Tuesday 6 January 2015

പാപനാശത്തിന്റെ പുണ്യ തീരത്ത്


പാപനാശിനി ഗംഗയാണെന്ന് ഭാരത സംസ്കാ രത്തില്‍ ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. കേരളത്തില്‍ പമ്പ, ഭാരതപ്പുഴ തുടങ്ങിയ നദിക ളെയും നമ്മള്‍ അങ്ങനെ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ വര്‍ക്കല പാപ നാശം കടല്തീരത്തിനും ഇത്തരത്തില്‍ ഒരു പ്രത്യേകതയുണ്ട്. 













കര്‍ക്കിടക വാവ് ബലി ദിവസം വര്‍ക്കല പാപ നാശം തീരത്ത്‌ ആയിരക്കണക്കിന് ഭക്തര്‍ തങ്ങളുടെ ഉറ്റവര്‍ക്ക് ‌വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യാനും അവരുടെ ശേഷിപ്പുകളും ചിതാ ഭസ്മ വുമെല്ലാം നിമഞ്ജനം ചെയ്യുവാനു മൊക്കെയായി കാശിയിലെന്ന പോലെ ഇവിടെയും എത്തുന്നു. പാപനാശം എന്നും വര്‍ക്കല എന്നും ഈ കടല്‍ത്തീരത്തിന് പേര് വീണതിനു പിന്നില്‍ പല പല ഐതിഹ്യങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നുണ്ട് ; ഒരിക്കല്‍ നാരദ മുനിയുടെ സമീപം ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ പാപ പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയെത്തി. അപ്പോള്‍ നാരദമഹര്‍ഷി ഒരു വല്ക്കലം ( മരത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ വസ്ത്രം) കടലിലേക്ക്‌ വലിച്ചെറിയുകയും അത് പിന്നീട് ഒരു കരയായി രൂപം ചെയ്തു എന്നും വല്ക്കലം പിന്നീട് വര്‍ക്കല യായെന്നും വിശ്വാസം. ഇവിടുത്തെ സ്നാനം ഒരു മനുഷ്യ ജന്മത്തിന്റെ പാപങ്ങള്‍ ഒഴുക്കി കളയുമെന്ന് വിശ്വാസങ്ങള്‍ പറയുന്നു. പാപ നാശത്തിലൊന്നു കുളിച്ചാല്‍ പാപങ്ങള്‍ തീരുമെന്ന് വിശ്വസിച്ച് ഇവിടെയെത്തുന്നത് നിരവധിപേര്‍. 

ഈ സമുദ്രതീരത്തിന് കേരളത്തിന്റെ ടൂറിസം മാപ്പില്‍ സുപ്രധാന സ്ഥാനമാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 50 കി.മി വടക്ക് പടിഞ്ഞാറും കൊല്ലം ജില്ലയില്‍ നിന്ന് 37 കി.മി തെക്ക് പടിഞ്ഞാറുമാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്. കോവളം പോലെ തന്നെ ഈ കടല്ത്തീരം വേനല്‍ക്കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കടല്ത്തീരത്തോട് ചേര്‍ന്നുള്ള കുന്നുകളാണ് വര്‍ക്കല തീരത്തിന് വശ്യമായ സൌന്ദര്യം നല്കുതന്നത്. എണ്‍പതുകളിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി വര്‍ക്കല കുന്നുകളുടെ മുകളില്‍ ഹെലിപ്പാഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ വര്‍ക്കല തീരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. സുപ്രസിദ്ധമായ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.  2000 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ത്യയിലെ പ്രധാന വൈഷ്ണവ പ്രതിഷ്ഠകളില്‍ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഇത്. 'ദക്ഷിണ കാശി' എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വളരെ മനോഹരമായ വാസ്തു ശില്പ്പങ്ങള്‍ കൊണ്ട് തന്നെ ചുറ്റമ്പലം വളരെ ആകര്‍ഷണീയമാണ്. രൂപകല്‍പ്പന കൊണ്ട് ഈ അമ്പലം വളരെ പ്രത്യേകതകളുള്ളതാണ് എങ്കിലും വളരെ പൌരാണികമായ ഒരു ഭാരത സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. പടവുകള്‍ കയറി കല്ലുപാകിയ അമ്പലമുറ്റത്തേക്ക് കയറുമ്പോള്‍ ഇടതു ഭാഗത്ത് ഒരു കല്ലുകെട്ടിയ കിണര്‍ കാണാം. ഇത് വര്‍ഷങ്ങളായി ശുദ്ധജലം വറ്റാതെ ഒഴുകുന്ന ഒരു അരുവിയാണ്. ഇതുപോലെ നിരവധി ചെറു അരുവികള്‍ വര്‍ക്കല കുന്നുകളിലുണ്ട്.  'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന് കേരള ജനതയ്ക്ക് സന്ദേശമേകിയ നവോഥാന നായകന്‍ ശ്രീ നാരായണഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി മഠം സ്ഥിതി ചെയ്യുന്നതും മനോഹരമായ വര്‍ക്കലയില്‍ തന്നെയാണ്. ശ്രീ നാരായണഗുരുവിന്റെ ആശ്രമമായിരുന്ന വര്‍ക്കലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്ര പുരുഷന്‍ താമസിച്ചിരുന്ന വീടും അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നു വടികളും ചാരു കസേരയുമെല്ലാം തന്നെ ഇന്നുംപവിത്രമായി അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ വിളംബരവും ചെമ്പഴന്തി ആശ്രമത്തിന്റെ ചുവരുകളില്‍ കാണാം. ശ്രീ നാരായണധര്‍മ്മ പരിപാലന യോഗം (SNDP) തുടങ്ങിയ കാലത്തെ രേഖകളും പ്രവര്‍ത്തനത്തിന്റെ പ്രധാന നാഴികക്കല്ലുകളുടെ രേഖകളുമെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗുരുദേവന്‍ സഞ്ചരിച്ച വാഹനവും പ്രത്യേക മണ്ഡപത്തില്‍ വെച്ചിട്ടുണ്ട്. അവിടെ എത്തുന്ന ഓരോ യാത്രികര്‍ക്കും ജാതി മത ഭേദമന്യേ വര്‍ക്കല മുഴുവന്‍ ചുറ്റിക്കാണാം. ശിവഗിരിക്കുന്നില്‍ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശാരദാമഠവും കാണാം. 1912 ലാണ് ശാരദാ ദേവിയുടെ (the goddess of knowledge) പ്രതിഷ്ഠ ഗുരു തന്നെ ഇവിടെ സ്ഥാപിച്ചത്. അധ:കൃതരുടെ കുട്ടികളെ വിദ്യ അഭ്യസിക്കുവാന്‍ ഈ ശാരദാ മഠത്തില്‍ ഗുരുവും അനുയായികളും സമയം കണ്ടെത്തിയിരുന്നു. വര്‍ഷാ വര്‍ഷം ശിവഗിരിയില്‍ പ്രത്യേക പൂജകളും ലക്ഷാര്‍ച്ചനയും അന്നദാനവുമെല്ലാം നടത്താറുണ്ട്‌. ശിവഗിരിക്കുന്ന് സമുദ്രത്തിന് സമീപമായത് കൊണ്ട് തന്നെ സദാ ഒരിളം കാറ്റ് കൊണ്ട് അവിടം കുളിര്‍മയുള്ളതാകുന്നു. നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ഗുരുവിന്റെ സമാധി മണ്ഡപത്തിന്റെ അപൂര്‍വ്വമായ ആര്‍ക്കി ട്ടെക്ചറല്‍ സിംഫണി. അതിന്റെ രൂപ കല്‍പ്പനയും അവിടുത്തെ അന്തരീക്ഷവും നമ്മെ അവിടെ കുറച്ചു സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ആശ്രമത്തിലെ ഭക്ഷ്യലതാദികളുപയോഗിച്ചാണ് അവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് സദ്യ ഒരുക്കുന്നത്. ഏതു കാലാവസ്ഥയിലും ഇവിടുത്തെ പച്ചക്കറിത്തോട്ടം ആയിരക്കണക്കിന് ആളുകള്‍ക്ക് ആഹാരം നല്‍കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതാണ്. ജനുവരി മാസമാണ് ശിവഗിരി തീര്‍ഥാടന കാലഘട്ടം. എങ്കിലും എല്ലാ മാസങ്ങളിലും ഇവിടെ സന്ദര്‍ശകരെത്താറുണ്ട്. ദിവാന്‍ ശേശായ 1880ല്‍ പണിത വര്‍ക്കല തുരംഗവും ചരിത്ര പരമായി വര്‍ക്കലയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. ശിവഗിരിക്കുന്നില്‍ നാം നില്ക്കു മ്പോള്‍ കാഴ്ചയുടെയും ഭക്തിയുടെയും ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെടുമെങ്കിലും അവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും വൈകാരികമായി ലഭിക്കുന്ന ശാന്തതയ്ക്കും സമാധാനത്തിനും വ്യക്തിപരമായി നാം നിര്‍വ്വചനങ്ങള്‍ നല്‍കേണ്ടിയിരിക്കുന്നു. 

രാഖി രമേഷ്

0 comments:

Post a Comment