Saturday, 3 November 2012

ഗുരുസ്തവം

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം: ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! (നാരായണ...)

അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ! (നാരായണ...)

അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ! സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ! (നാരായണ...)

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!   (നാരായണ...)

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ! (നാരായണ...)

അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ 'യോഗം' എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ! (നാരായണ...)

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!



0 comments:

Post a Comment