Sunday, 25 August 2013

ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം

പുസ്തകം.
കെ.ആര്‍.മായ എഡിറ്റ് ചെയ്ത പസ്തകമാണ് 'ശ്രീനാരായണ ദര്‍ശനങ്ങള്‍'.മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികളാണ് ഇതിന്റെ ഉള്ളടക്കം.അതില്‍നിന്ന് 'ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം' പകര്‍ത്തുന്നു.ഇതിന്റെ മുല ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.മൈത്രി ബുക്‌സ് തിരുവനന്തപുരമാണ് പ്രസാധകര്‍.

1925 മാര്‍ച്ച് മാസം 12ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി.ശ്രീ.എന്‍ കുമാരന്‍ സ്വാമിയുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

ഗാന്ധിജി:ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?

സ്വാമികള്‍:  ഇല്ല.

ഗാന്ധിജി:ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ,വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല.

ഗാന്ധിജി:അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ,എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍:അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല.നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം.

ഗാന്ധിജി:അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്?

സ്വാമികള്‍:ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല.

ഗാന്ധിജി:ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?

സ്വാമികള്‍:രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല.

ഗാന്ധിജി:മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?

സ്വാമികള്‍:മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല.

ഗാന്ധിജി:ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?

സ്വാമികള്‍:അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ?

ഗാന്ധിജി:അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ.ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍: ധാരാളം പര്യാപ്തം തന്നെ.ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്.

ഗാന്ധിജി:അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ.ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.

ഗാന്ധിജി:ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ?

സ്വാമികള്‍:അത് സഫലമാകാതെ വരികയില്ല.അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും.

ഗാന്ധിജി:(ചിരിച്ചുകൊണ്ട്)എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം.അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ.സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?

സ്വാമികള്‍:എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു.ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്.

ഗാന്ധിജി:വളരെ സന്തോഷം.


അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി;മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു.ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി.

Source : http://www.idaneram.blogspot.in/2012/09/blog-post_8234.html

0 comments:

Post a Comment