Friday 23 August 2013

തിരുജയന്തി ഓർമ്മിപ്പിക്കുന്നത്...

Posted on: Thursday, 22 August 2013 സ്വാമി ഋതംഭരാനന്ദ,ജനറൽ സെക്രട്ടറി, ശിവഗിരി മഠം

വിശ്വമാനവികതയിൽ അധിഷ്ഠിതവും മനുഷ്യജീവിതത്തിന്റെ അഭ്യുന്നതിക്കും നിഃശ്രേയ സ്വത്തിനും ഉതകുന്നതും പ്രകൃതിയുടെ സമതുലിതാവസ്ഥയെ എല്ലാത്തരത്തിലും നിലനിറുത്തുന്നതുമായ സമഗ്രമായ ഒരു ജീവിതദർശനം മനുഷ്യരാശിക്ക് സംഭാവന ചെയ്ത പുണ്യചരിതനാണ് ശ്രീനാരായണ ഗുരുദേവൻ.

കർമ്മനിരതനായ ജ്ഞാനിയെന്ന് സുപ്രസിദ്ധ ഫ്രഞ്ച് ചിന്തകനായ റോമെയിൻ റോളണ്ടിനെ കൊണ്ട് വിളിപ്പിച്ച ഗുരുവിന്റെ കർമ്മകാണ്ഡത്തിൽനിന്ന് ആധുനികലോകത്തിന് ഏറെ പഠിക്കാനുണ്ട്. തൃപ്പാദങ്ങൾ തിരുപ്പിറവിയെടുത്തിട്ട് ഇന്ന് 158 സംവത്സരങ്ങൾ പൂർത്തിയാകുന്നു. എത്ര ആർഭാടമായി ജയന്തി ആഘോഷങ്ങൾ കൊണ്ടാടിയാലും ഗുരുദർശനവും സന്ദേശങ്ങളും പ്രായോഗികമാക്കുമ്പോൾ മാത്രമേ ജയന്തിയാഘോഷങ്ങൾ അർത്ഥപൂർണമാകുകയുള്ളൂ. നാം ഗുരവിനോട് നീതി പുലർത്തുന്നവരാകുകയുള്ളൂ. ആകയാൽ 159-ാമത് തിരുജയന്തി ദിനം ആത്മപരിശോധനയ്ക്കുള്ള അവസരമാക്കേണ്ടതുണ്ട്. ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരികമായ ശുദ്ധീകരണമാണ് ഇന്ന് ഏറെ പ്രസക്തമെന്ന് ആനുകാലിക സംഭവങ്ങൾ വിളിച്ചോതുന്നു. സ്വന്തം സഹോദരിയെയും മക്കളെയും മാതാവിനെയും പോലും തിരിച്ചറിയാത്തവിധം മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന സമൂഹം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുതന്നെ അപമാനമായിരിക്കുന്നു. കേരളത്തിൽ ജാതിയും മതവും മദ്യവുമൊക്കെ ചേർന്ന് സാമൂഹിക രംഗമാകെ കൈവശപ്പെടുത്തിയിരിക്കുന്നു.



മഹാത്മാക്കളുടെ തിരുപ്പിറവിയെയാണ് ജയന്തിയെന്ന പദം പ്രതിനിധാനം ചെയ്യുന്നത്. ദുഃഖനിവാരണത്തിനും സത്യസാക്ഷാത്കാരത്തിനും ഉതകുന്ന നേരാംവഴികൾകാട്ടി നിത്യനിരതിശയമായ സുഖപ്രാപ്തി നേടി മനുഷ്യവംശത്തെയാകെ ഉദ്ധരിച്ചവരെയാണ് മഹാത്മാക്കൾ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. അവരുടെ ജയന്തിയാഘോഷങ്ങൾ അവർ ലോകത്തിന് സംഭാവന ചെയ്ത ദർശനവും സന്ദേശങ്ങളും പ്രായോഗികമാക്കുമെന്നുള്ള പ്രതിജ്ഞയ്ക്കും പ്രചോദനത്തിനും അവസരമാകേണ്ടതുണ്ട്.

''ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്''

എന്ന മഹത്തായ മാനവിക സന്ദേശം ലോകത്തിന് നൽകിയിട്ട് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് വിളംബരം ചെയ്ത സർവ്വമത സമ്മേളനം നടത്തിയ ആലുവാ അദ്വൈതാശ്രമത്തിന്റെ ശതാബ്ദിയും ആഘോഷിക്കുന്ന വേളയിലെ തിരുജയന്തിയാഘോഷം ഏറെ പ്രസക്തമാണ്.

1920-ലെ ജയന്തി സന്ദേശമായിട്ടാണ് ഗുരുദേവൻ "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്' എന്നും "ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' എന്നുമുള്ള സന്ദേശങ്ങൾ ലോകസമക്ഷം അവതരിപ്പിച്ചത്. ഒരു ശതാബ്ദത്തോടടുക്കുമ്പോഴും ഇവ പ്രായോഗികമാക്കുന്നതിൽ നാം എത്രത്തോളം വിമുഖത കാട്ടുന്നു എന്ന് നമ്മുടെ സാമൂഹിക ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനംമൂലംമാത്രം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടായിട്ടുള്ള, അഥവാ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതികൾ മാരകമായ കാൻസർ പോലെ സമസ്ത മേഖലകളെയും ഗ്രസിച്ചുകഴിഞ്ഞു. സന്തോഷം ഉണ്ടാകുമ്പോഴും ദുഃഖം ഉണ്ടാകുമ്പോഴും മദ്യപിക്കുന്ന പ്രവണത സമൂഹത്തിൽ യാതൊരു വിവേചനങ്ങളും ഇല്ലാതെ വർദ്ധിച്ചുവരുന്നു. മദ്യപാനം ഇന്ന് പ്രസ്റ്റീജിന്റെ സിമ്പലായി മാറിക്കഴിഞ്ഞു.

പണ്ടുകാലത്ത് പ്രായപൂർത്തിയായ പുരുഷൻമാർ പോലും രഹസ്യമായി മാത്രമേ മദ്യപിച്ചിരുന്നുള്ളുവെങ്കിൽ ഇന്ന് പരസ്യമായി സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ മദ്യപിക്കുന്ന അതിഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ മദ്യഷാപ്പുകളുടെ മുമ്പിൽ രാപകൽ ഭേദമില്ലാതെ ക്യൂ നിൽക്കുന്ന കാലം അനതിവിദൂരമല്ല. ഈ വരാൻ പോകുന്ന ഓണാഘോഷത്തിനും നൂറുകണക്കിന് കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിയാൻ പോകുന്നത്. ആഘോഷങ്ങൾ കൂട്ടായ്മയുടെയും ഏകത്വത്തിന്റെയും സന്ദേശങ്ങളാണ് നൽകേണ്ടത്.

മദ്യപാനി കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല, രാഷ്‌ട്രത്തിനും ഒരു ബാദ്ധ്യതയായി മാറുന്നു. "ചെത്തുകാരന്റെ ദേഹം നാറും തുണി നാറും അവൻ തൊട്ടതെല്ലാം നാറും. ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠരോഗമുണ്ടായാൽ ദേഹം മുഴുവൻ അത് ദുഷിപ്പിക്കുന്നതുപോലെ ചെത്തുന്നതുമൂലം സമുദായം മുഴുവൻ കെട്ടുപോകുന്നു. രോഗം പിടിപെട്ട അവയവം നാം മുറിച്ചു കളയുന്നതുപോലെ ചെത്തുകാരെ സമുദായത്തിൽ നിന്ന് വേർപെടുത്തണം. അവരുമായി കൂടിക്കഴിയരുത്, ചെത്ത് നിറുത്തിയാൽ ശുദ്ധി ചെയ്ത് തിരികെയെടുക്കാം' എന്ന ഗുരുവചനം മദ്യത്തിന്റെ ഏറ്റവും നീചവും നിന്ദ്യവുമായ സ്ഥിതിയെയല്ലേ വെളിപ്പെടുത്തുന്നത്. മദ്യം അവനവനെ തന്നെയില്ലാതാക്കുന്നതുപോലെ കുടുംബത്തെയും ബന്ധുക്കളെയും ധനത്തെയും സാമൂഹ്യസ്ഥിതിയെയും ഇല്ലാതാക്കും. മദ്യപന് കൂട്ട് അശാന്തിയാണ്. മദ്യപാനം കൊണ്ട് ആരും നന്നാവുന്നില്ല. ആരെയും നന്നാക്കുന്നുമില്ല. ഈ സാമൂഹികവിപത്തിന്റെ ക്രൂരമായ മുഖം വിഷമദ്യദുരന്തങ്ങളിലൂടെ (പുനലൂർ, വൈപ്പിൻ, കല്ലുവാതുക്കൽ തുടങ്ങി) കേരളം പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. എന്നിട്ടും നാം അതിൽനിന്നു പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ മാറ്റം വരുത്തിയില്ല.

ഒരു വിളംബരം: നമുക്ക് ജാതിയില്ല(അദ്വൈതാശ്രമം, ആലുവ 1091 ഇടവം 15)

""നാം ജാതിമത ഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നിട്ടുണ്ടെന്നും നാം അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂയെന്നും മേലും ചേർക്കുകയുള്ളൂയെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്,
നാരായണഗുരു (ഒപ്പ്)''

20.5.1916-ൽ തിരുവനന്തപുരം മുട്ടത്തറവച്ച് കൂടിയ പുലയ സമാജത്തെ അഭിസംബോധന ചെയ്ത് സ്വാമി ഇപ്രകാരം പറഞ്ഞു: "മനുഷ്യർക്കൊക്കെ ഒരു ജാതിയാണ്. അവരുടെ ഇടയിൽ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാൻ നിവൃത്തിയുമില്ല. ചിലർക്ക് പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റുചിലർക്ക് അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം. ഈമാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യർക്ക് ജാതിവ്യത്യാസം ഇല്ല. പുലയർക്ക് ഇപ്പോൾ ധനവും വിദ്യയുമില്ലാത്ത കുറവ് വളരെയുണ്ട്. അതു രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായും വേണം. അതുണ്ടായാൽ ധനവും ശുചിയുമെല്ലാം ഉണ്ടാകും. നിങ്ങൾക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല. നിങ്ങളൊക്കെ പണമാണല്ലോ. ദിവസേന വേല ചെയ്ത് പണമുണ്ടാക്കാതെ നിങ്ങളിൽ ആരുമില്ല. ഇപ്പോൾ അത് മദ്യപാനം ചെയ്തും മറ്റും വെറുതേപോകുന്നു. അതിൽ ഓരോ അണവീതമെങ്കിലും മാസംതോറും നിങ്ങളൊക്കെ ഒരു പൊതുഭണ്ഡാരത്തിലിട്ടു കൂട്ടിയാൽ അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മാസംതോറും എല്ലാവരും ഒരു പൊതുസ്ഥലത്ത് സഭ കൂടി വേണ്ട കാര്യങ്ങൾ ആലോചിച്ച് ചെയ്യണം. മദ്യപാനം കഴിയുന്നതും നിറുത്തണം. ഇനി കുട്ടികൾ കള്ളുകുടിക്കാൻ അനുവദിക്കരുത്. പ്രായംചെന്നവരും കഴിയുന്നതും മാറ്റണം. സഭ കൂടി പറയേണ്ടത് മദ്യപാനം മുതലായതുകളെ നിറുത്താനാണ്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കയില്ല. ഇനിയും കൂടക്കൂടെ നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്.''

ഗുരുവിന്റെ കാഴ്ചപ്പാടിലുള്ള ഒരു ജാതി, ""മനുഷ്യാണാം, മനുഷ്യത്വം'' എന്നുള്ളതാണെന്ന് ജാതിനിർണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയും പലപ്പോഴായുള്ള സംഭാഷണങ്ങളിലൂടെയും ശാസ്‌ത്രത്തിനും യുക്തിക്കും അനുഭവത്തിനും നിരക്കുന്ന രീതിയിൽ സമർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇന്നും പലരും ഗുരുവിനെ ഒരു പ്രത്യേക ജാതിയുടെ വക്താവായി വികലമായി ചിത്രീകരിക്കുന്നുണ്ട്. ചിലരാകട്ടെ അവരുടെ സ്വന്തമാക്കാനുള്ള വിചിത്രമായ ശ്രമവും നടത്തുന്നു. ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃക ലോകമായി ഈ ജഗത്താകമാനം മാറണമെങ്കിൽ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ മതിൽക്കെട്ടുകളില്ലാതെ, വിവേചനങ്ങളില്ലാതെ എല്ലാവരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ആ മാതൃകാലോകം സംജാതമാകണം.

ഒരു മതം
ജാതിയുടെ കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കുമ്പോഴും മതത്തിന്റെ കാര്യത്തിൽ അതിവിശാലവും സൗഹാർദ്ദപരവുമായ ഒരു തുറന്ന സമീപനമാണ് ഗുരു സ്വീകരിച്ചുകാണുന്നത്. എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെടുന്ന സത്യം, ധർമ്മം, ദയ, സ്നേഹം, അഹിംസ തുടങ്ങിയ സനാതനമൂല്യങ്ങൾ പ്രായോഗികമാക്കേണ്ടത് ജീവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ക്രിസ്തുമതത്തിലെ സ്നേഹവും ഇസ്ളാംമതം മുഖ്യത കല്പിക്കുന്ന സാഹോദര്യവും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും കാതലായ അഹിംസയും പരസ്പരപൂരകങ്ങൾ ആകുമ്പോൾ മാത്രമേ ലോകത്തിൽ ശാന്തിയും സമാധാനവും ശാശ്വതമായി പുലരുകയുള്ളൂ.
1924-ൽ ആലുവയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനപ്പന്തലിന്റെ പ്രവേശന കവാടത്തിൽ എഴുതി വയ്പിച്ച "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന സന്ദേശവും ഇന്ന് ഏറെ പ്രസക്തമാണ്. വിവിധ മതപണ്ഡിതന്മാരുടെ പ്രസംഗങ്ങളെല്ലാം കേട്ടശേഷം സമാപനസമ്മേളനത്തിൽ ഗുരുദേവൻ ഒരു പ്രഖ്യാപനവും നടത്തുകയുണ്ടായി.

"എല്ലാ മതങ്ങളും മനുഷ്യരുടെ നന്മയെയാണ് ലാക്കാക്കുന്നത്. ജീവന്റെ ഊർദ്ധ്വഗതിയെയാണ് ലക്ഷീകരിക്കുന്നത്. ആകയാൽ മതവിശ്വാസികൾ പരസ്പരം കലഹിച്ചിട്ടാവശ്യമില്ല. എല്ലാവരും സമഭക്തിയോടും സമബുദ്ധിയോടുംകൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണം. അതിനുതകുന്ന തരത്തിൽ ശിവഗിരിയിൽ ഒരു മതമഹാപാഠശാല സ്ഥാപിക്കണമെന്നും ആയതിലേക്ക് 5 ലക്ഷം രൂപ വക കൊള്ളിക്കുമെന്നും...''

ആത്മോപദേശ ശതകത്തിന്റെ 43 മുതൽ 47 വരെയുള്ള ശ്ളോകങ്ങളിലായി മതകലഹങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്നും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും നിർദ്ദേശിച്ചിരിക്കുന്നു. തൃപ്പാദങ്ങൾ വിവക്ഷിക്കുന്ന ഏക മതം എന്നാൽ എന്താണെന്നും.

എല്ലാ ജീവരാശികളും അവരവരുടെ സുഖത്തെയാണ് കാംക്ഷിക്കുന്നത്. ഓരോ ജീവനും അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാംതന്നെ ഈ ഒരു ലക്ഷ്യത്തെ മുൻനിറുത്തിയാണ്. എന്നാൽ യഥാർത്ഥ സുഖത്തെ പലപ്പോഴും തിരിച്ചറിയാതെ ഭൗതികസുഖത്തിന് പിന്നാലെയാണ് മനുഷ്യർ പായുന്നത്.

ഒരു മതം മറ്റൊരു മതത്തെ പൊരുതി തോൽപ്പിക്കാമെന്നത് കേവലം വ്യാമോഹം മാത്രമാണ്. പരമതവാദി ഇത് മനസിലാക്കാതെ വൃഥാ പൊരുതി സ്വയം നശിക്കുമെന്ന താക്കീതും ഗുരു നൽകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആത്മസുഖമാണ് ഗുരുവിന്റെ ഏക മതം. വിശ്വാസികൾക്ക് ആത്മസുഖത്തെ പ്രദാനംചെയ്യാൻ ഉപകരിക്കുന്നതെല്ലാം ഗുരുവിന്റെ ഏകമതസിദ്ധാന്തത്തിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസം
അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചകനും മാനവികതയുടെ മഹാപ്രവാചകനുമായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ഒന്നാംതരം ഒരു വിദ്യാഭ്യാസ വിചക്ഷണനുമാണ്. ആധുനികലോകത്ത് വിദ്യാഭ്യാസത്തിനാണ് ജനങ്ങൾ പ്രാധാന്യം നൽകുന്നത്. കേവലം ധനസമ്പാദനത്തിനും ഉദ്യോഗലബ്ധിക്കുമുള്ള ഒരു ഉപാധിയായിട്ട് ഇന്ന് വിദ്യാഭ്യാസത്തെ മാറ്റിമറിച്ചുകഴിഞ്ഞു. ഭൗതികമായ വിദ്യാഭ്യാസത്തിനും അദ്ധ്യാത്മികമായ വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകുകയും രണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാക്കേണ്ടതുമാണ്. ആദ്ധ്യാത്മികവിദ്യ നേടിയാലുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ചും ഭൗതികതയിൽ മുങ്ങിപ്പോയാലുണ്ടാകാവുന്ന അപകടത്തെക്കുറിച്ചും ഗുരു താക്കീതു നൽകുന്നു.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർക്കൊരു
പതിനായിരമാണ്ടൊരൽപനേരം
അറിവപര പ്രകൃതിക്കധീനമായാലര
നൊടിയായിരമാണ്ടുപോലെ തോന്നും.''

ഏതൊക്കെ വിഷയങ്ങളിലാണ് വിദ്യാഭ്യാസം നേടേണ്ടതെന്ന് ഗുരുദേവ സന്ദേശപ്രചാരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് നൽകിയ നിർദ്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചപ്പോഴും വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്‌ത്രസാങ്കേതിക പരിശീലനം എന്നീ എട്ടുവിഷയങ്ങൾക്കാണ് മുഖ്യത കല്പിച്ചത്.

എല്ലാവർക്കും നന്മനിറഞ്ഞ ജയന്തി ആശംസകൾ നേർന്നുകൊള്ളുന്നു.
കടപ്പാട് : കേരളകൗമുദി 

0 comments:

Post a Comment