Saturday 5 January 2013

യുഗപ്രഭാവന്‍


ജീവചരിത്രവും സാരോപദേശങ്ങളും പ്രതിപാദിച്ചുകൊണ്ടുള്ള അനുസ്മരണം ഗുരുദേവന്‍റെ കാര്യത്തില്‍ അനാവശ്യമാണ്. ആ ജീവിതം എല്ലാവര്‍ക്കും അറിയാം. അയ്‌യാ വൈകുണ്ഠസ്വാമികളുടെയും ചട്ടന്പിസ്വാമികളുടെയും സ്വാധീനം, സംസ്കൃതജ്ഞാനം, വൈദികപഠനം, ഉപനിഷദ്ദര്‍ശനം, ലോകായതപ്രാപ്തി, കവനസിദ്ധി, ഗ്രന്ഥരചന, സന്യാസം വരിച്ച് മരുത്വാമലയിലെ ഏകാന്തവാസം, പിന്നെ അരുവിപ്പുറത്ത് ആരംഭിച്ച ക്ഷേത്രപ്രതിഷ്ഠാ വിപ്ളവം, ജാതിവിരുദ്ധ സാമുദായിക നവോത്ഥാനം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനം _ ഇതൊന്നും അറിയാത്തവരില്ല.

എന്നാല്‍, അധികമാരും പ്രതിപാദിക്കാത്തതും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ ധാരാളം സംഗതികള്‍ ഗുരുദേവനെപ്പറ്റി പറയാനുണ്ട്. അവയില്‍ രണ്ടോ മൂന്നോ മാത്രം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള ഒരനുസ്മരണക്കുറിപ്പാണു ഞാന്‍ ഉദ്ദേശിക്കുന്നത്.

ആദ്യത്തെ സംഗതി ഗുരുദേവന്‍ ഒരു നവയുഗസൃഷ്ടിയും സ്രഷ്ടാവും ആയിരുന്നുവെന്നതുതന്നെ _ മാനവിക നവോത്ഥാനയുഗത്തിന്‍റെ സൃഷ്ടിയും കേരളീയ നവോത്ഥാന യുഗത്തിന്‍റെ സ്രഷ്ടാവും. ഏതു മഹാത്മാവും ഒരു യുഗത്തിന്‍റെ സൃഷ്ടിയായിരിക്കും. ഒാരോ യുഗവും ചരിത്രപരമായ പ്രക്രിയയുടെ തലത്തില്‍ സ്പഷ്ടതയുള്ള കാലയളവാണ്. നാണു ആശാനെ ശ്രീനാരായണഗുരുവും ഗുരുദേവനുമാക്കിയ ചരിത്രപ്രക്രിയ എന്തായിരുന്നു? ചില ഇൗഴവ കുടുംബങ്ങളുടെ ആയുര്‍വേദ പാരന്പര്യവും ഗുരുകുല സന്പ്രദായവും പശ്ചാത്തലമായി പറയാം.

എന്നാല്‍, സന്യാസത്തിനും ക്ഷേത്രപ്രതിഷ്ഠാ വിപ്ളവത്തിനും ജാതിവിരുദ്ധ നവോത്ഥാനത്തിനും സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിനും ആ പശ്ചാത്തലം പോരാ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെറുക്കാന്‍, മതനിരപേക്ഷത ബോധ്യപ്പെടാന്‍, മതാതീത ആധ്യാത്മികത അറിയാന്‍ ഉപനിഷത്തുക്കളിലുള്ള ജ്ഞാനമൊക്കെ അധികമാണ്. ആശ്രമങ്ങള്‍ സ്ഥാപിക്കാനും ശിഷ്യഗണങ്ങളെ ആകര്‍ഷിക്കാനും വേറൊന്നും വേണ്ട. പക്ഷേ, സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി പ്രസ്ഥാനം നയിക്കാന്‍ ഇവ മാത്രം പോരാ. അവിടെയാണു ചരിത്രപരമായ പ്രക്രിയയുടെ പ്രാധാന്യം.

ചരിത്രപരമായ പ്രക്രിയയില്‍ സുപ്രധാന നാഴികക്കല്ലായത് ഇൗഴവസമുദായത്തില്‍ ഒരു മധ്യവര്‍ഗം ഉയര്‍ന്നുവന്നതാണ്. സാന്പത്തികശേഷിയും ഉന്നതവിദ്യാഭ്യാസ യോഗ്യതയുമുള്ള ഒരു വിഭാഗം. അതിനിടയാക്കിയത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പാട്ടവിളംബരരൂപത്തിലുള്ള ഭൂപരിഷ്കരണമായിരുന്നു. 1818ല്‍ ആദ്യവിളംബരമുണ്ടായി. താണജാതിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് പണ്ടാരവക ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്താം എന്നതായിരുന്നു വിളംബരം. 1861ലും 1868ലും ഇൗ വിളംബരം ആവര്‍ത്തിച്ചു. ഒരുപാട് ഇൗഴവ കുടുംബങ്ങള്‍ പാട്ടക്കൃഷിക്കാരായി. അതു കുട്ടികളെ ഉപജീവനവൃത്തികളില്‍നിന്നു മോചിതരാക്കി. സ്കൂളുകള്‍ ആരംഭിച്ചതും താഴ്ന്ന ജാതിക്കാര്‍ക്കു വിദ്യാഭ്യാസത്തിന് അവസരമുണ്ടായതും മറ്റൊരു നാഴികക്കല്ലായിരുന്നു. ധാരാളം ഇൗഴവ കുടുംബങ്ങള്‍ക്കു കുട്ടികളെ അഭ്യസ്തവിദ്യരാക്കി ഉയര്‍ത്താനും കുലത്തൊഴിലിന്‍ കെട്ടുപാടുകളില്‍നിന്നു സ്വതന്ത്രരാക്കാനും കഴിഞ്ഞു.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളായപ്പോഴേക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ള ചെറുപ്പക്കാര്‍ ഇൗഴവര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങി. പക്ഷേ, ജാതിവ്യവസ്ഥിതി അവരുടെ സാമൂഹിക വികാസത്തിനു വലിയ തടസ്സമുണ്ടാക്കി. സാന്പത്തികശേഷിക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും അനുസരിച്ചുള്ള പദവിയും നല്ല അംഗീകാരവും അവര്‍ക്കു ലഭിച്ചില്ല.

അര്‍ഹമായ ജോലി കരസ്ഥമാക്കാനും സ്വതന്ത്രരായി മാന്യതയോടെ ജീവിക്കാനും അവര്‍ക്കു പ്രയാസം നേരിട്ടു. ധനികരും ഇംഗ്ളിഷ് വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവരുമൊക്കെ ആയിട്ടും ജാതിയുടെ പേരില്‍ അവര്‍ തീണ്ടാപ്പാടകലം പാലിക്കാനും വഴിനടക്കല്‍ നിയമങ്ങള്‍ അനുസരിക്കാനും നിര്‍ബന്ധിതരായിരുന്നു. അവരുടെ മനോവിഷമമാണ് ജാതിവിരുദ്ധ മുന്നേറ്റമായി മാറിയത്.

ഡോ. പല്‍പു സ്വാമി വിവേകാനന്ദനെ കാണാന്‍ ശ്രമിച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. സ്വാമികളുടെ ബാംഗ്ളൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നു. ഒന്നു നേരില്‍ കണ്ട് കേരളത്തിലെ അനാചാരങ്ങളെപ്പറ്റി പറയണം. ഒരു നിവൃത്തിയുമില്ലെന്നു സംഘാടകര്‍. പ്രസംഗസ്ഥലത്തേക്ക് ആനയിക്കുന്പോള്‍ റിക്ഷ വലിക്കുന്നവരോടൊപ്പം കൂടിയാല്‍ ഒന്നു മിണ്ടാന്‍ തരപ്പെട്ടേക്കുമെന്നറിഞ്ഞു. അങ്ങനെ ലഭിച്ച അപൂര്‍വ സന്ദര്‍ഭം ഡോ. പല്‍പു പ്രയോജനപ്പെടുത്തി. ‘‘ജാതിവ്യവസ്ഥിതിക്കെതിരെ പൊരുതാന്‍ നിങ്ങള്‍ ഒരു ഗുരുവിനെ കണ്ടെത്തുക. _ സ്വാമികള്‍ ഉപദേശിച്ചു. ഡോ. പല്‍പു ശ്രീനാരായണനെ ഗുരുവാക്കുന്നത് അങ്ങനെയാണ്.

ഇന്ത്യന്‍ ഭൗതികദര്‍ശനത്തില്‍ അവഗാഹം നേടിയ ശ്രീനാരായണഗുരുവിന് എല്ലാ സാമൂഹിക ജീവിതസമസ്യകളും അവ തരണംചെയ്‌യാനുള്ള സരണികളും സുവ്യക്തമായിരുന്നു.

ആധുനികതയും പാശ്ചാത്യ മാനവികതയും ലോകമാകെ ഒരു മഹാപ്രവാഹമായി സര്‍വസംസ്കൃതികളെയും പ്രക്ഷാളനം ചെയ്‌യുന്നതു ശ്രീനാരായണന്‍ അറിഞ്ഞു _ ആ പ്രവാഹത്തില്‍ നിലയുറപ്പിച്ചുകൊണ്ട് അതിന്‍റെ ഉൗര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്. സ്വന്തം സംസ്കൃതിയെ കടപുഴക്കുന്ന പ്രവാഹമാണതെന്ന് ഗാന്ധിജിയെപ്പോലെ ഗുരുവും തിരിച്ചറിഞ്ഞു. മാനവിക നവോത്ഥാനത്തിന്‍റെ പൊരുളറിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ ഒരു യുഗപ്രഭാവന്‍റെ സൃഷ്ടി പൂര്‍ണമായി. അതു കടപുഴക്കുന്ന മഹാപ്രവാഹമാണെന്ന തിരിച്ചറിവോടെ ഒഴുക്കിനെതിരെ തിരിഞ്ഞുനിന്നപ്പോള്‍ അദ്ദേഹത്തില്‍ ഒരു യുഗസ്രഷ്ടാവ് പിറവിയെടുക്കുകയും ചെയ്തു. സംസ്കൃതിയില്‍ കാലൂന്നിക്കൊണ്ടുള്ള ആ നില്‍പില്‍ അദ്ദേഹം നടത്തിയ യുഗസൃഷ്ടിക്ക് പാശ്ചാത്യ നവോത്ഥാനവും ജ്ഞാനോദയവും ഒരു നിമിത്തം മാത്രമായിരുന്നു.

ഗുരുദേവന്‍ ആത്മോപദേശ ശതകം രചിക്കുന്നത് ഭാരതീയ മഹാസംസ്കൃതിയുടെ തായ്‌വേരില്‍ പാദം ഉറപ്പിച്ചുകൊണ്ടാണ്. ആ ധിഷണാവൃത്തിയില്‍ പാശ്ചാത്യ മാനവികതയുടെ തുടര്‍ച്ചയുണ്ടാവാം. അതു ഭാരതീയ ജ്ഞാനസാക്ഷാല്‍ക്കാരത്തിന്‍റെ തുടര്‍ച്ചയിലേക്കും കേരളീയ ജ്ഞാനോദയത്തിലേക്കും അഭിസംക്രമിച്ച് ഇടര്‍ച്ചയായിത്തീരുന്നു. ഗുരുദേവന്‍റെ മാനവികതയും മതനിരപേക്ഷതയും മതാതീത ആത്മീയതയും ജാതിവിരുദ്ധ സാമുദായിക ഏകകവും ധര്‍മാവലിയും ഇൗ ഇടര്‍ച്ചയുടെ നിദര്‍ശനങ്ങളാണ്.

കേരളീയ നവയുഗം സൃഷ്ടിച്ച ഗുരുദേവന്‍ ആഗോള മാനവികതയുടെ ഉപജ്ഞാതാക്കളില്‍ ഗണനീയനാണിന്ന്. ലോകചരിത്രവും സംസ്കാരവും അദ്ദേഹത്തെ അനശ്വരനാക്കിയിരിക്കുന്നു  വിഭാഗീയത തീണ്ടാത്ത സ്വയംപര്യാപ്ത ജനകീയ സമൂഹത്തിന്‍റെ പ്രവാചകന്‍ എന്ന നിലയില്‍.

Label : മനോരമഓണ്‍ലൈന്‍ – 2012 ഓഗ 31, വെള്ളി

http://gurudevacharithram.blogspot.in [Internet Archives of Jagat Guru Sree Narayana Guru Devan ]

0 comments:

Post a Comment