Saturday, 10 November 2012

ഗുരു ദൈവമോ.. അതോ മനുഷ്യനോ.. ?


ഗുരുപൂജയും ഗുരു പ്രതിഷ്ഠ മുതലായവയും കാണുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്; ഗുരു മനുഷ്യന്‍ അല്ലെ...? എന്നിട്ട് ഗുരുവിനെ എന്തിനാണ് ഇങ്ങനെ പൂജിക്കുന്നത്..? പൂജിക്കേണ്ടത് ദൈവത്തെ അല്ലെ ? അല്ലാതെ ഗുരുവിനെ ആണോ ?

ഇങ്ങനെ ഉള്ളവരോട് ഞാന്‍ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യം ആരാണ് ദൈവം ? നിങ്ങള്‍ ആ ദൈവത്തെ കണ്ടിട്ടുണ്ടോ ? അങ്ങിനെ ഒരു ദൈവം ഉണ്ട് നിങ്ങള്ക്ക് ഉറപ്പുണ്ടോ ? ഈ വക ചോദ്യങ്ങള്‍ കേട്ടാല്‍ ഒരു ഞഞ്ഞാ പിഞ്ഞാ മറുപടി ആണ് നമുക്ക് ലഭിക്കുക. "സത്യ വിശ്വാസികള്‍"'' എന്ന് പറഞ്ഞു നടക്കുന്ന ആ 'മന്ദബുദ്ധികള്‍' പറയും ദൈവം ആകാശത്തില്‍ ഉണ്ട്, സ്വര്‍ഗത്തില്‍ ഉണ്ട്, അവിടെ ഉണ്ട്, ഇവിടെ ഉണ്ട്, ഇതൊക്കെ നിങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കണം...! ഇങ്ങനെ ഉള്ളവരുടെ വാക്കുകള്‍ ''വിശ്വസിച്ച്'' നടക്കുന്ന ഒരു വിഡ്ഢി സമൂഹം ആയി, ഇന്ന് ഹിന്ദു ജനത അധ:പതിച്ചിരിക്കുന്നു എന്നതാണ് സത്യം...! ആ വിഡ്ഢി സമൂഹത്തിനെ ശബ്ദം ആണ് ഒരു ജഡ്ജിയിലൂടെ ഇപ്പോള്‍ ഭാരത ജനത ശ്രവിച്ചത്..!

ഭാരതത്തില്‍; അഥവാ സനാതന ധര്‍മ്മത്തില്‍ "വിശ്വാസത്തിന്'' ഒട്ടും സ്ഥാനം ഇല്ല എന്നത് ആദ്യം മനസ്സിലാക്കുക. नहि ज्ञानेन सदृशं पवित्रमिह विध्यते || ''ജ്ഞാനത്തേക്കാള്‍ പവിത്രമായി അഥവാ ശ്രേഷ്ഠമായി മറ്റൊന്നില്ല'' എന്നതാണ് സനാതന ധര്‍മ്മത്തിന്റെ കാതല്‍.......,. ജ്ഞാനവും വിശ്വാസവും ഒരിക്കലും ഒന്നിച്ചു നില്‍ക്കില്ല. കാരണം ജ്ഞാനം ഒന്നേ ഉളളൂ. പക്ഷെ വിശ്വാസം ഓരോ മനുഷ്യ മനസ്സിലും വെവ്വേറെ ആയിരിക്കും. അഥവാ, ഈ ലോകത്തില്‍ വിശ്വാസ്യമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് ഗുരു വചനങ്ങള്‍ മാത്രമാണ് എന്ന് മനസ്സിലാക്കാം. മനുഷ്യനെ ''വിശ്വാസം എന്ന പിശാചില്‍ നിന്നും'' രക്ഷിച്ച് ''ജ്ഞാനം എന്ന ബ്രഹ്മത്തില്‍'' എത്തിക്കാന്‍ പ്രാപ്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഗുരു വചനങ്ങള്‍ മാത്രമാണ്. ഗുരു വചനങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ തന്നെ ജ്ഞാനമാകുന്ന അഗ്നിയില്‍ വിശ്വാസം കത്തി ചാമ്പലാകുന്നു.

ദൈവം എന്ന ''ഒരാള്‍'' ഉണ്ടെന്നു തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമില്ല. ഒരു സൃഷ്ടാവ് ഇല്ലാതെ ഒരിക്കലും ഒരു സൃഷ്ടി ഉണ്ടാവില്ല എന്നതാണ് ''ദൈവ വാദികള്‍'' പറയുന്ന ഒരേ ഒരു ന്യായം. പക്ഷെ ചിന്തിച്ചാല്‍ ഈ ന്യായം മൂഡന്‍മാരുടെ ന്യായം ആണെന്ന് മനസ്സിലാക്കാം. കാരണം; സൃഷ്ടാവ് ഇല്ലാതെ സൃഷ്ടി ഉണ്ടാകില്ല എങ്കില്‍ "ദൈവം" എന്ന സൃഷ്ടി എവിടെ നിന്നും ഉണ്ടായി ? ആരാണ് ആ ദൈവത്തിന്റെ സൃഷ്ടാവ് ?

ഇവിടെ ആണ് ജ്ഞാനം ''ഒരു കോടി ദിവാകരര്‍ ഒത്തുയരും" പോലെ ജ്വലിച്ചു നില്‍ക്കുന്നത്...! മനസ്സ് (mind), ബുദ്ധി (intellect), ബോധം (consciousness) എന്നിവയെ ഭാരത ഋഷിമാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്ന് വിളിച്ചു...! ഇതില്‍ ബോധം അഥവാ consciousness നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ "അറിവ്" എന്ന പച്ച മലയാള വാക്കിലൂടെ നമുക്ക് പരിചയപ്പെടുത്തിയത്. നാം ശരീരമല്ല, അറിവാകുന്നു എന്ന് പറയുന്നതിലൂടെ ഗുരുദേവന്‍ പറയുന്നത് "ശിവോഹം'' അഥവാ നാം ശിവന്‍ തന്നെ എന്നാകുന്നു...! ആ സത്യം സാക്ഷാത്കരിച്ച ഏതൊരാളും ദൈവം തന്നെയാണ്; അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ചവന്‍ ബ്രഹ്മം തന്നെ...!

പക്ഷെ ഒരാള്‍ അത് സാക്ഷാത്കരിച്ചത് കൊണ്ട് ഭൂമിയില്‍ കഷ്ടപ്പെടുന്ന ജീവന്മാര്‍ക്ക് എന്ത് പ്രയോജനം ? ഒരു പ്രയോജനവും ഇല്ല. പക്ഷെ അത് സാക്ഷാത്കരിച്ച ഒരു വ്യക്തി ഭൂമിയില്‍ സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ പരാധീനതകള്‍ ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി സമൂഹത്തെ തന്നെ മാറ്റി മറിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ ''അവതാരം'' എന്ന് അറിയപ്പെടുന്നു. ശ്രീ കൃഷ്ണനും, ശ്രീ രാമനും, ശ്രീ ശങ്കരാചാര്യരും ഏറ്റവും ഒടുവില്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുവും ആ അവതാരം തന്നെ...! പക്ഷെ നാം ജീവിച്ചിരിക്കുന്ന ഈ കാലത്ത് ഏറ്റവും കൂടുതല്‍ നമുക്ക് പ്രയോജനപ്പെടുന്നത് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ വചനങ്ങള്‍ തന്നെയാണ് എന്നതിനാല്‍ നമ്മുടെ മുന്നില്‍ പ്രഥമ സ്ഥാനം ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന് തന്നെ...! പക്ഷെ അവതാരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് വെറും അല്പത്തരം ആയിരിക്കും; എന്നും അറിയുന്നത് നന്ന്...! കാരണം ഇവര്‍ എല്ലാം തന്നെ '' ഒരേ അറിവിന്റെ'' വെവ്വേറെ സ്വരൂപം ആണ് എന്നത് തന്നെ...!

യുക്തിവിചാരം ചെയ്യുന്ന ഒരു സത്യാന്വേഷിയുടെ മനസ്സില്‍ ഗുരുവിനു ഉള്ള സ്ഥാനം ദൈവത്തിനു ഒരിക്കലും ലഭിക്കില്ല. കാരണം ദൈവം എന്താണ് എന്ന് സാക്ഷാത്കരിക്കാന്‍ ഗുരു വേണം. ഗുരു ഇല്ലാത്തവന് ഈ ലോകത്തില്‍ ആ ജ്ഞാനം എങ്ങിനെ ലഭിക്കും ? "ദൈവം കോപിച്ചാല്‍ ഗുരു രക്ഷിക്കും, പക്ഷെ ഗുരു കോപിച്ചാല്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല", എന്ന പഴംചൊല്ല് തന്നെ ഗുരുവിന്റെ മഹത്വം ദൈവത്തെക്കാള്‍ വലുതാണ്‌ എന്ന് വ്യക്തമാക്കുന്നു...! ഇനി ഗുരു പല പ്രതിഷ്ഠകള്‍ ചെയ്യുകയും, സ്തുതി കീര്‍ത്തനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ തന്നെ; അതൊന്നും സ്വയം ഗുരുവിനു വേണ്ടി ആയിരുന്നില്ല, മറിച്ച് വിവേക ശൂന്യരായ നമുക്കുവേണ്ടി ആയിരുന്നു എന്നും മനസ്സിലാക്കുക...!

"അറിവ് അഥവാ ബോധത്തില്‍"'' നിന്നും വേറിട്ട്‌ ഒരു ദൈവം ഇല്ല എന്നതാണ് സത്യം. ഉണ്ട് വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെ വിശ്വസിക്കാം; കാരണം "വിശ്വാസം വിഡ്ഢികള്‍ക്കു ഭൂഷണം" ആണ് എന്നത് തന്നെ. പക്ഷെ ഈ വക വിശ്വാസികള്‍ ജഡ്ജിമാര്‍ ആയാല്‍ തീര്‍ച്ചയായും അത് മനുഷ്യരാശിക്ക് തന്നെ ദോഷം ചെയ്യും. അവരുടെ അന്ധവിശ്വാസം അവര്‍ ജനങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അവരും മത നേതാക്കളും തമ്മില്‍ എന്താണ് വ്യത്യാസം ?

ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിലും നല്ലതാണ് സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ ഗുരുവിന്റെയോ പേരില്‍ ചെയ്യുന്നത്. കാരണം ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയം എല്ലാവര്ക്കും ഉള്ളത് കൊണ്ട് തന്നെ പ്രതിജ്ഞ ചെയ്യുന്ന ആള്‍ കളവും ചതിയും അഴിമതിയും കാണിക്കാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. പക്ഷെ സ്വന്തം മാതാവും പിതാവും ഗുരുവും കണ്‍കണ്ട ഉണ്മ ആയതിനാല്‍, കളവു ചെയ്യുവാന്‍ കുറച്ചെങ്കിലും വിവേകമുള്ള ഒരു വ്യക്തിക്ക് സാധ്യമല്ല....!

സ്തുതിക്കുന്നു എങ്കില്‍, ആദ്യം ഈ ശരീരത്തിന് കാരണമായ മാതാവിനെയും, പിന്നെ ഈ ജന്മത്തിന് കാരണമായ പിതാവിനെയും, പിന്നീട് ജ്ഞാനത്തിനു കാരണമായ ഗുരുവിനെയും അവസാനം ഗുരു നല്‍കിയ ജ്ഞാനം ആയ ആ ദൈവത്തെയും സ്തുതിക്കണം...
സ്മരിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...
പൂജിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...
നമിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...

മാതാ... പിതാ... ഗുരു... ദൈവം...||

ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ||

Coutersy:FACE BOOK(Dont know the real author of this article)


4 comments:

ലേഖനം വളരെ നന്നായിരിക്കുന്നു. ഗുരു ധർമ്മം ജയിക്കട്ടെ.

ശുദ്ധമായ ബോധം അതിലേക്ക് എത്തിപെടാൻ
നമ്മുടെ മനസ്സ് രചിച്ച ഒരു വാക്കുമാത്രമാണ് ഗുരു. ഉണ്ടെന്നുപറയാൻ ആത്മാവുമാത്രം ...
ഒരുവൻ ഗുരുവായിമാറുന്നതും ഗുരുവിനെ പ്രാപ്തമാക്കുന്നതും കർമ്മം മാത്രമാണ്..
കർമ്മത്തിനു ഫലം ഉറപ്പ്

ഗുരു ദൈവം എന്ന് പറയുന്നതിന് ബലം നൽകാൻ ഈ വാദം ഉതകുമെന്ന് തോനുന്നില്ല. കാരണം ഗുരു അറിവാകുന്നു എന്ന് പറയുന്നു.ഗുരു നിലനിന്നത് മതത്തിന് വേണ്ടിയല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും ഉണ്ട് .ഗുരുവിനെ ദൈവമിക്കതെ ഗുരുവിൻ്റെ മഹത്വം പഠിപ്പിക്കുവിൻ.

യുക്തിവിചാരം ചെയ്യുന്ന ഒരു സത്യാന്വേഷി ഗുരുവിനെ ഗുരു എന്ന് തന്നെ വിളിച്ചാൽ പോരെ, എന്തിനാണ് ദൈവം എന്ന് വിളിക്കുന്നത്.
ഗുരു ദൈവത്തെക്കാൾ മുകളിൽ അല്ലെ,

Post a Comment