Monday 26 August 2013

ആഗമാനന്ദ സ്വാമി

കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും, മതപ്രചാരകനും, വിദ്യാഭ്യാസചിന്തകനുമായിരുന്ന ആഗമാനന്ദ സ്വാമി  കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. സന്ന്യാസം സ്വീകരിക്കുന്നതിനുമുൻപുള്ള പേര് കൃഷ്ണൻനമ്പ്യാതിരി എന്നായിരുന്നു. കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തിൽ കൃഷ്ണന് വലിയ താത്പര്യമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ഒരു സനാതനധർമവിദ്യാർഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. ബാംഗ്ളൂർ ശ്രീരാമകൃഷ്ണമഠാധിപതിയും ശ്രീരാമകൃഷ്ണശിഷ്യനുമായിരുന്ന നിർമലാനന്ദസ്വാമിയെ 1913-ൽ കണ്ടുമുട്ടിയതു കൃഷ്ണൻ നമ്പ്യാതിരിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഭവിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമി തിരുവനന്തപുരത്തെത്തിയപ്പോൾ കൃഷ്ണൻ നമ്പ്യാതിരി അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ കൈക്കൊണ്ടു. സംസ്കൃതം ഐച്ഛികമായെടുത്ത് 1921-ൽ മദിരാശി സർവകലാശാലയിൽനിന്ന് ബി.എ. (ഓണേഴ്സ്) ബിരുദം നേടി. 1925-ൽ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരംഗമായി ചേർന്നു. 1928-ലാണ് ബാംഗ്ളൂരിൽ വച്ച് 'ആഗമാനന്ദൻ' എന്ന സന്ന്യാസനാമം സ്വീകരിച്ചത്.

1936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു. കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിച്ചിട്ടുണ്ട്. അധഃസ്ഥിതോദ്ധാരണത്തിനും ജാതിനിർമാർജനത്തിനുംവേണ്ടി ആഗമാനന്ദ സ്വാമികൾ ഗണ്യമായി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ മതപ്രസംഗങ്ങൾക്ക് സ്ഥാനംകൊടുത്തത് ഇദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.1961-ൽ സ്വാമി സമാധിയായി.

0 comments:

Post a Comment