Thursday, 8 August 2013

ബ്രഹ്മവിദ്യാ പഞ്ചകം - 1

നിത്യാऽനിത്യവിവേകതോ ഹി നിതരാം
നിർവേദമാപദ്യ സദ്-
വിദ്വാനത്ര ശമാദി ഷട്കലസിതഃ
സ്യാന്മുക്തികാമോ ഭുവി,
പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതി സേ-
വാദ്യൈഃ പ്രസന്നം ഗുരും
പൃച്ഛേത് കോऽഹമിദം കുതോ ജഗദിതി
സ്വാമിൻ! വദ ത്വം പ്രഭോ! 1

അത്ര=ഈ ലോകത്തിൽ ; സദ്‌വിദ്വാൻ=സത്യം ഉണ്ടെന്നറിഞ്ഞ് തിരയുന്നയാൾ ; നിത്യാനിത്യ വിവേകതഃ=നിത്യമേത്, അനിത്യമേത് എന്നു വേർതിരിച്ചറിഞ്ഞ് ; നിതരാം=അത്യന്തം ; നിർവേദം=വിരക്തി ; ആപദ്യ=നേടിയിട്ട് ; ശമാദിഷട്കലസിതാ=ശമം ദമം ഉപരതി തിതിക്ഷ ശ്രദ്ധ സമാധാനം എന്നീ ആറു സാധനകളും വേണ്ടപോലെ അഭ്യസിച്ച് ; ഭൂവി=ഈ ഭൂമിയിൽ വച്ചു തന്നെ ; മുക്തി കാമഃ=മുക്തി കാമനായി ; സ്യാദ്= ഭവിയ്ക്കണം ; പശ്ചാത്=എന്നിട്ട് ; ബ്രഹ്മ വിദുത്തമം ഗുരും=ബ്രഹ്മ സാക്ഷാത്കാരം നേടി ജീവന്മുക്തനായി വസിയ്ക്കുന്ന ഗുരുവിനെ ; പ്രണതി സേവാദ്യൈഃ=പ്രസന്നം, പ്രണാമം ശ്രുശ്രൂഷ മുതലായവ കൊണ്ട് സന്തുഷ്ടനാക്കിത്തീർത്തിട്ട് ; സ്വാമിൻ പ്രഭോ അഹംകഃ=പ്രഭുവായ സ്വാമിൻ, ഞാനാര്? ; ഇദം ജഗത് കുതഃ=ഈ പ്രപഞ്ചം എവിടെ നിന്നുണ്ടായി ; ത്വം വദ= അങ്ങ് പറഞ്ഞ് തന്നാലും ; ഇതി പൃശ്ചേത്=എന്നു ചേദിയ്ക്കണം

ഈ ലോകത്ത് സത്യം ഉണ്ടെന്നറിഞ്ഞ് തിരയുന്നയാൾ ആദ്യമായി നിത്യമേത്, അനിത്യമേത് എന്നു വിചാരം ചെയ്തറിയണം.ഇക്കാണുന്നതും കേൾക്കുന്നതുമെല്ലാം അസത്യമാണെന്നറിഞ്ഞ് അവയിൽ വിരക്തി സമ്പാദിയ്ക്കണം. ശമം ദമം ഉപരതി തിതിക്ഷ ശ്രദ്ധ സമാധാനം എന്നീ ആറു സാധനകളും നല്ലപോലെ അഭ്യസിക്കണം. അങ്ങനെ ഈ കർമ്മഭൂമിയിൽ വച്ചു തന്നെ മോക്ഷകാമനായി ഭവിയ്ക്കണം.എന്നിട്ട് ബ്രഹ്മ സ്വരൂപം സാക്ഷാത്കരിച്ചനുഭവിയ്ക്കുന്ന സ്ഥിതപ്രജ്ഞനായ ഗുരുവിനെ സമീപിയ്ക്കണം.അദ്ദേഹത്തെ പ്രണമിച്ചുപചരിച്ചു പ്രസന്നനാക്കിത്തീർക്കണം. ഗുരു പ്രസന്നനായാൽ, ഞാനാര്, ഈ പ്രപഞ്ചം എവിടെനിന്നുണ്ടായി എന്നീ രണ്ടു ചോദ്യങ്ങളും ചോദിച്ചിട്ട് ‘പ്രഭോ ഈ സംശയങ്ങൾ തീർത്തുതന്നാലും‘ എന്നപേക്ഷിയ്ക്കണം 

Source : http://www.vedantasadhana.org/2012/01/blog-post_22.html

1 comments:

*അന്ത്യകാലത്തെ അനുഷ്ഠാനങ്ങള്‍*

ജനിച്ചാല്‍ മരിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും അന്ത്യസമയത്ത് എന്ത് ചെയ്യണമെന്നറിയാതെ മരിച്ച ആളുടെ ഉറ്റവരും ഉടയവരും വിഷമിച്ചു നില്‍ക്കുന്ന കാഴ്ച സാധാരണ കണ്ടുവരാറുണ്ട്. അന്ത്യ വേളയില്‍ എന്ത് ചെയ്യണമെന്ന് ചുരുക്കത്തില്‍ വിവരിക്കാം.

രോഗംബാധിച്ച് കിടക്കുന്ന ആളെ ഭാഗവതം വായിച്ചു കേള്‍പ്പിക്കുന്നത് വിശേഷമാകുന്നു. പ്രഥമസ്കന്ദത്തിലെ ഭീഷ്മസ്തുതി വളരെ പ്രധാനമാകുന്നു. കൂടാതെ വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം എന്നിവ ചൊല്ലുന്നതും " ഓം നമോ നാരായണായ " എന്ന അഷ്ടാക്ഷരമന്ത്രം ജപിക്കുന്നതും നല്ലതാണ്. അത്യാസന്നനിലയിലാണെങ്കില്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മഹാമൃത്യുജ്ജയഹോമം നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന തീര്‍ത്ഥജലമോ തുളസീതീര്‍ത്ഥമോ ഗംഗാജലമോ നല്‍കേണ്ടതാണ്. ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കലാണ് വേണ്ടപ്പെട്ടവരുടെ ചുമതലയാണ്. എല്ലാവരും തിരക്കുപിടിച്ചവരാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. അതില്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാലത്തിന്റെ ആ മാറ്റം ഉള്‍കൊള്ളാന്‍ എല്ലാവരും ശ്രമിക്കണം. പല കുടുംബങ്ങളിലും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഭാരം നഴ്സിനെ ഏല്പിച്ചുപോകുന്നതായി കാണാം. അവര്‍ രോഗശയ്യയില്‍ കിടക്കുന്ന ആളെ കാസറ്റിലൂടെ (സി ഡി യിലൂടെ) നാമങ്ങളും പുരാണങ്ങളും സ്തുതികളും കേള്‍പ്പിക്കുന്നതായാല്‍ രോഗിയുടെ മനസ്സിന് ശാന്തത കൈവരുകയും മരണഭയം അകലാന്‍ കാരണമാകുകയും ചെയ്യും. പഴയ കാലത്ത് പവമാനസൂക്തം അഥവാ മോക്ഷമന്ത്രം ചൊല്ലി കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. അത് പിന്നീട് 'ചെവിലോത്തെന്ന' ചടങ്ങായി മാറി. ഇന്ന് ആ ചടങ്ങ് നിര്‍വഹിക്കുന്നത് മരണത്തിനു ശേഷമാണ്.

മരിച്ചതായി ഉറപ്പുവരുത്തിയാല്‍ കട്ടിലില്‍ നിന്ന് താഴേക്ക് എടുത്ത് കിടത്തണം. നിലത്ത് പേരാറ്റിലെ മണലോ, തുളസിയുടെ കടയ്ക്കലെ മണ്ണോ വിരിച്ച് അതിനുമുകളില്‍ തെക്ക് അഗ്രമായി ദര്‍ഭവിരിച്ച് പ്രേതത്തെ തെക്ക് തലയായി മലര്‍ത്തി കിടത്തണം. കഴിയുമെങ്കില്‍ മോക്ഷമന്ത്രം അചാര്യനെകൊണ്ട് ജപിപ്പിക്കുന്നത് ഉത്തമമാകുന്നു. മോക്ഷമന്ത്രം ഋഗ്വേദത്തിലുള്ളതാണ്. ഏകത്വത്തില്‍ ബുദ്ധിയുറച്ചവര്‍ക്കുമാത്രമേ ജനനമരണചക്രത്തില്‍നിന്നു മുക്തിയുള്ളൂ എന്നാണ് മന്ത്രസാരം.

പ്രേതത്തെ ശുദ്ധമായ വസ്ത്രംകൊണ്ടു മൂടണം. നാലുപുറത്തും വെണ്ണീറുകൊണ്ടും അക്ഷതംകൊണ്ടും വളയ്ക്കണം. തലയ്ക്കല്‍ നിലവിളക്കും ഒരിടങ്ങഴി നെല്ലും അല്പം ഉണക്കല്ലരിയും വെച്ചിരിക്കണം. തേങ്ങാമുറി വിളക്ക് വെയ്ക്കുന്നതും ഉത്തമമാകുന്നു. മറ്റു സംസ്കാരകാര്യങ്ങളെല്ലാം ബന്ധുമിത്രാദികള്‍ എല്ലാം എത്തി കൂടിയാലോചിച്ച് ചെയ്യാവുന്നതാണ്.
ഷോഡശസംസ്കാരങ്ങളില്‍ ഒടുവിലത്തെ ചടങ്ങാണ് സംസ്കാരം. ശരീരം ഭസ്മമായിത്തീരുന്നതുവരെയാണ് സംസ്കാരം. അന്ത്യേഷ്ടിയെന്നും സംസ്കാരത്തിന് പേരുണ്ട്. ഇഷ്ടിയെന്നാല്‍ യാഗം. ഒരു മനുഷ്യന്റെ അവസാനത്തെ യാഗമായിട്ടതിനെ കണക്കാക്കാം. ജീവനറ്റുപോയാല്‍ ശരീരം അശുദ്ധമാണ്. അതിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സംസ്കാരം. അഗ്നി ശരീരത്തെ ശുദ്ധീകരിച്ച് ഭസ്മമാക്കുന്നു. പ്രാദേശികമായി സംസ്കാരച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ കാണാം. കടപ്പാട് .

Post a Comment