Saturday 5 January 2013

സമാധിയിലുണരുന്ന ശുദ്ധമനസ്സ്‌


ഒരുവന്റെ ചിത്തം അവന്‍ ധ്യാനിക്കുന്ന, ചിന്തിക്കുന്ന വിഷയത്തില്‍, കാറ്റില്ലാത്തിടത്ത്‌ സ്ഥാപിച്ച വിളക്കിലെ ജ്വാലപോലെ നിശ്ചിതവും നിശ്ചലവുമാകണം. ഇതത്രേ സമാധി. ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിന്‌ കര്‍മ്മങ്ങള്‍ സഞ്ചയിക്കപ്പെട്ടിരിക്കുന്നു. സമാധിയവസ്ഥയില്‍ ഈ കര്‍മ്മങ്ങളിലെ ഒട്ടുമിക്കതും നശിക്കുന്നു. ശുദ്ധകര്‍മ്മങ്ങള്‍ മാത്രം വര്‍ദ്ധിച്ചു തഴയ്‌ക്കുന്നു. അതിനാലാണത്രേ യോഗികള്‍ സമാധിയെ ധര്‍മ്മമേഘം എന്നുവിളിക്കുന്നത്‌. (അദ്ധ്യാത്മോപനിഷത്ത്‌ 35-38)

ചിന്തകള്‍ കാറ്റില്‍ പഞ്ഞിത്തുണ്ടുകള്‍ പോലെ മനസ്സിലൂടെ പാറിക്കളിക്കുന്നു. അവയിലൂടെ മനസ്സ്‌ രമിച്ച്‌ മാറിമാറി കളിക്കുന്നു. നമുക്ക്‌ യുക്തിഭദ്രമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാകുന്നു. ഏതുവസ്‌തുവിനെപ്പറ്റി ചിന്തിക്കുന്നുവോ ആ വസ്‌തുവില്‍ മനസ്സിനെ ഉറപ്പിച്ചുനിറുത്തി അതിന്റെ സൂക്ഷ്‌മം ഗ്രഹിക്കുന്നതാണ്‌ സമാധി എന്ന അവസ്ഥ. ആ അവസ്ഥ പ്രാപിക്കുന്ന വ്യക്തികളില്‍ പാഴ്‌കര്‍മ്മങ്ങള്‍ ബാധിക്കില്ല. കാരണം അയാള്‍ ഉണര്‍ന്ന ബോധത്തില്‍ ജീവിതത്തെ സമീപിക്കുന്നു. സംശുദ്ധമായ കര്‍മ്മങ്ങളില്‍ ആയിരിക്കും അയാളുടെ മനസ്സ്‌ അഭിരമിക്കുന്നത്‌. ഗുരുദേവന്‍ ദൈവദശകത്തില്‍ << നിന്നിടും ദൃക്കുപോലെ ഉള്ളം നിന്നില്‍ അസ്‌പന്ദമാകണം >> എന്ന്‌ പറയുന്നതിന്റെ താല്‌പര്യവും ശിവശതകത്തില്‍ << മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്‌ വടിവോടു നിന്നുവിളങ്ങിടും വിളക്കിന്‍ ചുടരൊളി.. >> എന്നു പറഞ്ഞിരിക്കുന്നതിന്റെ താല്‌പര്യവും ഈ അര്‍ത്ഥത്തില്‍ ചിന്തിക്കാവുന്നതാണ്‌. ഇത്തരം സമാധി ശീലിക്കുന്ന മനസ്സ്‌ ധര്‍മ്മം പെയ്യുന്ന മേഘം മാണ്‌ എന്ന്‌ പറയപ്പെടുന്നു.

കടപ്പാട് : ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌്‌്‌)

0 comments:

Post a Comment