Friday, 4 January 2013

ശ്രീനാരായണ ഗുരുവിന്റെ ഈശ്വരീയഭാവം


''നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യ സമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്‌തരംഗസമുദ്രത്തിന്റെ തരംഗമാകുന്നു. ഓ! നാം ഇതുവരേയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത്‌ ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ്‌ നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പ്‌ കണ്ടിരുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു.... ഓ! നാം ഇതാ ദൈവത്തോട്‌ ഒന്നായിപ്പോകുന്നു!!!
ശ്രീനാരായണഗുരു എഴുതിയ ''ആത്മവിലാസം'' എന്ന ഗദ്യകൃതിയിലെ ഒരു ഭാഗമാണിത്‌. ഗുരുവിന്റെ ആത്മാനുഭൂതിയുടെ സ്വയം വെളിപ്പെടുത്തലാണിത്‌. പരബ്രഹ്‌മസത്യവുമായി താദാത്മ്യം പ്രാപിച്ച്‌ പരബ്രഹ്‌മഭാവത്തിലമര്‍ന്നതിന്റെ യഥാര്‍ത്ഥ സ്വരൂപം ഈ വെളിപ്പെടുത്തലിലൂടെ നമുക്കു ബോധ്യമാകും.
ശ്രീനാരായണഗുരു ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ്‌, വിപ്ലവകാരിയാണ്‌ ആള്‍ദൈവമാണ്‌ എന്നൊക്കെപ്പറയുന്നവര്‍ മനസ്സിലാക്കുക; നമ്മള്‍ അറിഞ്ഞിരിക്കുന്ന, കേട്ടിരിക്കുന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെ ജീവിതവും തപസ്സുചെയ്‌ത് സത്യസാക്ഷാത്‌ക്കാരം നേടിയ ഗുരുക്കന്മാരുടെ ജീവിതവും രണ്ടും രണ്ടാണെന്ന്‌. നാമറിഞ്ഞിരിക്കുന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളൊക്കെ വൈവാഹികജീവിതം നയിച്ചുകൊണ്ടാണ്‌ സമൂഹത്തിനെ ഉദ്ധരിക്കുവാനായിപ്പുറപ്പെട്ടതെങ്കില്‍, ലോകഗുരുക്കന്മാര്‍ ഭൗതിക ജീവിതസുഖം ത്യജിച്ചുകൊണ്ട്‌ ലോകനന്മയ്‌ക്കുവേണ്ടി പ്രതിഫലേച്‌ഛ കൂടാതെ ജീവിതം സമര്‍പ്പിച്ചു. മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായിപ്പിറന്ന നാരായണന്‍, ഒരു സുപ്രഭാതത്തില്‍ ശ്രീനാരായണഗുരുവായിത്തീര്‍ന്നതല്ല.
'നാരായണന്‍' നാരായണ ഗുരുവായിത്തീര്‍ന്നതിന്റെ പിന്നില്‍ ദീര്‍ഘകാലത്തെ തപശ്‌ചര്യാജീവിതമുണ്ട്‌. മഹാഗുരുക്കന്മാരുടെ ജീവിതത്തില്‍ തപോനിരതമായ ഒരു കാലഘട്ടത്തെ നമുക്കു കാണാവുന്നതാണ്‌. സിദ്ധാര്‍ത്ഥനെ-ശ്രീബുദ്ധഭഗവാനാക്കിയതും, യേശുവിനെ-ക്രിസ്‌തുദേവനാക്കിയതും, മുഹമ്മദിനെ മുഹമ്മദുനബിയാക്കിയതും തപസ്സാണ്‌. അതുപോലെ ചെമ്പഴന്തിയിലെ നാരായണന്‍ മരുത്വാമലയിലെ 'പിള്ളത്തടം' ഗുഹയില്‍ കഠിനമായി തപസ്സനുഷ്‌ഠിച്ച്‌ ആത്മസാക്ഷാത്‌കാരം നേടി പരബ്രഹ്‌മസ്വരൂപമായിത്തീര്‍ന്നു.
ഗുരു തനിക്കു ലഭിച്ച ആത്മജ്‌ഞാനത്തില്‍ നിര്‍വൃതിപൂണ്ട്‌ സ്വയം ആനന്ദം കണ്ടെത്തുന്നതിനു പകരം ലോകത്തോടുള്ള കാരുണ്യം നിമിത്തം, ആര്‍ത്തരും, അവശരും, ആലംബഹീനരുമായ ജനലക്ഷങ്ങളെ അവരുടെ ദുഃഖങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി, കുമാരനാശാന്‍- ഗുരുസ്‌തവത്തില്‍ പറഞ്ഞതുപോലെ ആത്മതപസ്സും ബലി ചെയ്‌തുകൊണ്ട്‌ 'ബ്രഹ്‌മവിത്തായ' ഗുരു തന്റെ ജീവിതം ലോകത്തിന്റെ നന്മയ്‌ക്കുവേണ്ടി സമര്‍പ്പിച്ചു.
''ദഗ്‌ധ്വാ ജ്‌ഞാനാഗ്നി നാ സര്‍വ്വമുദ്ദിശ്യ ജഗദാംഹിതം
കരോതി വിധിവത്‌കര്‍മ്മ ബ്രഹ്‌മവിത്‌ ബ്രഹ്‌മണിസ്‌ഥിതഃ''
സര്‍വ്വകര്‍മ്മങ്ങളെയും ജ്‌ഞാനാഗ്നിയില്‍ ഭസ്‌മീകരിച്ചുകൊണ്ട്‌ ലോകത്തിന്റെ നന്മയ്‌ക്കുവേണ്ടി കര്‍മ്മം ചെയ്‌തുകൊണ്ടിരിക്കുന്ന ജ്‌ഞാനി ബ്രഹ്‌മവിത്താണ്‌.
ഒരു വിഭാഗത്തിന്റെ ജീവിതസുഖത്തിനുവേണ്ടി സ്വയം ഹോമിക്കപ്പെട്ട ഒരു ജനത, വഴിനടക്കുവാനും, നല്ല ഭക്ഷണം കഴിക്കുവാനും, വിദ്യാഭ്യാസം ചെയ്യുവാനും, നല്ലൊരു വീടുവയ്‌ക്കുവാനും അവകാശമില്ലാതെ, ജാതിയുടേയും മതത്തിന്റേയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനത. ക്ഷേത്രമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെ പരിസരത്തുപോലും ചെന്ന്‌, ദൈവത്തിനെ ആരാധിക്കാന്‍പോലും അവകാശമില്ലാതെ, നരന്‌ നരന്‍ അശുദ്ധവസ്‌തുവായിത്തീര്‍ന്ന കാലം.
ലോകത്തോടുള്ള അഹേതുകമായ കാരുണ്യംനിമിത്തം ലോകസംഗ്രഹപ്രവര്‍ത്തനത്തിനായി അവതാരപുരുഷനായ ഗുരു 1888-ല്‍ അരുവിപ്പുറത്ത്‌ ശിവലിംഗപ്രതിഷ്‌ഠ നടത്തിക്കൊണ്ട്‌ സ്വന്തം അവതാരകൃത്യനിര്‍വ്വഹണത്തിന്‌ തുടക്കമിട്ട്‌ തന്റെ അവതാരലക്ഷ്യം പ്രഖ്യാപനംചെയ്‌തു.
''ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്‌ഥാനമാമിത്‌.''
മഹാകവി കുമാരനാശാന്‍ പറഞ്ഞതുപോലെ ''അന്യാദൃശമായ മതഭക്‌തി, അഗാധമായ അദൈ്വത പാണ്ഡിത്യം, അസാധാരണമായ അദ്ധ്യാത്മികാനുഭൂതി, അവ്യാഹതമായ സദാചാരനിഷ്‌ഠ, അതിതീവ്രമായ വിഷയവൈരാഗ്യം, അപാരമായ ജീവകാരുണ്യം, അകൃത്രിമമായ ലോകാനുഗ്രഹതല്‌പരത'' മുതലായ പരിശുദ്ധമായ ഗുണങ്ങളാണ്‌ ശ്രീനാരായണഗുരുവിനെ സാധാരണ ജനങ്ങളില്‍നിന്ന്‌ വേര്‍തിരിക്കയും ഗുരുവിന്‌ ഇന്നു ലഭിച്ചിരിക്കുന്ന ഈശ്വരീയസ്‌ഥാനത്തേക്ക്‌ എത്തിക്കുകയും ചെയ്‌തിട്ടുള്ളത്‌.
ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചുവന്ന മഹാകവി രവീന്ദ്രനാഥടാഗോര്‍ ഗുരുവിനു തുല്യനായ ഒരു മഹാത്മാവിനെ ലോകത്തൊരിടത്തും കണ്ടിട്ടില്ലെന്ന്‌ രേഖപ്പെടുത്തിയതു ചേര്‍ത്തുചിന്തിക്കുമ്പോള്‍ ജീവിച്ചിരുന്ന കാലത്തുതന്നെ സകല ജാതിമതസ്‌ഥരും ഈശ്വരസ്വരൂപമായിത്തന്നെ ഗുരുവിനെ ആരാധിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാമല്ലോ. മഹാകവി കുമാരനാശാന്‍ പറഞ്ഞതുപോലെ
''ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സില്‍
നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം.''
സത്യസ്വരൂപമെന്തെന്ന്‌ അറിയുവാന്‍ ആഗ്രഹിച്ചന്വേഷിക്കുന്നവര്‍ക്ക്‌ ജീവന്റെ അന്ധത്വമകറ്റി ആദിമഹസ്സായ പരബ്രഹ്‌മത്തിന്റെ സാക്ഷാത്‌കാരം അനുഭവവേദ്യമാക്കിക്കൊടുക്കുന്ന ഗുരുതന്നെയാണ്‌ പരമമായ ദൈവമെന്ന്‌ വെളിപ്പെട്ടുകിട്ടും.
ഗുരുവിനെയറിഞ്ഞ്‌ ആരാധിക്കുന്നവരുടെ ഹൃദയങ്ങളില്‍ നിത്യശുദ്ധ മുക്‌തസ്വരൂപമായി അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ശ്രീനാരായണഗുരു പ്രകാശിച്ചുനില്‍ക്കുന്നു.

വൈക്കം മുരളി
http://beta.mangalam.com/relegion/21066


http://gurudevacharithram.blogspot.in [Internet Archives of Jagat Guru Sree Narayana Guru Devan ]

0 comments:

Post a Comment