Friday 23 August 2013

കാലാതീതമായ ദര്‍ശനത്തിന്റെ ഗുരു

ലോകത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ മഹാപുരുഷന്മാരെയും ഭാവിതലമുറയില്‍പ്പെട്ടവര്‍ മറക്കാതിരിക്കുന്നു, വീണ്ടും വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ജന്മദിനവും മറ്റും കൊണ്ടാടുകയും ചെയ്യുന്നു. ഇതിനുള്ള പ്രേരണ നല്കുന്നത്, അവര്‍ ഭാവിലോകത്തിന് എന്നും പ്രയോജനപ്പെടത്തക്കവണ്ണം നല്കിയിട്ടുള്ള അറിവിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും കാലാതീതമായ മൂല്യം എത്രത്തോളമുണ്ട് എന്നതനുസരിച്ചാണ്. നാരായണഗുരുവിന്റെ കാര്യത്തിലും ഇതു സത്യമായിരിക്കേണ്ടതാണ്. എന്നാലും അതിനുള്ള പ്രവണതയല്ല ഏറിയകൂറും കണ്ടുപോരുന്നത് എന്നതാണ് വാസ്തവം.

ഏത് മഹാന്റെയും കാര്യത്തിലെന്നപോലെ, നാരായണഗുരുവിന്റെയും അറിവിനെയും മാര്‍ഗനിര്‍ദേശങ്ങളെയും രണ്ടുതരത്തില്‍ വിലയിരുത്താം. ഒന്ന്, ഗുരു നേരിട്ടു പറഞ്ഞതും എഴുതിവെച്ചിരിക്കുന്നതുമായ വാക്കുകള്‍ വെച്ചുകൊണ്ട്. രണ്ട്, ഗുരുവിനെപ്പറ്റി മറ്റുള്ളവര്‍ പറയുകയും എഴുതുകയും ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍. ഗുരുവുമായി ബന്ധപ്പെട്ട ആഘോഷവേളകളില്‍ പ്രസംഗിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കന്മാരും സമുദായ നേതാക്കന്മാരും സംസാരിക്കുന്നത്, ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' ''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്നീ സൂത്രവാക്യരൂപത്തിലുള്ള സന്ദേശങ്ങളിലെ സാമൂഹികമാനം മാത്രം കണ്ടുകൊണ്ടാണ്. ഗുരുവിനെപ്പറ്റി അച്ചടിച്ച് പ്രസിദ്ധീകരിച്ചു കാണാറുള്ള പല പുസ്തകങ്ങളുടെയും സ്വഭാവം അതുതന്നെ. എന്നാല്‍, ഈ വാക്യങ്ങള്‍ ഉദ്ധരിക്കുന്ന പലര്‍ക്കും അറിയില്ല, ഈ വാക്കുകള്‍ പദ്യശകലങ്ങളാണോ ഗദ്യമാണോ എന്നതുപോലും. അതറിയണമെങ്കില്‍ ഗുരു ഒരു സന്ദിഗ്ധതയ്ക്കും അവസരമില്ലാത്ത തരത്തില്‍ ഭാവിതലമുറയ്ക്കുവേണ്ടി എഴുതിത്തന്നിരിക്കുന്ന അമൂല്യമായ വാക്കുകളുടെ നിധിശേഖരവുമായി പരിചയം വേണം. ആ വാക്കുകള്‍ വെറും 240 പേജോളം വലിപ്പമുള്ള ഒരു ചെറുപുസ്തകത്തില്‍ ഉള്‍ക്കൊള്ളാനുള്ളതേ ഉള്ളൂ. എങ്കിലും അതിനുള്ളിലേക്ക് കടക്കുമ്പോഴാണ് മനസ്സിലാകുന്നത്, ഇതുവരെ നാം ഗുരുവിനെപ്പറ്റി നേടിയത് ആനയിലന്ധരെന്നപോലെ ഉണ്ടായിട്ടുള്ള അറിവുമാത്രമാണ് എന്ന്.

ഇങ്ങനെയൊരു തലത്തിലെത്തുമ്പോഴാണ് ഇത് വെളിപ്പെട്ടുകിട്ടുന്നത്. ഗുരുവിനെ അറിയാന്‍ ആശ്രയിക്കേണ്ടത് മറ്റുള്ളവരുടെ വാക്കുകളെയല്ല, ഗുരു നേരിട്ട് എഴുതിത്തന്നിട്ടുള്ള വാക്കുകളെയാണ് എന്നും. ആ വാക്കുകള്‍ നേരിട്ട് ഗ്രഹിക്കാന്‍ പ്രയാസം തോന്നുമ്പോള്‍ അവയ്ക്ക് മറ്റുള്ളവര്‍ എഴുതിയിട്ടുള്ള വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും ആശ്രയിക്കേണ്ടിവരും. അവയൊക്കെ ഇന്ന് വേണ്ടത്ര ലഭ്യവുമാണ്.

ഈ വാക്കുകളിലെല്ലാം ഗുരു വെളിപ്പെടുത്തിവെച്ചിരിക്കുന്നത്, സ്വന്തം തപസ്സുകൊണ്ട് അവിടന്ന് വ്യക്തമായി ദര്‍ശിച്ച ജീവിതത്തിന്റെ ആത്യന്തികമായ സത്യരഹസ്യമാണ്. ആത്മോപദേശശതകം, അദൈ്വതദീപിക, അറിവ് എന്നീ മലയാളകൃതികളിലും ദര്‍ശനമാല, ബ്രഹ്മവിദ്യാപഞ്ചകം, വേദാന്തസൂത്രം, ഹോമന്ത്രം എന്നീ സംസ്‌കൃതകൃതികളിലും ഈ രഹസ്യം ദാര്‍ശനികചിന്തയുടെ രൂപത്തില്‍ത്തന്നെയാണ് ഗുരു അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇതുവരെ കണ്ടെടുത്തുകഴിഞ്ഞിട്ടുള്ള സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള 41 സ്‌തോത്രകൃതികളില്‍ ഇതേ രഹസ്യംതന്നെ ഭക്തിരസത്തില്‍ ചാലിച്ച് കൂടുതല്‍ കാവ്യാത്മകമായും മധുരോദാരമായും ഗുരു അവതരിപ്പിച്ചിട്ടുണ്ട്. സാരോപദേശപ്രധാനമായ കൃതികളിലാകട്ടെ, ഇതേ സത്യരഹസ്യം മനുഷ്യജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ എങ്ങനെയാണ് വെളിച്ചം വീശി അതിനെ സംഫുല്ലമാക്കേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍പ്പെടുന്നതാണ് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികള്‍. അതില്‍ ആദ്യത്തേതിലെ ഒരു പദ്യത്തിന്റെ ഉത്തരാര്‍ധമാണ് ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്നത്. ഈ കൃതികളുമായുള്ള പരിചയംപോലുമില്ലാതെയാണ് ജാതിചിന്തയുടെ രംഗത്ത് ഗുരു വരുത്തിയിട്ടുള്ള വിപ്ലവത്തിന്റെ സ്വഭാവം പലരും വിലയിരുത്താറുള്ളത്. 'ജാതിചിന്ത' എന്ന സാമൂഹിക തിന്മയെ ഗുരുവിന് ശക്തമായ ഭാഷയില്‍ തിരുത്താന്‍ സാധിച്ചതിന്റെ പിന്നിലുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ച ഏത് തരത്തിലുള്ളതാണെന്ന്, ഈ രണ്ടു ചെറു കൃതികള്‍ നേരിട്ട് പഠിച്ചാല്‍ വ്യക്തമായിക്കിട്ടും.

ഗുരു ഭാവിതലമുറയ്ക്കു നല്‍കിയിട്ടുപോയ അറിവിന്റെ സ്വച്ഛത ഏതു തരത്തിലുള്ളതാണെന്ന് വ്യക്തമായറിയാന്‍ സഹായിക്കുന്നത് 100 പദ്യങ്ങളുള്ള ആത്മോപദേശശതകമാണ്. താന്‍ ദര്‍ശിച്ച സത്യരഹസ്യത്തിന്റെ സ്വഭാവം തന്റേതായ രീതിയില്‍, ആധുനിക ശാസ്ത്രചിന്തയ്ക്കുകൂടി സ്വീകാര്യമായിത്തീരുന്ന തരത്തില്‍, ഈ കൃതിയില്‍ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. അതിലൂടെ കടന്നുപോകുമ്പോഴാണ് നാരായണഗുരുവിലെ ഋഷിവര്യനെകണ്ടെത്തുന്നത്.

ആത്മോപദേശശതകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സത്യരഹസ്യത്തെത്തന്നെ പത്ത് ഭിന്നമായ ദാര്‍ശനിക വീക്ഷണകോണുകളില്‍നിന്നുകൊണ്ട് വീക്ഷിച്ചിട്ട്, അവ വെച്ചുകൊണ്ട് ആ സത്യരഹസ്യം പഠിതാവ് സ്വയം എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് കാണിക്കുന്ന ഒരു പ്രതിപാദനശൈലിയാണ് സംസ്‌കൃതത്തിലുള്ള ദര്‍ശനമാലയില്‍ ഗുരു സ്വീകരിച്ചിട്ടുള്ളത്. ഇമ്മാതിരിയൊരു അവതരണശൈലി ലോകത്തിലെ ചിന്താചരിത്രത്തില്‍ ഇതുവരെ ആരും സ്വീകരിച്ചിട്ടുള്ളതായി കാണുന്നില്ല. അത്തരത്തിലുള്ളതായിരുന്നു ഗുരുവിന്റെ തനിമ.


കാലികപ്രസക്തിയും കാലാതീതമായ പ്രസക്തിയും

ഗുരു എഴുതിവെച്ചതും പറഞ്ഞതുമായ വാക്കുകളുടെ മൂല്യവും പ്രസക്തിയും വെച്ചുകൊണ്ടുനോക്കിയാല്‍, മറ്റൊരു തരത്തിലും അവയെ തരംതിരിക്കാം. ഒന്ന്, കാലാതീതവും സാര്‍വജനീനവുമായ മൂല്യവും പ്രസക്തിയും. മറ്റേത് കാലികവും പ്രാദേശികവുമായവ.

നാരായണഗുരുവിന്റെ വാക്കുകളെ ഗൗരവബുദ്ധിയോടുകൂടി പഠിക്കുകയും അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും അതിന്റെ വെളിച്ചത്തില്‍ സ്വന്തം ജീവിതത്തെ അര്‍ഥവത്താക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്ന നല്ലൊരു സംഘം ആളുകള്‍ യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും മറ്റും ഇന്നുണ്ട്. അവരെ ആകര്‍ഷിക്കുന്നത് കേരളത്തില്‍ ഒരു നൂറ്റാണ്ടുകാലം മുമ്പ് നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതിയുടെ അര്‍ഥമില്ലായ്മയോ ഇവിടത്തെ ജാതീയതയോ നാരായണഗുരുവിന്റെ അനുയായികളെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലെ പ്രത്യേക സമുദായത്തിന്റെ അവകാശസംസ്ഥാപനമോ അല്ല. അതൊക്കെ അവരെ സംബന്ധിച്ചിടത്തോളം തീരേ അപരിചിതവും അപ്രസക്തവുമായ കാര്യങ്ങളാണ്. അവരുടെ ശ്രദ്ധയില്‍പ്പെടുന്നത് കേരളത്തില്‍ ജീവിച്ചിരുന്നുകൊണ്ട് ഗുരു പറഞ്ഞതും ആ വിദേശരാജ്യങ്ങളിലുള്ളവര്‍ക്കുപോലും തികച്ചും അര്‍ഥവത്തായി അനുഭവപ്പെടുന്നതുമായ സത്യവചസ്സുകളാണ്. എന്നാല്‍, കേരളത്തിലുള്ളവര്‍ക്കുമാത്രം അങ്ങനെയൊരു ഗുരുവിനെ നാരായണഗുരുവില്‍ കാണാനുള്ള കണ്ണുതുറക്കുന്നില്ല. ഇതിന് പ്രധാന കാരണം, കേരളത്തിലെ ഒരു സമുദായം ഗുരുവിനെ സ്വന്തം സമുദായഗുരുവായി കണക്കാക്കാനും അത്തരത്തില്‍ പ്രചാരണം നടത്താനും ഇടയായതാണ്.

കാലാതീതമായ മൂല്യം

കാലാതീതമായ പ്രസക്തിയുള്ളത് നിത്യമായ സത്യം മാത്രമാണ്. എന്തിനെ സംബന്ധിക്കുന്ന സത്യം? ഈ പ്രപഞ്ചത്തെ സംബന്ധിക്കുന്ന സത്യം. അതിന്റെ ഭാഗമായി ജീവിക്കുന്ന നമ്മളെ സംബന്ധിക്കുന്ന സത്യം. ആ സത്യത്തെ എങ്ങനെയാണറിയുക? പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കുന്ന നമ്മളില്‍ ഉള്ള സത്യത്തെ നേരിട്ട് അനുഭവിച്ചറിയുക വഴി. ഈ അന്വേഷണമാണ് ഋഷിമാരെല്ലാം നടത്തിയിട്ടുള്ളത്. നാരായണഗുരുവും തന്റെ തപസ്സിലൂടെ അന്വേഷിച്ചതും കണ്ടെത്തിയതും അതുതന്നെ.

അതറിയുന്നവര്‍ക്ക് സ്വന്തം ജീവിതത്തെ അര്‍ഥവത്താക്കിത്തീര്‍ക്കാം, ശാന്തിയും സമാധാനവും നിറഞ്ഞതാക്കിത്തീര്‍ക്കാം. അതിനോടൊപ്പം പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും കണ്ടുപോരുന്നതും ഉണ്ടാകാവുന്നതുമായ അപാകങ്ങളെ തിരുത്താനും ഒഴിവാക്കാനും സാധിക്കും. സത്യാന്വേഷകരുടെ വ്യക്തിജീവിതത്തിനു ഗുരു നല്കിയിട്ടുള്ള വെളിച്ചം ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടില്ല. അതുണ്ടാകാനിടയുമില്ല. എന്നാല്‍, പൊതു ജീവിതത്തില്‍ ഗുരു മുഖാന്തരം ഉണ്ടായ പുതിയ ഉണര്‍വ് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. അതുമുഖാന്തരം, അതു മാത്രമാണ് ഗുരുവിന്റെ സത്യദര്‍ശനത്തിനുള്ള മൂല്യം എന്നു വിലയിരുത്താനും ഇടയായിപ്പോയി.

ജാതി, മതം എന്നിവയുടെ രംഗങ്ങളിലാണ് അന്ന് ഈ പുതിയ ഉണര്‍വുണ്ടായത്. എന്നാല്‍, ആ രംഗത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതാണ് ഗുരുവിന്റെ അറിവിനുള്ള പ്രസക്തി എന്ന് അതിന് അര്‍ഥമില്ല. ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ക്കൂടുതല്‍ ദൂഷിതമായിക്കൊണ്ടിരിക്കുന്ന, രാഷ്ട്രീയരംഗങ്ങളിലും സാമ്പത്തികരംഗത്തും ധാര്‍മികബോധത്തിന്റെ രംഗത്തിലും ഉണ്ടായിട്ടുള്ള അപഹാസ്യമായ ച്യുതിക്കു നേരേ ആകുമായിരുന്നു ഗുരു വിരല്‍ചൂണ്ടുന്നത്.


കാലികമായ പ്രസക്തി

ജാതീയവും സാമൂഹികവും മതപരവുമായ ഒട്ടനവധി അര്‍ഥമില്ലാത്ത ധാരണകളെയും ആചാരങ്ങളെയും ഇല്ലാതാക്കി മനുഷ്യജീവിതം കൂടുതല്‍ക്കൂടുതല്‍ സത്യാധിഷ്ഠിതമാക്കിത്തീര്‍ക്കാനുള്ള ശ്രമം ഗുരു വളരെ നടത്തി. പക്ഷേ, അതു മാത്രമാണ് ഗുരുവിന്റെ ദര്‍ശനത്തിന്റെ മൂല്യം എന്നുവന്നാല്‍ ആ നന്മകള്‍ ഇല്ലാതായിത്തീരുമ്പോള്‍ ഗുരുവിന്റെ ദര്‍ശനത്തിന്റെ മൂല്യം നഷ്ടപ്പെടും. എന്നാല്‍, 'ദൈവദശകം' എന്ന ലളിതമായ പ്രാര്‍ഥനയുടെ അവസാനത്തെ വരിയില്‍ ഗുരുതന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ, 'നിത്യം വാഴണം വാഴണം സുഖം' എന്നതാണ് ആ വാക്കുകളുടെ പ്രായോഗികപ്രയോജനം.

പുതിയ വിദ്യാലയങ്ങള്‍ ഉണ്ടാക്കാനും അറിവുള്ളവരായിത്തീരാനും ജനങ്ങളെ ഗുരു ഉദ്‌ബോധിപ്പിച്ചു. എന്നാല്‍, ഇന്ന് ത്യാഗപൂര്‍ണമായ ഒരു സേവനമെന്നതു പോയി വിദ്യാഭ്യാസരംഗത്തെ തികച്ചും വ്യവസായ സംരംഭമായും മത്സരരംഗമായും തരംതാഴ്ത്തിയിരിക്കുന്നു. ഈ പതനത്തില്‍നിന്ന് പരിപാവനമായ ആ രംഗത്തെ രക്ഷപ്പെടുത്തിയെടുക്കണം എന്നാകുമായിരുന്നു ഗുരു ഇന്ന് ജനങ്ങള്‍ക്ക് നല്കുന്ന ഉദ്‌ബോധനം.

കൃഷി, കച്ചവടം എന്നിവ ചെയ്ത് സാമ്പത്തികസുസ്ഥിതി ജനങ്ങളിലുണ്ടാക്കിയെടുക്കാന്‍ ഗുരു പ്രചോദനം നല്കി. ഇന്ന് കൃഷിയുടെ രംഗത്തു കടന്നുവരാന്‍ ആരുമില്ല. വിദ്യാഭ്യാസം ചെയ്താല്‍ ദേഹംകൊണ്ട് അധ്വാനിക്കാന്‍ പാടില്ല എന്ന ഒരു വലിയ മിഥ്യാധാരണ കേരളസമൂഹത്തെ ഒരു രോഗംപോലെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഇതൊരു വലിയ ദൂഷിതവലയത്തിലേക്കാണ് കേരളത്തെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ആകുമായിരുന്നു ഇന്ന് നാരായണഗുരു കേരളത്തിലെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനിടയുള്ളത്.

ജാതി-മത-ദേശീയ പരിമിതികളെയെല്ലാം ഉല്ലംഘിക്കുന്ന തരത്തിലുള്ള ആ സത്യദര്‍ശനത്തിന്റെ കാലാതീതമായ മൂല്യം ലോകത്തിന് വെളിവാക്കിക്കാണിക്കാന്‍ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ശിഷ്യനായിരുന്നു, നടരാജഗുരുവായിത്തീര്‍ന്ന ഡോ. പി. നടരാജന്‍. അദ്ദേഹം, ശിഷ്യനായ ഈ ലേഖകനോട് ഒരു ദിവസം ചോദിച്ചു, ''ഞാന്‍ പല പ്രാവശ്യം ലോകസഞ്ചാരം നടത്തി. പല ചിന്തകന്മാരെയും ശാസ്ത്രജ്ഞന്മാരെയും കണ്ടു. ഇതൊക്കെക്കൊണ്ട് ഞാന്‍ എന്തു നേടി?'' ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്നെക്കൊണ്ടായില്ല. ഉത്തരവും അദ്ദേഹംതന്നെ പറഞ്ഞു, ''സത്യത്തെ സംബന്ധിച്ച് നാരായണഗുരു പറഞ്ഞ ശാസ്ത്രീയമായ അവസാനവാക്കിനപ്പുറം കടന്നുപോയി ഒരു വാക്കെങ്കിലും പറയാന്‍ ലോകത്തിലെ ഒരു ചിന്തകനും ഒരു ശാസ്ത്രജ്ഞനും ഇതുവരെ സാധിച്ചിട്ടില്ല എന്ന വസ്തുത ബോധ്യപ്പെടാന്‍ ഈ യാത്രകളും സമ്പര്‍ക്കങ്ങളും പ്രയോജനപ്പെട്ടു.''

ഗുരുവിന്റെ അനുയായികള്‍ എന്ന് അഭിമാനിക്കുന്നവരില്‍ എത്രപേരുണ്ട്, ഇങ്ങനെയുള്ള നാരായണഗുരുവിനെ അറിഞ്ഞെത്തിയവരായിട്ട്?

by :  മുനി നാരായണപ്രസാദ്‌
Source : http://www.mathrubhumi.com/article.php?id=2463231

0 comments:

Post a Comment