Thursday, 22 August 2013

എന്റെ ഇന്നലെകള്‍. [ - - ശ്രീവെള്ളാപ്പള്ളി നടേശന്‍

Source : https://www.facebook.com/groups/sreenarayananjanasameksha3/                                                  അവലംബം: എന്റെ ഇന്നലെകള്‍. ശ്രീവെള്ളാപ്പള്ളി നടേശന്‍

മദ്യപാനം രസരകമായ ഏര്‍പ്പാടായി എനിക്ക്‌ തോന്നിയിട്ടില്ല. ആ വിഷയത്തില്‍ എനിക്ക്‌ താല്‌പര്യം ഇല്ലാ എന്നതാണ്‌ സത്യം. പലപ്പോഴും സൗഹൃദത്തിന്റെ പേരില്‍ മദ്യപാന സദസ്സുകളില്‍ ഒപ്പം ഇരുന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്‌. അടുപ്പമുള്ള പലരില്‍നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടുമുണ്ട്‌. അപ്പോഴൊക്കെയും ഞാന്‍ പിടിച്ചുനിന്നു. ഇഷ്ടമില്ലാത്ത ഒരു കാര്യത്തിന്‌ പ്രേരിപ്പിക്കുന്നത്‌ സൗഹൃദത്തിന്റെ ലക്ഷണമല്ലെന്ന്‌ തീര്‍ത്തു പറഞ്ഞു. പല സദസ്സുകളിലും നാരങ്ങാവെള്ളമായിരുന്നു ആശ്രയം. പ്രലോഭനങ്ങളില്‍ വീഴില്ലെന്ന്‌ ഉറപ്പായതോടെ ആരും എന്നെ നിര്‍ബന്ധിക്കാതെയായി. തകഴി ശിവശങ്കരപ്പിള്ള അടക്കമുള്ളവരോടൊപ്പം ഞാന്‍ സിപ്പ്‌ ചെയ്യാതെ കമ്പനി കൂടിയിട്ടുണ്ട്‌. 


ഇതൊക്കെയായിട്ടും എന്നെ ഒരു മദ്യരാജാവായി ചിത്രീകരിക്കാന്‍ സംസ്‌കാരത്തിന്റെ കുത്തകാവകാശം ചുമക്കുന്നതായി നടിക്കുന്ന ചില "സുകുമാര"ന്മാര്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ കുടുംബപരമായോ വ്യക്തിപരമായോ ഞങ്ങള്‍ മദ്യവ്യവസായികളായിരുന്നില്ല. അച്ഛന്‌ കയര്‍ ഫാക്ടറിയും കയര്‍ ഉത്‌പന്നങ്ങളുടെ കയറ്റുമതിയുമായിരുന്നു. മൂത്തചേട്ടന്‍ പി.ഡബ്യു.ഡി. കോണ്‍ട്രാക്ടര്‍. ഞാനും തുടക്കത്തില്‍ ആ രംഗത്തായിരുന്നു.

വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഏതൊക്കെ ബ്രാന്‍ഡു മദ്യമുണ്ടെന്നുകൂടി എനിക്ക്‌ അറിയില്ല. ഒരു മേശപ്പുറത്ത്‌ ലേബലൊട്ടിക്കാതെ വിക്‌സിയോ, ബ്രാണ്ടിയോ, റമ്മോ നിരത്തിവച്ചാല്‍ തമ്മില്‍ തിരിച്ചറിയുക പോലുമില്ല. സ്വയം ഹരിശ്ചന്ദ്രനായി ചിത്രീകരിക്കാനോ ആദര്‍ശത്തിന്റെ അപ്പോസ്‌തലനാണെന്ന്‌ വരുത്തിത്തീര്‍ക്കാനോ പറയുന്നതല്ല. മാനുഷികമായ ദൗര്‍ബല്യങ്ങളും ഗുണദോഷങ്ങളും എന്നിലും ഉണ്ടാകാം. പക്ഷേ മദ്യവുമായി എനിക്കുള്ള ബന്ധം മുന്‍പറഞ്ഞതില്‍നിന്ന്‌ വ്യത്യസ്‌തമല്ല.
മരണത്തോട്‌ മുഖാമുഖം

ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ ഒരു ഭയങ്കരന്‍ ഇമേജ്‌ എനിക്ക്‌ വന്നുപെട്ടിട്ടുണ്ട്‌. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കാര്യമാക്കാതെ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നതാവാം കാരണം. മറ്റൊന്ന്‌ രാഷ്ട്രീയക്കാരുടെ മുന്നില്‍ സമുദായനേതാക്കള്‍ ഓച്ഛാനിച്ചുനിന്ന അവസ്ഥ മാറ്റി പലരും വന്നുകാണേണ്ട അവസ്ഥയിലെത്തിച്ചതും താന്‍പോരിമക്കാരായ ചിലര്‍ക്ക്‌ രസിച്ചിട്ടില്ല. അങ്ങനെ ആരൊക്കെയോ ചേര്‍ന്ന്‌ ഇല്ലാക്കഥകള്‍ ഊതിപ്പെരുപ്പിച്ച്‌ എന്നെ പ്രതിനായകനാക്കി മാറ്റി. വീട്ടില്‍ എന്റെ മുറിക്കുള്ളില്‍നിന്നും ഭൂമിക്കടിയിലേക്ക്‌ തുരങ്കം ഉണ്ടെന്നുവരെയായി കഥ. ബട്ടണ്‍ അമര്‍ത്തിയാല്‍ വേറിട്ടു മാറുന്നതരം ഫ്‌ളോര്‍ ടൈലുകള്‍ ഉണ്ടെന്ന്‌്‌ ചിലര്‍. പലകഥകളും കേട്ട്‌ അതിലെ തമാശയാസ്വദിച്ച്‌ ഞാന്‍ ചിരിച്ചു.

ഞാനൊരു ഭയങ്കരനാണെന്ന്‌ എന്നോട്‌ അടുത്തുള്ള ഒരാളും പറയുകയില്ല. ആരേയും അങ്ങോടുകയറി ഉപദ്രവിക്കാനും പോകില്ല. ഇങ്ങോട്‌ ആക്രമിക്കാന്‍വന്നാല്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ടെന്നുമാത്രം. മറിച്ചുള്ളതെല്ലാം ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന കഥകളാണ്‌. 

സത്യത്തില്‍ പൊതുപ്രവര്‍ത്തനരംഗത്തോ വ്യക്തിജീവിതത്തിലോ എനിക്ക്‌ ശത്രുക്കളില്ല. പലരേയും എതിര്‍ക്കുന്നത്‌ വ്യക്തിപരമായല്ല. നയപരമാണ്‌. അവര്‍ നിലപാടുകള്‍ മാറ്റിവന്നപ്പോള്‍ ഞാന്‍ അനുകൂലിച്ചിട്ടുമുണ്ട്‌.

ഒരു സമ്പന്നകുടുംബം എന്നെ വര്‍ഷങ്ങളായി നിരന്തരം വേട്ടയാടുകയാണ്‌. എന്റെ വളര്‍ച്ചയിലുള്ള അസൂയയാണ്‌ കാരണം. ആ കുടുംബം കുത്തകയായി വച്ചിരുന്ന ക്ഷേത്രഭരണവും ക്ഷേത്രത്തിനു കീഴിലുള്ളസ്‌കൂളുകളും എന്റെ നിയന്ത്രണത്തില്‍ വന്നതോടെ തങ്ങളുടെ നാട്ടുപ്രമാണിത്തത്തിന്‌ ഉടവു തട്ടിയതായി അവര്‍ക്ക്‌ തോന്നി. ആ കോംപ്ലക്‌സ്‌ എന്റെ തലയെടുത്താലേ തീരൂ എന്ന്‌ അവര്‍ക്ക്‌ തോന്നിയിരിക്കണം. ഒരിക്കല്‍ അവര്‍ എന്നെ ഇല്ലാതാക്കാന്‍തന്നെ തീരുമാനിച്ചു.

ഇതിനിടയില്‍ ക്ഷേത്രക്കമ്മറ്റി ഒട്ടേറെ ജനോപകാരപ്രദങ്ങളായ കാര്യങ്ങള്‍ നടപ്പിലാക്കി. വിവാഹധന സഹായം, സാധുകുട്ടികള്‍ക്ക്‌ പഠനചെലവ്‌, സാധാരണക്കാര്‍ക്ക്‌ കുറഞ്ഞപലിശക്ക്‌ പണം, മരിച്ചവരുടെ കുടുംബത്തിന്‌ സഹായം അങ്ങനെ പലതും. ഇതോടെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കാനും തുടങ്ങി. ഇതോടെ മറ്റൊരു തരത്തിലും എന്നെ കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്നുകണ്ട മാടമ്പിമാര്‍ ഒരിക്കല്‍ ഒരു സര്‍ക്കാര്‍ ഓഫീസിലേക്ക്‌ കറില്‍ ചെന്നിറങ്ങിയ എന്റെ നേരേ ബോംബ്‌ എറിഞ്ഞു. ശരീരത്തിന്റെ ഒരുഭാഗം മുഴുവന്‍ പൊള്ളിപ്പോയി. മൂന്നുമാസത്തിലധികം ആശുപത്രിയില്‍ കിടന്നു. ആ സമയത്ത്‌ വിവാഹിതനായ ഒരാളായിരുന്നു ഞാന്‍. ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണിന്റെ താലിച്ചരട്‌ പൊട്ടിച്ചുകൊണ്ടാണ്‌ കളിയെന്നുപോലും അവരോര്‍ത്തില്ല.

ഇന്നും ആ ദുരന്തത്തിന്റെ പാടുകള്‍ എന്റെ ശരീരത്തിലുണ്ട്‌. ചെറുപ്പത്തില്‍ ഹാഫ്‌ ഷര്‍ട്ട്‌ ഇട്ട്‌ നടന്നിരുന്ന ഞാന്‍ ഫുള്‍കൈയിലേക്ക്‌ വന്നത്‌ അക്രമണം ഉണ്ടായശേഷം ഇടതുകൈയിലെ പൊള്ളലിന്റെ നീളന്‍പാട്‌ മറയ്‌ക്കാനാണ്‌. നാലു പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ കണ്ടാല്‍കൂടി പേടിതോന്നിപ്പിക്കുന്ന ഈ പാട്‌ കണ്ടാല്‍ ഊഹിക്കാന്‍ കഴിയും എത്ര ഭീകരമായ ക്ഷതമാണ്‌ ആ ബോംബാക്രമണം എന്റെ യൗവനത്തിനുമേല്‍ ഏല്‍പ്പിച്ചതെന്ന്‌. എന്നിട്ടും പകരത്തിന്‌ പോയില്ല. ഹിംസയുടെ മാര്‍ഗ്ഗം ഒന്നിനും പരിഹാരമായി എനിക്ക്‌ തോന്നിയില്ല. അങ്ങനെയുള്ള വെള്ളാപ്പള്ളിയെ എന്തും ചെയ്യാന്‍ മടിക്കാത്ത ആളായി ചിലര്‍ ചിത്രീകരിക്കുമ്പോഴാണ്‌ ദുഃഖം. ആ വേദനയ്‌ക്ക്‌ ശരീരത്തിനേറ്റ വേദനയേക്കാള്‍ തീവ്രതയുണ്ട്‌.

ശത്രുക്കള്‍ വീണ്ടും ആക്രമണം തുടര്‍ന്നു. ഇരുട്ടിന്റെ മറവിലിരുന്ന്‌ ശിരസ്സ്‌ ലക്ഷ്യമാക്കി വാള്‍ത്തല പാഞ്ഞുവന്നു. ഏതോ അദൃശ്യശക്തി നല്‍കിയ തിരിച്ചറിവിന്റെ ബലത്തില്‍ ഒഴിഞ്ഞു. വെട്ട്‌ അടുത്ത പോസ്‌റ്റില്‍ ചെന്ന്‌ കൊണ്ടു. തലനാരിഴയ്‌ക്കാണ്‌ രക്ഷപെട്ടത്‌. അടുത്തവെട്ട്‌ ഞാന്‍ തടഞ്ഞു. അങ്ങനെ ആ ശ്രമവും വിഫലമായി.

ഒരുപാട്‌ പ്രതീക്ഷകളുമായി കതിര്‍മണ്ഡപത്തിലേക്ക്‌ വലതുകാല്‍വച്ചു കയറിയ ഒരു പെണ്‍കുട്ടിക്ക്‌ ഇതിലേറെ ഒരു ദുരനുഭവം വരാനുണ്ടോ? അവരെന്റെ തലയെടുത്താലും ഞാന്‍ പ്രതികാരത്തിനൊരുങ്ങിയാലും ഫലത്തില്‍ നഷ്ടമാവുന്നത്‌ അവളുടെ ജീവിതമാണ്‌. എന്തായാലും ഞാനാരുടേയും തലകൊയ്യാന്‍ പോയില്ല.

ഒരിക്കല്‍ കിടപ്പുമുറിയില്‍ ഏതോ ആലോചനയില്‍ മുഴുകി കിടക്കുകയായിരുന്ന എന്റെ അരികിലേക്ക്‌ പ്രീതി വന്നു. അവളുടെ മുഖത്ത്‌ അതുവരെ കാണാത്ത ഒരു ഭാവം ഞാന്‍ കണ്ടു. പ്രീതി എന്തോ പറയാനായി ചുണ്ടുകള്‍ അനക്കി. ആര്‍ദ്രമായി അവളെന്നെ നോക്കി. ആ കണ്ണുകളില്‍ സ്‌നേഹവാത്സല്യങ്ങളും സഹതാപവും കണ്ടു. അവള്‍ എന്താണ്‌ പറയാന്‍ ഒരുങ്ങുന്നത്‌ എന്നോര്‍ത്ത്‌ ഞാന്‍ ഭയന്നു.

"നടേശേട്ടന്‍ നാളെ എങ്ങോട്ടാണ്‌ യാത്ര....?"

ഞാന്‍ പറഞ്ഞു..."കരാര്‍പണികളുമായി ബന്ധപ്പെട്ട്‌ ഒരു ദൂരയാത്രയാണ്‌.."

"കൂടെ ഞാനും വരുന്നു.." പ്രീതി പറഞ്ഞു.

എന്തിനെന്ന്‌ ഞാന്‍ ചോദിച്ചില്ല. പക്ഷേ, എന്റെ മുഖഭാവത്തില്‍ ആ ചോദ്യമുണ്ടായിരുന്നു. കാരണം ദൂരയാത്രകളില്‍ പ്രീതി എന്നെ അനുഗമിക്കുക പതിവുള്ളതല്ല. എന്റെ മനസ്സ്‌ വായിച്ചറിഞ്ഞിട്ടാവണം കൂടുതലൊന്നും ആലോചിക്കാന്‍ നില്‌ക്കാതെ അവള്‍ പറഞ്ഞു...

"നാളെയെന്നല്ല, ഇനിയെന്നും ഏതു യാത്രയിലും ഞാന്‍ നടേശേട്ടനൊടൊപ്പം ഉണ്ടാവും.."

ഇക്കുറി ഞാന്‍ അറിയാതെ ചോദിച്ചുപോയി

"എന്തിന്‌...?"

"സുഖദുഃഖങ്ങള്‍ ഒരുമിച്ച്‌ പങ്കിടാമെന്ന്‌ പ്രതിജ്ഞചെയ്‌ത്‌ വിവാഹം കഴിച്ചവരാണ്‌ നമ്മള്‍. ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും അത്‌ ഒരുമിച്ചുതന്നെയാകട്ടെ.."

ഡെമോക്ലീസിന്റെ വാള്‍പോലെ ദുരന്തം സദാ എന്റെ ശിരസ്സിന്‌ മുകളിലായി തൂങ്ങിക്കിടക്കുന്നുവെന്ന്‌ പ്രീതി മനസ്സിലാക്കിയിരുന്നു. അങ്ങനെയുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയി സ്വന്തം ജീവിതം രക്ഷപ്പെടുത്താനല്ല അവള്‍ ശ്രമിക്കുന്നത്‌. മറിച്ച്‌ ബലിയര്‍പ്പിക്കാനാണ്‌. പ്രീതിയോട്‌ സ്‌നേഹത്തേക്കാള്‍ കടപ്പാടും ആദരവും തോന്നിയ നിമിഷമായിരുന്നു അത്‌. അവളുടെ ഇഷ്ടം അതാണെങ്കില്‍ അതാവട്ടെ എന്ന്‌ സമ്മതിച്ചു. ആ നിമിഷംമുതല്‍ സമീപകാലംവരെ പ്രീതിയുടെ സുരക്ഷിതത്ത്വം എന്നും ഒരു നൊമ്പരപ്പാടായി മനസ്സില്‍ നിലനിന്നിരുന്നു. ഞാന്‍ കാരണം ഒരുതെറ്റും ചെയ്യാത്ത ഒരുപാവം പെണ്‍കുട്ടികൂടി ശിക്ഷ അനുഭവിക്കേണ്ടിവന്നാലോ എന്ന ശങ്കയായിരുന്നു മനസ്സില്‍. പ്രീതിയുടെ ഹൃദയശുദ്ധിയും കണിച്ചുകുളങ്ങര അമ്മയുടെ അനുഗ്രഹവും കൊണ്ടാവാം ആ തീരുമാനത്തിനുശേഷം അപകടകരമായ ഒന്നും എനിക്ക്‌ സംഭവിക്കാതിരിക്കുന്നത്‌.

ന്യൂനപക്ഷ വിരോധി !

എസ്‌.എന്‍.ഡി.പി.യോഗത്തിന്‌ നിരവധി ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിട്ടുണ്ട്‌. അവരില്‍ പലരും മഹാരഥന്മാരാണ്‌. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും എളിയവനാണ്‌ ഞാന്‍. എങ്കിലും എന്റെ കാലഘട്ടത്തിലെത്തിയപ്പോഴേയ്‌ക്കും യോഗത്തിന്റെ സാമൂഹ്യ വീക്ഷണത്തിലും നയത്തിലും കാലാനുസൃതമായ പ്രായോഗിക മാറ്റങ്ങള്‍ വേണ്ടിവന്നു. അതിലൊന്ന്‌ " ജാതി പറയേണ്ടിടത്ത്‌ ജാതി പറയുക തന്നെ വേണം " എന്ന കാഴ്‌ചപ്പാടായിരുന്നു. ആദര്‍ശത്തിന്റെ അഴിമുഖത്തുള്ള സുകുമാരന്മാര്‍ അതൊരാക്ഷേപകരമായ സംഗതിയായി വ്യാഖ്യാനിച്ചു. അവരുടെ ഭാഗത്തുനിന്നുനോക്കുമ്പോള്‍ ശരിയാണ്‌. " ജാതി ചോദിക്കരുത്‌ ചിന്തിക്കരുത്‌ പറയരുത്‌ ", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി" എന്നെല്ലാം ഉദ്‌ഘോഷിച്ച ഗുരുദേവന്റെ കസേരയിലിരുന്നാണ്‌ വെള്ളാപ്പള്ളി ജാതിപറയുന്നത്‌. സ്വാഭാവികമായും വര്‍ഗ്ഗീയവാദിയായ ഇയാള്‍ക്ക്‌ മതേതര സ്വഭാവമുള്ള ഒരു സംഘടനയുടെ തലപ്പത്തിരിക്കാന്‍ എന്തുയോഗ്യത?

ഈ ചോദ്യത്തിന്‌ മറുപടി പറയണമെങ്കില്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. എന്റെ സ്ഥാപനങ്ങളിലും പേഴ്‌സണല്‍ സ്റ്റാഫിലുമുള്ള വ്യക്തികളുടെ ജാതിപരിശോധിച്ചാലറിയാം. അതില്‍ തൊണ്ണൂറ്റിയഞ്ചുശതമാനം പേരും ക്രൈസ്‌തവ- ഇസ്ലാം മതത്തിലോ നായര്‍ സമുദായത്തിലോ ഉള്‍പ്പെട്ടവരാണ്‌. ഒരാവശ്യവുമായി ആരുവന്നാലും ജാതിയോ, മതമോ ചോദിക്കാതെ ഞാന്‍ കഴിയുന്ന സഹായം ചെയ്‌തുകൊടുക്കാറുമുണ്ട്‌. എന്റെ ഏറ്റവും വലിയ ഉപദേഷ്ടാവ്‌ ഒരു ക്രിസ്‌ത്യന്‍ പുരോഹിതനാണ്‌. അദ്ദേഹം ദീപിക ദിനപത്രത്തിന്റെ ഉയര്‍ന്ന തസ്‌തികയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്‌. 

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു..."വെള്ളാപ്പള്ളി..... ആദ്ധ്യാത്മികാചാര്യനായി നില്‍ക്കുമ്പോഴും ഭൗതിക ജീവിതത്തെ സംബന്ധിച്ചും വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു ഗുരുവിന്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകുക, സംഘടനകൊണ്ട്‌ ശക്തരാവുക, വ്യവസായംകൊണ്ട്‌ അഭിവൃദ്ധിപ്പെടുക. ഗുരുപറഞ്ഞ ഈ മൂന്നുകാര്യങ്ങളും ഞങ്ങളുടെ സമുദായം പ്രാവര്‍ത്തികമാക്കി. ഇന്ന്‌ ഞങ്ങള്‍ക്കു കാണുന്ന ഉയര്‍ച്ചയും അതാണ്‌. നിങ്ങളുടെ സമുദായവും അത്‌ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. വെള്ളാപ്പള്ളി അതിന്‌ മുന്‍കൈ എടുക്കണം."

പത്രപ്രവര്‍ത്തനത്തില്‍ അറിവുള്ള അദ്ദേഹം യോഗനാദത്തിന്റെ ചില ന്യൂനതകള്‍ ചൂണ്ടിക്കാട്ടിത്തന്നു. അദ്ദേഹം പറഞ്ഞ മാറ്റങ്ങള്‍ വളരെ നല്ലതായി എനിക്കുതോന്നി. എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടായതായി അറിഞ്ഞാല്‍ ഉടന്‍ സ്വന്തം കൈയ്യിലെ കാശുമുടക്കി ഓടി ഇവിടെയെത്തും. എന്നെ സ്വാന്തനിപ്പിച്ച്‌ മടങ്ങിപ്പോകും. എന്നില്‍നിന്ന്‌ ഒന്നും പ്രതീക്ഷിക്കാത്ത എന്റെ നന്മ ആഗ്രഹിക്കുന്ന ആ ബന്ധം ഊഷ്‌മളമായി എനിക്കുതോന്നി. വര്‍ഗ്ഗീയവാദിയെന്ന്‌ സക്കറിയായെപ്പോലെ ചിലര്‍ ആക്ഷേപിച്ചപ്പോഴും അദ്ദേഹം എനിക്ക്‌ ധൈര്യം തന്നുകൊണ്ട്‌ പറഞ്ഞു..." താങ്കള്‍ ജാതി പറഞ്ഞുകൊണ്ടുതന്നെ മുന്നോട്ടുപോകണം. ഞങ്ങളും സോഷ്യലിസമല്ല, ജാതിപറഞ്ഞാണ്‌ ഇവിടെ എത്തിയത്‌. ഞങ്ങളുട സമുദായത്തിന്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാനാണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ജാതിപറയുന്നത്‌ ഒരു കുറ്റമായി ഞാന്‍ കാണുന്നില്ല. താങ്കളുടെ കര്‍മ്മകാണ്ഡം ഉറപ്പിക്കാന്‍ സമുദായം പറഞ്ഞേ തീരൂ. പള്ളികളില്‍ ഞങ്ങള്‍ മതംപറഞ്ഞാണ്‌ ആളുകളെ സംഘടിപ്പിക്കുന്നത്‌. സാമുദായിക ശക്തി സമാഹരം നടത്തിയാല്‍മാത്രമേ നീതി നേടുവാന്‍ നമുക്ക്‌ സാധിക്കുകയുള്ളൂ. കേരളത്തില്‍ ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയി. ഈ കാലഘട്ടത്തില്‍വേണ്ടത്‌ അവസരത്തിനൊത്ത്‌ ഉയര്‍ന്ന്‌ പ്രവര്‍ത്തിക്കുക എന്നതാണ്‌. ധനശക്തി, മാധ്യമശക്തി, മതശക്തി, അധികാരശക്തി ഈ നാലു ശക്തിയും ചേര്‍ന്നു നിന്നാലെ കാര്യങ്ങള്‍ നേരെയാകൂ എന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയംതന്നെ സാക്ഷ്യപ്പെടുത്തുന്നു. ജാതിയുടെപേരില്‍ നീതിനിഷേധിക്കപ്പെട്ട നിങ്ങള്‍ ജാതിയുടെ പേരില്‍തന്നെ സംഘടിച്ച്‌ പോരാടിയാല്‍ മാത്രമേ വിജയം കണ്ടെത്താനാവൂ.."

ഞാനൊരു ക്രിസ്‌ത്യന്‍വിരോധിയോ വര്‍ഗ്ഗീയവാദിയോ അല്ലെന്ന്‌ വ്യക്തമായി അറിയാവുന്ന ആത്മസ്‌നേഹിതനാണ്‌ അദ്ദേഹം. ആ പാവം യോഗനാദത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി സ്വന്തം കാറും പണവും ബുദ്ധിയും ശക്തിയുമെല്ലാം ഉപയോഗിച്ച്‌ എന്നെ സഹായിച്ചു. ഒടുവില്‍ അദ്ദേഹം ലക്ഷങ്ങള്‍ കടത്തിയെന്നായി വിദ്യാസാഗര്‍വക ആരോപണം. വ്യക്തിപരമായി എന്നെ അറിയാവുന്ന ആരും ഞാന്‍ ഒരു വര്‍ഗ്ഗീയവാദിയാണെന്ന്‌ പറയില്ല. മറിച്ച്‌ ഗുരുദര്‍ശനങ്ങള്‍ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം ഉരുവിടുന്ന പല മഹത്തുക്കളും ഓരോ കാര്യം വരുമ്പോള്‍ "നമ്മുടെ ആള്‍ " എന്ന പരിഗണന കാട്ടുന്നത്‌ ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌്‌.

ന്യൂനപക്ഷ സമുദായങ്ങള്‍ അനര്‍ഹമായി കാര്യങ്ങള്‍ നേടുന്നുവെന്ന്‌ ഞാന്‍ പറഞ്ഞതായി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ അക്കൗണ്ടില്‍ കോടികള്‍ പോക്കറ്റിലാക്കുന്ന അധികാര കേന്ദ്രങ്ങളെക്കുറിച്ചായിരുന്നു സൂചന.

ഇത്രയും കാലത്തെ പ്രവര്‍ത്തനംകൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയ ഒരു സത്യമുണ്ട്‌. ഈഴവന്റെ ശത്രു ഈഴവന്‍ തന്നെയാണ്‌. ഈ സമുദായത്തിന്‌ മുന്‍തൂക്കമുള്ള വര്‍ക്കലയില്‍ സ്വസമുദായാംഗവും സി.പി.എം. അഖിലേന്ത്യാ നേതാവുമായ ഗുരുദാസന്‍ നിസ്സാരനായ വര്‍ക്കല കഹാറിനോട്‌ തോല്‍ക്കുന്നു. ആലപ്പുഴ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ മനോജ്‌ കുരിശിങ്കല്‍ എന്ന കന്നിക്കാരന്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായ വി.എം.സുധീരനെ മലര്‍ത്തിയടിക്കുന്നു. മാരാരിക്കുളത്ത്‌ സാക്ഷാല്‍ വി.എസ്‌.പോലും പി.ജെ.ഫ്രാന്‍സീസിനോട്‌ തോല്‍ക്കുന്നു. കായംകുളത്ത്‌ എം.എം.ഹസ്സന്‍ ജയിക്കുന്നു. മേല്‍വിവരിച്ചതെല്ലാം ഈഴവര്‍ക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ്‌. മറിച്ച്‌ പാലായിലോ, മലപ്പുറത്തോ, തൊടുപുഴയിലോ ഒരീഴവന്‍ ജയിക്കുമോ? ഐക്യവും വര്‍ഗ്ഗബോധവുമില്ലാതെ പരസ്‌പരം കാലുവാരിയശേഷം ന്യൂനപക്ഷം എല്ലാം കൈയ്യടക്കുന്നേയെന്ന്‌ മുറവിളികൂട്ടുന്നത്‌ വിഢിത്തമാണ്‌. ഞാനടക്കമുള്ളവര്‍ പലപ്പോഴും ആ പല്ലവി പാടിയിട്ടുണ്ട്‌. ഇന്ന്‌ ഞാനത്‌ തിരുത്തുന്നു. കാലാകാലങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചാവേര്‍പടയാവാന്‍ വിധിക്കപ്പെട്ട ഈ സമുദായത്തിന്റെ ശത്രു അവന്‍തന്നെയാണ്‌. അതുതിരിച്ചറിഞ്ഞ്‌ തിരുത്താത്തിടത്തോളംകാലം എന്നെപ്പോലുള്ളവര്‍ ചീന്തുന്ന വിയര്‍പ്പുതുള്ളികള്‍ക്ക്‌ വെള്ളത്തില്‍വരച്ച വരയുടെ വിലപോലുമുണ്ടാവില്ല.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ തന്റെ കവിതകളിലൂടെ ശബ്ദമുയര്‍ത്തിയ മഹത്‌ വ്യക്തിയാണ്‌ കുമാരനാശാന്‍. സാമൂഹിക നവോത്ഥാന ശില്‍പ്പികളില്‍ പ്രമുഖനായ ഡോ. പല്‌പുവാണ്‌ ഈഴവമെമ്മോറിയലിന്റേയും ശില്‍പ്പി. പക്ഷേ, വെള്ളാപ്പള്ളി നടേശന്‍മാത്രം സാമൂഹികനീതി ആവശ്യപ്പെട്ടാല്‍ അത്‌ വര്‍ഗ്ഗീയവാദമാവും. ഇതെന്ത്‌ നീതിയെന്ന്‌ ചോദിച്ചാലോ ഉടന്‍ വിവാദമായി. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വര്‍ഗ്ഗീയവാദികള്‍ ആരാണ്‌? മാറാട്‌ നടന്ന സംഭവവികാസങ്ങള്‍ അത്‌ നമ്മോട്‌ വിളിച്ചുപറയുന്നില്ലേ.?ജാതിയുടെ പേരില്‍ ചിലരുടെ ഐക്യം രാജ്യദ്രോഹത്തിന്റെ തലത്തിലേക്കുയരുന്നില്ലേ..? ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റി ശക്തമായി പ്രതികരിക്കാന്‍ വിപ്ലവപാര്‍ട്ടികള്‍പോലും തന്റേടം കാട്ടുന്നില്ല. 

ഇതൊക്കെ തുറന്നുപറയുന്നതുകൊണ്ട്‌ ശത്രുക്കളുടെ അച്ചാരം വാങ്ങുന്ന ചില യൂദാസുകള്‍ എന്നെ പ്രസക്തിയില്ലാത്ത ഒരു വിവരദോഷിയായി ചിത്രീകരിക്കാന്‍ അധരവ്യായാമം ചെയ്യുകയാണ്‌. വെള്ളാപ്പള്ളി എസ്‌.എന്‍.ഡി.പി.യോഗത്തിന്‌ അപമാനമാണെന്ന്‌ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. പ്രകടമായി ജാതിപറഞ്ഞ്‌ സംഘടിക്കുകയും രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച്‌ സംസ്ഥാന ഖജനാവ്‌ കൊള്ളയടിക്കുകയും ചെയ്യുന്നവര്‍ ജനാധിപത്യ വിശ്വാസികള്‍. ഞാന്‍ മാത്രം അധമന്‍. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരും കൊടികുത്തില്ല. ചുവന്ന കൊടിയേന്തുന്നവര്‍പോലും രാമന്റെ മുന്നില്‍ ഹനുമാന്‍ എന്നപോലെ ഇക്കൂട്ടരുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ എസ്‌.എന്‍.ഡി.പി.യോഗത്തിന്‌ വെള്ളാപ്പള്ളി നടേശന്റെ സംഭാവനയെന്താണ്‌ ?തനിച്ചാവുന്ന നിമിഷങ്ങളില്‍ ഞാനാലോചിക്കാറുണ്ട്‌. ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ടത്‌ കാലമാണ്‌.
ഞാനും ഒരു അഴിമതിക്കാരന്‍
എനിക്കെതിരെ അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാധ്യമങ്ങളില്‍ തലക്കെട്ട്‌ സൃഷ്ടിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ഒരു മാന്യദേഹമുണ്ട്‌. സ്വജനപക്ഷപാദമാണ്‌ അദ്ദേഹം എന്നില്‍ ആരോപിക്കുന്ന മറ്റൊരു കുറ്റം. സ്‌നേഹമായിരുന്ന കാലത്ത്‌ ഈ വ്യക്തി അദ്ദേഹത്തിന്റെയും ഭാര്യയുടേയും ബന്ധുക്കള്‍ക്ക്‌ എസ്‌.എന്‍.ട്രസ്റ്റ്‌ വക സ്ഥാപനങ്ങളില്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ ജോലി നല്‍കാന്‍ എന്നില്‍ പലതവണ പ്രേരണ ചെലുത്തുകയും ഞാനത്‌ സാധിച്ചുകൊടുക്കുകയും ചെയ്‌തത്‌ എന്റെ തെറ്റ്‌. എന്റെ സ്വന്തം നിലയ്‌ക്കും താല്‌പര്യത്തിനും അനുസരിച്ച്‌ ചില അഴിമതികള്‍ കാണിച്ചിട്ടുണ്ട്‌. അതിന്റെ പശ്ചാത്തലകഥ കേട്ടശേഷം നിങ്ങള്‍ക്ക്‌ ശിക്ഷവിധിക്കാം.

അന്നൊരു വ്യാഴാഴ്‌ചയായിരുന്നു. ഞാന്‍ നാട്ടിലുള്ള ദിവസം. പതിവുപോലെ പരാതികളും ശുപാര്‍ശകളുമായി ധാരാളംപേര്‍ വന്നുകൊണ്ടിരുന്നു. ഉച്ചയോടെ ഒരു അമ്മയും മകളും കാണാന്‍ വന്നു. ഇരുപതില്‍ താഴെ പ്രായംതോന്നിക്കുന്ന പെണ്‍കുട്ടി. രണ്ടാളും ക്ഷീണിച്ച്‌ നന്നേ അവശരാണ്‌. നിറംമങ്ങിയ അങ്ങേയറ്റം വിലകുറഞ്ഞ വസ്‌ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്‌. ഞാന്‍ വന്ന കാര്യം ചോദിച്ചു.പ്രീഡിഗ്രിയും ലാബ്‌ ടെക്‌നീഷ്യന്‍ കോഴ്‌സും കഴിഞ്ഞ്‌ നില്‍ക്കുകയാണ്‌ ആ കുട്ടി. ഇനി ഏതേലും കോളേജില്‍ ഡിഗ്രിക്ക്‌ ചേരണം. എന്റെ ശുപാര്‍ശയില്‍ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ പറ്റുമോ എന്ന്‌ അറിയാനാണ്‌ വന്നത്‌. സഹായിക്കാമെന്ന്‌ ഉറപ്പ്‌ കൊടുക്കുന്നതിനുമുമ്പ്‌ ഞാന്‍ ആ കുട്ടിയും മുഖത്തെ മ്ലാനതയുടെ കാരണം അറിയണമെന്ന്‌ കരുതി ചോദിച്ചു.

`പഠിക്കുന്ന കുട്ടികള്‍ക്ക്‌ അല്‌പം ഉത്സാഹമൊക്കെ വേണ്ടേ ? കുട്ടിയെന്താ ഇപ്പോള്‍ നിലത്തുവീഴും എന്നമാതിരി....`

അവള്‍ പെട്ടെന്ന്‌ മറുപടി പറഞ്ഞില്ല.... പകരം ആദ്യം അമ്മയുടെ മുഖത്തേക്ക്‌ നോക്കി. എന്നെയും നോക്കിയശേഷം ഒരുനിമിഷം എന്തോ ആലോചിച്ചുനിന്നു. പിന്നെ ശബ്ദം താഴ്‌ത്തി ഒറ്റശ്വാസത്തില്‍ പറഞ്ഞു..

`ആഹാരം കഴിച്ചിട്ട്‌ രണ്ട്‌ ദിവസമായി`

ഞാനൊന്ന്‌ നടുങ്ങി. പറയുന്നത്‌ കള്ളമല്ലെന്ന്‌ രൂപഭാവത്തില്‍നിന്നും വ്യക്തമാണ്‌. എന്നിട്ടും സത്യം സ്ഥിതീകരിക്കാനായി ഞാന്‍ ചോദിച്ചു.

`അവസാനമായി എന്നാണ്‌ ഭക്ഷണം കഴിച്ചത്‌.`

`മിനീഞ്ഞാന്ന്‌. അയലത്തെ വീട്ടില്‍ സഞ്ചയനത്തിന്‌ പോയപ്പോള്‍ മൂന്ന്‌ ഇഡ്ഡലി കഴിച്ചു..` അവള്‍ പറഞ്ഞു.

ഇന്നോളം ദാരിദ്ര്യദുഃഖം അറിഞ്ഞിട്ടി്‌ല്ലാത്ത ആളാണ്‌ ഞാന്‍. എന്നിരിക്കിലും ആ കുട്ടിയുടെ അവസ്ഥ, അതിന്റെ തീവ്രത എനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. ഞാന്‍ചോദിച്ചു.

`ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള പണം..`

ആ കുട്ടി പറഞ്ഞു..`വണ്ടിക്കൂലി അടുത്തുള്ള ഒരു ചേച്ചിയോട്‌ കടം വാങ്ങി....`

എന്റെ സംശയം തീര്‍ന്നില്ല

` അഡ്‌മിഷന്‍ കിട്ടിയാല്‍ കുട്ടി പഠനചിലവിനുള്ള പണം എങ്ങനെ കണ്ടെത്തും.`

ആ കുട്ടി വേദനയോടെ പറഞ്ഞു...` എങ്ങനെയും പണമുണ്ടാക്കിയല്ലേ പറ്റൂ. പഠിക്കുന്നതിനൊപ്പം വീട്ടുജോലിക്കു പോയിട്ടാണെങ്കിലും പൈസയുണ്ടാക്കണം..`

ഞാന്‍ ചോദിച്ചു... ` ഇത്രയൊക്കെ ബുദ്ധിമുട്ടി പഠിച്ചിട്ട്‌ ഡിഗ്രി എടുത്തിട്ട്‌ എന്തുകാര്യം.`?

അവള്‍ പറഞ്ഞു...` മിനിമം ഒരു ഡിഗ്രിയെങ്കിലും ഇല്ലാതെ എങ്ങനെയാണ്‌ സാര്‍....? അത്രയെങ്കിലും പഠിച്ചെങ്കിലെല്ലേയുള്ളൂ ഒരു ചെറിയ ജോലിയെങ്കിലും കിട്ടൂ....`

ഞാന്‍ പറഞ്ഞു... അല്ലാതെ ജോലി കിട്ടിയാലോ..?

പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട്‌ അവള്‍ അവിശ്വസനീയമായി എന്നെ നോക്കി.
` ലാബ്‌ ടെക്‌നീഷ്യന്‍ കോഴ്‌സ്‌ പാസ്സായിട്ടുണ്ടെന്നല്ലേ പറഞ്ഞത്‌..? അവള്‍ തലകുലുക്കി

ഞാന്‍ ശങ്കേഴ്‌സ്‌ ആശുപത്രിയിലേക്ക്‌ വിളിച്ചു. അവിടെ ലാബ്‌ ടെക്‌നീഷ്യന്‍ ഒഴിവില്ല. എങ്ങനെയും ഒഴിവുണ്ടാക്കി എന്റെ കത്തുമായിവരുന്ന കുട്ടിക്ക്‌ ജോലി കൊടുക്കണമെന്ന്‌ ഞാന്‍ നിര്‍ദ്ദേശിച്ചു. സൗജന്യ ഭക്ഷണവും ഏര്‍പ്പാടാക്കി. ഒപ്പം ചെറുതല്ലാത്ത ഒരു തുകയും കൈയ്യിലേല്‌പ്പിച്ച്‌ പറഞ്ഞു.

`ഇത്‌ വണ്ടിക്കൂലിയും അത്യാവശ്യം വസ്‌ത്രങ്ങള്‍ വാങ്ങാനുമുള്ള പണമുണ്ട്‌. ഉടന്‍തന്നെ പോയി ജോയിന്‍ ചെയ്‌തോളൂ..`

അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്നെ നോക്കി കൈകൂപ്പി. ആ കണ്ണുനീരില്‍ അവളുടെ ഹൃദയം ഞാന്‍ കണ്ടു. ഞാന്‍ പറഞ്ഞു..

` കരയരുത്‌. കുട്ടിയും കുടുംബവും കരയാതിരിക്കാനാണ്‌ ഇതു ചെയ്‌തത്‌. പോയ്‌ക്കൊളൂ..`

നിയമത്തിന്റെ കണ്ണില്‍ ഞാന്‍ ചെയ്‌തത്‌ തെറ്റാണ്‌. കഷ്ടപ്പെടുന്ന മനുഷ്യന്റെ കണ്ണീര്‍ കാണാത്ത നിയമങ്ങള്‍കൊണ്ട്‌ എന്താണ്‌ അര്‍്‌ത്ഥം ? പാവങ്ങളുടെ കണ്ണുനീര്‍ കണ്ടാല്‍ ചിലപ്പോള്‍ അറിയാതെ നിയമങ്ങള്‍ ലംഘിച്ചുപോകും. അതിന്റെ പേരില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്‌. ആ അര്‍ത്ഥത്തില്‍ ഞാനിതാ സമ്മതിക്കുന്നു ഞാനും അഴിമതിക്കാരനാണ്‌. മനസ്സാക്ഷി മരവിക്കാത്ത അഴിമതിക്കാരന്‍.

എന്റെ മനസ്സാക്ഷിക്കൊത്ത്‌ പലര്‍ക്കും പല സഹായങ്ങളും ചെയ്‌തുകൊടുത്തിട്ടുണ്ട്‌. ഇന്നോളം അതൊന്നും മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ എന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സാന്ദര്‍ഭികമായി പറഞ്ഞുവെന്നുമാത്രം.

0 comments:

Post a Comment