ യുവാവായ ചാത്തനില്‍ ആഢ്യകുലജാതയായ സാവിത്രി അന്തര്‍ജനം കാര്‍മുകില്‍വര്‍ണനായ കണ്ണനെ ദര്‍ശിക്കുന്നിടത്തോളം ആ സാഹസികഭാവന ഉയരുകയുംചെയ്യുന്നു! ജാതിവ്യവസ്ഥ അതിന്റെ സര്‍വവിധമായ വൈകൃതങ്ങളോടുംകൂടി സുദൃഢമായി വാണരുളുന്ന ഒരു സമൂഹത്തില്‍ ഇതുപോലൊരു ചിത്രണം ഉളവാക്കാവുന്ന വീക്ഷണവിപ്ളവം എത്രമാത്രം ഉജ്വലമാണെന്ന് ചിന്താശേഷിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.
മറ്റു മഹര്‍ഷിമാരെപ്പോലെ ആശ്രമങ്ങളിലൊതുങ്ങാതെ ജനങ്ങള്‍ക്കിടയില്‍ കര്‍മനിരതനായി ജീവിക്കാന്‍ ശ്രീനാരായണഗുരു മുതിര്‍ന്നതിന്റെ കാരണമെന്തെന്ന് ഇനിയും വിശദീകരിക്കേണ്ടതുണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല. കുമാരനാശാന്‍ ആ ചിത്രം അവതരിപ്പിച്ചത് ഇങ്ങനെയാണ്:
അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ!
ആയുസ്സും വപുസ്സും മാത്രമല്ല, ചിരകാല തപസ്സുകൊണ്ടു നേടിയെടുത്ത ആത്മീയസിദ്ധികള്‍പോലും ശ്രീനാരായണഗുരു ബലിയര്‍പ്പിക്കുകയാണ് ചെയ്തത്. എന്തിനുവേണ്ടി? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചേര്‍ന്നു പടുത്തുയര്‍ത്തിയ ജാതിമതഭേദങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ അകപ്പെട്ട് മോഹാകുലരായി വലയുന്ന മനുഷ്യരെ സാഹോദര്യത്തിന്റേതായ സമത്വബോധത്തിലേക്ക് വിമോചിപ്പിക്കുന്നതിനെന്ന് ഉത്തരം. ശ്രീനാരായണഗുരുവിന്റെ മഹത്തായ വിമോചനസന്ദേശം ഇന്നത്തെ കേരളത്തില്‍ പുലരുകയാണോ തളരുകയാണോ ചെയ്യുന്നത്? യാഥാര്‍ഥ്യബോധത്തോടുകൂടി ഈ ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള ബാധ്യതയില്‍നിന്ന് നമുക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവുകയില്ല. ആ ബാധ്യത ഏറ്റെടുക്കുമ്പോള്‍ ഒരു വാസ്തവം കാണാതിരിക്കാനാവുകയില്ല. ഗുരുദേവന്‍ തന്റെ പവിത്രമായ കൈകള്‍കൊണ്ടു പിഴുതെറിഞ്ഞ ദുരാചാരങ്ങളുടെ മുള്‍ച്ചെടികള്‍ ഈ കേരളത്തില്‍ വീണ്ടും തഴച്ചുവളരാന്‍ തുടങ്ങിയിരിക്കുന്നു എന്ന വാസ്തവം. അത് അംഗീകരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തെ ശാസ്ത്രീയവീക്ഷണത്തോടുകൂടി ശുദ്ധീകരിക്കുകയെന്ന ചുമതല യുവതലമുറയെങ്കിലും ഏറ്റെടുത്തേ തീരൂ. അപ്പോള്‍മാത്രമാണ് 'പ്രബുദ്ധരാവുക' എന്ന ശ്രീനാരായണസന്ദേശം സാര്‍ഥകമായിത്തീരുക.
*എം കെ സാനു ദേശാഭിമാനി
0 comments:
Post a Comment