Saturday, 3 January 2015

ശ്രീനാരായണ ഗുരു; ശാസ്ത്രയുഗത്തിന്‍റെ ഋഷി

BY സ്വാമി സച്ചിദാനന്ദ (ശിവഗിരി തീര്‍ഥാടന കമ്മിറ്റിയുടെയും ദൈവദശകം ശതാബ്ദിയാഘോഷ കമ്മിറ്റിയുടെയും സെക്രട്ടറിയാണു ലേഖകന്‍).

ശ്രീനാരായണ ഗുരു കാലത്തിനു മുമ്പേ നടന്ന യതിവര്യനാണ്. വരാന്‍പോകുന്ന നൂറ്റാണ്ടുകളുടെ ചരിത്രത്തെ ആധ്യാത്മികമായ അനുഭൂതിയുടെ വെളിച്ചത്തില്‍ അഭിവീക്ഷണം ചെയ്ത ഗുരു ലോകത്തിനു മുഴുവന്‍ സ്വീകാര്യമായ ഒരു തത്വദര്‍ശനമാണു പ്രവചനം ചെയ്തത്. ശ്രീനാരായണ ഗുരുവിനെ ശാസ്ത്രയുഗത്തിന്‍റെ ഋഷി എന്നു വിശേഷിപ്പിക്കാറുണ്ട്. ആധുനിക ശാസ്ത്രത്തിന്‍റെ നേട്ടങ്ങളെയും കോട്ടങ്ങളെയും അന്തര്‍നേത്രംകൊണ്ടു കണ്ടറിഞ്ഞ് വേദാന്ത ശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവിനു സാധിച്ചു. അദ്ദേഹം അദ്വൈതിയായിരുന്നു. അദ്വൈതം ശ്രീനാരായണ ഗുരുവിന് ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് ഒരു ജീവിതപദ്ധതിയായിരുന്നു.
അദ്വൈതത്തെ മനുഷ്യനിഷ്ഠമായ ഒരു ദര്‍ശനമായി ഗുരു അവതരിപ്പിച്ചു. ഗുരുവിനു മുന്‍പ് ജീവിച്ചിരുന്ന മഹാനായ ഭാരതീയ ആചാര്യനാണ് ശ്രീശങ്കരാചാര്യര്‍. ഉപനിഷത്ത്, ഭഗവത് ഗീത, ബ്രഹ്മസൂത്രം എന്ന പ്രസ്ഥാനത്രയത്തിനു ഭാഷ്യം ചമച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ അദ്വൈത വേദാന്തം സമര്‍ഥിച്ചത്. ശങ്കരാചാര്യര്‍ക്കു ശേഷം 1300 വര്‍ഷം കഴിഞ്ഞാണ് ശ്രീനാരായണ ഗുരു കടന്നുവരുന്നത്. തത്വദര്‍ശനത്തിനു നാം ശങ്കരനെ പിന്തുടരുന്നുവെന്നു ഗുരു അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനര്‍ഥം, ശങ്കരന്‍ പറഞ്ഞത് അതേപോലെ ഗുരു പറഞ്ഞുവെന്നല്ല. അതൊരു പിന്തുടര്‍ച്ചയാണ്. ശങ്കരന്‍ അദ്വൈതിയാണ്. ഗുരുവും അദ്വൈതിതന്നെ. പക്ഷേ, അത് ഗുരു ചലനാത്മകമാക്കി. നിശ്ചലതയില്‍ നിന്നു ദര്‍ശനത്തെ, അദ്വൈതത്തെ ചലനാത്മകമാക്കി എന്നതാണ് ഗുരുവിന്‍റെ ശ്രദ്ധേയമായ സവിശേഷത. ഗുരു ഇവിടെ പ്രായോഗിക അദ്വൈതിയായി മാറുകയാണ്. ആ പ്രായോഗിക ദര്‍ശനത്തിന്‍റെ വെളിച്ചത്തിലാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതും തുടര്‍ന്ന് ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന എസ്എന്‍ഡിപി യോഗം സ്ഥാപിച്ചതും 1904ല്‍ വര്‍ക്കലയില്‍ ശിവഗിരി മഠം സ്ഥാപിച്ചതും 1928ല്‍ ജീവിതത്തിന്‍റെ സായാഹ്ന വേളയില്‍ ശ്രീനാരായണ ധര്‍മസംഘം എന്ന ശിഷ്യ സംഘം സ്ഥാപിച്ചതും.
സന്യാസസംഘം സ്ഥാപിച്ചത് തൃശൂര്‍ വച്ചായിരുന്നു. അവിടെനിന്നും ഗുരുദേവന്‍ കോട്ടയത്തേക്ക് എഴുന്നള്ളി. ജനുവരി മാസം 16ാം തിയതി കോട്ടയത്ത് ഗുരു വിശ്രമിച്ചു. നാഗമ്പടം ക്ഷേത്രാങ്കണത്തിലായിരുന്നു വിശ്രമം. ഗുരുവിനോടൊപ്പം ശിഷ്യന്‍മാരായ ശ്രീനാരായണതീര്‍ഥ സ്വാമി, നരസിംഹ സ്വാമി, ഗോപാലന്‍ തന്ത്രികള്‍, കൊപ്രാത്തല ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ ശിഷ്യന്‍മാരുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്രനടയില്‍ ഒരു ചാരുകസേരയില്‍ ഒരു തേന്‍മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്ന പാവനചരിതനായ ഗുരുവിനെ ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. അങ്ങനെ എത്തപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ടുപേര്‍ സവിശേഷമായ ശ്രദ്ധ ആകര്‍ഷിച്ചു. ഒന്ന് വല്ലവശേരി ഗോവിന്ദനാശാന്‍, മറ്റെയാള്‍ ടി.കെ. കിട്ടന്‍ റൈറ്റര്‍. ശിവഗിരി തീര്‍ഥാടനമെന്ന ആശയം അവരാണു ഗുരുവിന്‍റെ സന്നിധാനത്തില്‍ അവതരിപ്പിച്ചത്.
ഇങ്ങനെയൊരു ആശയത്തെ കുറിച്ച് ആദ്യമായി പരിചിന്തനം ചെയ്തത് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കരാണെന്ന അഭിപ്രായവുമുണ്ട്. വല്ലവശേരിയുടെയും കിട്ടന്‍ റൈറ്ററുടെയും ഒരു ബന്ധുകൂടിയാണ് മൂലൂരാശാന്‍. അദ്ദേഹം കോട്ടയത്തുണ്ടായിരുന്നെങ്കിലും സാഹിത്യ സമ്മേളനത്തിനു പോകേണ്ടതുള്ളതുകൊണ്ട് ആശയം ഈ രണ്ടുപേരെയും ഏല്‍പ്പിച്ചുവെന്നും അവര്‍ അങ്ങനെ ഗുരുസന്നിധിയില്‍ അതവതരിപ്പിച്ചുവെന്നുമാണു പറയപ്പെടുന്നത്. ഏതുമാകട്ടെ ശിവഗിരി തീര്‍ഥാടനത്തിന്‍റെ അനുമതി തേടാന്‍ ഈ രണ്ടുപേര്‍ക്കും സാധിച്ചു. ക്രിസ്ത്യാനികള്‍ വത്തിക്കാനിലും റോമിലും പോകുന്നു. മുസ്ലിംകള്‍ മക്കയിലും മദീനയിലും പോകുന്നു. ഹിന്ദുക്കള്‍ കാശി, രാമേശ്വരം, ശബരിമല, തിരുപ്പതിയില്‍ പോകുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ഭക്തന്‍മാരായ അനുയായികളായ ഞങ്ങള്‍ക്ക് ശിവഗിരിയെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം. ഇതായിരുന്നു അവരുടെ ആവശ്യം.
ഗുരുവിന് വളരെ സന്തോഷമായി. ഗുരു പറഞ്ഞു, ഇങ്ങനെയെല്ലാം ഉത്സാഹിക്കണം. വിദ്യാദേവതയായ ശാരദാദേവിയെ വന്ദിക്കാന്‍ നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം. ജാതി- മത ഭേദചിന്തകള്‍ക്കതീതമായി ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്ന, ആരാധിക്കുന്ന ജനലക്ഷങ്ങള്‍ ഗുരുവിനൊപ്പം ഉണ്ടായിരിക്കും എന്നൊരു പ്രതിജ്ഞകൂടി അവിടെ നടന്നു.
അദ്വൈതിയായിരുന്ന ശ്രീനാരായണ ഗുരു സര്‍വ ദാര്‍ശനിക ചിന്താധാരകളെയും അദ്വൈതത്തോടു ചേര്‍ത്തു സമന്വയിപ്പിക്കുന്നുണ്ട്. ശിവഗിരി തീര്‍ഥാടന സന്ദേശത്തിലും ഈ അദ്വൈത വേദാന്ത സര്‍വമത സമന്വയം കാണാന്‍ സാധിക്കും. യൂറോപ്യന്‍മാരായ ക്രിസ്ത്യാനികളുടെ ആണ്ടുപിറപ്പായ ജനുവരി ഒന്നിന് എത്തിച്ചേരാന്‍ ഗുരു കല്‍പ്പിച്ചു. മഞ്ഞവസ്ത്രം ധരിച്ചുവേണം വരാന്‍. മഞ്ഞയെന്നു പറഞ്ഞപ്പോള്‍ ഭഗവാന്‍ അരുള്‍ചെയ്തു, ബുദ്ധന്‍റെയും കൃഷ്ണന്‍റെയും മുണ്ട്, നമുക്കിത് പണ്ടേ ഉള്ളതാണ്. പണ്ട് ബുദ്ധനായും കൃഷ്ണനായും വന്നയാള്‍തന്നെ ഇപ്പോള്‍ ശ്രീനാരായണ ഗുരുവായി വന്നിരിക്കുന്നുവെന്നു താത്പര്യം. പഞ്ചശുദ്ധി പഞ്ചധര്‍മം വ്രതമനുഷ്ഠിച്ചു വേണം എത്താന്‍. വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നുള്ള പഞ്ച ശുദ്ധിയും അഹിംസ, സത്യാഹസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, മദ്യവര്‍ജനം എന്നുള്ള പഞ്ചധര്‍മങ്ങളും അനുഷ്ഠിച്ച് മത്സ്യവും മാംസവും മദ്യവും ഉപേക്ഷിച്ച് പത്തുദിവസം പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിച്ച് ശിവഗിരിയിലെത്താന്‍ ഗുരു ഉപദേശിച്ചു. സാഹോദര്യ മന്ത്രങ്ങള്‍ ഉരുവിട്ടു വരാന്‍ ഗുരു അരുള്‍ ചെയ്തു.
എല്ലാ മതത്തിന്‍റെയും സാരത്തെ അപഗ്രഥിച്ച് അദ്വൈതസാരത്തോടു ചേര്‍ത്ത് ഘടിപ്പിച്ച്, ശാസ്ത്രത്തിന്‍റെ വളര്‍ച്ചയെ മുന്നില്‍ക്കണ്ട് അറിവിന്‍റെ തീര്‍ഥാടനം അങ്ങനെയാണ് ആരംഭിച്ചത്. പാപംപോക്കി പുണ്യം നേടുക എന്നുള്ള പരമ്പരാഗത തീര്‍ഥാടന വിശ്വാസമുണ്ട്. എല്ലായിടത്തും എല്ലാ പുണ്യനികേതനങ്ങളിലും തീര്‍ഥാടന പുണ്യം നേടുന്നത് അങ്ങനെയാണ്. ഇവിടെ പാപം പോക്കി പുണ്യം നേടുക എന്നതിനപ്പുറത്ത് ഗുരു അരുള്‍ ചെയ്തു, അറിവു നേടണം. ഇത് അറിവിന്‍റെ തീര്‍ഥാടനമാകണം. ശിവഗിരിയില്‍ എത്തുന്ന ആളുകള്‍ അറിവു നേടി പ്രായോഗിക ജ്ഞാനം നേടി ജീവിതത്തെ ധന്യമാക്കണം.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, തൊഴില്‍, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ടു കാര്യങ്ങളെ ഗുരു ഉപദേശിച്ചു. വിദ്യാഭ്യാസമാണ് അടിസ്ഥാനം. വിദ്യയാണ് ഇരുകാലിമാടുകളെ മൃഗങ്ങളാക്കി മാറ്റുന്നതെന്നു പറഞ്ഞു. വിദ്യ ഉണ്ടാകണം. അതോടൊപ്പം ശുചിത്വമുണ്ടാകണം. ശുചിത്വമുള്ളവനെ ആരും മാറ്റിനിര്‍ത്തില്ല. ശുചിത്വമാണ് ഈശ്വരനെന്നു ഗുരു അരുള്‍ ചെയ്തു. വിദ്യാഭ്യാസവും ശുചിത്വവും. ഇതോടൊപ്പം മൂന്നാമത് ഈശ്വരഭക്തി പറഞ്ഞു. പിന്നെ കൃഷി പറഞ്ഞു. കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയാണ് ലോകത്തിന്‍റെ നട്ടെല്ല്. ഇന്ന് ഭാരതം ഉയര്‍ച്ചയുടെ പുരോഗതിയിലാണ്. പക്ഷേ, എവിടെയെത്തിയാലും അടിസ്ഥാനം നമ്മുടെ വയറിന്‍റെ കാര്യമാണ്. അതുകൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയാണ് ലോകത്തിന്‍റെ നട്ടെല്ലെന്നു പറയാനും ഗുരു മറന്നില്ല.
പിന്നെ ചെറുകിട വ്യവസായം. വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കണമെന്നു പറഞ്ഞു. പിന്നെ സംഘടനാശക്തി. സംഘേശക്തി കലിയുഗേ. സംഘശക്തി കലിയുഗത്തില്‍ ആവശ്യമാണ്. ഏറ്റവും അവസാനം സാങ്കേതിക ശാസ്ത്ര പരിശീലനം. ഒരു പുണ്യദേവാലയത്തില്‍ ആശ്രമത്തില്‍ തീര്‍ഥാടനം ചെയ്യുമ്പോള്‍ അതോടൊപ്പം ആധുനിക ശാസ്ത്രസമസ്യകളെ കുറിച്ചു പഠിക്കണം എന്നു ലോകചരിത്രത്തില്‍ മറ്റൊരു ഗുരുവും മറ്റൊരു ശാസ്ത്രകാരനും പറഞ്ഞുവച്ചിട്ടില്ല. ശ്രീനാരായണ ഗുരുവിനെ അനുപമനാക്കുന്നത് ഈ ദര്‍ശനമാണ്. ശിവഗിരിയില്‍ വിദ്യകൊണ്ട് സ്വതന്ത്രനാകൂ എന്ന സന്ദേശത്തിന്‍റെ സാക്ഷാത്കാരമെന്നോണം ശാരദാമഠം സ്ഥാപിച്ചപ്പോള്‍ അവിടെ സ്ത്രീസമ്മേളനവും വിദ്യാര്‍ഥിസമ്മേളനവും ഏര്‍പ്പാട് ചെയ്തു. സ്പോര്‍ട്സും ഗെയിംസും ഗുരു സംഘടിപ്പിച്ചു.
ഒരു ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാവേളയില്‍, മഹോത്സവത്തില്‍ ഇങ്ങനെയുള്ള സമ്മേളനങ്ങളും അതോടൊപ്പം സ്പോര്‍ട്സും ഗെയിംസും 102 വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഘടിപ്പിച്ചത്. ഭാരതത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കും അത്. ഒരു ദേവാലയത്തോടു ചേര്‍ന്നും ഒരു ആശ്രമത്തോടു ചേര്‍ന്നും അതും പ്രതിഷ്ഠാ വേളകളില്‍ സ്പോര്‍ട്സും ഗെയിംസും സംഘടിപ്പിക്കണമെന്നുള്ള പരിഷ്കൃതി ഇന്നും ഈ 2014 ഡിസംബര്‍ അവസാനത്തില്‍പ്പോലും ലോകചരിത്രത്തില്‍ ഒരാളുടെ ചിന്തയിലും ഉദിച്ചിട്ടുണ്ടാകില്ല. അത്രയേറെ പരിഷ്കാരിയായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹം ഉപദേശിച്ച എട്ടു കാര്യങ്ങള്‍ ഒരു സമുദായത്തിനെയല്ല, ഒരു മതത്തിനല്ല, രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചയ്ക്കുള്ളതാണ്. ഒരു രാജ്യം ഭൗതികവും ആധ്യാത്മികവുമായി വളരുമ്പോഴാണ് സമൂഹത്തിനു സംതൃപ്തിയും സന്തോഷവും ലഭിക്കുന്നത്, ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. മനുഷ്യജീവിതത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് ആവശ്യമായ തത്വങ്ങളെല്ലാം ഈ എട്ടു കാര്യങ്ങളില്‍ ഗുരു ക്രോഡീകരിച്ചിട്ടുണ്ട്.
ആധുനിക കേരളം ചെയ്ത ഏറ്റവും വലിയ അപരാധം ഈ വിശ്വദര്‍ശനം ഒരു സമുദായത്തിന്‍റെ, ഈഴവ സമുദായത്തിന്‍റെ ദര്‍ശനമാക്കി മാറ്റി എന്നതാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ നയിക്കുന്നവര്‍, ശ്രീനാരായണ ഗുരുവിനെ ഒരു വൃത്തത്തിനുള്ളില്‍, ഈഴവസമുദായത്തിന്‍റെ വൃത്തത്തിനുള്ളിലാക്കി അടക്കിയൊതുക്കി മാറ്റിക്കളഞ്ഞു. നായന്‍മാര്‍ക്ക് ചട്ടമ്പി സ്വാമി, പുലയര്‍ക്ക് അയ്യന്‍കാളി, ഈഴവര്‍ക്ക് ശ്രീനാരായണ ഗുരു ഈ പ്രതീതി സൃഷ്ടിക്കാനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിനീതമായി അഭ്യര്‍ഥിക്കട്ടെ, ഇനിയെങ്കിലും കേരളീയ ജനത ഈ തെറ്റായ പ്രചാരണത്തില്‍ നിന്നും മാറിനില്‍ക്കണം.
ഗുരു പ്രഖ്യാപിച്ചിട്ടുണ്ട്, നാമൊരു പ്രത്യേക ജാതിയിലോ, മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന്. ശ്രീനാരായണ ഗുരു അദ്വൈത സിദ്ധാന്തത്തെ സാക്ഷാത്കരിച്ച ഋഷിയാണ്, വിശ്വമഹാഗുരുവാണ്. അവിടുത്തേക്ക് സങ്കുചിതമായ ജാതി- മത ഭേദ ചിന്താഗതികളുണ്ടായിരുന്നില്ല. ലോകത്തെ മുഴുവന്‍ ഒന്നായിക്കണ്ട വിശ്വമഹാഗുരു ഒരു സമഗ്രമായ ജീവിതലക്ഷ്യം, ഒരു മനുഷ്യനിഷ്ഠമായ ദര്‍ശനം, ലോകത്തിനു സമര്‍പ്പിച്ചു. അതിന്‍റെ അനുചരണം സായാഹ്ന ഗീതോപദേശമെന്നു പറയുന്ന ശിവഗിരി തീര്‍ഥാടന സന്ദേശത്തിലുണ്ട്.
82ാമതു ശിവഗിരി തീര്‍ഥാടനം ഇതില്‍ ഊന്നി നിന്നുകൊണ്ടാണു സംഘടിപ്പിച്ചിരിക്കുന്നത്. ദൈവദശകത്തിന്‍റെ ശതാബ്ദി ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേപ്പറില്‍ ദൈവദശകം എഴുതുന്നു. 13 ഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെട്ട ദൈവദശകം അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷകളില്‍ എഴുതാം. മുപ്പതിനായിരം ആളുകള്‍ക്കെഴുതാം. ഇതെഴുതി പൂര്‍ത്തീകരിക്കുമ്പോള്‍ ലോകസമാധാനത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്ര സഭയിലേക്ക് ഇതു സമര്‍പ്പണം ചെയ്യുന്നു.
അതോടൊപ്പം ഗുരുദേവന്‍റെ മഹാസമാധി ദിനമായ സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി, ലോകമത സൗഹാര്‍ദ ദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയോടു ശിവഗിരി മഠം ആവശ്യപ്പെടുന്നു. മതസൗഹാര്‍ദ ദിനമായി ഗുരുദേവന്‍റെ മഹാസമാധി ദിനം മാറണം. കൂടാതെ ഡിസംബര്‍ 30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വച്ച് 6.30 മുതല്‍ 6.40 വരെ പത്തു മിനിറ്റ് നേരം ലോകമനസ് ശിവഗിരിയിലേക്ക് എന്നുള്ള പരിപാടി നടത്തുന്നു. ശിവഗിരിയിലെ വേദിയില്‍ നിന്ന് ദൈവദശകം ചൊല്ലുന്നു. ആ ദൈവദശകം ലോകത്തിന്‍റെ നാനാഭാഗത്തുമിരുന്നു ഭക്തര്‍ ഏറ്റുചൊല്ലും. ആ സമയത്ത് അമെരിക്കയില്‍ വെളുപ്പാന്‍കാലമാണ്. ഓരോ രാജ്യത്ത് ഓരോ സമയത്താണ്. ഇവരെല്ലാം ഈ സമയത്ത് ഒന്നായി കാത്തിരുന്ന് ലോകമനസ് ശിവഗിരിയിലേക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നു.
ആ പരിപാടിയുടെ നിറവില്‍ 82ാമതു ശിവഗിരി തീര്‍ഥാടനത്തിനു 15 സമ്മേളനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അഞ്ചു മന്ത്രിമാര്‍ പങ്കെടുക്കുന്നു. രാജ്നാഥ് സിങ്, ബംഗാരു ദത്താത്രേയ, രാംവിലാസ് പാസ്വാന്‍, വെങ്കയ്യ നായിഡു, ഡോ. മഹേഷ് ശര്‍മ തുടങ്ങിയവരാണു കേന്ദ്രമന്ത്രിമാര്‍. കേരളത്തിലെ മന്ത്രിമാരും സാമൂഹിക സാംസ്കാരിക നായകന്‍മാരും പങ്കെടുക്കും. എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധമായ ശിവഗിരി തീര്‍ഥാടനാശംസകളും നവവത്സരാശംസകളും നേരുന്നു.


0 comments:

Post a Comment