തണ്ണീര്‍മുക്കത്ത് ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത് എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന് വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത് അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട് പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന് ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.
പതിവുപോലെ തണ്ണീര്‍മുക്കത്ത് വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന് ആദ്യം ഗുരു എത്തിയത് കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്. ഗുരുവിന് കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട് കുളിച്ച് ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത് ഏത് പാത്രത്തില് കാച്ചു എന്നായി ആശങ്ക. അതിന് ഗുരു പരിഹാരവുമുണ്ടാക്കി. മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്. അതിലാകാം എന്ന് ഗുരു കല്‌പിച്ചു.
ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന് ശങ്കിച്ച വീട്ടുകാരോട് ഗുരു കല്‌പിച്ചു. ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്. അത് പുഴുങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ഗുരുവിനോട് തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന് പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ് അറിഞ്ഞ് ഗുരു എന്താ നമുക്കു പോകാം എന്ന് വൈദ്യരോട് പറഞ്ഞത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന് ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു.
(കടപ്പാട് : കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി)
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
0 comments:
Post a Comment