Saturday, 24 August 2013

കര്‍മ്മയോഗിയായ ഗുരു

ഒരേ സമയം കര്‍മ്മയോഗിയും അദ്വൈതവാദിയുമായി നമുക്ക് ശ്രീനാരായണ ഗുരുവിനെ കാണാന്‍ സാധിക്കും . പക്ഷെ ചരിത്രം ആ യുഗപുരുഷനെ ജ്ഞാനിയായ മഹര്‍ഷിയായിട്ടല്ല ദര്‍ശിക്കുന്നത് പകരം ഒരു സമൂഹ്യപരിഷ്കര്‍ത്താവിന്റെ ഉടയാട ചാര്‍ത്തി ആദരിക്കുന്നു . എന്നാല്‍ സത്യം അതല്ല,  അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച്‌ ഗുരു ഒരു സമൂഹ്യപരിഷ് കര്‍ത്താവിന്റെ വേഷം കൂടി അണിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി . പക്ഷെ ആ രൂപത്തില്‍ ആ പുന്യാത്മാവിലെ ഒരു നിത്യയോഗിയുടെ പ്രകാശത്തിന് വേണ്ടത്ര  അംഗീകാരം ലഭിക്കാതെ പോയി . പരമാര്‍ത്ഥികസത്തയെ അംഗീകരിക്കുമ്പോഴും വ്യാവഹാരികസത്തയെ പൂര്‍ണ്ണമായി നിഷേധിക്കാനാവില്ല എന്ന സത്യത്തിന് ആദി ശങ്കരന്‍ ഉള്‍പ്പെടെയുള്ള ഋഷീശ്വരന്മാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല .

അദ്വൈതത്തെ വരച്ചുകാട്ടിയ  ശ്രീശങ്കരന്‍ ചണ്ടാല രൂപത്തില്‍  വന്ന പരമശിവനെ വഴിയില്‍ നിന്ന് ആട്ടി അകറ്റിയത് അതുകൊണ്ടാണ് . എന്നാല്‍ സാംസ്കാരികസത്തയെ മായ എന്ന് പറഞ്ഞു മാറ്റി നിര്‍ത്താന്‍ ഗുരു തയ്യാറായിരുന്നില്ല . "ബ്രഹ്മസത്യം ജഗത്മിഥ്യ " എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആ ജഗത്തിലെ ഭേദകല്പനകളെ അംഗീകരിക്കുന്നത് ഒരു ജ്ഞാനിയായ യോഗിക്ക് ചേര്‍ന്നതല്ല എന്ന് ഗുരു വിശ്വസിച്ചു . അതുകൊണ്ടാണ് ജ്ഞാനത്തിന്റെ മറുകര കണ്ട ഗുരു ഭൌതിക കര്‍മ്മമണ്ഡലത്തിന്റെ  മാലിന്യങ്ങളിലേക്ക് ശുഭ്ര മനസ്സോടെ ഇറങ്ങിചെന്നത് . മരുത്വാമലയിലെയും  , കൊടിതൂക്കിമലയിലെയും നിത്യ പ്രശാന്തതയില്‍ നിന്ന് ഗുരുവിനെ വിളിച്ചിറക്കിയത്  മനുഷ്യസ്നേഹം എന്ന മന്ത്രമായിരുന്നു , സഹ ജീവികളോടുള്ള അനന്തമായ കാരുണ്യം ആയിരുന്നു . ദര്‍ശന കൃതികളായ ആത്മോപദേശശതകവും , ദര്‍ശനമാലയും , അദ്വൈതദീപികയുമൊക്കെ രചിച്ച ആ മഹാനുഭാവനില്‍ നിന്ന് ജാതിലക്ഷണവും , ജാതിനിര്‍ണ്ണയവും, അനുകമ്പദശകവുമൊക്കെ ഒഴുകിയെത്തിയതും ഈ മനുഷ്യസ്നേഹം കൊണ്ടായിരുന്നു . "സന്യാസികളില്ലിങ്ങനെ "   എന്ന് ആശനെകൊണ്ട് പറയിപ്പിച്ചതിനും കാരണം മറ്റൊന്നല്ല .

മനുഷ്യത്വം പുലരുന്ന ഒരു മഹാകലത്തെ സൃഷ്‌ടിച്ച ശേഷവും " നാം ഒന്നും ചെയ്തില്ലല്ലോ "എന്ന് ടാഗോറിനോട് പറഞ്ഞ ആ മഹാഗുരു തന്നെയാണ് ദര്‍ശനമാലയില്‍ അദ്ദേഹം  തന്നെ നിര്‍വ്വചിച്ച ബ്രഹ്മവിത്ത് എന്നതില്‍ സംശയമില്ല!

ജ്ഞാനത്തെയും, കര്‍മ്മത്തെയും സമന്വയിപ്പിച്ചുകൊണ്ട് ആത്മീയതയും , ഭൌതികതയും രണ്ടല്ല എന്നും അദ്വൈതം അതുകൂടിയാണെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീനാരായണ ഗുരുവിനു തുല്യം മറ്റൊരു ഋഷി ഇല്ല എന്നത് അതിശയോക്തിയല്ല . കാരണം ആത്മ ജ്ഞാനികളായ ഗുരുക്കന്മാര്‍ നമുക്ക് ജ്ഞാനം പകര്‍ന്നു തരുന്നു , എന്നാല്‍ കര്‍മ്മത്തില്‍ അവര്‍ വിമുഖരായിരിക്കും . അതിനാല്‍ തന്നെ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരു പരിപൂര്‍ണ്ണന്‍ തന്നെ ! ഈ പൂര്‍ണ്ണതയെ അറിയാന്‍ ശ്രമിക്കുകയും  , അറിഞ്ഞതിനെ അനുഷ്ടിക്കുകയുമാണ്  നാം ചെയ്യേണ്ടത് . എത്ര എടുത്താലും പൂര്‍ണ്ണമായി   തന്നെ അവശേഷിക്കുന്ന ഗുരുവിന്‍റെ മഹത്വത്തിന് നമ്മുടെ ജീവിതം  തന്നെ സങ്കീര്‍ത്തനമാക്കുക

(അവലംബം : ഡോ : ഗീതാ സുരാജ് )
Source : http://www.gurudevan.net

0 comments:

Post a Comment