Friday 9 January 2015

ഗുരുദർശനത്തിന്റെ തനിമ - സ്വാമി ഗുരുപ്രസാദ്

Posted on: Monday, 29 December 2014

82-ാമത് ശിവഗിരി തീർത്ഥാടനം നാളെ മുതൽ
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്.

ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്. ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന് ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക് പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന് ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക്  പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ് കൊടുക്കട്ടെയെന്ന്  പ്രാർത്ഥിക്കാം.

മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി  പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും  രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ പൂർണമായ ജീവിതം നിർദ്ദേശിച്ചു.  പ്രകൃതിക്കൊരു താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച് ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്. പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം. വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും  നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം. അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാവരിച്ചിടേണം."

ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന  ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു. മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ് ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.

82-ാമത് ശിവഗിരി തീർത്ഥാടനം സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക് വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു.  ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.

1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ ഭാവി ജീവിതം  ശോഭനമാവാൻ വേണ്ടതെല്ലാം ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത് തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.

http://news.keralakaumudi.com/news.php?nid=5144836584ae6e995be9b176ae4542b2

0 comments:

Post a Comment