Monday, 7 January 2013
മഹത്വം വേഷഭൂഷാദികളിലല്ല
പരമാത്മാവില്‍ അനുരക്തനും അതൊഴിച്ച് സകലതിലും വൈരാഗ്യമുള്ളവനും കുടുംബം, ധനം, സ്‌ത്രീ എന്നിവയില്‍ ആഗ്രഹങ്ങള്‍ ഇല്ലാതായവനും മാത്രമേ ഭിക്ഷാന്നം ആശിക്കുവാന്‍ അര്‍ഹതയുള്ളൂ. ആത്മപ്രശംസ, ആദരം എന്നിവകൊണ്ട് സാധാരണ മനുഷ്യന്‍ പ്രസന്നനാകുമ്പോള്‍ പീഡിപ്പിക്കപ്പെട്ടതിനുശേഷവും പ്രസന്നത മാറാതെ നില്‌ക്കുന്നവന് മാത്രമേ ഭിക്ഷാന്നം ആശിക്കുവാന്‍ അര്‍ഹതയുള്ളൂ. സന്യാസിക്ക് മനസാവാചാ കര്‍മ്മണാ ഒന്നിനോടും ഈര്‍ഷ്യ ഇല്ലാതിരിക്കണം. (നാരദപരിവ്രാജകോപനിഷത്ത് 3:18)
സന്യാസി ത്യാഗിയാകണം. ലോകത്തിനുവേണ്ടി ത്യാഗം അനുഷ്‌ഠിക്കുന്ന അവര്‍ക്ക് ലോകം നല്‍കുന്നതോ പീഡനംമാത്രം. സന്യാസി ലോകത്തില്‍നിന്ന് യാതൊന്നും ആഗ്രഹിക്കുന്നില്ല. ആഗ്രഹമറ്റവനാണ് സന്യാസി. ത്യാഗത്തിന്റെ മകുടോദാഹരണമാണ് സന്യാസി. അവന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗവും ദീപവുമാണ്. അതാണ് അവന്റെ മഹത്വവും. ത്യാഗികളെ ആദരിക്കുന്നവര്‍ക്കാകട്ടെ ഈശ്വരന്റെ ദിവ്യകാരുണ്യം എന്നും നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഇക്കാലത്ത് വെറും വേഷംകെട്ടലായി മാറിയിരിക്കുന്നു സന്യാസവും മറ്റ് എല്ലാം.
സൂഫിയായ നസറുദ്ദീന്‍ മുല്ലയുടെ പേരിലുള്ള ഒരു നര്‍മ്മകഥയുണ്ട്. മുല്ല നടന്നുപോകുമ്പോള്‍ എതിരേവന്ന ഒരാള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ഒരു എഴുത്ത് കൊടുത്തു. എന്നിട്ട് അത് വായിച്ചുതരണമെന്ന് അപേക്ഷിച്ചു. തനിക്ക് വായന അറിയില്ലെന്ന് പറഞ്ഞ മുല്ലായോട് ആഗതന്‍ പറഞ്ഞു ...താങ്കളുടെ തലക്കെട്ടും മറ്റും കണ്ടപ്പോള്‍ വായന അറിയാമെന്ന് തോന്നി എന്ന്. ഉടന്‍ മുല്ല തലക്കെട്ട് ഊരിയിട്ട് പറഞ്ഞു... ഇതാണ് പ്രശ്‌നമെങ്കില്‍ തലപ്പാവ് താങ്കളുടെ തലയില്‍ ഇരിക്കട്ടെ. എന്നിട്ട് വായിച്ചുകൊള്ളൂ....
വേഷഭൂഷാധികളല്ല വ്യക്തിത്വം. യഥാര്‍ത്ഥ സന്ന്യാസവും അപ്രകാരംതന്നെ. ഭക്തിയും സന്യാസവും ജ്ഞാനത്തില്‍നിന്നും ബോധത്തില്‍നിന്നും ഉദയം ചെയ്യാത്തിടത്തോളം അവ അര്‍ത്ഥപൂര്‍ണ്ണമാകില്ല.
കടപ്പാട് : ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്))
0 comments:
Post a Comment