ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍
ഏതു പ്രസ്ഥാനത്തിലും നേതൃത്വത്തിന്റെ നിലപാടാണു നിര്‍ണായകം. അണികള്‍ മിക്കപ്പോഴും വിശ്വാസമുള്ള നേതാക്കളെ പിന്തുടരുകയാണു ചെയ്യുന്നത്. എസ് എന്‍ ഡി പി യോഗത്തില്‍ സഹോദരന്‍ അയ്യപ്പന്റെ ഒരു ധാര, ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും എം കെ രാഘവന്റെ കാലം വരെ നിലനിന്നിരുന്നു. ഗോപിനാഥനും രാഹുലനും മറ്റും വന്നതോടെയാണ് യോഗം തനി ഹിന്ദുത്വപാതയിലേക്കു നീങ്ങിത്തുടങ്ങിയത്. ശിവഗിരി വിഷയത്തിലും മറ്റും സംഘ് പരിവാര്‍ താത്പര്യങ്ങള്‍ക്കൊപ്പം നീങ്ങുകയായിരുന്നു അവര്‍. ശ്രീനാരായണ ഗുരുവിന്റേത് ‘മതാതീത ആത്മീയത’യാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് ശ്വാശ്വതീകാനന്ദ സ്വാമി രംഗത്തുവരുന്നത് ‘ശിവഗിരിക്കുമേല്‍ തീമേഘങ്ങള്‍’ ഉരുണ്ടുകൂടിയ ആ കാലത്താണ്. തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്‍ യോഗത്തിന്റെ നേതൃത്വത്തിലേക്കു കടന്നുവരുന്നത്. ഒരു കച്ചവടക്കാരനും കോണ്‍ട്രാക്റ്ററും കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനും ‘മുതലാളി’യും ഒക്കെയായിരുന്നെങ്കിലും തുടക്കത്തില്‍ യോഗത്തിന്റെ പ്രഖ്യാപിത അവര്‍ണപക്ഷ നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്നു വെള്ളാപ്പള്ളി നടേശനും. അതിന് ഉദാഹരണമാണ് 1998ലെ ഗുരുസമാധി ദിനത്തില്‍ അദ്ദേഹം ‘കേരള കൌമുദി’യിലെഴുതിയ ഈ ലേഖനം. സഹോദരന്റെ പാത കൃത്യമായി പിന്തുടരുന്ന ഈ ലേഖനത്തിന്റെ ഉള്ളടക്കം, ഇന്നത്തെ വെള്ളാപ്പള്ളിയുടെ നിലപാടുകളില്‍ നിന്നു കടകവിരുദ്ധമാണ്. ഹിന്ദുമതത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും ഇന്നത്തെ വെള്ളാപ്പള്ളി ഭക്തന്മാര്‍ക്കു ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യങ്ങളാണ് അന്നു വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്.പക്ഷേ ഈ നിലപാടില്‍നിന്ന് അദ്ദേഹവും യോഗവും പില്‍ക്കാലത്തു മാറുന്നതാണു നാം കണ്ടത്.അങ്ങനെ മാറാന്‍ പാകത്തില്‍ ഹിന്ദുമതത്തില്‍ വല്ല പരിഷ്കരണവും നടന്നോ എന്ന് അദ്ദേഹമോ യോഗമോ വെളിപ്പെടുത്തിയിട്ടില്ല, നമുക്കൊട്ടു കാണാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നദ്ദേഹം ഹിന്ദുമതത്തിലെ ജാതിമേധാവിത്വത്തെക്കുറിച്ചു തികച്ചും നിശ്ശബ്ദനാണ്. പകരം മുസ്ലിങ്ങളാണ് എല്ലാ അധികാരങ്ങളും കവര്‍ന്നുകൊണ്ടുപോകുന്നത് എന്ന സവര്‍ണപക്ഷ മാധ്യമ പ്രചാരണങ്ങള്‍ ഏറ്റുപറയുക എന്നതാണ് ഇന്ന് അദ്ദേഹവും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ തന്നെ എഴുതിയ ഈ ലേഖനം ഒരു ഓര്‍മപ്പെടുതലാണ്.
0 comments:
Post a Comment