Tuesday, 1 January 2013

ഗുരുദേവന്റെ സായാഹ്നഗീതോപദേശം

വിധിപ്രകാരം സമുചിതവും സമര്‍ത്ഥവുമായി ധര്‍മ്മ സംസ്ഥാപനം നിര്‍വ്വഹിച്ചതിനുശേഷം ശ്രീകൃഷ്ണ പരമാത്മാവ്‌ സ്വധാമത്തിലേക്ക്‌ മടങ്ങി പോകുവാന്‍ നിശ്ചയിച്ചുറപ്പിച്ചു. അവിടുന്ന്‌ അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും ആരംഭിക്കുകയായി. ഒരേ സമയം ഗോപികള്‍ക്ക്‌ ഗോപനായും യോഗികള്‍ക്ക്‌ യോഗിയായും ഭക്തന്മാര്‍ക്ക്‌ ഭഗവാനായും ജ്ഞാനികള്‍ക്ക്‌ ജഗദ്ഗുരുവായും പ്രശോഭിക്കുവാന്‍ ആ സമ്പൂര്‍ണ്ണാവതാരത്തിന്‌ സാധിച്ചിരുന്നു. താന്‍ എന്തിനുവേണ്ടി ഇഹത്തില്‍ അവതീര്‍ണ്ണനായത്‌ അക്കാര്യങ്ങളും അതിനുമപ്പുറത്തുള്ളതും നിറവേറ്റിക്കഴിഞ്ഞിരിക്കുന്നതിനാല്‍ ഇനി ഒട്ടും വൈകാതെ സ്വധാമം പൂകുവാന്‍ ബ്രഹ്മരുദ്രാദി ദേവന്മാരും ഋഷിമാരും മറ്റും ഭഗവാനെ ഓര്‍മ്മപ്പെടുത്താതെയുമിരുന്നില്ല. ഇതനുസരിച്ച്‌ തന്റെ സ്വര്‍ഗ്ഗാരോഹണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണ്ണമായി. ഇനി എന്തെങ്കിലുമൊരു നിമിത്തം മാത്രമെ വേണ്ടൂ. അതിനുള്ള അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ തന്റെ വംശജരായ യാദവരെ ഒന്നടങ്കം ഇതികര്‍ത്തവ്യവിമൂഢരാക്കിക്കൊണ്ടുള്ള മഹര്‍ഷീശ്വരന്മാരുടെ ശാപവൃത്താന്തം ഭഗവാന്‍ ശ്രവിക്കുന്നത്‌. ചില യാദവ കുട്ടികള്‍ മഹര്‍ഷീശ്വരന്മാരെ പരിഹസിച്ചതിനാല്‍ വന്നുകൂടിയ ‘നീയും നിന്റെ വംശവും ഇതോടെ നശിക്കട്ടെ.’ എന്ന മഹാശാപം താങ്ങുവാന്‍ ആര്‍ക്കും സാധിച്ചില്ല. യാദവപ്രമാണിമാര്‍ ഒന്നടങ്കം ഭഗവാനെതന്നെ ശരണം പ്രാപിച്ചു. വംശനാശത്തിന്‌ ഹേതുവായ ശാപത്തില്‍നിന്നും വിമുക്തരാകണം അതിനുവേണ്ട എന്തു പ്രായശ്ചിത്തവും അനുഷ്ഠിക്കാം. കരുണാമൂര്‍ത്തിയായ ശ്രീകൃഷ്ണ പരമാത്മാവ്‌ സന്തപ്തചിത്തരായ യാദവരെ ആശ്വാസപ്പെടുത്തിക്കൊണ്ട്‌ ഒരു മാര്‍ഗ്ഗം ഉപദേശിച്ചുകൊടുത്തു. ‘എല്ലാവരും ഒന്നടങ്കം ഒരു തീര്‍ത്ഥാടനം നടത്തുക. അതു പ്രഭാസതീര്‍ത്ഥത്തിലേക്കായിക്കൊള്ളട്ടെ. പാപമോചനത്തിനും ദുഃഖനിവൃത്തിക്കും തീര്‍ത്ഥ സ്നാനവും വ്രതാനുഷ്ഠാനങ്ങളും ഏറെ സഹായിക്കും.’ ഭഗവാന്റെ ഈ നിര്‍ദ്ദേശമനുസരിച്ച്‌ യാദവര്‍ ഒന്നടങ്കം പ്രഭാസതീര്‍ത്ഥത്തിലേക്ക്‌ യാത്രയായി. ഈ സന്ദര്‍ഭത്തിലാണ്‌ വൈരാഗ്യനിഷ്ഠനും പരമഭാഗവതനുമായ ഉദ്ധവര്‍ക്ക്‌ ഭഗവാന്‍ ജ്ഞാനോപദേശം നല്‍കുന്നത്‌. അതാണ്‌ പ്രസിദ്ധമായ ‘ഉദ്ധവഗീത.’ മഹാഭാരതത്തിലെ ഈ കഥ ഇവിടെ ക്രോഡീകരിച്ചതിന്‌ കാരണമുണ്ട്‌. ഏതാണ്ടിതേപോലൊരു സന്ദര്‍ഭത്തിലാണ്‌ ശ്രീനാരായണഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനത്തിന്‌ വ്യക്തമായുംരൂപം നല്‍കിയത്‌. ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ചു.’ ധര്‍മ്മത്തെ പുനഃസ്ഥാപനം ചെയ്ത ഗുരുദേവന്‍ തന്റെ അവതാര കൃത്യനിര്‍വ്വഹണത്തിന്‌ തിരശ്ശീലയിടുവാന്‍ ഒരുങ്ങിയിരിക്കുന്ന അവസരത്തിലാണ്‌ ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനം പിറവിപൂണ്ടത്‌. ‘വമ്പാര്‍ന്നനാചാരമണ്ഡലഛത്രരായ വരേണ്യവര്‍ഗ്ഗം ബ്രഹ്മവിദ്യക്കു അപഭ്രംശം വരുത്തി സ്മൃതികളാല്‍ കോട്ടകെട്ടി നൂറുകണക്കിന്‌ ശങ്കരാചാര്യന്മാരെയും തുഞ്ചന്മാരേയും കുഞ്ചന്മാരേയും അയിത്തമാകുന്ന മഹാശാപത്താല്‍ വംശവിച്ഛേദം വരുത്തിക്കൊണ്ടിരുന്ന ഒരു കാലം. അക്കാലത്ത്‌ ആ മഹാനരകത്തില്‍നിന്നും മോചനമുണ്ടാകുവാന്‍ ഗുരുദേവന്‍ കല്‍പന നല്‍കിയ അനേകം പ്രസ്ഥാനങ്ങളില്‍ ഒന്നാണ്‌ ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനവും. ഉദ്ധവഗീത ശ്രീകൃഷ്ണ പരമാത്മാവിന്റെ അവസാനത്തെ ഗീതോപദേശമായിരിക്കുന്നതുപോലെ ‘ശിവഗിരി തീര്‍ത്ഥാടന’ മഹാസന്ദേശം ശ്രീനാരായണ ഗുരുദേവന്റെ അവസാനത്തെ വ്യക്തമായ സന്ദേശമാണ്‌ അഥവാ ശ്രീനാരായണഗീതോപദേശമാണ്‌. 1103 മകരമാസം 3-ാ‍ം തിയതി കോട്ടയത്തുള്ള നാഗമ്പടം മഹാദേവക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള തേന്മാവിന്റെ ചുവട്ടില്‍ ശിഷ്യപരിസേവിതനായി ഗുരുദേവന്‍ വിശ്രമിക്കുന്നു. ആ അവസരത്തിലാണ്‌ തൃപ്പാദഭക്തന്മാരായ വല്ലഭശ്ശേരി ഗോവിന്ദനാശാനും ടി.കെ. കിട്ടന്‍ റൈറ്ററും ശിവഗിരി തീര്‍ത്ഥാനടമെന്ന ആശയം ഗുരുദേവ സന്നിധിയില്‍ അവതരിപ്പിച്ചത്‌. ആപ്ത കാമനായ ഗുരുദേവന്‍ തന്നെ സമീപിച്ച ആ ഭക്തോത്തമന്മാരുടെ ആശയത്തിന്‌ പൂര്‍ണ്ണമായ അംഗീകാരം നല്‍കി. ആ പ്രസ്ഥാനത്തിന്‌ വ്യക്തമായ രൂപഭാവങ്ങള്‍ കല്‍പ്പിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവിനെപ്പോലുള്ള ജഗദ്ഗുരുക്കന്മാര്‍ സത്യസങ്കല്‍പ ധനന്മാരാണ്‌. അവരുടെ ചിദാകാശത്തില്‍ രൂപം കൊള്ളുന്ന എല്ലാ സങ്കല്‍പ്പങ്ങളും സാധിതമാവുക തന്നെ ചെയ്യും. ഗുരുദേവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും അങ്ങിനെയുള്ളതാണ്‌. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹകാരിത്വം വഹിച്ചിട്ടുള്ള ശിവലിംഗദാസസ്വാമിയും ബോധാനന്ദസ്വാമിയും ആശാനും പല്‍പുവും അയ്യപ്പനുമൊക്കെ ഗുരുദേവന്‍ ഓരോ സന്ദര്‍ഭങ്ങളിലായി ഉപയോഗിച്ച ഉപകരണങ്ങള്‍ മാത്രം. ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനത്തില്‍ അതിന്‌ നിമിത്ത കാരണമായിത്തീര്‍ന്ന മഹാനുഭവന്മാര്‍ വല്ലഭശ്ശേരിയും റൈട്ടറുമായിരുന്നു. ഈ ആശയം ഗുരുദേവസന്നിധിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും പ്രേരണ നല്‍കിയത്‌ ഗോവിന്ദന്‍ വൈദ്യരുടെ ബന്ധുവും ഗുരുദേവ ശിഷ്യനുമായ സരസകവി മൂലൂര്‍ പത്മനാഭ പണിക്കരാണെന്ന്‌ അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ശാരദാപ്രതിഷ്ഠാവേളയില്‍ സരസകവി എഴുതിയ ‘ശ്രീനാരായണ ഗുരുദേവകീര്‍ത്തന’ത്തില്‍ “പുണ്യതീര്‍ത്ഥത്തില്‍ കുളിച്ചന്ത്യയാമത്തില്‍ വര്‍ണ്ണച്ഛവിയാല്‍ മനസ്സുനീക്കി” എന്ന പ്രയോഗത്തിലൂടെ ശിവഗിരി തീര്‍ത്ഥാടന സങ്കല്‍പ്പത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ” സ്വാമി തൃപ്പാദങ്ങള്‍ കല്‍പ്പിച്ച ശിവഗിരി തീര്‍ത്ഥാടന” എന്ന പേരില്‍ ഒരു പുസ്തകം ആദ്യമായി എഴുതി പ്രസിദ്ധം ചെയ്തതും മൂലൂര്‍ തന്നെയായിരുന്നു. മാത്രമല്ല, ശിവഗിരി തീര്‍ത്ഥയാത്രയ്ക്ക്‌ തുടക്കം കുറിച്ചത്‌ മൂലൂരിന്റെ പുത്രന്‍ ദിവാകര പണിക്കരുടെ നേതൃത്വത്തില്‍ ഇലവുംതിട്ടയില്‍നിന്നും തിരിച്ച നാലംഗസംഘവുമാണ്‌. ഇങ്ങനെ നോക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനമെന്ന പ്രസ്ഥാനത്തിന്‌ ബീജാധാനം നല്‍കിയവരില്‍ സരസകവി മൂലൂരും പ്രഥമ ഗണനീയനാണെന്നു കാണാം. 1906 കാലഘട്ടത്തില്‍ തന്നെ ശിവഗിരി കേരളത്തിലാകമാനമുള്ള ശ്രീനാരായണീയരുടെ തലസ്ഥാനവും തീര്‍ത്ഥാടനകേന്ദ്രവുമായും മാറിക്കഴിഞ്ഞിരുന്നുവെന്ന്‌ ഇതില്‍നിന്നും മനസ്സിലാക്കാമല്ലോ. 1079 (1904) ലാണല്ലോ ഗുരുദേവന്‍ തന്റെ ആസ്ഥാനം അരുവിപ്പുറത്തുനിന്നും ശിവഗിരിയിലേക്ക്‌ മാറ്റുന്നത്‌. ശിവഗിരിയെ പ്രസ്ഥാനത്തിന്റെ തലസ്ഥാനവും തീര്‍ത്ഥാടനകേന്ദ്രവുമായി സങ്കല്‍പിച്ചുകൊണ്ടായിരുന്നു ഗുരുദേവന്റെ തുടര്‍ന്നങ്ങോട്ടുള്ള ഓരോരോ പ്രവര്‍ത്തനങ്ങളുമെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. വര്‍ക്കലക്കുള്ള പൗരാണികത്വം, ജനാര്‍ദ്ദനസ്വാമിക്ഷേത്രം, പ്രകൃതിരമണീയകത്വം, കണ്വാദിമഹര്‍ഷീശ്വരന്മാരുടെ തപോഭൂമി, പ്രകൃതിദത്തമായ സ്നാനഘട്ടങ്ങള്‍, നാലുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട കുന്നിന്‍പ്രദേശം-ഇതൊക്കെ കണ്ടുകൊണ്ടാകാം ഗുരുദേവന്‍ തന്റെ ആസ്ഥാന കേന്ദ്രത്തിന്‌ ‘ശിവഗിരി’ എന്നു നാമകരണം ചെയ്തതും അതിനെ തന്റെ പ്രസ്ഥാനത്തിന്റെയെല്ലാം ആസ്ഥാനമാക്കുവാന്‍ തീരുമാനിച്ചതും. അതുകൊണ്ടുതന്നെയാണ്‌ വിദ്യാദേവതയായ ശാരദാംബികയ്ക്കും മതമഹപാഠശാലയ്ക്കും (ബ്രഹ്മവിദ്യാലയം) ഗുരുദേവന്‍ ശിവഗിരിയില്‍ തന്നെ സ്ഥാനം നല്‍കിയത്‌. സര്‍വ്വോപരി തന്റെ മഹാസമാധി സ്ഥാനവും ശിവഗിരിയില്‍ തന്നെയാകട്ടെ എന്നു ഗുരുദേവന്‍ നിശ്ചയിച്ചതും ഇക്കാരണത്താല്‍ തന്നെ. പ്രസ്ഥാനത്തിന്റെ തലസ്ഥാനമായ തീര്‍ത്ഥകേന്ദ്രം എന്ന നിലയില്‍ തന്നെയാണ്‌ തൃപാദങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്തത്‌. ശിവഗിരി തീര്‍ത്ഥാടനമെന്ന ആശയം ഒരു നിമിഷത്തില്‍ ഉണ്ടായതല്ല എന്നും അത്‌ ഗുരുദേവന്റെ ഹൃദയാകാശത്തില്‍തന്നെ വിരിഞ്ഞ മഹാസങ്കല്‍പമാണെന്നും ആ മഹാസങ്കല്‍പം ബാഹ്യമായി ആവിഷ്ക്കരിച്ച്‌ പ്രാവര്‍ത്തികമാക്കുവാന്‍ നിമിത്തമായവരാണ്‌ ഗോവിന്ദന്‍ വൈദ്യരും ടി.കി. കിട്ടന്‍ റൈറ്ററും മൂലൂരുമെന്നും മേല്‍പ്പറഞ്ഞ സംഗതികള്‍കൊണ്ട്‌ മനസ്സിലാക്കാമല്ലോ. ഇതര തീര്‍ത്ഥാടനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തഭാവങ്ങള്‍ ശിവഗിരി തീര്‍ത്ഥാടനം പുലര്‍ത്തിപ്പോരുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്‌ ഗുരുദേവന്‌ വ്യക്തമായ ചില കാഴ്ചപ്പാടുകളാണ്‌ ഉണ്ടായിരുന്നത്‌. അവിടുന്ന്‌ പറയുന്നത്‌ നോക്കൂ ‘ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രം ധരിച്ച്‌ ശിവഗിരിയില്‍ ചെന്ന്‌ ചുറ്റിനടന്ന്‌ കുളിയും ഊണും കഴിഞ്ഞ്‌ പണവും ചിലവാക്കി വീടുകളില്‍ ചെല്ലുന്നതുകൊണ്ട്‌ എന്ത്‌ സാധിച്ചു ? ഒന്നും സാധിച്ചില്ല. വെറും ചിലവും ബുദ്ധിമുട്ടും . ഇതുപാടില്ല. തുടര്‍ന്ന്‌ വിദ്യാഭ്യാസം ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിങ്ങനെ എട്ടുവിഷയങ്ങളെ നിര്‍ദ്ദേശിച്ചിട്ട്‌ വീണ്ടും തുടരുന്നു. “ഈ വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം പറയിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടുകൂടിയിരുന്ന്‌ ശ്രദ്ധിച്ച്‌ കേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും… ജനതയുടെയും രാജ്യത്തിന്റേയും സര്‍വ്വതോമുഖമായ പുരോഗതിക്കാവശ്യമുള്ളതെല്ലാം ഈ പ്രഖ്യാപനത്തിലടങ്ങുന്നുണ്ട്‌. സ്വതന്ത്ര ഭാരതത്തിന്റെ വിധികര്‍ത്താക്കള്‍ വിദഗ്ധമായി ചിന്തിക്കുന്നതിനും എത്രയോ മുമ്പാണ്‌ സന്യാസിയായ ശ്രീനാരായണഗുരു, സംഘടന, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവ പ്രായോഗികമാക്കേണ്ട രീതികളെക്കുറിച്ചും വിചിന്തനം ചെയ്ത്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്‌ എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. ആത്മോപദേശ ശതകത്തില്‍ വിദ്യയെ ‘സമ’ യെന്നും ‘അന്യ’ എന്നും രണ്ടായി തരം തിരിക്കുന്നുണ്ട്‌. ഒന്ന്‌ പരാവിദ്യയും മറ്റൊന്ന്‌ അപരാവിദ്യയുമാണ്‌. പരാവിദ്യയായ ബ്രഹ്മവിദ്യയില്‍ കൂടി മാത്രമെ ആത്യന്തികമായ പരമലക്ഷ്യം -മോക്ഷം-നേടുവാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഗുരുദേവന്‍ അപരാവിദ്യയെ, ഭൗതികവിദ്യയെ തള്ളിക്കളയുന്നില്ല.

 സച്ചിദാനന്ദസ്വാമി, ശിവഗിരി മഠം

0 comments:

Post a Comment