ഗുരുദേവന്റെ രണ്ടാമത്തെ സഹോദരി കൊച്ചിന്റെ രണ്ടാമത്തെ മകള്‍ ജാനകിയുടെ മകനാണ് ജനാര്‍ദ്ദനന്‍. ഗുരു ചെമ്പഴന്തിയിലെ മണയ്‌ക്കല്‍ ക്ഷേത്രമുറ്റത്ത് വിശ്രമിക്കുന്നത് അന്ന് 8 വയസ്സുകാരനായ ജനാര്‍ദ്ദനന്റെ ഓര്‍മ്മയില്‍ ഉണ്ട്. ആറടിപൊക്കമുള്ള താമരയിതള്‍ പൂവുപോലെ നിറമാര്‍ന്ന ഗുരുവിന്റെ രൂപം ഒരിക്കലും മറക്കാന്‍ സാധിക്കില്ലത്രേ.
മാതമുത്തശ്ശിക്ക് ഗുരുവിന്റെ രൂപമായിരുന്നു. നിറയെ മുടിയുള്ള വലിയ ചെവിയുള്ള ആളായിരുന്നു ഗുരുവെന്ന് ചെമ്പഴന്തിയില്‍ തുണ്ടുവിളയില്‍ ജനാര്‍ദ്ദനന്‍ പറയുന്നു. വെള്ളമുണ്ടും മേല്‍മുണ്ടുമായിരുന്നു വേഷം. ഗുരു മഹാസമാധിയാകുമ്പോള്‍ ജനാര്‍ദ്ദനന് 10 വയസ്സ്. അന്ന് ടൈഫോയിഡ് ബാധിച്ച് കഴക്കൂട്ടം ആശുപത്രിയിലായിരുന്നു. മഹാസമാധിയറിഞ്ഞ് അമ്മയും ബന്ധുക്കളും തന്നെ തനിച്ചാക്കി ഓടിയ കഥ അദ്ദേഹം മറക്കുന്നില്ല.
പോലീസായിരുന്ന അദ്ദേഹം പെന്‍ഷനായതിനു ശേഷം ശിവഗിരിയില്‍ കുറേക്കാലം സേവനം ചെയ്‌തു. ഗുരുവിനെക്കുറിച്ച് മലയാളത്തിലിറങ്ങിയ എല്ലാ കൃതികളും ജനാര്‍ദ്ദനന്‍ വായിച്ചിട്ടുണ്ട്. ഗുരുവിനെ താന്‍ ആദ്യം ദര്‍ശിച്ചതിനെ അനുസ്‌മരിച്ച് ഒരു കവിതതന്നെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഗുരു അത്യുന്നതങ്ങളില്‍ വിരാജിച്ച അവതാരപുരുഷനാണെന്നും അദ്ദേഹത്തിന്റെ പിന്‍മുറക്കാരനാണ് താന്‍ എന്നു പറയാനുള്ള യോഗ്യത പോരെന്നും അദ്ദേഹം പറയുന്നു. ജീവിതകാലം മുഴുവനും മദ്യം വര്‍ജ്ജിച്ചും അയിത്തം കാട്ടാതെയും ജനാര്‍ദ്ദനന്‍ ഗുരുദര്‍ശനം സ്വന്തം ജീവിതത്തില്‍ നടപ്പാക്കി.
(കടപ്പാട് : കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി)
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
0 comments:
Post a Comment