Tuesday, 27 August 2013

ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം ! അതുപോലെ അടിമകള്‍ക്ക്‌ ചങ്ങലയും സ്വന്തം ! -സഹോദരന്‍ അയ്യപ്പന്‍

കെ അയ്യപ്പന്‍ ബി എ ,എംഎല്‍സി

മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്‌. എങ്കിലും മി. സുകുമാരന്‍ ഇന്നാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന്‌ ഒരു പുതുമയുണ്ട്‌. ഇതിനുമുമ്പ്‌ മതംമാറ്റത്തിനു വാദിച്ചവര്‍ ക്രിസ്‌തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക്‌ പോകുവാനാണ്‌ പറഞ്ഞിരുന്നത്‌. മി. സുകുമാരന്‍ അധഃകൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ അധഃകൃതര്‍ക്ക്‌ എളുപ്പമായ രക്ഷാമാര്‍ഗം മുസ്ലീമീങ്ങളാ വുകയാ ണെന്ന്‌ സര്‍ സി. ശങ്കരന്‍ നായര്‍ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇസ്ലാംമത സ്വീകരണത്തിന്‌ അധഃകൃതരോട്‌ ആദ്യം പറഞ്ഞ ഒരു പ്രധാനി മി. സുകുമാരന്‍ തന്നെയാണെന്ന പറയാം. ഏത്‌ മതത്തിലേക്ക്‌ പോകുന്ന വാദമായാലും മതംമാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലില്‍ കിടന്നു ബുദ്ധിമുട്ടുന്ന സമുദായങ്ങള്‍ക്ക്‌ ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്‌കയില്ല. മതം മാറ്റത്തിന്‌ ഓരോ ദോഷങ്ങള്‍ കാണുന്നവരാരും വാസ്‌തവത്തില്‍ അതിനെപ്പറ്റി അമ്പരക്കേണ്ട ആവശ്യമില്ല. എത്രശക്തിയായി പ്രചാരണവേല നടത്തിയാലും അധഃകൃതരോ തീയ്യരോ അടുത്തെങ്ങും മതംമാറി ക്ഷയിക്കുകയോ നശിക്കുകയോ ഉണ്ടാവുകയില്ല. മതംമാറ്റ വാദത്തിന്റെ പ്രചാരണവേല ! ഒരു ദീര്‍ഘഭാവിയില്‍ അഥവാ ഫലിക്കുകയാണെങ്കില്‍ അപ്പോഴേക്കും മതം ഇല്ലാതാക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നവാദവും ഫലിക്കാതെ വരില്ല. ഇനി മതംമാറ്റ വാദത്തേക്കാള്‍ അധികം എളുപ്പം ഫലിക്കാന്‍ ഇടകാണുന്നത്‌

മതധ്വസവനവാദത്തിനാണ്‌. മതംമാറ്റ വാദംകൂടി പരമാര്‍ഥത്തില്‍ മതധ്വംസനവാദമായിട്ടാണ്‌ ഫലിച്ചുകാണുന്നത്‌. തീയ്യരാണല്ലോ കേരളത്തില്‍ മതംമാറ്റവാദം കലശലായി നടത്തുന്നത്‌. ഇത്രത്തോളം മതമില്ലാതായ സമുദായം കേരളത്തില്‍ വേറെയില്ല. അവരില്‍ മതംമാറ്റം നടത്തുന്നവര്‍ പ്രായേണ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും എല്ലാമതവും തിരിച്ചുകിട്ടുമെങ്കില്‍ അത്‌ ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന്‌ കരുതുന്നവരുമാണ്‌. മതംമാറ്റവാദം ആ വാദക്കാര്‍ പറയുന്ന ഗുണങ്ങള്‍ ചെയ്‌തില്ലെങ്കില്‍ത്തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്ര ചിന്തചെയ്യാന്‍ ജനങ്ങെളെ പ്രേരിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാതിരിക്കയില്ല. അതുതന്നെ വലിയ ഗുണമാണ്‌. സ്വതന്ത്ര ചിന്തയുടെ കുറവുകൊണ്ടാണ്‌ മതങ്ങളും മതംകൊണ്ടുള്ള ദോഷങ്ങളും പ്രധാനമായി നില്‍ക്കുന്നത്‌. അച്ഛനമ്മമാരില്‍ നിന്ന്‌ കേട്ടും കണ്ടും ബാല്യത്തിലേ പഠിച്ചുപഴകി ഉറക്കുന്നതോ, ഗുരുമുഖത്തുനിന്ന കേട്ട്‌ ചോദ്യമില്ലാതെ കണ്ണുംപൂട്ടി വിശ്വസിച്ചു റക്കുന്നതോ ആയ ചില അന്ധതകളും അനാചാരങ്ങളുമാണ്‌ പ്രായേണ എല്ലാ മതങ്ങളും. ഈ ബാധയില്‍നിന്ന്‌ ജനങ്ങള്‍ക്ക്‌ രകഷകിട്ടാന്‍ സ്വതന്ത്രചിന്താവെളിച്ചം പകര്‍ത്തുകയെന്നതാണ്‌ പ്രധാനവഴി. മതംമാറ്റവാദം സ്വതന്ത്രചിന്തയെ കുറേയെങ്കിലും ഉദ്ദീപിപ്പിക്കാതെയിരിക്കുകയില്ല. അധഃകൃതര്‍ ഇസ്ലാമിലേക്കു പോകുന്ന കാര്യമണല്ലോ ഇപ്പോള്‍ മി. സുകുമാരന്‍ നമ്മുടെ ആലോചനാ വിഷയമാക്കിയിരിക്കുന്നത്‌. ഇതിന്‌ മി. സുകുമാരന്‍ പറയുന്ന പ്രയോജനങ്ങളും, മി. വര്‍ക്കി മുതലായവര്‍ പറയുന്ന ദോഷങ്ങളും മിക്കവാറും ഉള്ളതുതന്നെയാണ്‌. അയിത്തം ഇല്ലാതാക്കുന്നതിന്‌ സാധിക്കുമെങ്കില്‍ ഇത്രനല്ല ഉപായം വേറെയില്ല. തൊപ്പിയിട്ട പുലയനോട്‌ വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല. വെന്തിഞ്ഞയിട്ട പുലയനു അത്രതന്നെ എളുപ്പത്തില്‍ അയിത്തശല്യം നീങ്ങിക്കിട്ടുകയുമില്ല. തൊപ്പിയിട്ട പുലയനെ മുസ്ലീങ്ങള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രിസ്‌ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്‌കയില്ല. ക്രിസ്‌ത്യാനികള്‍ പുതുക്രിസ്‌ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്ലീങ്ങല്‍ പുതുമുസ്ലീങ്ങളെ നിന്നിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്‌തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്ലാമിലില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്‌തുമതത്തേക്കാള്‍ ഇസ്ലാമായിരിക്കുമെന്നത്‌ നിരാക്ഷേപമാണ്‌.ഒന്നാം പതിപ്പിന്റെ(1936)കവര്‍
ഉള്‍പ്പെടുത്തിയ രണ്ടാം
പതിപ്പിന്റെ(1988) കവര്‍.

മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്‌. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട്‌ അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക്‌ മറ്റുള്ളവരെ പ്പോലെ നിവര്‍ന്ന്‌ നില്‍ക്കാനും വളരെ പ്രയാസമുണ്ട്‌. ഹിന്ദുമതം വിടുന്നത്‌ ആത്മാഭിമാനക്കുറവാണെന്ന്‌ ചിലര്‍ ധരിക്കുന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന്‌ ആരെല്ലാം പറഞ്ഞാലും, അത്‌ പൊട്ടിച്ചുപോകു ന്നതിലാണ്‌ നമ്മുടെ പൗരുഷം കിടക്കുന്നത്‌. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയവിഷം സര്‍വരോഗ വിനാശിയെന്ന്‌ ആരെല്ലാം പറഞ്ഞാലും അത്‌ ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ്‌ നമ്മുടെ വിവേകം കിടക്കുന്നത്‌. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമ പഴക്കംകൊണ്ട്‌ ചങ്ങല സ്വന്തമെന്ന്‌ പറയുന്നതുപോലെയാണ്‌. ജനങ്ങളുടെ അഭിവൃദ്ധിക്ക്‌ ആവശ്യമെന്നു കണ്ടാല്‍ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ ഒരു അഭിമാന ഭംഗവും ഇല്ല. നേരേമറിച്ച്‌ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വെറും വങ്കത്തമായിരിക്കും. മതവുമായി ആരും ഒരു ഉടമ്പടിയും ചെയ്‌തിട്ടില്ല. തീയ്യര്‍ മുതലായവര്‍ക്ക്‌ ഹിന്ദുമതം ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനേപ്പറ്റിയേ ചിന്തിക്കുവാനുള്ളൂ. വേറേ മതങ്ങളിലേക്ക്‌ അതായത്‌ വേറേ മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളിലേക്കുപോയി ഹിന്ദുമതം വിടുന്നതോ മറ്റൊരു സമുദായത്തിലേക്കും പോകാതെ ഇപ്പോഴത്തെ സമുദായങ്ങളായി നിന്ന്‌ ഹിന്ദുമതവിശ്വാസം മാത്രം വിടുന്നതോ ഏതാണ്‌ അധികം നല്ലതും പ്രായോഗികവും എന്ന്‌ ചിന്തിക്കാനുണ്ട്‌. ഒടുവിലത്തെ മാര്‍ഗമാണ്‌ അധികം പ്രായോഗികമായി തോന്നുന്നത്‌. ഇതു പ്രത്യേകിച്ച്‌ തീയ്യരെപ്പറ്റി പറയുന്നതാണ്‌. പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക്‌ ഇപ്പോള്‍്‌ ക്രിസ്‌ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നതു തന്നെയാണ്‌ സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌. ഏതായാലും ഓരോരുത്തരോരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട്‌ ആ പോയവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന്‌ അവശതമാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട്‌ തീയ്യര്‍, അരയന്മാര്‍ മുതലായവരാരായാലും, പുലയര്‍ മുതലായവരായാലും ഒന്നിച്ചു മതപരിവര്‍ത്തനത്തിനുവേണ്ടിയാണ്‌ ശ്രമിക്കേണ്ടത്‌. അങ്ങിനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ്‌ മതപരിവര്‍ത്തനം കൊണ്ട്‌ സമുദായത്തിന്‌ ഗുണമുണ്ടാകുന്നത്‌. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത്‌ തീരെ നിഷ്‌പ്രയോജനമാകയില്ല.


മൂന്നാം പതിപ്പിന്റെ
കവര്‍

(1936ല്‍ 'കേരള തീയ്യ യൂത്ത്‌ ലീഗ്‌' പ്രസിദ്ധീകരിച്ച ' അസവര്‍ണര്‍ക്ക്‌ നല്ലത്‌ ഇസ്ലാം' എന്ന ചെറുഗ്രന്ഥത്തിലാണ്‌ സഹോദര്‍ അയ്യപ്പന്റെ ഈ കുറിപ്പ്‌ ഉള്ളത്‌.1988ല്‍ ബഹുജന്‍ സാഹിത്യ അക്കാദമി ഈ പുസ്‌തകം പുനഃപ്രസാധനം ചെയ്‌തു. വി പ്രഭാകരന്‍ ജനറല്‍ കണ്‍വീനറായിരുന്നു. പുസ്‌തകത്തിന്റെ അവതാരിക ഡോ. എം എസ്‌ ജയപ്രകാശിന്റേതാണ്‌. 2005ല്‍ മൂന്നാം പതിപ്പ്‌ ഇറങ്ങി. നന്മ ബുക്‌സ്‌ കോഴിക്കോടാണ്‌ വിതരണക്കാര്‍)@ കവിത:സയന്‍സ്‌ ദശകം-സഹോദരന്‍ അയ്യപ്പന്‍ @ സഹോദരന്‍: മറ്റൊരു ആഗസ്റ്റ് വിപ്‌ളവം.

0 comments:

Post a Comment