തീർത്ഥാടനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാൽ ശിവഗിരിയിലേക്കുള്ള തീർത്ഥാടനമാകട്ടെ മറ്റു തീർത്ഥാടനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഭക്തിയേക്കാളുപരി മനുഷ്യന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാനുള്ള ഒരു യാത്രയായാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകും. ആത്മീയമായ ഉന്നതിക്കൊപ്പം സമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്ന യാത്രയാണിത്. സംഘടനയും അറിവും കൊണ്ട് ശക്തമാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രായോഗിക പഥത്തിലെത്തിക്കാനുള്ള ഒരു മാർഗം.
ജീവിത ഉന്നതിക്കും സമൂഹപുരോഗതിക്കും വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടുന്നു ആ മഹായോഗി. ശിവഗിരി യാത്രാ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നതും അതുതന്നെ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ എട്ടുകാര്യങ്ങളിലൂന്നിയതാണ് ശിവഗിരി തീർത്ഥാടനമെന്ന് ഗുരുദേവൻ നിർദേശിച്ചത് വെറുതെയല്ല. സ്വജനങ്ങളുടെയും നാടിന്റെയും പുരോഗതിയെക്കുറിച്ച് ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയുടെ മനസിൽ വിരിയുന്ന കാര്യങ്ങൾ തന്നെയാണ് ആത്മീയാചാര്യനായ ഗുരുദേവന് തോന്നിയത്.
പിന്നാക്ക ജനതയുടെ മോചനം ലക്ഷ്യം വെച്ച് ഗുരുദേവൻ ആവിഷ്കരിച്ച ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ കുറെയൊക്കെ കഴിഞ്ഞുവെന്നത് സത്യമാണ്. എങ്കിലും കൈയെത്തിപ്പിടിച്ച നേട്ടങ്ങൾ കൈവരിക്കപ്പെടേണ്ടതിന്റെ ചെറിയൊരു ഭാഗം മാത്രമാകുന്നു. വർണ-വർഗ വ്യത്യാസങ്ങളുടെ പേരിൽ അകറ്റി നിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾ ഇന്ന് മറ്റൊരു രീതിയിൽ, സമ്പത്തിന്റെയും അധികാരത്തിന്റെയും ബലത്താൽ പാർശ്വവത്കരിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ സമകാലീന സാമൂഹ്യചുറ്റുപാടുകളിൽ ശിവഗിരി തീർത്ഥാടനലക്ഷ്യങ്ങൾക്ക് പുതിയ മാനം കൈവരുന്നുണ്ട്. സാമൂഹ്യമായ മോചനത്തിനൊപ്പം സാമ്പത്തികമായ സ്വാശ്രയത്വവും വിദ്യാഭ്യാസവും ആർജിക്കാനായെങ്കിൽ മാത്രമേ സമ്പൂർണമായ സ്വാതന്ത്ര്യവും സാമൂഹിക നീതിയും ലഭിച്ചുവെന്ന് പറയാനാവൂ. ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളിൽ മുറുകെപ്പിടിക്കുക മാത്രമാണ് അതിന് പോംവഴി.
ജാതിയുടെ വേലിക്കെട്ടുകളെ ഒരുപരിധി വരെ തകർക്കാനായെങ്കിലും രാഷ്ട്രീയ-ഭരണ-സാമ്പത്തിക തറവാടുകളുടെയെല്ലാം പടിക്കുപുറത്ത് തന്നെയാണ് ഇന്നും പിന്നാക്കജനങ്ങളുടെ സ്ഥാനം. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും ഉപദേശിച്ച ഗുരുവിന്റെ വാക്കുകളെ അക്ഷരം പ്രതി അനുസരിച്ച് പുരോഗതിയിലേക്ക് നീങ്ങിയത് കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെന്നതാണ് യാഥാർത്ഥ്യം. പിന്നോക്കക്കാർ തമ്മിൽ തല്ലി തലകീറി നടക്കവേ ഇക്കൂട്ടർ ഗുരുവചനങ്ങൾ പൂർണമായും പ്രാവർത്തികമാക്കി അധികാരവും സമ്പത്തും കൈയടക്കി. ഈഴവരാദി പിന്നാക്കവിഭാഗക്കാർ ഗുണപാഠകഥയിലെ മുട്ടനാടുകളെപ്പോലെ കൂട്ടിയിടിച്ച് കളിക്കുന്നു. അവരുടെ രക്തം നക്കിക്കുടിച്ച് സംഘടിത സമൂഹങ്ങൾ ശക്തിയാർജിക്കുകയും ചെയ്യുന്നു.
അധികാരശ്രേണികളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും സർക്കാരിന്റെ വിഭവങ്ങൾ പങ്കുവെയ്ക്കുമ്പോഴുമാണ് ഇപ്പോൾ അയിത്തം കൽപ്പിക്കപ്പെടുന്നത്. പട്ടിക വിഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും പെട്ടവർക്ക് ഇത്രയും കാലം നൽകിയ സംവരണം കൊണ്ട് എന്ത് നേട്ടമുണ്ടാക്കാനായി എന്നു വിലയിരുത്തേണ്ട സമയവും ഇതാണ്. ആദിവാസികളും പട്ടികജാതി-വർഗക്കാരും ലക്ഷംവീട് കോളനികളിൽ പിറന്ന് ആ കോളനികളിൽ മരിക്കുന്ന സ്ഥിതി തന്നെയാണ് പതിറ്റാണ്ടുകളായി തുടരുന്നത്. മറ്റ് ഹൈന്ദവ പിന്നോക്കക്കാർക്ക് വേണ്ടിയും കോളനികൾ സൃഷ്ടിക്കപ്പെടുന്ന കാലം വിദൂരമല്ല.
ആളെണ്ണമോ ആർഭാടമോ കൂടിയതുകൊണ്ട് ശിവഗിരിയാത്ര മഹത്തരമാകുന്നില്ല. ഗുരുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാവർത്തികമാകുമ്പോഴാണ് അത് സഫലമാവുക. ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാൻ സാധിച്ചു എന്ന ആത്മപരിശോധനകൂടി ഓരോ തീർത്ഥാടകനും സംഘാടകരും നടത്തണം. ഗുരുവാക്യങ്ങൾ ശിരസാവഹിച്ച് സ്വന്തം കാലിൽ നിൽക്കാനും സ്വാശ്രയത്വം കൈവരിക്കാനും ശ്രമിക്കുമ്പോഴേ സമ്പൂർണമായ മുന്നേറ്റം ഉണ്ടാകൂ. അർഹമായ ആനുകൂല്യങ്ങൾക്ക് വേണ്ടി പടപൊരുതുമ്പോഴും ഇതു തന്നെയാകണം പ്രഥമ പരിഗണന.
വർഷങ്ങൾക്ക് മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സാർത്ഥകമായി എന്ന് പരിശോധിക്കപ്പെടാനുള്ള അവസരം കൂടിയാവുന്നു ഓരോ തീർത്ഥാടന കാലവും. ഗുരുധർമം അടിസ്ഥാനമാക്കിയ സംഘടനകളെല്ലാം ഒരു കുടക്കീഴിൽ ഒരേ മനസോടെ ലക്ഷ്യ പ്രാപ്തിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള കലഹങ്ങൾ സമുദായത്തിന്റെ പുരോഗതിയെ ഒരുവിധത്തിലും ബാധിച്ചുകൂടാ. ഗുരുദേവൻ തെളിച്ച പന്ഥാവിലൂടെ ഒരേ മനസുമായി മുന്നേറുകയാണ് ഓരോ ശ്രീനാരായണീയന്റെയും കടമ. ശിവഗിരിയുടെ ആത്മീയ തേജസ് അതിന് കരുത്തുപകരാൻ ശേഷിയുള്ളതാണ്. ആ ചൈതന്യത്തിന് മുന്നിൽ ശിരസാ നമിച്ച് നമുക്കൊന്നായി മുന്നേറാം. പുതിയ ലക്ഷ്യങ്ങളും മാർഗങ്ങളുമായി നമുക്ക് പുതിയ വർഷത്തിലേക്ക് കടക്കാം. എല്ലാവർക്കും പുതവത്സര ആശംസകൾ നേരുന്നു.
http://news.keralakaumudi.com/news.php?nid=8ecbba1a5c21cacfb0c0beee0d539b89
0 comments:
Post a Comment