SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday, 18 January 2015

രക്ഷിതാക്കളേ.... ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍


'ഇന്ത്യയുടെ സാമ്പത്തികവും ധാര്‍മ്മികവുമായ മോചനം മുഖ്യമായും നിങ്ങളിലാണ് ആശ്രയിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍ കിടക്കുന്നു. കാരണം നിങ്ങളാണ് ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നത്. ഭാരതത്തിന്റെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് ധീരരും ഈശ്വരവിശ്വാസമുള്ളവരും ലളിതജീവിതം നയിക്കുന്നവരുമായ സ്ത്രീപുരുഷന്മാരാക്കി വളര്‍ത്തിയെടുക്കാം. അല്ലെങ്കില്‍ അവരെ ലാളിച്ച് വിദേശീയ ആഡംബരവസ്തുക്കളോടുള്ള ഭ്രമത്തില്‍ തളച്ചിട്ടുകൊണ്ട് ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ദുര്‍ബലരാക്കിത്തീര്‍ക്കും'. (മഹാത്മാഗാന്ധി)
കുട്ടികളാണ് ഒരു രാഷ്ട്രത്തിന്റെ നട്ടെല്ല്. മാത്രമല്ല അവരാണ് ലോകത്തിന്റെ ഊടുംപാവും. കുട്ടികളെ ഇന്ന് മാതാപിതാക്കള്‍ വളര്‍ത്തുന്നത് ഈ കാഴ്ചപ്പാടിലല്ലല്ലോ. അവരെ സ്വന്തം സ്വാര്‍ത്ഥതാല്പര്യത്തിനായല്ലേ വളര്‍ത്തുന്നത്. ഡോക്ടര്‍ ആക്കിയാല്‍ പിന്നെ അന്തസ്സും പണവും ലഭിക്കും. കര്‍ഷകനാക്കാന്‍ ആരും തയ്യാറുമല്ല. അതിന് എന്ത് അന്തസ്സ്, അഭിമാനം. എന്റെ മകന്‍ ഒരു കര്‍ഷകനാണ് എന്ന് അഭിമാനിക്കുന്ന ആധുനിക മാതാപിതാക്കള്‍ ആരുമില്ല. എന്നാല്‍ കടയില്‍പോയി ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ അല്പം വിദ്യാഭ്യാസമുള്ളവര്‍ ഓര്‍ക്കും ഇത് ഒരു കര്‍ഷകന്റെ അധ്വാനഭലമാണ്. അയാളുടെ അധ്വാനമില്ലെങ്കില്‍ ഡോക്ടര്‍ക്ക് എന്ത് ചെയ്യാന്‍സാധിക്കും. കഴിക്കാന്‍ ആഹാരമില്ലെങ്കില്‍ മനുഷ്യനുണ്ടോ. 'ലോകത്തേരിന് അച്ചാണ് കൃഷിവലന്‍' എന്ന് തിരുക്കുറള്‍ പറയുന്നത് ആര് ഓര്‍ക്കാന്‍.
കുട്ടികളെ ധീരന്മാരും ആത്മവിശ്വാസമുള്ളവരും ഈശ്വരവിശ്വാസികളുമായി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതല്ലേ. എന്നാല്‍ ലാളിച്ച് ആഡംബരവസ്തുക്കളില്‍ ഭ്രമമുള്ളവരാക്കി ലോകവ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നവരാക്കിയതല്ലേ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
Posted by Facebook Group : by Suresh Babu Madhavan
Like · 

ജാതിയും മതവും: ശ്രീ നാരായണഗുരു.


ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച് ഒരു സംഭാഷണം നടന്നു.
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ?
സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.
ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മറ്ജ്ഹങ്ങളില്‍ പെട്ട എല്ലാവരും നല്ലവരാണോ? അതുകൊണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.അല്ലെങ്കില്‍ അധപ്പതിക്കും.മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ട്ടിക്കുന്ന എല്ലാവരുടെയും ആചാരവും നല്ലതായിരിക്കുമോ? അങ്ങനെയല്ലല്ലോ കാണുന്നത്? അതിനാല്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല! പ്രവര്‍ത്തി ശുദ്ധമായിരിക്കണം. അതാണ്‌ ആവശ്യം. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" അതാണ്‌ നമ്മുടെ അഭ്പ്രായം.
ഈ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഗുരു അങ്ങനെ അരുളിയ സൂക്തമാണ് "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നത്.
ഒരിക്കല്‍ നാരായണ ഗുരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അതേയ് കമ്പാര്‍ട്ട്മെന്റില്‍ സഹയാത്രികരായി ഒരു രാജകുടുംബാങ്ങവും ഒരു നമ്പൂതിരിയും ഉണ്ടായിരുന്നു. ഗുരുവിന്റെ പെരുമാറ്റവും ഭാവവും സംഭാഷണവും അവരെ വളരെ ആകര്‍ഷിക്കുകയും, അവര്‍ക്ക് ഗുരുവില്‍ ബഹുമാനം തോന്നുകയും ചെയ്തു. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചു:
രാജ: നിങ്ങളുടെ പേര്?
ഗുരു: നാരായണന്‍.
രാജ: ജാതിയില്‍ ആരാണ്?
ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടേ?
രാജ: അറിഞ്ഞുകൂടാ.
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നേ കേട്ടാല്‍ അറിയുന്നതെങ്ങനെ?
ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീടൊരിക്കല്‍ ഗുരു പറഞ്ഞു, മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുല്ലതിനു തെളിവ് ഒന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാള്‍ മോശം, അതിനാല്‍ ജാതിലക്ഷണം എന്നാ കൃതിയില്‍ ഗുരു ഇങ്ങനെ എഴുതി:
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ
-യിനമേതൊന്നു ചൊല്കയാല്‍
ഇനമെതെന്നു കേള്‍ക്കില്ല
നിനവും കണ്ണുംഉള്ളവര്‍ (ജാതിലക്ഷണം - ൫)
(ഇനം-ജാതി- ഏതെന്നു ഓരോ ഇനത്തിന്റെയും ഉടല്‍ (ശരീരം) തന്നേയ് സ്പഷ്ടമായി തെളിയിക്കുന്നതിനാല്‍, ചിന്താശക്തിയും, കാഴ്ച ശക്തിയുമുള്ളവര്‍, ആരോടും, നിങ്ങള്‍ ജാതിയിലാരാനെന്നു ഒരിക്കലും ചോദിക്കയില്ല)
ഗുരു 'ജാതിനിര്‍ണയം' എന്നാ കൃതിയില്‍ ആദ്യ ശ്ലോകത്തില്‍ ജാതി എന്തെന്ന് താത്വികമായി പ്രതിപാദിചിരിക്കുന്നു .
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസൈവം
ഹാ! തത്വം വേത്തി കോ പിന.
(പശുക്കള്‍ക്ക് പശുത്വം അഥവാ പശുഭാവം അല്ലെങ്കില്‍ അവസ്ഥ എങ്ങനെയോ അപ്രകാരം തന്നെയാണ് മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്. ഇക്കാര്യത്തി ബ്രാഹ്മണന്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ മുതലായവ) ഇല്ലതന്നേ. ഈ തത്വം, ഈ സത്യം ആരും അറിയുന്നില്ല എന്നത് കഷ്ടം തന്നേയ്!)'

Posted on Facebook Group by : Sree Hari Sreejesh

Friday, 9 January 2015

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"
എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് "ഗുരുപൂജ " നടത്താന്‍ കഴിഞ്ഞത്.
ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന ആ മഹാസ്വരൂപത്തിന് മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവര­ുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം ഒത്തുചേര്‍ന്നു കൊണ്ടുള്ള ഒരു വീണു വനങ്ങലായിരിക്കണം അത്. എന്തെന്നാല്‍ ആയുസ്സും വപുസ്സും ആത്മ തപസ്സും നമ്മളാകുന്ന മനുഷ്യ രാശിക്കുവേണ്ടി ബലിയര്‍പ്പിച്ച അവതാര പുരുഷനാണ് ഗുരുദേവന്‍.
മനുഷ്യനെ മനുഷ്യനായി കാണാനും അറിയാനും അനുഭവികാനും പഠിപ്പിച്ച ഗുരുദേവന്‍ മനുഷ്യരിലെ വൈരുധ്യങ്ങളെയും വൈക്രുതങ്ങളെയും സ്ഥിതി ഭേദങ്ങളെയും ഇല്ലാതാക്കാന്‍ ആണ് സാമൂഹ്യ വിപ്ലവത്തിന് വിത്തുകള്‍ വിതച്ചത്. അവ വിതച്ചതും മുളച്ചതും ചെമ്പഴന്തിയിലോ അരുവിപ്പുറ തോ ശിവഗിരിയിലോ ആലുവായിലോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ ആണെന്ന് കരുതുന്നത് ഭൂമിശാസ്ത്ര പരമായ നോക്കികാനലിന്റെ ഫലമാണ്. എന്നാല്‍, സാമൂഹികവും ദാര്‍ശനികവുമായ നവോത്ഥാനത്തിനു വിത്തുകള്‍ ഗുരുദേവന്‍ വിതച്ചത് മനുഷ്യ മനസുകളിലാണ്. അതുകൊണ്ട് തന്നെ അവ മുളക്കേണ്ടതും വളരേണ്ടതും വിലയെണ്ടാതുമെല്ലാം മനുഷ്യന്റെ ആന്തരിക തലത്തിലാണ്. പക്ഷെ ഗുരുദേവന്‍ പാകിയ വിത്തുകളെല്ലാം മനുഷ്യ മനസുകളില്‍ യഥാകാലം വേണ്ടുംവണ്ണം മുളക്കാതെ പോയി. അതിനു കാരണക്കാര്‍ നമ്മള്‍ തന്നെ ആണ്. എന്തെന്നാല്‍ ഗുരുദേവന്‍ പറഞ്ഞതില്‍ വളരെ ചെറിയ ഒരംശമേ പലരും കേട്ടുള്ളൂ . കേട്ടതില്‍ തന്നെ ചെറിയൊരംശമേ മനസ്സില്‍ പതിഞ്ഞുള്ളൂ. അവയില്‍ നിന്നും അതിലും ചെരിയോരംശമാണ് പ്രയോഗത്തില്‍ എത്തപ്പെട്ടത്. ഈ കുറവ് കളാണ് ഗുരുസ്വരൂപം നമുക്ക് അകലെയാകാന്‍ കാരണം.
ഗുരുവിനെ ഭക്തിയോടെ ആരാധിക്കുന്നവര്‍ പോലും പലപ്പോഴും പ്രാര്‍ഥനയുടെ ലോകത്തേക്ക് മാത്രം ചുരുങ്ങിപ്പോവുകയാണ്.­ ഗുരുഭക്തി എന്നത് അധരങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത് മാത്രമല്ല. ഗുരുദേവന്‍ പറഞ്ഞതിനെ സ്വാംശീകരിച്ചു പ്രവൃത്തിയില്‍ വരുത്തി അത് സ്വജീവിതത്തില്‍ അനുഭവമാക്കി അഭ്യുന്നതിക്ക് അടിസ്ഥാനമായി തീരുമ്പോഴാണ് ഗുരുഭക്തി നിരവാര്‍ണതാകുന്നതും ജീവിതം ധന്യമായി തീരുന്നതും. ഗുരുദേവന്‍ എന്തിനുവേണ്ടിയാണോ അവതരിച്ചത് അതിന്റെ പരിപൂര്‍ണതയാണ് ഗുരുദേവ ഭക്തന്മാരുടെ, ശ്രീനാരായനീയരുടെ ലക്ഷ്യമായി തീരേണ്ടതു.

Posted on Facebook Group by : Sree Hari Sreejesh

ശിവഗിരിയുടെ ചൈതന്യം മാർഗദർശനമേകും തുഷാർ വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ് എസ്.എൻ.ഡി.പി. യോഗം )

Posted on: Wednesday, 31 December 2014



തീർത്ഥാടനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാൽ ശിവഗിരിയിലേക്കുള്ള തീർത്ഥാടനമാകട്ടെ മറ്റു തീർത്ഥാടനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഭക്തിയേക്കാളുപരി മനുഷ്യന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാനുള്ള ഒരു യാത്രയായാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകും. ആത്മീയമായ ഉന്നതിക്കൊപ്പം സമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്ന യാത്രയാണിത്. സംഘടനയും അറിവും കൊണ്ട് ശക്തമാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രായോഗിക പഥത്തിലെത്തിക്കാനുള്ള ഒരു മാർഗം.

ജീവിത ഉന്നതിക്കും  സമൂഹപുരോഗതിക്കും വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടുന്നു ആ  മഹായോഗി. ശിവഗിരി യാത്രാ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നതും അതുതന്നെ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ എട്ടുകാര്യങ്ങളിലൂന്നിയതാണ് ശിവഗിരി തീർത്ഥാടനമെന്ന് ഗുരുദേവൻ നിർദേശിച്ചത് വെറുതെയല്ല. സ്വജനങ്ങളുടെയും നാടിന്റെയും പുരോഗതിയെക്കുറിച്ച് ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയുടെ മനസിൽ വിരിയുന്ന കാര്യങ്ങൾ തന്നെയാണ് ആത്മീയാചാര്യനായ ഗുരുദേവന് തോന്നിയത്.
പിന്നാക്ക ജനതയുടെ മോചനം ലക്ഷ്യം വെച്ച്  ഗുരുദേവൻ ആവിഷ്കരിച്ച  ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ കുറെയൊക്കെ കഴിഞ്ഞുവെന്നത് സത്യമാണ്. എങ്കിലും കൈയെത്തിപ്പിടിച്ച നേട്ടങ്ങൾ കൈവരിക്കപ്പെടേണ്ടതിന്റെ ചെറിയൊരു ഭാഗം മാത്രമാകുന്നു. വർണ-വർഗ വ്യത്യാസങ്ങളുടെ പേരിൽ അകറ്റി നിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾ ഇന്ന് മറ്റൊരു രീതിയിൽ, സമ്പത്തിന്റെയും അധികാരത്തിന്റെയും ബലത്താൽ പാർശ്വവത്കരിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ സമകാലീന സാമൂഹ്യചുറ്റുപാടുകളിൽ ശിവഗിരി തീർത്ഥാടനലക്ഷ്യങ്ങൾക്ക് പുതിയ മാനം കൈവരുന്നുണ്ട്. സാമൂഹ്യമായ മോചനത്തിനൊപ്പം സാമ്പത്തികമായ സ്വാശ്രയത്വവും വിദ്യാഭ്യാസവും ആർജിക്കാനായെങ്കിൽ മാത്രമേ സമ്പൂർണമായ സ്വാതന്ത്ര്യവും സാമൂഹിക നീതിയും  ലഭിച്ചുവെന്ന് പറയാനാവൂ. ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളിൽ മുറുകെപ്പിടിക്കുക മാത്രമാണ് അതിന് പോംവഴി.

ജാതിയുടെ വേലിക്കെട്ടുകളെ ഒരുപരിധി വരെ തകർക്കാനായെങ്കിലും രാഷ്ട്രീയ-ഭരണ-സാമ്പത്തിക തറവാടുകളുടെയെല്ലാം പടിക്കുപുറത്ത് തന്നെയാണ് ഇന്നും പിന്നാക്കജനങ്ങളുടെ സ്ഥാനം. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും ഉപദേശിച്ച ഗുരുവിന്റെ വാക്കുകളെ  അക്ഷരം പ്രതി അനുസരിച്ച് പുരോഗതിയിലേക്ക് നീങ്ങിയത് കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെന്നതാണ് യാഥാർത്ഥ്യം. പിന്നോക്കക്കാർ തമ്മിൽ തല്ലി തലകീറി നടക്കവേ ഇക്കൂട്ടർ ഗുരുവചനങ്ങൾ പൂർണമായും പ്രാവർത്തികമാക്കി അധികാരവും സമ്പത്തും കൈയടക്കി. ഈഴവരാദി പിന്നാക്കവിഭാഗക്കാർ ഗുണപാഠകഥയിലെ മുട്ടനാടുകളെപ്പോലെ കൂട്ടിയിടിച്ച് കളിക്കുന്നു. അവരുടെ രക്തം നക്കിക്കുടിച്ച് സംഘടിത സമൂഹങ്ങൾ ശക്തിയാർജിക്കുകയും ചെയ്യുന്നു.
അധികാരശ്രേണികളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും സർക്കാരിന്റെ വിഭവങ്ങൾ പങ്കുവെയ്ക്കുമ്പോഴുമാണ് ഇപ്പോൾ  അയിത്തം കൽപ്പിക്കപ്പെടുന്നത്. പട്ടിക വിഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും പെട്ടവർക്ക് ഇത്രയും കാലം നൽകിയ സംവരണം കൊണ്ട് എന്ത് നേട്ടമുണ്ടാക്കാനായി എന്നു വിലയിരുത്തേണ്ട സമയവും ഇതാണ്. ആദിവാസികളും പട്ടികജാതി-വർഗക്കാരും ലക്ഷംവീട് കോളനികളിൽ പിറന്ന് ആ കോളനികളിൽ മരിക്കുന്ന സ്ഥിതി തന്നെയാണ് പതിറ്റാണ്ടുകളായി തുടരുന്നത്.  മറ്റ് ഹൈന്ദവ പിന്നോക്കക്കാർക്ക് വേണ്ടിയും കോളനികൾ  സൃഷ്ടിക്കപ്പെടുന്ന കാലം വിദൂരമല്ല.

ആളെണ്ണമോ ആർഭാടമോ കൂടിയതുകൊണ്ട് ശിവഗിരിയാത്ര മഹത്തരമാകുന്നില്ല. ഗുരുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാവർത്തികമാകുമ്പോഴാണ് അത് സഫലമാവുക. ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാൻ  സാധിച്ചു എന്ന ആത്മപരിശോധനകൂടി ഓരോ തീർത്ഥാടകനും സംഘാടകരും നടത്തണം.  ഗുരുവാക്യങ്ങൾ ശിരസാവഹിച്ച് സ്വന്തം കാലിൽ നിൽക്കാനും സ്വാശ്രയത്വം കൈവരിക്കാനും ശ്രമിക്കുമ്പോഴേ സമ്പൂർണമായ മുന്നേറ്റം ഉണ്ടാകൂ.  അർഹമായ ആനുകൂല്യങ്ങൾക്ക് വേണ്ടി പടപൊരുതുമ്പോഴും ഇതു തന്നെയാകണം പ്രഥമ പരിഗണന.
വർഷങ്ങൾക്ക് മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സാർത്ഥകമായി എന്ന് പരിശോധിക്കപ്പെടാനുള്ള അവസരം കൂടിയാവുന്നു ഓരോ തീർത്ഥാടന കാലവും. ഗുരുധർമം അടിസ്ഥാനമാക്കിയ സംഘടനകളെല്ലാം ഒരു കുടക്കീഴിൽ ഒരേ മനസോടെ ലക്ഷ്യ പ്രാപ്തിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള കലഹങ്ങൾ സമുദായത്തിന്റെ പുരോഗതിയെ ഒരുവിധത്തിലും ബാധിച്ചുകൂടാ. ഗുരുദേവൻ തെളിച്ച പന്ഥാവിലൂടെ ഒരേ മനസുമായി മുന്നേറുകയാണ് ഓരോ ശ്രീനാരായണീയന്റെയും കടമ. ശിവഗിരിയുടെ ആത്മീയ തേജസ് അതിന് കരുത്തുപകരാൻ ശേഷിയുള്ളതാണ്. ആ ചൈതന്യത്തിന് മുന്നിൽ ശിരസാ നമിച്ച് നമുക്കൊന്നായി മുന്നേറാം. പുതിയ ലക്ഷ്യങ്ങളും മാർഗങ്ങളുമായി നമുക്ക് പുതിയ വർഷത്തിലേക്ക് കടക്കാം. എല്ലാവർക്കും പുതവത്സര ആശംസകൾ നേരുന്നു.

http://news.keralakaumudi.com/news.php?nid=8ecbba1a5c21cacfb0c0beee0d539b89

ഗുരുദർശനത്തിന്റെ തനിമ - സ്വാമി ഗുരുപ്രസാദ്

Posted on: Monday, 29 December 2014

82-ാമത് ശിവഗിരി തീർത്ഥാടനം നാളെ മുതൽ
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്.

ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്. ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന് ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക് പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന് ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക്  പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ് കൊടുക്കട്ടെയെന്ന്  പ്രാർത്ഥിക്കാം.

മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി  പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും  രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ പൂർണമായ ജീവിതം നിർദ്ദേശിച്ചു.  പ്രകൃതിക്കൊരു താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച് ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്. പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം. വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും  നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം. അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാവരിച്ചിടേണം."

ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന  ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു. മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ് ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.

82-ാമത് ശിവഗിരി തീർത്ഥാടനം സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക് വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു.  ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.

1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ ഭാവി ജീവിതം  ശോഭനമാവാൻ വേണ്ടതെല്ലാം ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത് തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.

http://news.keralakaumudi.com/news.php?nid=5144836584ae6e995be9b176ae4542b2

ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന വിപ്ളവകാരി രാധാകൃഷ്ണൻ ആലുംമൂട്ടിൽ

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിന് മുപ്പതുവർഷം മുൻപ് 1825 ജനുവരി 11-ാം തീയതി ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ കടലോരപ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനിച്ചത്.

19-ാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥകൾക്കും അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ ഒറ്റയ്ക്കു പടപൊരുതി, തന്റെ ജീവിതം തന്നെ താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ബലിയർപ്പിച്ച ഒരു അതുല്യ  വിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
1851 ൽ അന്നത്തെ ജാതി വ്യവസ്ഥയിലെ തൊട്ടുകൂടാത്തവർക്കും തീണ്ടികൂടാത്തവർക്കും വേണ്ടി ഒരു ശിവക്ഷേത്രം തന്റെ ജന്മസ്ഥലമായ ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ചു കൊണ്ടായിരുന്നു സാമൂഹ്യ അനാചാരങ്ങൾക്കും അനീതികൾക്കുമെതിരേയുള്ള വിപ്ലവത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.
1858ൽ കായംകുളത്ത് ഒരു ഈഴവയുവതി മാറുമറച്ചു കമ്പോളത്തിൽ പോയപ്പോൾ ജാതിക്കോമരങ്ങൾ അവരെ ആക്രമിച്ച്, മാറിൽ കിടന്ന തുണിവലിച്ചുകീറി ശാരീരികമായി ഉപദ്രവിച്ചതിനു പുറമേ അവരുടെ മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിച്ചു. ഈ അക്രമികളെ വേലായുധപ്പണിക്കരും അനുയായികളും യുദ്ധസന്നാഹങ്ങളോടെ കമ്പോളത്തിലെത്തി എതിർത്തുതോല്പിച്ചു. . ഇതിനുശേഷമാണ് തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ ലഹള ആരംഭിക്കുകയും സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം 1859 ലെ രാജകീയ വിളംബരത്തിലൂടെ നേടിയെടുക്കുകയും ചെയ്തത്.

1866ൽ കാർഷികത്തൊഴിലാളികളെ സംഘടിപ്പിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ പണിമുടക്കാണ് ലോകചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം. മാന്യമായി മുട്ടിനു താഴെ കണങ്കാൽ വരെ നീട്ടി മുണ്ടുടുത്തു നടന്നതിന് ഒരു ധനിക കുടുംബത്തിലെ ഈഴവ സ്ത്രീയെ കുറേ സവർണ്ണ പ്രമാണിമാർ ചേർന്ന് അധിക്ഷേപിച്ചു. മുണ്ടിന്മേൽ മുറുക്കിത്തുപ്പി. കണങ്കാൽ വരെ നീട്ടിമുണ്ടുടുത്തതായിരുന്നു അവർ ചെയ്ത അപരാധം. മനുഷ്യത്വഹീനമായ ഈ സംഭവം ആ വിപ്ലവകാരിയെ ക്ഷുഭിതനാക്കി. ധാർമ്മികരോഷം അദ്ദേഹത്തിൽ ജ്വലിച്ചുയർന്നു. പണിയെടുത്തിരുന്ന കീഴാളരെ ഒരുമിച്ചു നിർത്തി കൃഷിപ്പണികൾ ബഹിഷ്ക്കരിക്കാൻ വേലായുധപ്പണിക്കർ ആഹ്വാനം ചെയ്തു. സമരം നീണ്ടുപോയപ്പോൾ പ്രമാണിമാർക്കു ചെയ്ത തെറ്റിനു പരസ്യമായി മാപ്പു പറയേണ്ടിവന്നു. അതിനുശേഷമാണ് ഈ നിസ്സഹകരണ സമരം അവസാനിപ്പിച്ചത്. അങ്ങനെ ചരിത്രത്തിലെ ആദ്യകർഷകത്തൊഴിലാളി സമരം പൂർണവിജയം നേടി.

പണിക്കരുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം തന്നെ അദ്ദേഹത്തിനോടുള്ള പ്രമാണിമാരുടെ എതിർപ്പും വർദ്ധിച്ചിരുന്നു. നേരിട്ട് എതിർക്കാൻ കഴിയാതിരുന്ന പ്രമാണികൾ, പണിക്കർ ഒരിക്കൽ ശിക്ഷിച്ചു പുറത്താക്കിയ തൊപ്പിയിട്ട കിട്ടൻ എന്ന മുൻകാര്യസ്ഥന്റെ നേതൃത്വത്തിൽ സംഘം ചേർന്നു. ഒരു കേസിന്റെ ആവശ്യത്തിന് രാവിലെ കൊല്ലത്ത് എത്തുന്നതിനായി തലേന്ന് രാത്രിയിൽ തണ്ടുവെച്ച ബോട്ടിൽ വീട്ടിൽ നിന്നും യാത്ര തിരിച്ച വേലായുധപ്പണിക്കരെ അദ്ദേഹം അറിയാതെ കേവു വള്ളത്തിൽ ഇവരിൽ ചിലർ പിൻതുടർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. ബോട്ട് കായംകുളം കായലിലെത്തി. പണിക്കർ നല്ല ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. കേവുവള്ളത്തിൽ വന്നവർ പണിക്കരെ ചില അടിയന്തിര കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന്തണ്ടുവലിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ച് ബോട്ട് നിർത്തിച്ച് അതിൽ കയറി. അതിലൊരാൾ പണിക്കർ ഉറങ്ങിക്കിടന്ന അറയിൽക്കയറി ഒളിപ്പിച്ചുവെച്ചിരുന്ന കഠാരി ആ ഉറങ്ങുന്ന സിംഹത്തിന്റെ വിരിമാറിൽ നിഷ്ക്കരുണം കുത്തിയിറക്കി.  അങ്ങനെ 1049 ധനുമാസം 24 ന് (1874 ജനുവരി 8) അർദ്ധരാത്രി കഴിഞ്ഞ സമയത്ത് തന്റെ 49-ാം വയസിൽ ആ പുരുഷ കേസരി ആ കിടപ്പിൽതന്നെ അന്ത്യശ്വാസം വലിച്ചു.


(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻചെയർമാനാണ് ലേഖകൻ)
http://news.keralakaumudi.com/news.php?nid=fcd8518f0e1c7f879467e7813af4fd5b#.VK_vefXB_nI.facebook


Wednesday, 7 January 2015

ശ്രീ നാരായണഗുരുവിന്റെ ജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു


ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.

"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്ര മഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു.

ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ ജനനം ശുക്രസംഹിതയിൽ കാണിച്ച അതേദിവസവും സമയവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ടു. ഗുരുദേവന്റെ ജീവിതാരംഭം മുതലുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകജാതിമതാടിസ്ഥാനം ആക്കിയുള്ളതാകയാൽ ശുക്രമഹർഷിയുടെ പ്രവചനമനുസരിച്ചു ജനിച്ചിട്ടുള്ള മഹാപുരുഷന്‍ ഗുരുദേവനല്ലാതെ മറ്റാരുമല്ലെന്നു ന്യായമായും യുക്തിയുക്തമായും വിശ്വസിക്കാവുന്നതാണു്."

ഇതു തലശ്ശേരി, റിട്ടയാര്‍ഡ് ഡിസ്ട്രിക്ട് മുനിസിഫ് ശ്രീ ഡി പി ഗോപാലൻ ബിഎ; ബിഎൽ അവറുകൾ 1954 (൧൯൫൪) ഡിസംബർ ലക്കം ഗുരുകുലം മാസികയിൽ എഴുതിയിട്ടുള്ളതായി ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഇതിന്റെ ഒന്നാം പതിപ്പു 1944 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഈ ഭാഗം ഇല്ല.

(© ഉദയഭാനു പണിക്കർ. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകൈച്ച സാഹിത്യകേസരി പണ്ഡിറ്റ് പി ഗോപാലൻ നായർ തർജ്ജിമ ചെയ്തു വ്യാഖ്യാനിച്ച ശ്രീമദ് ഭാഗവതം; ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പു്, ഇവ ആധാരം.)


Courtesy : http://shreenarayanaguru.blogspot.in/2014/07/blog-post_90.html