ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്
എന്ന് അരുവിപ്പുറത്തെ ക്ഷേത്രച്ചുവരില്‍ എഴുതിവെക്കുമ്പോള്‍ അത് അരുവിപ്പുറത്തിന് മാത്രമുള്ള ഒരു നിര്‍ദേശമായിരുന്നില്ല. ലോകംതന്നെ അങ്ങനെയായിത്തീരണമെന്നായിരിക്കണം ഗുരു ആഗ്രഹിച്ചത്.
ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വേര്‍തിരിക്കാതെയും അപമാനിക്കാതെയും ശുദ്ധമായ മാനവികതയാല്‍ അവര്‍ അന്യോന്യം ബന്ധിക്കപ്പെടണമെന്ന് ഗുരു ആഗ്രഹിച്ചു.
ഏതെങ്കിലും ജാതിക്കോ മതത്തിനോ എതിരായ കലാപമായിരുന്നില്ല ശ്രീനാരായണഗുരുവിന്‍േറത്. കാലാകാലങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന വര്‍ണവ്യവസ്ഥക്കെതിരായ ഒരു ധാര്‍മിക കലാപമായിരുന്നു ഗുരുവിന്‍േറത്. ജാതിയും മതവുമല്ല പ്രധാനം, മനുഷ്യത്വമാണെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.
ഗുരുവിന്‍െറ ജീവിതത്തിന് ഒരു ത്രിത്വമുണ്ടായിരുന്നു. യോഗി, കവി, വിപ്ളവകാരി. ത്രിവിധ സിദ്ധികളുടെ ഒരു മഹായോഗമായിരുന്നു ഗുരുവിന്‍െറ അന്തര്‍മണ്ഡലം. ഏതെങ്കിലും ഇരുളടഞ്ഞ ഗുഹയിലിരുന്ന് സ്വന്തം മോക്ഷം മാത്രം കാംക്ഷിക്കാതെ തന്‍െറ കാലത്തിന്‍െറ ജീര്‍ണത തിരിച്ചറിഞ്ഞ് സമൂഹത്തിന്‍െറ പൊതുവായ ശ്രേയസ്സിനു വേണ്ടി ആത്മതപസ്സ് ബലികഴിച്ച മഹായോഗിയായി ഇന്ന് ലോകം ശ്രീനാരായണഗുരുവിനെ തിരിച്ചറിയുന്നു. ജീര്‍ണവും അന്ധകാരജടിലവുമായിരുന്ന കാലത്തെ പുതിയ മാനവികതകൊണ്ട് പുതുക്കിപ്പണിഞ്ഞ വിപ്ളവകാരിയെന്ന നിലയില്‍ ഗുരു ചരിത്രത്തിന്‍െറ ആകാശത്തില്‍ ഒരു ശുക്രനക്ഷത്രത്തെപ്പോലെ സുവര്‍ണപ്രഭ ചൊരിഞ്ഞുനില്‍ക്കുന്നു.
യോഗിയും കവിയും വിപ്ളവകാരിയുമെന്ന നിലയില്‍ മനുഷ്യകേന്ദ്രിതമായ ഒരു ദര്‍ശനമായിരുന്നു ഗുരുവിന്‍േറത്. അങ്ങനെയുള്ള ഒരു മഹാത്മാവിനല്ലാതെ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായി വരേണം’ എന്ന് പ്രാര്‍ഥിക്കാനാവില്ല. ശുദ്ധാദൈ്വതത്തെ ഗുരു സങ്കല്‍പിച്ചതും അതേ ശൈലിയില്‍തന്നെയാണ്.
‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം’
ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്തത്ര ലളിതവും സുതാര്യവുമാണിത്. മനുഷ്യരെ തമ്മില്‍ കോര്‍ത്തിണക്കുന്ന പൊന്നിന്‍ നൂല് മനുഷ്യത്വമാണെന്ന് ലോകത്തെ പഠിപ്പിച്ച ഗുരു മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള തന്‍െറ ദര്‍ശനത്തിന് ഒരു വാങ്മയം സൃഷ്ടിക്കുകയാണ് ചെയ്തത്. സാമൂഹികമായ അസമത്വമാണ് ദൈവനിന്ദയെന്ന് ഗുരു കാലത്തെ ഓര്‍മിപ്പിച്ചു.
ജാതി ജാതിയോടും മതം മതത്തോടും കൈകോര്‍ക്കുന്ന ഒരാസുരകാലത്ത് മാനവികതക്ക് ആര് കാവല്‍ നില്‍ക്കും? ആ സന്ദേഹത്തിന് ഗുരുവും ഗുരുവിന്‍െറ ദര്‍ശനവും എന്നാണ് ശരിയായ ഉത്തരം. കര്‍ക്കശമായ നിലപാടുണ്ട് ഗുരുദര്‍ശനത്തിന്. അത് ഒരു വിട്ടുവീഴ്ചക്കും അനുവാദം നല്‍കുന്നില്ല.
നരനും നരനും തമ്മില്‍
സാഹോദര്യമുദിക്കണം
അതിന്ന് വിഘ്നമായുള്ള-
തെല്ലാമില്ലാതെയാകണം
ഭൗതികത്തെയും ആധ്യാത്മികതയെയും ഗുരു തന്‍െറ ജീവിതം കൊണ്ട് സമന്വയിച്ചു.
സാധാരണ മനുഷ്യരുടെ ജീവിതം ശരീരനഷ്ടത്തോടുകൂടി അവസാനിക്കുമെന്നും മഹാത്മാക്കളുടെ ജീവിതം കാലാതിവര്‍ത്തിയായിത്തീരുമെന്നും അരവിന്ദ മഹര്‍ഷി പറഞ്ഞത് ശ്രീനാരായണഗുരുവിന്‍െറ കാര്യത്തില്‍ ഒരു ചരിത്രസാക്ഷ്യമായി നമ്മുടെ സ്മൃതിമണ്ഡലത്തില്‍ നിറയുന്നു. വരാനിരിക്കുന്ന കാലങ്ങളുടെയും സൂര്യതേജസ്സായി ഗുരു അനശ്വരതയെ തൊട്ടുനില്‍ക്കുന്നു.
ലോകത്തുള്ള സകല തോക്കുകളും ഇപ്പോള്‍ ഉന്നംപിടിപ്പിച്ചിരിക്കുന്നത് മനുഷ്യത്വത്തിനുനേരെയാണ്. അങ്ങനെ ഒരുകാലത്ത് മാനവികതക്ക് ആര് കാവല്‍ നില്‍ക്കും എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അപ്പോള്‍ ഗുരുവിന്‍െറ പേര് വിയന്മണ്ഡലങ്ങളില്‍ മാറ്റൊലി കൊള്ളുന്നത് ഞാന്‍ കേള്‍ക്കുന്നു.
സ്ഫുടം ചെയ്തെടുത്ത മാനവികതയാണ് വിശുദ്ധമായ ആധ്യാത്മികതയെന്ന പുതിയ വേദാന്തം ലോകത്തെ പഠിപ്പിച്ച ഗുരു എന്ന നിലയില്‍ ശ്രീനാരായണഗുരുവിന്‍െറ പേര് അനശ്വരതയുടെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
Published on Thu, 08/22/2013
പെരുമ്പടവം ശ്രീധരന്‍
Source : http://www.madhyamam.com/news/241220/130822
0 comments:
Post a Comment