Sunday 18 January 2015

അരുവിപ്പുറം പ്രതിഷ്ഠ


സവര്‍ണ-അവര്‍ണ വിവേചനം കൊടികുത്തി വാണകാലമായിരുന്നു അത്. അധഃസ്ഥിതരും അവര്‍ണരും ആക്കപ്പെട്ടിരുന്ന ഈഴവര്‍, പുലയര്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആരാധിക്കാനോ അന്ന് അവകാശം നല്കിയിരുന്നില്ല. സവര്‍ണരെ സ്പര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്തുകൂടായിരുന്നു. സംസാരത്തിലും സാമീപ്യത്തിലും അടിയകലങ്ങള്‍ പാലിക്കണമായിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഇത്തരം അയിത്താചാരങ്ങള്‍ സമുദായശരീരത്തിനു പിടിപെട്ട മഹാരോഗമാണെന്ന് നാരായണഗുരു തിരിച്ചറിഞ്ഞു. ഇതിനുള്ള പ്രതിവിധി തേടുകയായിരുന്നു ഗുരു. കേരള ചരിത്രത്തെ അടിമുടി മാറ്റിമറിച്ച അരുവിപ്പുറം പ്രതിഷ്ഠ അതിന്റെ തുടക്കമായി.
മരുത്വാമലയിലെ ഏകാന്തധ്യാനം കഴിഞ്ഞാണ് നാരായണഗുരു അരുവിപ്പുറത്ത് എത്തിയത്. നെയ്യാറ്റിന്‍കരയ്ക്കു സമീപം നെയ്യാറിന്റെ കരയിലുള്ള ഈ പ്രദേശം കുന്നും മലകളും കാടും നിറഞ്ഞ ഇടമായിരുന്നു. ഇവിടെ നാരായണഗുരുവിന്റെ സാന്നിധ്യമറിഞ്ഞ് നിരവധി ഭക്തര്‍ എത്തിച്ചേര്‍ന്നിരുന്നു. രോഗശമനത്തിനുള്ള ഉപദേശങ്ങള്‍ നല്കുക, ശാസ്ത്രാര്‍ഥങ്ങള്‍ വ്യാഖ്യാനിച്ചു നല്കുക. പാവപ്പെട്ടവരെ ആശ്വസിപ്പിക്കുക തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്ന ഗുരുവിനെ കാണാന്‍ ക്രമേണ തിരക്കേറിവന്നു. ബന്ധുക്കള്‍പോലും സ്പര്‍ശിക്കാന്‍ മടിച്ചിരുന്ന കുഷ്ഠരോഗികള്‍ ഉള്‍പ്പെടുന്നവരെ ചികിത്സിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത്, ഇദ്ദേഹം സമൂഹത്തെ അദ്ഭുതപ്പെടുത്തി. അക്കാലത്ത് 'സ്വാമി' എന്ന് ജനം ഇദ്ദേഹത്തെ അഭിസംബോധന ചെയ്യുവാന്‍ തുടങ്ങിയിരുന്നു.
അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അക്കാലത്ത് ഏവര്‍ക്കും പ്രവേശനമുള്ള ഒരു ക്ഷേത്രം സ്ഥാപിക്കുക എന്നത് കീഴാളസമൂഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. എന്നാല്‍, പ്രതിഷ്ഠ നടത്തുകയെന്നത് ബ്രാഹ്മണര്‍ക്കുമാത്രം നല്കപ്പെട്ടിരുന്ന അധികാരമായിരുന്നുവെന്നത് അതിന് തടസ്സങ്ങള്‍ തീര്‍ത്തു. എന്നാല്‍, 1888-ലെ ശിവരാത്രിയാഘോഷങ്ങളോടനുബന്ധിച്ച് ഗുരു ആ ലക്ഷ്യം സഫലമാക്കി. ജാതീയ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, നെയ്യാറിന്റെ കിഴക്കേതീരത്തുള്ള പാറയെ പീഠമായി സങ്കല്പിച്ച് നദിയില്‍നിന്ന് ശിവലിംഗാകൃതിയില്‍ഒരു കല്ല് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഗുരു അത് നിര്‍വഹിച്ചത്. സ്വാമി വിചാരിച്ചതിലും ശക്തമായിരുന്നു ആ ശിവ പ്രതിഷ്ഠയുടെ പ്രത്യാഘാതം. സാമൂഹ്യജീവിതത്തില്‍ നൂറ്റാണ്ടുകളായി വിവേചനത്തിന്റെയും യാതനയുടെയും പ്രതീകമായി, ജീവിതത്തെ ശപിച്ചുകഴിയേണ്ടിവന്ന അവര്‍ണജനതയ്ക്ക്, അത് ആശ്വാസവും ആവേശവും പുതുപ്രത്യാശയും പകര്‍ന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉച്ചനീചത്വം കല്പിച്ച പഴയ വിശ്വാസസംഹിതകളുടെ സ്ഥാനത്ത് പുതുമാനവികതാബോധം തിരിച്ചറിയപ്പെട്ടു. 

Posted on Facebook Group by : Sree Hari Sreejesh

0 comments:

Post a Comment