Monday, 26 August 2013

ശ്രീനാരായണ ഗുരുവിനു മുമ്പും ഈഴവ ശിവപ്രതിഷ്ഠ നടന്നിരുന്നുവോ?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ : ചരിത്രം വിസ്മരിച്ച പോരാളി.
by : ശ്രീകുമാര്‍



പണിക്കര്‍
സവര്‍ണ ഹിന്ദുക്കളുടെ വര്‍ണനാതീതമായ പീഡനങ്ങള്‍ക്ക് വിധേയരായി ക്ലേശ പൂര്‍ണമായ ജീവിതം നയിച്ചിരുന്ന അവര്‍ണ ജനതയുടെ മോചനത്തിന് നേതൃത്വം കൊടുത്ത നിരവധി മഹാന്മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു വെങ്കിലും ചരിത്ര രേഖകളില്‍ വെണ്ടത്ര ഇടം ലഭിക്കാതെ കാലം വിസ്മരിച്ച ഒരു പുരുഷ തേജസ്സായിരുന്നു ആറാട്ടുപുഴ വേലായുധ പ്പണിക്കര്‍.
ശ്രീനാരായണ ഗുരു ഭൂജാതനാകുന്നതിന് 30 വര്‍ഷം മുമ്പ് ജനിക്കുകയും ഗുരുദേവന്‍ എന്തിനു വേണ്ടി യാണോ തന്റെ സമസ്ത ജീവിത കാലം ചെലവഴിച്ചത് അതേ കാര്യങ്ങള്‍ക്ക് വേണ്ടി ത്തന്നെ ജീവിതം സമര്‍പ്പിച്ച വ്യക്തി യായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ധന ശേഷിയും ജ്ഞാന ശേഷിയും അതിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

 ഈഴവരുടെ ആദ്യത്തെ ശിവക്ഷേത്രം.

കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ക്ഷേത്ര പരിസരത്തില്‍ കൂടി സഞ്ചരിക്കുന്നതിനും അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരമായി ഈഴവര്‍ക്കുവേണ്ടി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഉത്തര കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മ്മാണവും ആരാധനാ സമ്പ്രദായങ്ങളും ഉത്സവാദി ചടങ്ങുകളും ചോദിച്ചും കണ്ടും മനസ്സിലാക്കി മടങ്ങി വന്നതിനുശേഷം 1853-ല്‍ സ്വദേശമായ മംഗലത്ത് ഇടയ്ക്കാട്ട് മനോഹരമായ ഒരു ശിവക്ഷേത്രം പണിയിച്ചു. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ ശിവക്ഷേത്രമാണിത് (ശ്രീനാരായണ ഗുരു അന്ന് ഭൂജാതനായിട്ടില്ല) ഈഴവനായ വേലായുധപ്പണിക്കര്‍ ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നതില്‍ സവര്‍ണരിലെ ജാതിക്കോമരങ്ങള്‍ അരിശം കൊണ്ടു. പക്ഷെ പണിക്കരെ നേരിടാനുള്ള ആത്മബലം അവര്‍ക്കില്ലായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈഴവരുടെ വകയായ രണ്ടാമത്തെ ക്ഷേത്രം സ്ഥാപിച്ചത് ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലാണ്. ഈഴവര്‍ക്ക് ദേവന്മാരുടെ ക്ഷേത്രങ്ങള്‍ പണിത് ആരാധന നടത്താന്‍ അവകാശമില്ലെന്നും അതിനാല്‍ ഈ നടപടി തടയണമെന്നും കാണിച്ച് സവര്‍ണ പ്രമാണിമാര്‍ ഗവണ്‍മെന്റിന് പരാതി നല്‍കി. പരാതി ദിവാന്‍ജി നേരിട്ടുതന്നെ അന്വേഷിച്ചു. ഈഴവര്‍ ഇതിനുമുമ്പ് ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നു ണ്ടെന്നുള്ളതിനു തെളിവായി 1853-ല്‍ മംഗലത്ത് വേലായുധപ്പണിക്കര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ചൂണ്ടിക്കാണിച്ചത്. പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തിന് ദിവാന്‍ജി അനുവാദം നല്‍കി. അരുവിപ്പുറത്തെ ശിവക്ഷേത്രമാണ് മുന്നാമത്തേത്.

ഗുരു
മേല്‍മുണ്ട് സമരം

അവര്‍ണര്‍ക്ക് മാറു മറയ്ക്കാന്‍ മേല്‍മുണ്ട് ധരിക്കു ന്നതിന് അവകാശ മില്ലായിരുന്നു. ജാതി ഹിന്ദുക്കള്‍ താഴ്ന്ന ജാതിക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പ്രാകൃത മായ ഒരാചാര മായിരുന്നു ഇത്. കൂടാതെ അവര്‍ണ രുടെ ശരീര ഭാഗങ്ങളുടെ മേലും തൊഴില്‍ ഉപകരണങ്ങളിലുമെല്ലാം കരം ചുമത്തി യിരുന്ന കാലം. മാറു മറയ്ക്കുന്നത് സംസ്‌കാര ത്തിന്റെ ലക്ഷണ മാണെന്ന് പണിക്കര്‍ മനസ്സിലാക്കുകയും അതനു സരിച്ച് പ്രവര്‍ത്തിക്കുവാന്‍ സ്വസമുദാ യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഒരു ഈഴവ യുവതി നാണം മറയ്ക്കാന്‍ മാറില്‍ ഒരു തുണ്ടു തുണിയുമിട്ട് കായംകുളം കമ്പോളത്തില്‍ ചെന്നത് ജാതിക്കോമരങ്ങള്‍ക്ക് പിടിച്ചില്ല. ആ യുവതിയുടെ വസ്ത്രം വലിച്ചുകീറി അവളെ അപമാനിച്ചു വിട്ടു.ഈ സംഭവം അറി ഞ്ഞ പണിക്കര്‍ സംഭവ സ്ഥലത്തെത്തി കിട്ടാവുന്നിടത്തോളം മേല്‍മുണ്ട് ശേഖരിച്ച് അവിടെ കൊണ്ടുവരുവാന്‍ ഏര്‍പ്പാടു ചെയ്തു. കമ്പോളത്തില്‍ ഉണ്ടായിരുന്ന സകല സവര്‍ണരേയും പണിക്കരും പരിവാരങ്ങളും ചേര്‍ന്ന് അടിച്ചു വീഴ്ത്തി. അതു മാത്രമല്ല അന്ന് കമ്പോളത്തില്‍ എത്തിയ മുഴുവന്‍ ഈഴവ യുവതികള്‍ക്കും മാറു മറയ്ക്കാനുള്ള മേല്‍മുണ്ട് സൗജന്യമായി നല്‍കി. അവിടെ വെച്ചു തന്നെ അവരെക്കൊണ്ടു മേല്‍മുണ്ടു ധരിപ്പിച്ചു. മേലില്‍ മേല്‍മുണ്ട് ധരിക്കാതെ പുറത്തിറങ്ങരുതെന്നും അറിയിച്ചു. അതിനുശേഷം ആ പ്രദേശങ്ങളില്‍ എവിടെയും ഈഴവസ്ത്രീകള്‍ക്ക് മാറ് മറച്ച് സഞ്ചരിക്കാമെന്നായി.

അച്ചിപ്പുടവ സമരം

അച്ചിപ്പുടവ എന്നറിയപ്പെടുന്ന ഏറ്റവും നല്ല മുണ്ടുകള്‍ ഈഴവ സ്ത്രീകളാണ് നെയ്തിരുന്നത്. എന്നാല്‍ അവര്‍ നെയ്യുന്ന ഈ വസ്ത്രങ്ങള്‍ അവര്‍ക്കുടുക്കുവാന്‍ അനുവാദമില്ലായിരുന്നു. അവര്‍ണര്‍ സ്ത്രീ പുരുഷ ഭേദമന്യേ മുട്ടിനു താഴെ മുണ്ടുടുക്കാന്‍ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ഈ ആചാരം തെറ്റിച്ചാല്‍ മേല്‍ജാതിക്കാരില്‍ നിന്നും കടുത്ത പീഡന മേല്‍ക്കേണി വരും. ഉയര്‍ന്ന ജാതിക്കാരുടെ വസ്ത്രധാരണരീതിയെ ആക്ഷേപകരമാം വണ്ണം താഴ്ന്ന ജാതിക്കാര്‍ അനുകരിക്കരുതെന്ന് കൊ.വ.1034ആം ആണ്ടിലെ വിളംബരത്തിലെ ഒരു വാചകത്തിന്റെ ബലത്തിലായിരുന്നു സവര്‍ണര്‍ ഏതു തരത്തിലുമുള്ള നീച പ്രവൃത്തിക്കും മുതിര്‍ന്നിരുന്നത്.

സമ്പന്ന ഈഴവ കുടുംബത്തിലെ ഒരു യുവതി അച്ചിപ്പുടവ നീട്ടിയുടുത്ത് യാത്ര ചെയ്തത് ജാതിക്കോമരങ്ങള്‍ക്ക് സഹിച്ചില്ല. പരിസരബോധം മറന്ന അവര്‍ അവളുടെ മുണ്ടു വലിച്ചു കീറി ചേറില്‍ പൂഴ്ത്തി. ഈ യുവതിയെ അപമാനിച്ച വിവരം അറി ഞ്ഞപ്പോള്‍ പണിക്കരും സംഘവുമെത്തി സംഹാര താണ്ഡവമാടി. പിന്നീട് ആ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.


ക്ഷേത്രം
നിസ്സഹകരണ സമരം

കൃഷി ഭൂമിയില്‍ പണി ചെയ്തു കൊണ്ടി രുന്നതും ഈഴവരും മറ്റു പിന്നോക്ക വിഭാഗ ക്കാരു മായിരുന്നു. കാര്‍ത്തി കപ്പള്ളി താലൂക്കില്‍ സവര്‍ണര്‍ക്കു വേണ്ടി ഇത്തരം ജോലികള്‍ ഒരൊറ്റ പിന്നോക്ക ക്കാരനും ചെയ്തു പോക രുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. മിന്നല്‍ പണിമുടക്കു മൂലം സവര്‍ണരുടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. പണിമുടക്കുന്ന പാവങ്ങള്‍ക്കെല്ലാം അരിയും മറ്റു സാധനങ്ങളുമെല്ലാം പണിക്കരുടെ ആള്‍ക്കാര്‍ എത്തിച്ചു കൊടുക്കുമായിരുന്നു. പണിക്കരോട് എതിരിടുന്നത് കടുത്ത പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ സന്ധി സംഭാഷണം നടന്നു. പരസ്യമായി ക്ഷമാപണം നടത്തിയതിനുശേഷമാണ് ഈ നിസ്സഹകരണ സമരം അവസാനിച്ചത്.

മൂക്കുത്തി സമരം

താഴ്ന്ന ജാതിക്കാര്‍ ഓരോ വിഭാഗക്കാരും അണിയുന്ന ആഭരണത്തിന് ചില രീതികള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലം.ധരിച്ചിരിക്കുന്ന ആഭരണം കണ്ടാല്‍ തിരിച്ചറിയാം അവര്‍ ഏത് ജാതിയില്‍ പെട്ടവളാണെന്ന്.മൂക്കുത്തി ആഭരണമിടാന്‍ ഈഴവ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.അത് സവര്‍ണ സ്ത്രീകള്‍ മാത്രം അണിയുന്ന ആഭരണമാണ്.ഈ നിയമം ലംഘിച്ച് ഒരു ഈഴവയുവതി ആഭരണം ധരിച്ച് നടന്നു പോകുന്നതു കണ്ടപ്പോള്‍ മൂക്കുത്തി ഊരാന്‍ സവര്‍ണര്‍ ആജ്ഞാപിച്ചു.അവര്‍ അനുസരിച്ചില്ല.ഒട്ടും താമസിച്ചില്ല,ആ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്തു ചവിട്ടിയരച്ചു.രണം ധാരധാരയായി ഒഴുകി.ഇതിനു പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ മൂക്കുത്തിയു മായിട്ടായിരുന്നു.സവര്‍ണര്‍ പണിക്കരുടെ മുന്നില്‍ പത്തി മടക്കി.ആ ഭാഗത്തുള്ള മുഴുവന്‍ ഈഴവ സ്ത്രീകളെയും വിളിച്ചുവരുത്തി മൂക്കുത്തി ഇടുവിച്ചു.സ്ത്രീകളുടെ ആചാരങ്ങളില്‍ മാത്രമല്ല,പുരുഷന്മാരുടെ ആചാരങ്ങളിലും മാറ്റം വരുത്തി.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം
നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃതവം നല്‍കിയ പണിക്കര്‍ അവര്‍ണര്‍ക്ക് വഴിയെ സഞ്ചരിക്കുന്നതിനു തടസ്സം സൃഷ്ടിച്ച ജന്മിമാരെയും മാടമ്പിമാരെയും അടിച്ചൊതുക്കി ക്കളഞ്ഞു.അവരുടെ 'ഹോയ്'വിളിയും അവസാനിച്ചു.ആ പ്രദേശത്തെ അവര്‍ണ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

നിരവധി സമരങ്ങള്‍ക്കും പീഡിത ജനതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച പണിക്കര്‍ക്ക് തിരുവിതാംകൂര്‍ മഹാരാവ് വീരശ്രൃംഘല അണിയിച്ചു.മുറജപത്തിന്റെ മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന സാളഗ്രാമം കായംകുളം കായലില്‍ വെച്ച് ആക്രമികള്‍ തട്ടിയെടുത്തു.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് മാത്രമാണ് ആക്രമികളെ നേരിട്ട് സാളഗ്രാമം തിരിച്ചെടുക്കുവാന്‍ കഴിഞ്ഞത്.അങ്ങനെയാണ് സന്തുഷ്ടനായ രാജാവ് വീരശ്രൃംഘല നല്‍കിയത്.


പ്രതിഷ്ഠ

പ്രതിഷ്ഠ

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലശ്ശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു.അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങ ളുമുണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെ യായിരുന്നു.സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി. 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന പ്രസിദ്ധ തറവാട്ടിലെ വെളുമ്പിയായിരുന്നു വധു.ഈ ദമ്പതികള്‍ക്ക് 7 പുത്രന്മാര്‍ പിറന്നു. തന്റെ മക്കളെ സവര്‍ണരെക്കൊണ്ട് 'കുഞ്ഞ്' എന്ന് വിളിപ്പിക്കും എന്ന ദൃഢനിശ്ചയത്തോടെ അവര്‍ക്ക് കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരിട്ടു. സാധാരണ സവര്‍ണര്‍ മാത്രമാണ് അവരുടെ പേരുകളുടെ കൂടെ 'കുഞ്ഞ്' ചേര്‍ത്ത് വിളിക്കാറുള്ളൂ.അങ്ങനെ, നേരത്തേ തന്നെ സവര്‍ണ ജനവിഭാഗത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പണിക്കര്‍ നടത്തിയെന്നുതന്നെ ഉറപ്പിക്കാം.
ഒരു കേസ്സിന്റെ ആവശ്യത്തിനായി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്ക് പോകുക യായിരുന്നു പണിക്കരും സംഘവും. കായംകുളം കായലില്‍ എത്തി. സമയം അര്‍ദ്ധരാത്രി. ഒരു കേവു വള്ളത്തില്‍ വന്ന ചിലര്‍ പണിക്കരെ കണ്ട് അടിയന്തിരമായി ചില കാര്യങ്ങള്‍ അറിയിക്കാ നുണ്ടെന്നും പറഞ്ഞു ബോട്ടില്‍ കയറി. അതിലൊ രാള്‍ ഉറക്കത്തിലാ യിരുന്ന പണിക്കരെ മൃഗീയമായി കുത്തി കൊല പ്പെടുത്തി. അങ്ങനെ 1874ല്‍ തന്റെ 49ആമത്തെ വയസ്സില്‍ പണിക്കര്‍ അന്ത്യശ്വാസം വലിച്ചു. (പണിക്കരെ കൊല പ്പെടുത്തിയത്, അപ്പോള്‍ മാത്രം ഇസ്ലാം മതം സ്വീകരിച്ച കിട്ടന്‍ എന്ന ഒരു ഈഴവ നായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് 'തൊപ്പിയിട്ട കിട്ടന്‍' എന്നാണ് അയാളെ വിളിച്ചിരുന്നത്-തെക്കുംഭാഗം മോഹന്‍)

ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.ഒരു പക്ഷെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചിലപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കിലും പിന്‍ഗാമികള്‍ക്ക് ഒരു മാര്‍ഗ ദീപമായിരുന്നു.പിന്നീടുവന്ന മഹാന്മാര്‍ ആ ദീപത്തിന്റെ പ്രഭ കേരളത്തിലാകെ പരത്തുകയായിരുന്നു.

 ('വൈക്കം മെയില്‍' മാസികയുടെ 2004 ഏപ്രില്‍ ലക്കത്തിലാണ് ശ്രീകുമാറിന്റെ ഈ ലേഖനമുള്ളത്)
Source : http://www.idaneram.blogspot.in/2013/08/blog-post_3064.html

0 comments:

Post a Comment