സ്‌നേഹം ഹൃദയത്തിലെ ആനന്ദപ്രവാഹമായി സര്‍വത്തിനെയും പുല്‍കി നില്‍ക്കുമ്പോള്‍ ജീവിതത്തിന്റെ ചക്രവാളത്തിന് അനുനിമിഷം വികസ്വരമാകാനാകും. പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കിനെ പ്രതിരോധിക്കാതെ ഊറിവരുന്ന ഒരു അമൃതാനുഭവം. ജീവിതത്തിന്റെ വാതായനങ്ങളെല്ലാം ഇവിടെ തുറക്കപ്പെടുന്നു. ഉന്നയിക്കപ്പെട്ടേക്കാവുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരമായിത്തീരുകയോ ചോദ്യങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച് മറികടക്കുകയോ ചെയ്യുന്നു. ഇത് കാലത്തിന്റെ അനന്തതയെയും സ്ഥലത്തിന്റെ അപാരതയെയും അനുഭവിക്കാന്‍ ഹൃദയത്തെ വലിപ്പമുള്ളതാക്കുന്നു. ആന്തരികസത്തയുടെ സത്യത്തെ ഉണര്‍ത്തിക്കൊണ്ട് നമ്മെ ഇതിനു പ്രാപ്തരാക്കുകയാണ് പ്രൊഫ. ജി.കെ. ശശിധരന്റെ 'അദൈ്വതത്തെ ശാസ്ത്രമാക്കിയ മഹര്‍ഷി' എന്ന പുസ്തകം. അഗാധമായ അന്തഃശ്രദ്ധയോടെ ലോകത്തില്‍ വിലപിടിപ്പുള്ള ഒന്നിനെ അതിരറ്റ ആദരവോടെ, ഭവ്യതയോടെ പ്രൊഫസര്‍ നെഞ്ചിലേറ്റിയിരിക്കുന്നു. ജീവിതത്തിന്റെ ഉറവയില്‍നിന്ന് നേരിട്ട് പാനം ചെയ്തിരിക്കുന്നു.
വ്യാസനും (ബാദരായണനും) ആദിശങ്കരനും ശേഷം അദൈ്വതത്തിന്റെ വഴിയില്‍ അവര്‍ക്കിരുവര്‍ക്കും സമശീര്‍ഷനായി നില്‍ക്കുന്ന മഹര്‍ഷിയായ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ജാലകപ്പഴുതിലൂടെ ആവാഹിച്ച് പ്രപഞ്ചവിജ്ഞാനീയവുമായി സമന്വയിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. 'മഹാപ്രപഞ്ചം', 'കണികാപ്രപഞ്ചം' എന്നീ ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമായ പ്രൊഫ. ശശിധരന്റെ രചനകള്‍ മനസ്സിലാക്കാന്‍ പൂര്‍ണമായും ഭിന്നമായ ഒരു പുതുഭാഷ അറിയേണ്ടതുണ്ട്. പുതിയൊരു മനസ്സോടെയാണ് അദ്ദേഹം ഗുരുദേവദര്‍ശനത്തെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നത്. അതില്‍നിന്നു വെളിപ്പെട്ട വിവരങ്ങള്‍ ഇതുവരെ ആരും പറയാത്ത തരത്തിലുള്ള നവ്യതയോടെ, ജീവനോടെ പകര്‍ന്നു നല്‍കുന്നു.
സത്യത്തെ മുഴുവനായി വാക്കില്‍ രേഖപ്പെടുത്താന്‍ കഴിയുകയില്ല. എല്ലാറ്റിന്റെയും പ്രയാണം സുതാര്യമാണെങ്കിലും അതിനെ മനസ്സിലാക്കേണ്ടിവരുമ്പോള്‍ അതൊരു പ്രഹേളികയായി മാറുന്നു. ആത്മസമര്‍പ്പണത്തിലൂടെ നൊട്ടിനുണയാവുന്ന ഒരു സ്വച്ഛത. ബ്രഹ്മം, പ്രപഞ്ചം, ശിവന്‍- ഇവ മൂന്നും ഒന്നിന്റെ മൂന്ന് അവസ്ഥാഭേദങ്ങളാണെന്ന് ഗുരുദേവന്‍ വിശ്വസിക്കുന്നു. ഗുരുദേവന്റെ ദര്‍ശനത്തിലും കൃതികളിലും പ്രതിഷ്ഠാകര്‍മങ്ങളിലും ആരാധനാരീതികളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ മൂന്നു ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൃതികളില്‍ ആത്മീയത്തെയും ഭൗതികത്തെയും സമന്വയിപ്പിച്ചത് സ്വാഭാവികമാകുന്നു. ഈ സമന്വയം കേവലാദൈ്വതത്തിന്റെ തേജസ്സ് നൂറു മേനിയാക്കുന്നു.
ഓരോ വാക്കും ഓരോ വായനയും കൃത്യതയോടെ പ്രയോഗിച്ച് ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളോട് കിടപിടിക്കുംവിധം അദൈ്വതസിദ്ധാന്തത്തെ ശാസ്ത്രമാക്കുകയാണ് ഗുരുദേവന്‍ ചെയ്തത് എന്നതാണ് പ്രൊഫസര്‍ ശശിധരന്റെ കണ്ടെത്തല്‍.
അദൈ്വതദര്‍ശനത്തെ ഒരു ചെറിയ വിഭാഗം ആളുകളുടെ കൈകളില്‍നിന്ന് സ്വതന്ത്രമാക്കുകയും അത് വിശ്വമാനവരുടെ പൊതുവായ പൈതൃകസ്വത്താണെന്നു സ്ഥാപിക്കുകയും ചെയ്തത് ഗുരുദേവനാണ്. ഒരടിസ്ഥാന ആത്മീയദര്‍ശനമായി അദൈ്വതത്തെ നിര്‍വചിച്ചത്, അതിന് മനുഷ്യബന്ധം തുടങ്ങിവെച്ചത് ആദിശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യമാണ്. എന്നാല്‍ അദൈ്വതദര്‍ശനത്തെ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരുവാനോ അവയ്ക്ക് ജ്ഞാനകര്‍മരംഗങ്ങളില്‍ വേണ്ടത്ര സ്വാധീനം സൃഷ്ടിക്കുവാനോ ശങ്കരാചാര്യര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ പ്രപഞ്ചവിജ്ഞാനീയത്തെ വലിയ തോതില്‍ വിപുലമാക്കി.
ആധുനിക ലോകത്ത് ശാസ്ത്രത്തിനുള്ള പ്രസക്തിയും നിരീക്ഷണപരീക്ഷണങ്ങളിലെ കണ്ടെത്തലുകളുടെ പ്രാധാന്യവും വിസ്മരിച്ചുകൊണ്ട് ഒരു ദര്‍ശനത്തിനും നിലനില്പില്ല. മഹര്‍ഷിമാരുടെയും ആദിശങ്കരന്റെയും കാലങ്ങളിലെ പ്രപഞ്ചവിജ്ഞാനീയം നേരിടുന്ന പ്രശ്‌നങ്ങളല്ല ആത്മീയദര്‍ശനത്തില്‍ ഇന്നു നേരിടുന്നത്. അക്കാലങ്ങളില്‍ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചര്‍ച്ചചെയ്തിരുന്നത് മതവും ആത്മീയദര്‍ശനങ്ങളും മാത്രമായിരുന്നു.
ശാസ്ത്രം വളരെ പിന്നാക്കമായിരുന്ന കാലത്ത് ബാഹ്യലോകങ്ങളെക്കുറിച്ചുള്ള അറിവ് വളരെ ചുരുങ്ങിയതായിരുന്നു. അതുകൊണ്ട് മതങ്ങളും ദര്‍ശനങ്ങളും മുന്നോട്ടുവെച്ച പ്രപഞ്ചത്തെ സംബന്ധിച്ച വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ നിരസിക്കുവാനോ ശാസ്ത്രത്തിനു കഴിയുമായിരുന്നില്ല. ഇന്ന് ശാസ്ത്രത്തിന്റെ സ്ഥിതി അതല്ല. ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യന്‍ പ്രപഞ്ചത്തെയാകെ പിടിച്ചടക്കുമെന്നു സ്വപ്നംകാണുന്നു. അതേസമയം, ഭൗതികശാസ്ത്രരംഗത്തും പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രരംഗത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചരഹസ്യങ്ങളുടെ കാര്യത്തില്‍ ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ച് തികഞ്ഞ ബോധവാന്മാരാണ്. അത്തരത്തില്‍ ഒരു ബോധമാണ് ഏറ്റവും ഒടുവില്‍ ഭൗതികശാസ്ത്രത്തിന്റെ തന്നെ ഭാഗമായി മാറിയ മനുഷ്യനിവാസയോഗ്യ സിദ്ധാന്തത്തിന്റെ (ആന്ത്രോപിക് പ്രിന്‍സിപ്പിള്‍) ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്. മനുഷ്യനിവാസയോഗ്യസിദ്ധാന്തം ഭൗതികശാസ്ത്രത്തെയും ആത്മീയദര്‍ശനങ്ങളെയും കോര്‍ത്തിണക്കുന്ന വിജ്ഞാനശാഖയാണ്. ശാസ്ത്രം സര്‍വശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ ഇന്ന് അവകാശപ്പെടുന്നില്ല. ആത്മീയദര്‍ശനങ്ങളുടെ സാംഗത്യത്തെക്കുറിച്ച് ആദികാല ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന എതിര്‍പ്പോ അവഗണനാഭാവമോ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കില്ല. അതിനു കാരണം ശാസ്ത്രരംഗത്തെ ഏറ്റവും ഒടുവിലെ കണ്ടെത്തലുകള്‍തന്നെ. ഈ കാഴ്ചപ്പാട് സാധാരണ ജനങ്ങളില്‍ ഇല്ലാത്തതിനാല്‍ വിലപ്പെട്ട ആത്മീയദര്‍ശനങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള വൈജ്ഞാനിക പാരമ്പര്യം ഉണ്ടാകുന്നില്ലെന്ന് ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നു.
ഗുരുദേവ ദര്‍ശനങ്ങളുടെ പഠനത്തിന് ആധുനിക ശാസ്ത്രപഠനവും അനിവാര്യമാണ്. കാരണം അദൈ്വതദര്‍ശനവും ശാസ്ത്രവും അന്തിമമായി ലക്ഷ്യമാക്കുന്നത് ഒരേ സംഗതിയെയാണ്-മനുഷ്യന്റെ സ്വത്വം. അതിലേക്കുള്ള വഴിയാകട്ടെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയും സ്ഥിതിയും ലയവും സംബന്ധിച്ച പഠനമാണെന്ന് അദൈ്വതദര്‍ശനവും ശാസ്ത്രവും പറയുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ബ്രഹ്മസൂത്രത്തിലും ഗുരുദേവകൃതികളിലുമെല്ലാം നിറഞ്ഞുനില്ക്കുന്നത് പ്രപഞ്ചവീക്ഷണമാണ്. ഗുരുദേവകൃതികളില്‍ ഒന്നില്‍പ്പോലും പ്രപഞ്ചം കേന്ദ്രബിന്ദുവാകാത്ത വരികളില്ല. തെളിഞ്ഞും മറഞ്ഞും പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. ഋഷിമാരും ശ്രീശങ്കരനും അവരുടെ കാലത്തിന്റെ പ്രത്യേകതകൊണ്ട് രചനകളില്‍ വിട്ടുപോയ ശാസ്ത്രത്തിന്റെ സ്പര്‍ശം ഗുരുദേവന്‍ ക്രാന്തദര്‍ശിയായ ഒരു ഭൗതികശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ നല്കിയെന്നുള്ളതാണ് ഭാരതത്തിലെ ആത്മീയാചാര്യന്മാരില്‍ അഗ്രഗണ്യന്മാരുടെ നിരയിലേക്ക് ഗുരുദേവനെ ഉയര്‍ത്തുന്നത് എന്നതാണ് പ്രൊഫസര്‍ ശശിധരന്‍ സമര്‍ഥിക്കുന്നത്.
ശ്രീനാരായണ ഗുരുദേവനിലെ ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ഒരു എളിയ ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥമെന്ന് സമര്‍പ്പണത്തില്‍ ഗ്രന്ഥകാരന്‍തന്നെ പറയുന്നുണ്ട്. ഗുരുദേവദര്‍ശനവും ആധുനിക ശാസ്ത്രദര്‍ശനവും സമന്വയിപ്പിച്ച് വെളിപ്പെടുത്തുന്നതില്‍ ഗ്രന്ഥകാരന്‍ കൈവരിച്ച വിജയം ഗുരുപ്രസാദംതന്നെയാണ്.
എന്താണ് സത്യത്തില്‍ പ്രധാനം? എന്താണ് സത്യത്തില്‍ ശ്രേഷ്ഠം? എന്താണ് സത്യത്തില്‍ നല്ലത്?
ചിന്തയുടെ ഓരോ ചലനത്തെയും ഗൗരവമായി നിരീക്ഷിക്കുമ്പോള്‍ ഇരുളില്‍ ഒരു വിളക്കു തെളിയുന്നതുപോലുള്ള മാറ്റമുണ്ടാകുന്നു. ഒരു ദീപം അകതാരില്‍ തെളിയുന്നു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഒരു ഹൃദയവിസ്തൃതി ഈ പുസ്തകം ഒരുക്കിത്തരുന്നു. ഈ ഗ്രന്ഥം വായിക്കാതിരുന്നാല്‍ നാം ജീവിതത്തില്‍ അമൂല്യമായ ഒന്നിനെ അറിയാതെ പോകുമെന്നത് ഉറപ്പ്!
കടപ്പാട് : എം.പി. ഗോപിനാഥ്
0 comments:
Post a Comment