19-ാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥകൾക്കും അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ ഒറ്റയ്ക്കു പടപൊരുതി, തന്റെ ജീവിതം തന്നെ താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ബലിയർപ്പിച്ച ഒരു അതുല്യ വിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
1851 ൽ അന്നത്തെ ജാതി വ്യവസ്ഥയിലെ തൊട്ടുകൂടാത്തവർക്കും തീണ്ടികൂടാത്തവർക്കും വേണ്ടി ഒരു ശിവക്ഷേത്രം തന്റെ ജന്മസ്ഥലമായ ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ചു കൊണ്ടായിരുന്നു സാമൂഹ്യ അനാചാരങ്ങൾക്കും അനീതികൾക്കുമെതിരേയുള്ള വിപ്ലവത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.
1858ൽ കായംകുളത്ത് ഒരു ഈഴവയുവതി മാറുമറച്ചു കമ്പോളത്തിൽ പോയപ്പോൾ ജാതിക്കോമരങ്ങൾ അവരെ ആക്രമിച്ച്, മാറിൽ കിടന്ന തുണിവലിച്ചുകീറി ശാരീരികമായി ഉപദ്രവിച്ചതിനു പുറമേ അവരുടെ മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിച്ചു. ഈ അക്രമികളെ വേലായുധപ്പണിക്കരും അനുയായികളും യുദ്ധസന്നാഹങ്ങളോടെ കമ്പോളത്തിലെത്തി എതിർത്തുതോല്പിച്ചു. . ഇതിനുശേഷമാണ് തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ ലഹള ആരംഭിക്കുകയും സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം 1859 ലെ രാജകീയ വിളംബരത്തിലൂടെ നേടിയെടുക്കുകയും ചെയ്തത്.
1866ൽ കാർഷികത്തൊഴിലാളികളെ സംഘടിപ്പിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ പണിമുടക്കാണ് ലോകചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം. മാന്യമായി മുട്ടിനു താഴെ കണങ്കാൽ വരെ നീട്ടി മുണ്ടുടുത്തു നടന്നതിന് ഒരു ധനിക കുടുംബത്തിലെ ഈഴവ സ്ത്രീയെ കുറേ സവർണ്ണ പ്രമാണിമാർ ചേർന്ന് അധിക്ഷേപിച്ചു. മുണ്ടിന്മേൽ മുറുക്കിത്തുപ്പി. കണങ്കാൽ വരെ നീട്ടിമുണ്ടുടുത്തതായിരുന്നു അവർ ചെയ്ത അപരാധം. മനുഷ്യത്വഹീനമായ ഈ സംഭവം ആ വിപ്ലവകാരിയെ ക്ഷുഭിതനാക്കി. ധാർമ്മികരോഷം അദ്ദേഹത്തിൽ ജ്വലിച്ചുയർന്നു. പണിയെടുത്തിരുന്ന കീഴാളരെ ഒരുമിച്ചു നിർത്തി കൃഷിപ്പണികൾ ബഹിഷ്ക്കരിക്കാൻ വേലായുധപ്പണിക്കർ ആഹ്വാനം ചെയ്തു. സമരം നീണ്ടുപോയപ്പോൾ പ്രമാണിമാർക്കു ചെയ്ത തെറ്റിനു പരസ്യമായി മാപ്പു പറയേണ്ടിവന്നു. അതിനുശേഷമാണ് ഈ നിസ്സഹകരണ സമരം അവസാനിപ്പിച്ചത്. അങ്ങനെ ചരിത്രത്തിലെ ആദ്യകർഷകത്തൊഴിലാളി സമരം പൂർണവിജയം നേടി.
പണിക്കരുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം തന്നെ അദ്ദേഹത്തിനോടുള്ള പ്രമാണിമാരുടെ എതിർപ്പും വർദ്ധിച്ചിരുന്നു. നേരിട്ട് എതിർക്കാൻ കഴിയാതിരുന്ന പ്രമാണികൾ, പണിക്കർ ഒരിക്കൽ ശിക്ഷിച്ചു പുറത്താക്കിയ തൊപ്പിയിട്ട കിട്ടൻ എന്ന മുൻകാര്യസ്ഥന്റെ നേതൃത്വത്തിൽ സംഘം ചേർന്നു. ഒരു കേസിന്റെ ആവശ്യത്തിന് രാവിലെ കൊല്ലത്ത് എത്തുന്നതിനായി തലേന്ന് രാത്രിയിൽ തണ്ടുവെച്ച ബോട്ടിൽ വീട്ടിൽ നിന്നും യാത്ര തിരിച്ച വേലായുധപ്പണിക്കരെ അദ്ദേഹം അറിയാതെ കേവു വള്ളത്തിൽ ഇവരിൽ ചിലർ പിൻതുടർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. ബോട്ട് കായംകുളം കായലിലെത്തി. പണിക്കർ നല്ല ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. കേവുവള്ളത്തിൽ വന്നവർ പണിക്കരെ ചില അടിയന്തിര കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന്തണ്ടുവലിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ച് ബോട്ട് നിർത്തിച്ച് അതിൽ കയറി. അതിലൊരാൾ പണിക്കർ ഉറങ്ങിക്കിടന്ന അറയിൽക്കയറി ഒളിപ്പിച്ചുവെച്ചിരുന്ന കഠാരി ആ ഉറങ്ങുന്ന സിംഹത്തിന്റെ വിരിമാറിൽ നിഷ്ക്കരുണം കുത്തിയിറക്കി. അങ്ങനെ 1049 ധനുമാസം 24 ന് (1874 ജനുവരി 8) അർദ്ധരാത്രി കഴിഞ്ഞ സമയത്ത് തന്റെ 49-ാം വയസിൽ ആ പുരുഷ കേസരി ആ കിടപ്പിൽതന്നെ അന്ത്യശ്വാസം വലിച്ചു.
(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻചെയർമാനാണ് ലേഖകൻ)
http://news.keralakaumudi.com/news.php?nid=fcd8518f0e1c7f879467e7813af4fd5b#.VK_vefXB_nI.facebook
0 comments:
Post a Comment