Tuesday 1 January 2013

ഗുരുദേവ ചരിത്രം (ഭാഗം 1)



ഗുരുദേവന്റെ ‘ജീവചരിത്രം’ പഠിക്കുന്നതിനോടോപ്പം ഗുരുദേവന്റെ കുടുംബ-ചരിത്ര  പശ്ചാത്തലവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.  ഇതുവരെ  വായിച്ച ലേഖനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ  ഒരു സംക്ഷിപ്തരൂപം ഇവിടെ കൊടുക്കുന്നു.

തിരുവനന്തപുരത്തുനിന്നും കൊല്ലത്തേയ്ക്കുള്ള പ്രധാന വീഥിയിൽ 8  കിലോമീറ്റർ യാത്രചെയ്താൽ ‘ശ്രീകാര്യം’  ജംങ്ഷനിൽ എത്തും.  അവിടെ നിന്നും വടക്കോട്ട് തിരിഞ്ഞ്        2 കിലോമീറ്റർ പോയാൽ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ എത്തിച്ചേരും.
ചെമ്പഴന്തി എന്ന സ്ഥലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ‘മണയ്ക്കൽ’ എന്നായിരുന്നു.  മണയ്ക്കൽ എന്നത് അവിടെയുണ്ടായിരുന്ന പുരാതനമായ ഒരു ഈഴവ തറവാടായിരുന്നു. ഗുരുദേവന്റെ കുടുംബ ക്ഷേത്രമെന്നറിയപ്പെട്ടിരുന്ന ദേവാലയവും മണയ്ക്കൽ ഭഗവതി ക്ഷേത്രം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  കിഴക്ക് പൌഡിക്കോണമെന്നും പടിഞ്ഞാറ് മണയ്ക്കൽ എന്നും അറിയപ്പെട്ടിരുന്ന  സ്ഥലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മണയ്ക്കൽ എന്നാണ്.  ചെമ്പഴന്തി എന്ന നാമം ആ ഗ്രാമത്തിന് പിന്നീടുണ്ടായതാണ്.

പഴയ വേണാട് രാജ്യത്തിന്റെ  നിയന്ത്രണം എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്ന നായർ പ്രഭുക്കന്മാരുടെയും, മാടമ്പിമാരുടെയും, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്ന പോറ്റിമാരുടെയും കൈകളിലായിരുന്നു.  എട്ടുവീട്ടിൽ പിള്ളമാരിൽ  ഒരാളായ ചെമ്പഴന്തി പിള്ളയുടെ അധീനതയിലായിരുന്നു ചെമ്പഴന്തി ഗ്രാമം. അദ്ദേഹം താമസിച്ചിരുന്നത് കല്ലറത്തല വീട്ടിലായിരുന്നു.   കരം‌പിരിക്കൽ നടത്തിയിരുന്ന ഇളയമുറക്കാരൻ  താമസിച്ചിരുന്നത് കണ്ണങ്കരവീട്ടിലുമായിരുന്നു.  പെൺ‌വഴി ഭരണാധികാരി (കല്ല്യാണികുട്ടി പിള്ള) താമസിച്ചിരുന്നത് അലിയാവൂർ ചെമ്പകമംഗലത്തും.  രാമവർമ്മ (1721-1729) നാടു നീങ്ങിയതിനുശേഷം  ശ്രീ ബാ‍ലമാർത്താണ്ഡവർമ്മ (1729-1758)   അധികാരം  ഏറ്റെടുത്തു.   വേണാടിനോട് അടുത്തുള്ള  ചെറിയ രാജ്യങ്ങൾ ചേർത്ത് സാമാന്യം വലിയ തിരുവിതാംകൂർ സംസ്ഥാനം രൂപീകരിച്ചു.  ഇതിനെ എതിർത്ത പ്രഭുക്കന്മാരെ അടിച്ചമർത്തി  ഉൽകൃഷ്ടമായ ഒരു ഭരണം  ഏർപ്പെടുത്തി.   അതോടെ  പിള്ളമാർക്ക് രാജാവിനോട് നീരസം തോന്നുകയും അദ്ദേഹത്തെ വധിക്കാൻ രാമവർമ്മയുടെ മക്കളും ചേർന്ന് ഗൂഢാലോചന നടത്തുകയും ചെയ്തു.  ഒരിക്കൽ  വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് ചെമ്പഴന്തി പിള്ളയുടെ ശാഖാവീടായ ചെമ്പകമംഗലത്തായിരുന്നു.  രാജാവിനോട് വാത്സല്യം തോന്നിയ കല്യാണിക്കുട്ടി പിള്ള തന്റെ സ്വന്തം മുറിയിൽ അഭയം നൽകുകയും ചെയ്തു.  രാജാവിനെ വകവരുത്തുന്നതിന്  പുറപ്പെടുന്നതിനുമുമ്പ് സഹോദരിയുടെ അനുഗ്രഹം വാങ്ങുന്നതിനായി ചെമ്പഴന്തി കണ്ണങ്കര വീട്ടിലെ മൂത്തപിള്ള ചെമ്പകമംഗലത്തെത്തി.  രാജാവിനെ വധിക്കാൻ ശ്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന്  കല്യാണിക്കുട്ടി പിള്ള തന്റെ സഹോദരനോട് ശപഥം ചെയ്യിച്ചു.   ചെമ്പഴന്തി പിള്ളയുടെ തറവാട്ടിലെ കാരണവന്മാരും ചാരിയാട്ടുവിളയിലെ ഈഴവ പ്രമാണിമാരും തികഞ്ഞ സൌഹൃദത്തിലാണ്  കഴിഞ്ഞിരുന്നത്‌.  അതുകൊണ്ടു തന്നെ അന്ന്‌ രാജാവിനെ രക്ഷപ്പെടുത്താൻ നടന്ന ശ്രമങ്ങളിൽ മാടനാശാന്റെ മാതുലനായ ചാരിയാംകോട്ട് ശങ്കു ആശാനും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  മഹാരാജാവിനെ രക്ഷപ്പെടുത്തിയതിനു പ്രതിഫലമായി കൊട്ടാരം വക മണയ്ക്കൽ ക്ഷേത്രവും അതോട്‌  ബന്ധപ്പെട്ട കുറെ വസ്തുക്കളും ശങ്കു ആശാന്റെ കുടുംബത്തിനും കണ്ണങ്കര വീട്ടുകാർക്കും  കൂട്ടുപട്ടയമായി ലഭിച്ചു.  ക്ഷേത്രത്തിലെ പൂജ ശങ്കു ആശാന്റെ കുടുംബക്കാരും, മറ്റു ക്ഷേത്രകാര്യങ്ങളും ഉത്സവാഘോഷങ്ങളും  ഇരുകൂട്ടരും സഹകരിച്ചു നടത്തിവന്നു.  ക്ഷേത്രഭരണത്തിൽ  പിൻ‌തലമുറക്കാരായ ചിലർ ഉണ്ടാക്കിയ അനാവശ്യ കലഹങ്ങൾ കാരണം ഇരുകൂട്ടരും തമ്മിൽ അകന്നു.  ഓരോരുത്തരും കൈവശം വച്ച് അനുഭവിച്ചു പോന്ന വസ്തുവകകളും ക്ഷേത്രസ്വത്തുക്കളും സ്വന്തമാക്കി അവർ അന്യോന്യം വിട്ടുപിരിഞ്ഞു.  ക്ഷേത്രവും അതോടു ബന്ധപ്പെട്ട കുറച്ചു വസ്തുക്കളും ഗുരുവിന്റെ പിതാവിന്റെ വീട്ടുകാർക്ക് ലഭിച്ചു.  ശങ്കു ആശാന്റെ കുടുംബത്തിലെ ഒടുവിലത്തെ അവകാശിയായിരുന്ന കൊച്ചപ്പി, ചെമ്പഴന്തി മണയ്ക്കൽ ക്ഷേത്രത്തിനും വസ്തുവകകൾക്കും മേൽ അവർക്കുണ്ടായിരുന്ന ജന്മാവകാശം കൊല്ലവർഷം 1101 ധനുമാസം 7-ആം തിയതി ഗുരുവിന്റെ പേർക്ക് ദാനാധാരം എഴുതി  രജിസ്റ്റർ ചെയ്തു.

1750 ജനുവരി 3ന് (കൊല്ലവർഷം 925 മകരം 5) മാർത്താണ്ഡവർമ്മ തന്റെ വിപുലമായ തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭന് അടിയറവച്ചു.    പ്രതീകാത്മകമായതും മഹത്തായതുമായ  ഇതിനെ തൃപ്പടിദാനം എന്ന് അറിയപ്പെടുന്നു. ഇതു പ്രകാരം രാജാവും തന്റെ പിൻ‌ഗാമികളും ശ്രീപദ്മനാഭന്റെ ദാസന്മാരായി, അദ്ദേഹത്തിന്റെ  അഭാവത്തിൽ രാജ്യം ഭരിക്കുന്നു എന്നാണ് സങ്കല്പം.  ഇതിനുശേഷം  മാർത്താണ്ഡവർമ്മ  ശ്രീപദ്മനാഭദാസൻ എന്ന നാമം  സ്വീകരിച്ചു.  അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ വരെയുള്ള രാജാക്കന്മാർ  തങ്ങളുടെ പേരിനൊപ്പം ഈ  ബിരുദവും കൂടി ചേർത്തിരുന്നു.

മാടനാശാന്റെ കുടുംബ പശ്ചാത്തലം:

ഗുരുവിന്റെ പിതാവ് മാടനാശാൻ ചെമ്പഴന്തിയിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് കട്ടച്ചൽ ചെമ്മംകോട് ചാരിയാട്ടുവിളാകം എന്ന ധനപുഷ്ടിയുള്ള പുരാതന  കുടുംബത്തിലെ അംഗമാണ്. 1100 പറ നിലം മാടനാശാന്റെ കുടുംബത്തിന് ഉണ്ടായിരുന്നതായി അറിയുന്നു.  മാടനാശാന്റെ കുടുംബക്കാർ മൂട്ടില്ലക്കാർ ആയിരുന്നു.  പാട്ടത്തിൽ കുടുംബം, പൌഡിക്കോണം കുടുംബം, ചെമ്മൺകോട്  കുടുംബം എന്നിങ്ങനെ മൂന്ന് ശാഖകളായി പിരിഞ്ഞു നിന്ന തറവാടായിരുന്നു പൂർവ്വികരുടേത്.  ഇതിൽ ചെമ്മങ്കോട് കുടുംബത്തിലെ അംഗമാണ് കൊച്ചുവിളയിൽ മാടനാശാൻ. മണയ്ക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറായി ചാരിയാട്ടു കുളത്തിന് സമീപം കൊച്ചുവിള വീട്ടിലാണ് മാടനാശാൻ കുട്ടിയമ്മ ദമ്പദികൾ താമസിച്ചിരുന്നത്. 

  മാടനാശാന്റെ അമ്മാവൻ ശങ്കു ആശാനും പ്രസിദ്ധനായിരുന്നു.   അദ്ദേഹം  അദ്ധ്യാത്മിക ഗ്രന്ഥങ്ങളായ ഭാഗവതം, രാമായണം, മഹാഭാരതം എന്നിവ വിവിധ ഈണത്തിൽ വായിച്ച് അർത്ഥം പറഞ്ഞിരുന്ന പണ്ഡിതനും അതിലുപരി  ഒരു പരോപകാരിയും കൂടിയായിരുന്നു.   ആ കുടുംബത്തിലെ  അംഗങ്ങളെല്ലാം നല്ല വിദ്യാസമ്പന്നരും സമർത്ഥരുമായിരുന്നു.  സംസ്കൃതം, വൈദ്യം തുടങ്ങിയ വിഷയങ്ങളിൽ സാമാന്യം പാണ്ഡിത്യം സമ്പാദിച്ചവരും ആയിരുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീകളും അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ഈണത്തിൽ വായിച്ച്  അർത്ഥം  പറയാൻ തക്ക പ്രാപ്തിയുള്ളവരായിരുന്നു.  

ഒരുകാലത്ത് കേരളം ഭരിച്ചിരുന്ന സവർണ്ണ നാടുവാഴികൾ ഈഴവരെ അവർണ്ണ വർഗത്തിൽ ഉൾപ്പെടുത്തുകയും സർക്കാർ ഉദ്യോഗങ്ങൾ കൊടുക്കാനോ  പബ്ലിക് സ്കൂളിൽ പ്രവേശിപ്പിക്കാനോ പാടില്ലെന്ന് ചട്ടം ഉണ്ടാക്കുകയും ചെയ്തു.  അതു നിമിത്തം മിക്ക ഈഴവ കുടുംബങ്ങളിലെയും വിദ്യഭ്യാസം ലഭിച്ച വ്യക്തികൾ പ്രത്യേകം പള്ളിക്കൂടങ്ങളിൽ വെച്ചും, സ്വന്തം വീടുകളിൽ ഇരുത്തിയും കുഞ്ഞുങ്ങളെ സംസ്കൃതം, മലയാളം, കാവ്യം, വൈദ്യം, ജ്യോതിഷം, കായികാഭ്യാസം മുതലായവ പഠിപ്പിച്ചു വന്നു.  ഇപ്രകാരം പഠിപ്പിക്കുന്നവരെയെല്ലാം അക്കാലത്ത് ആശാന്മാർ  എന്ന് വിളിച്ചുപോന്നു.  അങ്ങിനെയാണ് ഈഴവരുടെ ഇടയിൽ ആശാന്മാർ അധികമായി ഉണ്ടാകാൻ ഇടയായത്.

 മാടനാശാന്റെ ഇളയമ്മ പാർവ്വതിയെ ഡച്ചുകാരുടെ കണക്കപ്പിള്ളയായിരുന്ന ചിറയിൻ‌കീഴുകാരൻ വൈരവൻ കല്യാണം കഴിച്ചത് അവരുടെ വായനകേട്ട് ഇഷ്ടപ്പെട്ടാണെന്നും ശ്രുതിയുണ്ട്.  വൈരവന്റെ കൊച്ചുമകനാണ് പിൽക്കാലത്ത് ഗുരുദേവന്റെ ശിഷ്യനായിരുന്ന ഗോവിന്ദൻ ജഡ്ജി.  മാടനാശാന്റെ അനുജൻ കൊച്ചുമാടനാശാന്റെ പുത്രനാണ് പൌഡിക്കോണത്ത്  പുതുവൽ വീട്ടിലെ പ്രസിദ്ധ വൈദ്യനായ ശീ. രാമൻ.  അദ്ദേഹത്തിന്റെ പുത്രൻ ആർ.നാരായണൻ അറിയപ്പെടുന്ന ഒരു സംസ്കൃത  പണ്ഡിതനായിരുന്നു.
പണ്ഡിതനും സാത്വികനും പരോപകാരിയുമായ മാടനാശാൻ വ്രതാനുഷ്ഠാനങ്ങളിലും പ്രത്യേകം നിഷ്ഠയുള്ള ആളായിരുന്നു.  അദ്ദേഹത്തെ ജാതിമതവ്യത്യാസമില്ലാതെ എല്ലാവരും ബഹുമാനിച്ചിരുന്നു.  ഒരിക്കൽ മണയ്ക്കൽ ക്ഷേത്രത്തിലെ ഒരു ലഹള സംബന്ധിച്ച് അന്വേഷിച്ചുവന്ന പേഷ്കാർ സൂര്യനാരായണ അയ്യർ മാടനാശാനുമായി സംസാരിച്ചതിനുശേഷം, “മാടനാശാൻ യോഗ്യനാണ്” എന്നഭിപ്രായപ്പെട്ട് അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ്സ് തള്ളുകയുണ്ടായി. 

എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ കണ്ണങ്കര മൂത്തനാരായണപിള്ള മാടനാശാന്റെ ഉറ്റ സുഹൃത്തായിരുന്നു. കണ്ണങ്കര, കല്ലറത്തല, വെങ്ങോട്  എന്നീ കുടുംബങ്ങൾ ഉൾപ്പെടുന്നതായിരുന്നു ചെമ്പഴന്തി  പിള്ളമാരുടെ കുടുംബം.  അതിൽ ചെമ്പഴന്തി മൂത്ത നാരായണപിള്ള എന്നറിയപ്പെടുന്ന കാരണവർ താമസിച്ചിരുന്നത് കല്ലറത്തറയിലായിരുന്നു.  ഈ കുടുംബങ്ങളും ഗുരുദേവന്റെ പൂർവ്വികരുമായി അറുത്ത ആത്മബന്ധമാണ് പുലർത്തിയിരുന്നത്.   ഈ കണ്ണങ്കര മൂത്തപിള്ളയുടെയും  മറ്റു  ചെമ്പഴന്തി  പിള്ളമാരുടെയും കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം കുറിച്ചിരുന്നത് മാടനാശാനായിരുന്നു. അയിത്തവും അനാചാരവും അന്ധവിശ്വാസങ്ങളും ദൈവവിധിയെന്നോണം അനുഷ്ഠിച്ചിരുന്ന അക്കാലത്ത് പ്രതാപശാലികളും വരേണ്യവർഗ്ഗത്തിൽ‌പ്പെട്ടവരുമായ ചെമ്പഴന്തിപിള്ളമാരുടെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം മാടനാശാൻ സ്ഥിരമായി നിർവ്വഹിച്ചു പോന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം നമുക്കൂഹിക്കാവുന്നതാണ്.  അതുപോലെ, ഗുരുദേവന്റെ നാമകരണം, വിദ്യാരംഭം എന്നിവ നിർവ്വഹിക്കാൻ പരമഭാഗ്യം ലഭിച്ചത് കണ്ണങ്കര മൂത്തനാരായനപിള്ളയ്ക്കാണ്.  ഗുരുദേവന്റെ ജനനത്തിലുള്ള സവിശേഷത, അംഗലക്ഷണം, ഗ്രഹസ്ഥിതി ഇതൊക്കെ ഒത്തുനോക്കിയ മൂത്തപിള്ള ‘ലോകം മുഴുവനും പ്രഭചൊരിയുന്ന ഒരു മഹാന്റെ ജനനമാണിതെന്നും, പതിനാറുവയസുവരെ നിങ്ങൾക്ക് വളർത്താം, പിന്നെ നിങ്ങൾക്ക് കിട്ടുകയില്ല എന്നും  പ്രവചിച്ചിരുന്നുവത്രെ.

കുട്ടിയമ്മയുടെ കുടുംബ പശ്ചാത്തലം:

ഒരു മഹാപുരുഷനെ ലോകത്തിനു നൽകിയ ആ കുടുംബത്തിലെ മാതാവിന്റെയും പിതാവിന്റെയും പൂർവ്വികർ ഒരുപോലെ താത്വികരും വിദ്വാന്മാരും പരോപകാരികളുമായിരുന്നു.  ഗുരുദേവന്റെ അമ്മയുടെ അമ്മാവനായ കൊച്ചനാശാൻ ഒരു നൈഷ്ഠിക ബ്രഹ്മചാരിയും പരമ സാത്വികനുമായിരുന്നു.  അദ്ദേഹത്തിന് ഗുരുദേവനുമായി നല്ല സാദൃശ്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.  മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ഈ കൊച്ചനാശാനാണെന്ന് പറയപ്പെടുന്നു.  നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന ഈ മഹാൻ അതിതേജസ്വിയായിരുന്നെന്നും പറയപ്പെടുന്നു.  താളിയോലയിൽ ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതിൽ അദ്ദേഹത്തിനുള്ള അസാമാന്യപാടവം നിമിത്തം അദ്ദേഹത്തെ ‘എഴുത്തൻ കൊച്ചനാ‍ശാൻ’  എന്ന് അറിയപ്പെട്ടിരുന്നു.  ഗുരുദേവൻ ജനിക്കുന്നതിനും രണ്ടു വർഷം മുമ്പ് അദ്ദേഹം  72-ആം വയസ്സിൽ കാലധർമ്മം പ്രാപിച്ചു.

അക്കാലത്ത്  ആ നാട്ടിലെ ഈഴവരെ പ്രധാനമായും നാല് ഇല്ലക്കാരായി - ചോഇല്ലം, പള്ളിച്ചൽ ഇല്ലം, മൂട്ടില്ലം, മയ്യനാട്ടില്ലം - എന്നിങ്ങനെ തരം തിരിച്ചിരുന്നു.  ഇല്ലം നോക്കിയാണ് കുടുംബമഹിമ നിശ്ചയിച്ചിരുന്നതും വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നതും.  കുട്ടിയമ്മയുടെ കുടുംബക്കാർ  മയ്യനാട്ടില്ലക്കാരായിരുന്നു.  പൂർവികർ സംസ്കൃത ഭാഷാപണ്ഡിതന്മാരായിരുന്നു.  അദ്ധ്യാപകവൃത്തിയിൽ  അദ്വിതീയരായിരുന്ന അവർക്ക് വൈദ്യം, ജ്യോതിഷം മുതലായവയിലും അറിവുണ്ടായിരുന്നു.  ഗുരുദേവന്റെ അമ്മയുടെ  കുടുംബം, മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിക്കൽ തറവാടായിരുന്നു.   കുട്ടിയമ്മയുടെ അച്ഛൻ താമസിച്ചിരുന്നത്,  ഇലഞ്ഞിക്കൽ തറവാടിനോട്  ചേർന്ന് ‘മുട്ടിയാട്ടിൽ’ എന്ന ഭവനത്തിലായിരുന്നു.  ആയോധന കലയിലും നായാട്ടിലും പ്രാവീണ്യം സിദ്ധിച്ചിരുന്ന അദ്ദേഹം   ‘കേരളകാളിദാസൻ’ എന്ന കേരളവർമ്മ വല്ലിയകോയിത്തമ്പുരാനുമൊത്ത് നായാട്ടിൽ ഏർപ്പെട്ടിരുന്നതായി കാണുന്നു.  തമ്പുരാന്റെ ‘മൃഗയാസ്മരണകളിൽ’ ധീരശൂരപരാക്രമിയായും അക്ഷീണനുമായ ഒരു മഹാനായി ഈ പിതാമഹനെ  വിലയിരുത്തിയിട്ടുണ്ട്.  അദ്ദേഹത്തിന് ഏഴ് സന്താനങ്ങൾ ഉണ്ടായിരുന്നു.  അതിൽ ഏറ്റവും മൂത്തത് കൊച്ചുരാമൻ വൈദ്യരും ഏറ്റവും ഇളയത് കൊച്ചുകൃഷ്ണൻ വൈദ്യരുമായിരുന്നു.  അതിൽ അഞ്ചു പെൺ മക്കളിൽ ഏറ്റവും മൂത്തതായിരുന്നു കുട്ടിയമ്മ.  ഗുരുദേവന്റെ  അമ്മാവന്മാർ സംസ്കൃതം, വൈദ്യം, ജ്യോതിഷം തുടങ്ങിയവയിൽ നിപുണന്മാരായിരുന്നു. 

മുട്ടിയാട്ടുവീട്ടിലെ കുട്ടിയമ്മയെ കൊച്ചുവിളയിൽ മാടനാശാൻ  വിവാഹം ചെയ്തു.  വിവാഹത്തിനുശേഷം ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ഗുരുദേവന്റെ ജനനം.   വയൽ‌വാരം വീട്ടിൽ വെച്ച് കൊല്ലവർഷം 1032 ചിങ്ങമാസം 30-ആം തിയതി (ക്രിസ്തുവർഷം 1856 സെപ്തംബർ 14) ചതയം നക്ഷത്രത്തിൽ ബ്രാഹ്മമുഹൂർത്തത്തിലായിരുന്നു ഗുരുദേവന്റെ ജനനം.   അതിനുശേഷം  കൊച്ചു, തേവി, മാത എന്നീ മൂന്നു  പെണ്മക്കളും മാടനാശാൻ കുട്ടിയമ്മ ദമ്പദികൾക്കു ജനിച്ചു.   ഗുരുദേവന്റെ  മാതാവിനെക്കൂടാതെ മാടനാശാന് മറ്റൊരു ഭാര്യ കൂടി ഉണ്ടായിരുന്നുവെന്നും അതിൽ അദ്ദേഹത്തിന് മൂന്നു പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നുവെന്നും  ശ്രീ. മൂർക്കോത്ത്  കുമാരൻ സൂചിപ്പിക്കുന്നു.  വയൽ‌വാരം ഭവനം ഇലഞ്ഞിക്കൽ ഭവനത്തിന്  മണയ്ക്കൽ തറവാട്ടിൽ നിന്നും ഒറ്റിയായിരുന്നു.  (ഒറ്റി = കൈവശം വെച്ച് അനുഭവിക്കുന്നതിനുള്ള ഉടമ്പടി.)  രാമൻ വൈദ്യർ താമസിച്ചിരുന്നത്  വയൽ‌വാരം വീട്ടിലായിരുന്നു എന്നും ഇലഞ്ഞിക്കൽ തറവാട്ടിലായിരുന്നെന്നും പറയപ്പെടുന്നു. രാമൻ വൈദ്യർ ഗർഭവതിയായ കുട്ടിയമ്മയെ വയൽ‌വാരത്തേയ്ക്ക്  പ്രസവത്തിനായി കൂട്ടിക്കൊണ്ടു വന്നതായിരുന്നു.  പിന്നീട്  മാടനാശാൻ കുട്ടിയമ്മ ദമ്പതികൾ വയൽ‌വാരം വീട്ടിൽ സ്ഥിരതാമസമാക്കി.   സ്വാമിയുടെ സഹോദരിമാരിൽ ഒരാൾ നേരത്തെ മരിച്ചുപോയി.  അതിൽ ഒരു പുത്രിയുണ്ട്.  ബാക്കിയുള്ളതിൽ മൂത്തവർക്ക് മൂന്നു പുത്രന്മാരും രണ്ടു  പുത്രിയുമാണ് ഉണ്ടായിരുന്നത്.  ഇളയവർക്ക്  രണ്ടു പുത്രന്മാരും  ഒരു പുത്രിയുമാണ്  ഉണ്ടായിരുന്നത്.

ഗുരുദേവന്റെ ജന്മഗൃഹം:  

നമ്മൾ ഇപ്പോൾ കാണുന്ന  ഓലമേഞ്ഞ ചെറിയ  കുടിൽ ആണ് ഗുരുദേവന്റെ ജന്മഗൃഹം  എന്നാണ് ശ്രീ.മൂർക്കോത്ത് കുമാരൻ  അടക്കമുള്ള  ഗ്രന്ഥകർത്താക്കൾ പറയുന്നത്.   സൂക്ഷ്മമായ ഒരന്വേഷണത്തിന്റെ കുറവ് ഇതിൽ പ്രതിഫലിക്കുന്നുണ്ട്.   മഹാന്മാരുടെ  ജനനഗൃഹങ്ങളെ പുണ്യസ്ഥലമായി കരുതി ബഹുമാനിക്കുന്ന പാശ്ചാത്യ പരിഷ്കൃതാശയന്മാരുടെ സമ്പ്രദായത്തെ അനുകരിച്ച് നാരായണഗുരുസ്വാമി ജനിച്ച ഗൃഹം സന്ദർശിച്ചപ്പോൾ ഒരു പുലയമാടത്തെ അനുസ്മരിപ്പിക്കുന്ന ചെറിയ കുടിൽ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് ശ്രീ മൂർക്കോത്ത് കുമാരൻ അനുസ്മരിക്കുന്നു.  സച്ചിദാനന്ദസ്വാമികളും, ഡോ.എസ്.ഓമനയും  ഗുരുദേവന്റെ പൂർവാശ്രമത്തെക്കുറിച്ചു നടത്തിയിട്ടുള്ള അന്വേഷണത്തിൽ കിട്ടിയ വിവരണങ്ങളിൽ ഇങ്ങനെ പറയുന്നു.  അതായത്, പലരും ധരിച്ചിട്ടുള്ളതുപോലെ വയൽ‌വാരം വീട് കേവലമൊരു ഓലക്കുടിൽ മാത്രമല്ല.  ഇന്നു കാണുന്ന ആ ഭവനം വലിയൊരു ഗൃഹത്തിന്റെ  ചെറിയ ഒരു ഭാഗം മാത്രമാണ്.  പഴയ  തറവാടുകളിൽ കാണാമായിരുന്ന അറപ്പുരയും, കിഴക്കതും, പടിപ്പുരയും, അതിഥിമന്ദിരവും, നടുത്തളവും എല്ലാറ്റിനും പുറമെയായി  ചുറ്റുമതിലും, മേൽ‌പ്പുരയോട്  കൂടിയ പടിവാതിലും തുളസിത്തറയും, നാഗത്തറയും, കുളവുമെല്ലാം ഒത്തുചേർന്ന വലിയൊരു ഗൃഹമായിരുന്നു വയൽ‌വാരത്തുഭവനം.  അതിൽ ഗുരുദേവ ജന്മഗൃഹം കഴിച്ച് ബാക്കിയുള്ളതെല്ലാം നാമാവശേഷമായി.  ആ വീടിന്റെ ചുമരുകൾ ചാണകം മെഴുകിയ നിലയിലാണ് ഇന്ന് കാണപ്പെടുന്നത്.  എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ നല്ല ബലമേറിയ കുമ്മായക്കൂട്ടോടു കൂടിയ ഭിത്തിയുടെ പുറമെയാണ് ചാണകം മെഴുകിയിരിക്കുന്നതെന്ന് കാണാനാകും. മൂന്നു മുറികളോടുകൂടിയ ആ പുണ്യഗൃഹത്തിന് അകത്തും വെളിയിലുമായി അഞ്ചു വാതിലുകളുണ്ട്. ആ മുറികൾക്ക് മരംകൊണ്ടുള്ള തട്ട് നിരത്തിയിട്ടുണ്ട്.  ഏതാണ്ട് നാലടിയോളം ഉയരമേ കട്ടിള വാതിൽ പടികൾക്കുള്ളൂ. (അയിത്ത ജാതിക്കാരുടെ വീടുകൾ അങ്ങിനെയേ നിർമ്മിക്കാവൂ.  അത് പണ്ടുണ്ടായിരുന്ന  ജാത്യാചാരത്തിന്റെ ഭാഗമായിരുന്നുവത്രെ.) 

ഗുരുദേവന്റെ  മാതാപിതാക്കളുടെ മരണശേഷം  ആ വീടിന്റെയും സ്ഥലത്തിന്റെയും ഒറ്റി അവകാശം ഗുരുദേവന്റെ സഹോദരി മാതയ്ക്ക് ലഭിച്ചു.  1102 തുലാം 26-ആം തിയതി  മണയ്ക്കൽ കുടുംബം ഈ വീട് ഗുരുവിന്റെ പേരിൽ ദാനാധാരം എഴുതിക്കൊടുത്തു.  എങ്കിലും സഹോദരിയോട് അവിടത്തന്നെ താമസിച്ചുകൊള്ളാൻ ഗുരുദേവൻ അനുവാദവും നൽകി.   പിന്നീട് ഗുരുദേവന്റെ  മഹാസമാധിക്കുശേഷം (1104 കന്നി 5 വൈകുന്നേരം 3.30)  ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി ധർമ്മതീർത്ഥ സ്വാമികൾ ഗുരുവിന്റെ സഹോദരി മാതയ്ക്ക് ഒറ്റിപ്പണമായ 500 രൂപ തിരിച്ചു കൊടുത്തു.  അതിനുശേഷം മാതയും മക്കളും മണയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് അവരുടെ വകയായുണ്ടായിരുന്ന വെള്ളയം വിളാകം വീട്ടിലേയ്ക്ക്  താമസം മാറ്റി.  തുടർന്ന് വയൽ‌വാരം വീടിന് ഗുരുമന്ദിരം എന്ന് നാമകരണം ചെയ്തു.

ഇത്രയും വിശദീകരിച്ചതിൽ നിന്നും,   ഇതുവരെ നമ്മൾ മനസ്സിലാക്കിവന്നതിൽ നിന്നും വ്യത്യസ്തമായ  ചില സത്യങ്ങൾ മനസ്സിലാക്കുന്നു.  ഗുരുദേവനെക്കുറിച്ചും ഈഴവരെക്കുറിച്ചും പ്രത്യേകിച്ച് അവർണ്ണർ എന്നും ശൂദ്രർ എന്നും  സ്ഥാപിച്ച്  അപകീർത്തിപ്പെടുത്തി  ആത്മവീര്യം നശിപ്പിച്ച കറുത്ത കൈകൾ ആരുടെതാകാം. ഗുരുദേവന്റെ ജന്മവർഷങ്ങളിലെ വ്യത്യാസങ്ങൾ എങ്ങനെയുണ്ടായി.  വർണ്ണവിവേചനം സാമൂഹിക ജീവിതത്തിൽ പ്രതിഫലിക്കുന്നത്  ചരിത്ര പണ്ഡിതന്മാർ നമുക്ക് കാണിച്ചു തന്നിട്ടുള്ളതുപോലെത്തന്നെയായിരുന്നൊ.  ഈ വിഷയങ്ങളിലെ വിശദീകരണം  അടുത്ത ഭാഗങ്ങളിൽ വിശദമാക്കാം.

Posted on Facebook by : Gaanan Uppungal 

http://gurudevacharithram.blogspot.in [Internet Archives of Jagat Guru Sree Narayana Guru Devan ]

0 comments:

Post a Comment