Thursday 1 January 2015

ദൈവ ദശകത്തിന്റെ പ്രാധാന്യം:


ദൈവദശകം എന്നാ ചെറിയ കൃതിയ്ക്ക് എന്തിനാണ് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്നരീതിയിലുള്ള ചില ചോദ്യങ്ങള്‍ പലരും ചോദിയ്ക്കുന്നത് വായിച്ചു. ദൈവദശകത്തില്‍ എന്താണ് അത്ര വിശേക്ഷമായി ഉള്ളത് എന്ന് അറിയണം എങ്കില്‍ അതിനെക്കുറിച്ച്‌ അറിയാന്‍ ശ്രമിയ്ക്കണം. ചിലര്‍ സ്വയം പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത് എന്തോ വലിയ യോഗ്യതയാണ് എന്ന് തെറ്റിദ്ധരിച്ച്‌ ദൈവദശകം എന്നാ കൃതിയെ നിസ്സാരവല്‍ക്കരിച്ച് എഴുതിയത് ഇന്ന് വായിക്കാന്‍ ഇടയായി. അവര്‍ക്ക് എന്തായാലും ദൈവദശകത്തിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. താല്പര്യമുള്ളവര്‍ കൂടി അങ്ങനെയുള്ളവരുടെ വിവരക്കേട് കേട്ട് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി പെട്ടന്ന് എഴുതിയ പോസ്ടാണ് ഇത്. അതിന്‍റേതായ കുറ്റങ്ങള്‍ കാണും. പക്ഷെ ദൈവദശകം എന്നാ കൃതി ശ്രദ്ധിച്ച് മനസിലാക്കിയാല്‍ ഏതു ഗംഭീരമായ വേദാന്ത കൃതിയിലും അടങ്ങിയിരിയ്ക്കുന്ന ജ്ഞാനം വ്യക്തമായി തെളിഞ്ഞുകിട്ടും എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.
ഒരിയ്ക്കല്‍ വേദാന്ത സംശയങ്ങള്‍ ചോദിച്ച ഒരു ശിഷ്യനോട് ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞ ഉപദേശത്തില്‍ നിന്നും തുടങ്ങാം. ഗുരുദേവന്‍ പറഞ്ഞത് ഇങ്ങനെയാണ് " വേദാന്തം അധികമൊന്നും മനസിലാക്കാനില്ല, കടലിലെ ഒരു തിര കടലില്‍നിന്നും എങ്ങനെ അന്യമല്ലയോ, അതുപോലെ നമ്മള്‍ അനുഭവിയ്ക്കുന്ന ഈ ജഗത്ത് ദൈവത്തില്‍ നിന്നും അന്യമല്ല". അതായത് ദൈവത്തിന്റെതന്നെ പല പല രൂപങ്ങള്‍ മാത്രമാണ് നാം അനുഭവിയ്ക്കുന്ന എല്ലാം. നമ്മുടെ ഉള്ളില്‍തന്നെ നാം ഉണ്ടെന്ന് അനുഭവിയ്ക്കുന്ന സൂഷ്മമായ മനസുമുതല്‍ സൂര്യചന്ദ്രന്മാര്‍ ഉള്‍പ്പെട്ട അനന്തകോടി ബ്രഹ്മാണ്ഡം വരെ ഭഗവാന്റെ രൂപങ്ങളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ദൈവത്തിനെ അല്ലാതെ ഇവിടെ വേറൊരു വസ്തുവിനെയും നമ്മളാരും അനുഭവിയ്ക്കുന്നില്ല. ഇത് മനസിലാക്കാനുള്ള ധീരതയില്ലാത്ത ഭീരുക്കള്‍ ദൈവം വലിയ കുഴപ്പക്കാരനാണ്, ദൈവം ലോകത്തില്‍ ആകെ പ്രശ്നങ്ങളെ സ്രിക്ഷ്ടിയ്ക്കുന്നു, ദൈവം സ്രിക്ഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ന്യായമില്ലാത്തവാനാണ് എന്നെല്ലാം പറഞ്ഞ് പരിതപിച്ച് ജീവിയ്ക്കുന്നു. ഈ രീതിയിലുള്ള എല്ലാ അജ്ഞാനത്തിന്റെയും ഹേതു ഗുരുവിന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളാനുള്ള സുകൃതം ഇല്ലായ്മ മാത്രമാണ്. അജ്ഞന്‍റെ കാരുണ്യം കൊണ്ട് ജഗത്ത് നിലനില്‍ക്കുന്നു എന്ന് വസിഷ്ഠന്‍ രാമനോട് പറയുന്നത് ഈ സത്യബോധതിന്റെ വെളിച്ചത്തിലാണ്.
ഈ രീതിയില്‍ പലപല രൂപങ്ങള്‍ കൈക്കൊണ്ടുനില്‍ക്കുന്ന ദൈവം ആരാണ്, ആ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് ഗുരുദേവന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ഒന്ന് മനസിലാക്കിയിരിയ്ക്കണം. ഗുരുദേവന്‍ ആത്മോപദേശ ശതകം പോലുള്ള കൃതികളില്‍ ദൈവത്തിന്റെ സ്വരൂപം വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശാസ്ത്രീയമായ നിര്‍വചനം സ്വയം ഉണ്ട് എന്ന് സ്വന്തം ഉണ്മയെ അറിയുവാന്‍ കഴിയുന്ന വസ്തു എന്നതാണ്. ആ വസ്തു സ്വയം തന്റെ നിലനില്‍പ്പിനെ അറിയുകയും അതേസമയം തന്നെ മറ്റ് എല്ലാ ജടവസ്തുക്കളുടെയും നിലനില്‍പ്പിനെ അറിയുകയും ചെയ്യുന്നു. അതായത് നമ്മുടെ ചുറ്റും അനേക രൂപങ്ങളിലും നാമങ്ങളിലും നിലനില്‍ക്കുന്നതായി നാം അറിയുന്ന വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഉള്ളതായിതീരുന്നത് ആ ദൈവത്തിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. അങ്ങനെ സ്വന്തം ഉണ്മ തിരിച്ചറിയുകയും അതെ സമയം തന്നെ ഈ ജഗത്തിന് ഉണ്ട് എന്ന് പ്രകാശിയ്ക്കാന്‍ ഇടംകൊടുതും നിലനില്‍ക്കുന്ന ആ പരമകാരണതിനെ ഉപനിഷത്തുക്കള്‍ ബോധം, ആത്മാവ്, ദൈവം, എന്നെലാം പലപേരുകളില്‍ വിളിയ്ക്കുന്നു. ഗുരുദേവന്‍ തന്റെ കൃതികളില്‍ പലപ്പോഴും അറിവ് എന്ന മലയാള പദംകൊണ്ടാണ് ആ ബോധത്തിനെ അല്ലെങ്കില്‍ ഈശ്വരനെ സൂചിപ്പിയ്ക്കുന്നത്. അപ്പോള്‍ ദൈവം എന്നാല്‍ ശുദ്ധമായ ബോധം എന്ന് അറിയണം, അതുപോലെ ഈ കാണുന്ന ജഗത്തിനു ബോധത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നിലനില്പ്പുള്ളതായി അനുഭവമുണ്ടോ എന്നുകൂടി ചിന്തിച്ച് നോക്കുക. ഈ ലോകം എത്ര ഗംഭീരമായത്‌ ആയിരുന്നാലും ഒരു വിശേഷവും ഇല്ല. ബോധത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഗംഭീരമായ ഒരു പ്രപഞ്ചവും ഉള്ളതാകില്ല. ഈ ശുദ്ധബോധത്തില്‍ എങ്ങനെ ജഗത്തിന്റെ കാഴ്ച ഉണ്ടായി? ഈ ചോദ്യത്തിന് ഒരു ഉത്തരവും പറയാന്‍ കഴിയില്ല. അതിനു കാരണം യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ജഗത്ത് ബോധത്തില്‍ ഉണ്ടായിട്ടില്ല എന്നതുതന്നെ. ഇത് ഒരു ഭ്രമദ്രിശ്യം മാത്രമാണ് എന്ന് വേദാന്തം പറയുന്നു. ഈ ഭ്രമം ഉണ്ടാക്കുന്ന ശക്തിയെ മായ അല്ലെങ്കില്‍ അവിദ്യ എന്നാണ് വിളിയ്ക്കുന്നത്. അപ്പോള്‍, ഉണ്ടായിട്ടില്ലാത്ത പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് വ്യക്തമാണ്. മരുഭൂമിയിലെ കാനല്‍ജലത്തില്‍ എങ്ങനെ വെള്ളമുണ്ടായി എന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം തരാന്‍ കഴിയുമോ? പിന്നെ അവിടെ ഒരു വലിയ ജലാശയം അലയടിയ്ക്കുന്നതായി കാണുന്നതോ? കാണുന്നു എങ്കില്‍ അത് ഭ്രമം മാത്രമാണ്, അല്ലാതെ അവിടെ ഒരുതുള്ളി വെള്ളംപോലും ഇല്ല. ശരി, അപ്പോള്‍ ഈ ബോധം എവിടെയിരിയ്ക്കുന്നു? നമ്മള്‍ ഓരോരുത്തരും ഞാനുണ്ട് ഞാനുണ്ട് എന്ന് സ്വയം അനുഭവിയ്ക്കുന്നു. അതേ സമയം അനന്തകോടി ബ്രഹ്മാണ്ടാങ്ങളുടെ അനുഭവവും നമുക്കുണ്ട്. അപ്പോള്‍ ബോധം നമ്മളില്‍ നിന്നും അന്യമല്ല. നമുക്ക് ബോധത്തിന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ ഗുണങ്ങള്‍ സ്വയം കാണാന്‍ കഴിയുന്നു. പക്ഷെ നമ്മള്‍ പരമകാരണമായ ആ ബോധം തന്നെയാണ് എന്ന അനുഭവം നമുക്ക് ലഭിയ്ക്കുന്നില്ല. എന്താണതിനു കാരണം? അതിനുകാരണം നമ്മുടെമുന്നില്‍ മായസ്രിഷ്ടിയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൃശ്യങ്ങളെ നമ്മള്‍ സത്യമെന്ന് കരുതി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കള്‍ക്ക് പിറകെ മനസിനെ പായിച്ചു നമ്മള്‍ നമ്മളെത്തന്നെ അറിയാന്‍ കൂട്ടാക്കാതെ ജീവിതം നയിയ്ക്കുന്നു എന്നതുതന്നെയാണ്. അപ്പോള്‍ ഈ ലോകത്തിനെ അറിയണ്ടേ? തീര്‍ച്ചയായും,അറിയണം, കാരണം നമ്മള്‍ ലോകത്തിലാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ നമുക്ക് എങ്ങനെ നമ്മില്‍ ദൈവത്തിന്റെ പ്രകാശം തിരിച്ചറിയാന്‍ കഴിയും? അതിനുള്ള വഴിയാണ് ഗുരുദേവന്‍ ദൈവദശകത്തിന്റെ ആദ്യ പദ്യത്തില്‍ ഉപദേശിയ്ക്കുന്നത്.
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"
ദൈവമേ, ഇവിടെ പലതുണ്ട് എന്ന ഭ്രമം ഹേതുവായി എന്നില്‍ ഉണ്ടായ ഭേദചിന്തയും രാഗദ്വേക്ഷവും കാരണം ഞാന്‍ സര്‍വശക്തനായ നീയാണ് എന്ന അനുഭവം മറയ്ക്കപ്പെട്ടുപോയി. എനിയ്ക്ക് നീയുമായി എകീഭവിയ്ക്കാനാകണം എന്ന അതിയായ ആഗ്രഹം നിലനില്‍ക്കുന്നു. ഇപ്പോള്‍ ഞാനും നീയും രണ്ടായി തോന്നുന്നു. ഭഗവാനേ അതിനാല്‍ ബന്ധനത്തില്‍ പെട്ടുപോയവനെ പോലെ കഴിയുന്ന ഞാന്‍ നിത്യമുക്തനായ നിന്നോട് ഇങ്ങ് സംസാരസാഗരത്തില്‍പെട്ട് വിഷമിയ്ക്കുന്ന എന്നെ കാക്കണമേ എന്ന് അപേക്ഷിയ്ക്കുന്നു. നീ എന്നെ ഒരിയ്ക്കലും കൈവിടരുത്. നിന്നെ അറിയാന്‍ തടസമായി നില്‍ക്കുന്നത് ഇവിടെ പലതുണ്ട് എന്ന് കാട്ടി ഭ്രമിപ്പിയ്ക്കുന്ന ഈ സംസാര സാഗരമാണ്. ഈ സാഗരവുമായി നിനക്ക് ഒരു ബന്ധവും ഇല്ല. കാരണം നീ മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത ശുദ്ധ ബോധമാണല്ലോ. മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത നീ എങ്ങനെ മായക്കടലില്‍ കിടക്കുന്ന എന്നെ രക്ഷിയ്ക്കും? ഒരേ ഒരു വഴിയേ അതിനുള്ളൂ. എപ്പോഴും എല്ലാറ്റിലും നാവികനായ ഭഗവാനെ ദര്‍ശിയ്ക്കുക എന്ന ഒരു കര്‍മപരിപാടി ഒരു ശക്തമായ മായാതോണിയായി ഈ മായക്കടലില്‍ ഉണ്ട്. ആ തോണി യഥാര്‍ഥത്തില്‍ ഭഗവാന്‍ അല്ല. പക്ഷെ ആ മായാ തോണിയില്‍ കയറിയവനെ ഭഗവാന് തന്നിലേയ്ക്കു എത്തിയ്ക്കാന്‍ കഴിയും. ഞാന്‍ ആ തോണിയില്‍ കയറാന്‍ തയാറാണ്. ഈ സാഗരം കടക്കാന്‍ സഹായിക്കുന്ന കപ്പല്‍ നിന്റെ സ്മരണ, അല്ലെങ്കില്‍ നിന്റെ നാമം മാത്രമാണ്.
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"
പലതുണ്ട് എന്ന കാഴ്ച നിന്നെ എന്നില്‍ തെളിഞ്ഞ് അനുഭവിയ്ക്കാന്‍ തടസമായി നില്‍ക്കുന്നു. അതിനാല്‍ എല്ലാറ്റിലും ഭഗവാനെ ദര്‍ശിയ്ക്കുക എന്ന തോണിയില്‍ ഞാന്‍ കയറി. പലതിനെ എണ്ണിയെണ്ണി മാറ്റി അവിടെ ഒന്നിനെ കാണാന്‍ ശ്രമിയ്ക്കുക എന്ന തോണിയില്‍ കയറാന്‍ തയാറായാല്‍ അവസാനം എത്തുന്ന കരയാണ്‌ നിര്‍വ്വികല്പ സമാധി എന്ന അവസ്ഥ. ശുദ്ധബോധ രൂപനായ നാവികനും പലതിന്റെ കാഴ്ചകളെ തള്ളിക്കളഞ്ഞുകൊണ്ട് അവിടെയെല്ലാം നാവികനായ ഭഗവാനെമാത്രം ദര്‍ശിയ്ക്കാന്‍ തയാറായ യാത്രക്കാരനും ഒന്നാകുന്ന അനുഭവമാണ് ആ സമാധി അവസ്ഥ. അവിടെ പിന്നെ ഒരു സ്പന്തനം പോലും സാധ്യമല്ല. കാരണം ഭാഗവാനില്‍നിന്നും വ്യത്യസ്തമായ സ്പന്തനം എങ്ങിനെ ഉണ്ടാകും. അത് സാധ്യമേ അല്ല. ശുദ്ധബോധം ഘനീഭവിച്ച അവസ്ഥയില്‍ ഒരു ചലനംപോലും നിലനില്‍ക്കില്ല.
"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."
ഈ പ്രപഞ്ചത്തിന് ഒരു സ്വഭാവമുണ്ട്. നമുക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഇവിടെ തന്നെ ഭഗവാന്‍ തരുന്നുണ്ട്, അല്ലെങ്കില്‍ തരാനായി കരുതിവെച്ചിട്ടുണ്ട്. വിശപ്പിനു ആഹാരം, ദാഹത്തിനു ജലം, വസ്ത്രം വേണമെങ്കില്‍ വസ്ത്രം, വീടുവേണമെങ്കില്‍ വീട് എന്നിങ്ങനെ എന്തെന്ത് സൌകര്യങ്ങള്‍ വേണമോ അത് ഇവിടെത്തന്നെ ലഭ്യമാണ്. കൂടുതല്‍ സൌകര്യങ്ങള്‍ വേണം എന്ന ആഗ്രഹം ഉണ്ടായാല്‍ ആ സൌകര്യങ്ങളും യാധാര്ധ്യമാകുന്ന രീതിയില്‍ തന്നെയാണ് ഈ പ്രപഞ്ചഭ്രമം ബോധത്തില്‍ ഉണ്ടായത്. ഭഗവാന്റെ സൃഷ്ടിയുടെ ഈ രഹസ്യം ഉപയോഗിച്ച് ആധുനിക ശാസ്ത്രം വീണ്ടും വീണ്ടും സുഖത്തിനും സൌകര്യത്തിനും വേണ്ടുന്ന കാര്യങ്ങള്‍ സൃഷ്ടിയ്ക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ എല്ലാര്‍ക്കും കാണാം. ഭഗവാന്‍ എല്ലാ സൌകര്യങ്ങളും തരുന്നു. പക്ഷെ ഭഗവാനെ തരുന്നില്ല. മാത്രമല്ല, സൌകര്യങ്ങള്‍ എല്ലാം കിട്ടുമ്പോള്‍ തന്റെ സ്വരൂപമായ ഭഗവാനെ കൂടുതല്‍ കൂടുതല്‍ മറന്നുപോകുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൌകര്യത്തില്‍ നിന്നുകൊണ്ട് എങ്ങനെ ഭഗവാനെ നേടാം? അതിന് ഒരേ ഒരു വഴിയെ ഉള്ളൂ. ഭഗവാനേ, ഞാന്‍ അനുഭവിയ്ക്കുന്ന ഈ സൌകര്യങ്ങള്‍ക്ക് എല്ലാം ഉടമ നീതന്നെയാണ് എന്ന് ഉറപ്പാക്കി ആ സൌകര്യങ്ങളിലും ഭഗവാന്റെ മഹത്വം കാണുക. അങ്ങനെയാണെങ്കില്‍ തോണിയിലെ യാത്ര അതീവ സുഗമമാകും.
"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
ഭഗവാനില്‍ ഉണ്ടായി നിലനിന്ന് ലയിയ്ക്കുന്ന ഈ പ്രപഞ്ചത്തിനെ സമുദ്രവുമായി ഉപമിച്ച് സ്രിഷ്ടിരഹസ്യം വ്യക്തമാക്കുന്ന രീതി ഗുരുദേവന്‍ തന്നെ ആത്മോപദേശ ശതകത്തില്‍ ചെയ്തിട്ടുണ്ട്.
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.
പ്രപഞ്ചഭ്രമത്തിന്റെ ഉല്പ്പത്തിയെ സമുദ്രവുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുകയാണ് ദൈവദശകത്തിലെ നാലാം പദ്യത്തില്‍. സമുദ്രത്തില്‍ ഇളകിമറിയുന്ന നുരയും പതയും ഒക്കെ നിറഞ്ഞ ഉപരിഭാഗം ഉണ്ട്, ആ ഇളകിമറിച്ചിലിന് കാരണമാകുന്ന തിരകള്‍ ഉണ്ട്, ആ തിരകളെ ഉണ്ടാക്കുന്ന കാറ്റുണ്ട്, ഈ ചലനങ്ങള്‍ ഒന്നും ഇല്ലാതെ അഗാധമായ നിശബ്ദശാന്തയില്‍ നിലകൊള്ളുന്ന ആഴങ്ങള്‍ ഉണ്ട്. പലതുകണ്ട് ഭ്രമിയ്ക്കുന്ന നമ്മള്‍ ഇളകി മറിയുന്ന സമുദ്രഭാഗത്ത്‌ അകപ്പെട്ട അവസ്ഥയിലാണ്. സത്യബോധം നഷ്ടപ്പെട്ട ഭ്രമത്തിന് കാരണം മായാശക്തിയാണ്. അതായത് കടല്‍ ഇളകിമറിഞ്ഞു നുരയും പതയും ഉണ്ടാകുന്നതിനു കാരണം കടലിലെ തിരയെന്നതുപോലെ മായാശക്തി പലതിനെ കാണിച്ച് ജീവനെ ഭ്രമിപ്പിയ്ക്കുന്നു. കടലിലെ തിരയ്ക്ക് കാരണം കാറ്റാണ്. അതുപോലെ മായാശക്തിയ്ക്ക് കാരണം ദൈവത്തിന്റെ മഹിമ (കേവലത്തിന്‍ മഹിമ അഥവാ മഹാനാത്മ) ആകുന്നു. ഈ ഹിരണ്യഗര്‍ഭന്‍ അഥവാ പ്രജാപതി പ്രാണശരീരിയാണ്. ആധുനിക ശാസ്ത്രം പറയുന്ന കോസ്മിക് എനര്‍ജി തന്നെയാണ് ഈ മഹത്തത്വം. ശുദ്ധബോധം സമുദ്രത്തിലെ ചലനമറ്റ ആഴങ്ങളെപ്പോലെ ശാന്തവും സ്പന്തന രഹിതവും ആകുന്നു. ഈ രീതിയിലുള്ള ഭഗവാന്റെ സ്വരൂപം നമ്മുടെ ബുദ്ധിയ്ക്ക് തെളിഞ്ഞ് പ്രകാശിയ്ക്കണം.
"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതുംസൃഷ്ടടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
ക്കുളള സമഗ്രിയായതും."
യഥാര്‍ഥത്തില്‍ ഇവിടെ ഒരു പ്രപഞ്ചവും ഇല്ല. പിന്നെ ഈ കാണുന്ന പ്രപഞ്ചാമോ? പ്രപഞ്ചത്തെ കാണുന്നു എങ്കില്‍ അത് മരുഭൂമിയില്‍ കാണുന്ന കാനല്‍ ജലം പോലെ ഇല്ലാത്ത കാഴ്ചയാണ്. അപ്പോള്‍ ദൈവം മരുഭൂമിയുടെ സ്ഥാനത്തും പ്രപഞ്ചം കാനല്‍ ജലത്തിന്റെ സ്ഥാനത്തുമാണ്. കാനല്‍ ജലത്തിനെ ആര് സൃഷ്ടിച്ചു? മരുഭൂമി സൃഷ്ടിച്ചു എന്നേ ഉത്തരം പറയാന്‍ കഴിയൂ. കാനല്‍ ജലം എന്ന വസ്തു യഥാര്‍ഥത്തില്‍ എന്താണ്? സംശയമെന്ത്, അത് മരുഭൂമി തന്നെ. കാനലില്‍ ഉണ്ടെന്ന് തോന്നുന്ന ജലവും അലകളും എന്താണ്? അതും മരുഭൂമി തന്നെ. കാനല്‍ ജലം ഉണ്ടാക്കാനുള്ള സാമഗ്രി എന്താണ്? ഒരു സംശയവും ഇല്ല, സാമഗ്രിയും മരുഭൂമി തന്നെ. ഇതുപോലെ പ്രപഞ്ചത്തിന്റെ സ്വരൂപം വ്യക്തമായി മനസിലാക്കി ദൈവം തന്നെയാണ് സൃഷ്ടിയും, സ്രഷ്ടാവും, സ്രിഷ്ടിജാലവ്യം, സൃഷ്ടിയ്ക്കുള്ള സാമഗ്രിയും എന്ന് ചിന്തിച്ചു അറിയണം..
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
ഇനി ഇല്ലാത്ത പ്രപഞ്ചത്തിനെ ഉണ്ടെന്ന് കാട്ടുന്ന മായാശക്തിയെ കുറിച്ച് ചിന്തിയ്ക്കാം. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്ന ശക്തി ആരുടെ ശക്തി? സംശയമെന്ത്, അത് മരുഭൂമിയുടെ ശക്തി തന്നെ. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്നതാര്? അതും മരുഭൂമി തന്നെ. പ്രപഞ്ച സൃഷ്ടിയെ മരുഭൂമിയിലെ കാനല്‍ജലം എന്ന ഭ്രമവുമായി ഒന്ന് താരതമ്യം ചെയ്താല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്ന മായാ ശക്തിയും മായാവിയും ദൈവം തന്നെയാണ് എന്ന് മനസിലാക്കണം. ഇനി മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരിയെ ഒന്നുകൂടി വിശദമായി ചിന്തിയ്ക്കാം. ഈ കാര്യങ്ങളിൽ മരുഭൂമിയും കാനൽ ജലവും തമ്മിലുള്ള ബന്ധം അത്രത്തോളം ശരിയാകില്ല. അതിനു കാരണം മരുഭൂമി എന്നത് നമ്മുടെ ബുദ്ധിയ്ക്ക് ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടിയെ മനസിലാക്കാൻ നമ്മൾ പ്രപഞ്ചതിൽനിന്നുതന്നെ തിരഞ്ഞെടുത്ത ഒരു പ്രാപഞ്ചികമായ ഉപമയാണ്. മരുഭൂമിയും ദൈവം തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അത് ജഡവും ചൈതന്യവും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. മരുഭൂമിയ്ക്ക് അതിൽ കാനൽജല ഭ്രമം ഉണ്ടാകുന്നു എന്ന് ഒരിയ്ക്കലും അറിയാൻ സാധിയ്ക്കില്ല. പക്ഷെ ദൈവത്തിനു തന്നിൽ ഉളവാകുന്ന പ്രപഞ്ചത്തിനെ അറിയുവാൻ സാധിയ്ക്കുന്നു. എന്നുമാത്രമല്ല, ദൈവത്തിനു അല്ലെങ്കിൽ ബോധത്തിന് മാത്രമേ അതിനു സാധിയ്ക്കുകയും ഉള്ളൂ. മരുഭൂമിയിലെ കാനൽ ജലവും പ്രപഞ്ചത്തിലെ ഒരു പ്രതിഭാസം മാത്രമാണ്, ആ കാനൽ ജലത്തിനെ അറിയാനും ബോധം അത്യാവശ്യമാണ്. അതുകൊണ്ട് മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരികളെ മനസിലാക്കാൻ വീണ്ടും ബോധത്തിന്റെ സ്വരൂപത്തിനെ തന്നെ ചിന്തിയ്ക്കണം. പ്രപഞ്ചം എന്നത് ഭ്രമ ദൃശ്യം ആണെങ്കിൽ പോലും ആ ഭ്രമത്തിനെ അറിയുന്നത് ബോധമാണ്. അപ്പോൾ പ്രപഞ്ചം സത്യമല്ല എന്ന് അറിഞ്ഞു സായൂജ്യം നേടാൻ സഹായിയായി നില്ക്കുന്നത് ആരാണ്? തീര്ച്ചയായും പ്രപഞ്ചത്തിനെ അറിയുന്ന ബോധം അല്ലെങ്കിൽ ദൈവം തന്നെയാണ്.
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."
ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വരൂപം സത്യവും, ജ്ഞാനവും, ആനന്തവും ആകുന്നു. അതായത് ദൈവം സത് ചിത് ആനന്തം ആകുന്നു. സത്യം അല്ലെങ്കിൽ സത് എന്നാൽ സ്വന്തം ഉണ്മ അല്ലെങ്കിൽ നിലനില്പ്പ് തിരിച്ചറിയാൻ കഴിയുന്ന വസ്തു എന്നാണ് അര്ഥം. ചിത് അല്ലെങ്കിൽ ജ്ഞാനം എന്നാൽ ബോധം. ആനന്തം എന്നാൽ മറ്റൊരു ബാഹ്യ വസ്തുക്കളെയും ആശ്രയിക്കാതെ സ്വയം അനുഭവിയ്ക്കുന്ന ആനന്തം. ആനന്തം ദൈവത്തിന്റെ മാത്രം വകയാണ്. ഉണ്ട് ഉണ്ട് എന്ന അറിവും ദൈവത്തിൽ അല്ലെങ്കിൽ ബോധത്തിൽ മാത്രം സംഭാവിയ്ക്കുന്നതാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സത് ചിത് ആനന്തം എന്ന മൂന്നും വ്യത്യസ്തമല്ല. അവ ദൈവത്തിന്റെ മൂന്നു പര്യായപദങ്ങൾ മാത്രമാണ്. ഭൂതം ഭാവി വര്ത്തമാനം എന്നീ കാലങ്ങൾ പോലും ഭഗവാനിൽ ഉണ്ടെന്നു തോന്നുന്ന ഭ്രമ ദ്രിശ്യങ്ങൾ മാത്രമാണ്. അപ്പോൾ അവയും ദൈവം തന്നെ. മനസ്സിൽ വിവിധ ചിന്തകൾ ഉളവാക്കി ഉള്ളിൽ നിന്നും വാക്കുകളെ പുറത്തേയ്ക്ക് തള്ളിവിടുക എന്ന മായ കാട്ടുന്ന മായാവിയും ഭഗവാൻ തന്നെ. അതിനാൽ ദൈവമേ എന്റെ വാക്കുകളുടെ ഉത്തരവാദിത്വവും നിനക്കുതന്നെ.
"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
ഭഗവാൻ അകവും പുറവും നിറഞ്ഞുനില്ക്കുന്നു. നമ്മിലെല്ലാം ഞാൻ ഉണ്ട് ഞാൻ ഉണ്ട് എന്ന രൂപത്തിൽ ചൈതന്യമായി നിലനില്ക്കുന്ന ബോധത്തിനെ അറിയാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷെ വെളിയിൽ ഇങ്ങനെയൊരു ബോധം ഉണ്ടോ? നമ്മിലെ ബോധം തന്നെ വെളിയിലും ഉണ്ട്. നമ്മൾ നമ്മളെ ശരീരം എന്ന ഒരു മതിലുകൊണ്ട് വെളിയുമായി വേർതിരിയ്ക്കുന്നു. ഈ ശരീരം യഥാർഥത്തിൽ നമ്മുടെ അതിരല്ല. ശരീരവും ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിനു ജഡ വസ്തുക്കളിൽ ഒരു ജഡവസ്തു മാത്രമാണ്. ഞാന്‍ ജഡമാണ്, അഥവാ ഞാന്‍ ജഡവുമായി ബന്ധപ്പെട്ടവനാണ് എന്ന അജ്ഞാനം കളഞ്ഞു പുറത്തേയ്ക്ക് നോക്കിയാൽ സത്യബോധത്തോടെ സ്വകര്‍മ്മം ഗംഭീരമായി അനുഷ്ടിയ്ക്കുന്ന അനേകം ബോധരൂപങ്ങളെ തന്നില്‍നിന്നും അന്യമല്ലാതെ വെളിയിൽ കാണാം. സൂര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, എല്ലാം ആ ബോധത്തിന്റെ ശാസന അനുസരിച്ച് പ്രവര്ത്തിയ്ക്കുന്നവർ മാത്രം. കൃഷ്ണന്‍ ഗീതയില്‍ ആകാശത്ത് പ്രകാശിയ്ക്കുന്ന സൂര്യന്‍ ഞാനാണ് എന്നും മറ്റും പറയുന്നതിന്റെ അര്‍ഥം ഈ അനുഭവഅവസ്ഥയില്‍ എത്തിയാലേ അറിയാന്‍ കഴിയൂ. ഗുരുദേവന്‍ അത് വ്യക്തമായും അനുഭവിച്ചു. ഭൂമിയിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മാസം നോക്കി കൃത്യമായി വരുന്ന കാലങ്ങൾ, കൃത്യമായി സമയം നോക്കി പൂക്കുന്ന ചെടികൾ, എന്നിങ്ങനെ ബോധത്തിന്റെ കളികൾ നാലുപാടും കാണാം. ഒരു വിതിനകത്ത് പോലും ബോധം നിറഞ്ഞിരിയ്ക്കുന്നു. അകവും പുറവും നിറഞ്ഞ ഭഗവാനേ, നിന്നെ ഞാൻ വണങ്ങുന്നു.
" ജയിക്കുക മഹാദേവ!
ദീനവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിസേ്ധാ ! ജയിക്കക."
" ആഴമേറുംനിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
ഈ ലോകത്തിനു ഒരേ ഒരു സത്ത മാത്രമേ ഉള്ളൂ. അത് ബോധം അല്ലെങ്കിൽ ദൈവമാണ്. അതിനാൽ ആരാധനയ്ക്ക് അർഹൻ നീ മാത്രമാണ്. നീ തന്നെയാണ് കരുണയോടെ നമ്മെ എല്ലാവരെയും നിലനിര്ത്തി സംരഷിച്ചു പോരുന്നത്. നിന്നിൽ ബുദ്ധി ഉറച്ചാൽ സംശയങ്ങളും ഭയവും ഓടിയൊളിയ്ക്കും. മരണവും ജനനവും ഒന്നും എനിയ്ക്ക് ബാധകമല്ല. ഞാൻ ബോധമാണ്, കാണുന്നതും, അറിയുന്നതും എല്ലാം ബോധാതിനെ തന്നെയാണ് എന്നത് അലംഘനീയമായ ശാസ്ത്രീയമായ സത്യമാണ്. ആ സത്യത്തിനെ ഉൾക്കൊള്ളാൻ നമ്മൾ തയാറായാൽ നമ്മൾ വിവേകികൾ ആയിമാറുന്നു. അല്ലെങ്കിൽ അനേക ജഡ രൂപങ്ങളിൽ ഭ്രമിച്ച് സത്യം ഒരിയ്ക്കലും അറിയാൻ സാധിയ്ക്കാതെ അവിവേകികൾ ആയി ജനിച്ചും മരിച്ചും സംസാര സമുദ്രത്തിൽ ദുഖിച്ചു ദുഖിച്ചു കഴിയാം. നമ്മൾ ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചു ഗുരു പറഞ്ഞ സത്യത്തിനെ ഉൾക്കൊള്ളണം. ദൈവം ഒന്നേ ഉള്ളൂ. അത് അഘണ്ട ബോധ സ്വോരൂപനായ പരമാത്മാവാണ്. അപ്പോൾ അമ്പലങ്ങളിൽ പോയി മറ്റു ദേവന്മാരെയും ദേവിമാരെയും പ്രാര്ധിയ്ക്കുന്നതോ? അതിനും കുഴപ്പമില്ല. അവരും ആ പരമാതമാവിന്റെ വിഭിന്ന രൂപങ്ങൾ എന്ന് ഉറപ്പാക്കണം. ഈ രീതിയിൽ സർവതിലും ദൈവത്തിനെ ദര്ഷിച്ചു ആ ദൈവത്തിൽ ആണ്ടു അതായി മാറാൻ ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ.
Posted on Facebook by : Dilimon Vjayansobhana

0 comments:

Post a Comment