Tuesday, 8 January 2013

ഗുരു സ്‌തോത്രം.

സ്ഥാവരം ജംഗമം വ്യാപ്‌തം യേന കൃത്സ്‌നം ചരാചരം
തത്‌പദം ദര്‍ശിതം യേന തസ്‌മൈ ശ്രീഗുരവേ നമഃ


സ്ഥാവരം - അചലം, ജംഗമം - ചലിക്കുന്നത്‌; ചരാചര പദാര്‍ത്ഥങ്ങളില്‍ വ്യാപിച്ചിരിക്കുന്നവനും അവയ്‌ക്കെല്ലാം കാരണഭൂതമായ മൂലവസ്‌തുവിനെ - ബ്രഹ്മത്തെ- കാണിച്ചുകൊടുക്കുന്നവനുമായ ശ്രീഗുരുവിനായിക്കൊണ്ട്‌ നമസ്‌കാരം.

സര്‍വ്വം ഖലിതം ബ്രഹ്മ എന്ന ഉപനിഷത്‌ പ്രമാണം അനുസരിച്ച്‌ ബ്രഹ്മം സകലതിലും നിറഞ്ഞിരിക്കുന്നു. ആ ബ്രഹ്മത്തില്‍ ശക്തിയുടെ സ്‌പന്ദനഫലമാണ്‌ ചരാചരങ്ങള്‍ രൂപപ്പെട്ടത്‌. ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി...... എന്ന്‌ ജനനീ നവരത്‌ന മഞ്‌ജരിയില്‍ ഗുരു കാട്ടിത്തന്നതും ഈ സത്യമാണ്‌. ചിന്നാഭിയില്‍ ത്രിപുടി എന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ..... എന്ന്‌ ആ ശ്ലോകത്തില്‍തന്നെ ഗുരു ചോദിക്കുന്നതും ശ്രദ്ധേയമാണ്‌. ജീവന്റെ അന്തിമ ലക്ഷ്യം ആ ചിന്നാഭിയാണ്‌. അവിടെ പരിപൂര്‍ണ്ണമായി അസ്‌പന്ദമാകലാണ്‌ ജീവന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടിയാല്‍ പിന്നെ ജീവനെവിടെ.....? കടലില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ഗംഗയെവിടെ.....? അനേക ജന്മസുകൃതത്തിന്റെ ഫലമാണ്‌ ചിന്നാഭിയിലുള്ള ലയനം. ശ്രീനാരായണഗുരു ആ ലക്ഷ്യം കൈവരിച്ച പുണ്യസുകൃതിയാണ്‌. നാരായണന്‍ നാണു ആശാനായതും ശ്രീനാരായണനായതും ഗുരുവായതും ജന്മാന്തരങ്ങളിലൂടെ ആര്‍ജ്ജിച്ച സുകൃതഫലമാണ്‌. തപസ്സ്‌, ജ്ഞാനം ഇവയിലധിഷ്‌ഠിതമായ കര്‍മ്മം ഇവയിലൂടെ ശ്രീനാരായണ ഗുരു തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ബ്രഹ്മസ്വരൂപമായി. ആ ബ്രഹ്മം ചരാചരങ്ങളില്‍ വ്യാപിച്ചതായതിനാല്‍ ഗുരുവും സ്ഥാവര ജംഗമങ്ങളില്‍ നിറഞ്ഞിരിക്കുന്നു എന്നാണ്‌ ഈ ശ്ലോകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌.

ഒരുപക്ഷേ നിത്യവും നാം പ്രാര്‍ത്ഥനായോഗങ്ങളില്‍ ഇത്തരത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലുമ്പോള്‍ ഇവയുടെ അര്‍ത്ഥം നാം അറിയുന്നുണ്ടായിരുന്നോ..? ആശയ ഗാംഭീര്യമുള്ളതാണ്‌ ഇവയെല്ലാമെന്ന്‌ നാം അറിയുന്നുണ്ടായിരുന്നോ....? പല ശ്ലോകങ്ങളുടേയും അര്‍ത്ഥം അറിയാതെയല്ലേ നാം പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടാറുള്ളത്‌...? ഇനിമുതല്‍ അറിഞ്ഞുകൊണ്ട്‌ ഈശ്വരസേവ ചെയ്യുക....

കടപ്പാട് : ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

0 comments:

Post a Comment