വിശ്വാസസംഹിതകള്‍ക്കും സാമൂഹ്യ വ്യവസ്ഥിതികള്‍ക്കും കാലാനുസൃതമായ മാറ്റം സംഭവിക്കുക സ്വാഭാവികം . എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങളില്‍ പെട്ടുപോകാതെ , അത്തരം പരിതസ്ഥിതിയിലും കലദേശ ഭേദം ഒട്ടുമില്ലാതെ എക്കാലത്തും സര്‍വ്വസമ്മതവും കലാതീതവുമായി വര്‍ത്തിക്കുന്നവയാണ് മഹത് വ്യക്തിത്വങ്ങളും അവരുടെ ഉദ്ബോധനങ്ങളും . അപ്രകാരം പ്രാചീനവും പൌരാണികവുമായ കാലഘട്ടങ്ങളില്‍ പ്രസക്തമായി നിലകൊള്ളുന്നു ഭഗവാന്‍ ശ്രീനാരായണന്‍ മനുഷ്യരാശിക്ക് നല്‍കിയ മഹത് ധോരണികള്‍ . എന്നാല്‍ ശ്രീനാരായണന്‍റെ അരുളുകള്‍ കലതീതമല്ല മറിച്ച് കാലികമാണെന്നു അഭിപ്രായപ്പെടുന്ന , നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ധരിച്ചുവശായ ഒരു ചെറിയ സമൂഹമെങ്കിലും ഇന്ന് നമുക്ക് ഇടയിലുണ്ട് . ശ്രീ നാരായണീയര്‍ എന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും ഇത്തരം വാദങ്ങള്‍ക്ക് വശംവദരായിപ്പോയവരെ നമുക്ക് കാണുവാന്‍ കഴിയും . ശ്രീനാരായണനെയും ശ്രീനാരായണ തത്വങ്ങളെയും ശരിയായ രീതിയില്‍ പഠിക്കാതെ വരുന്നതുകൊണ്ടാണ് അവരില്‍ ഇത്തരം അഭിപ്രായങ്ങള്‍ അടിയുറച്ചു പോകുന്നത് .
ഭഗവാന്‍ ശ്രീ നാരായണന്‍റെ ഉദ്ബോധനങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിനോ ദേശത്തിണോ വേണ്ടി ആയിരുന്നില്ല . ആ പുണ്യാത്മാവ് വിഭാവനം ചെയ്ത് മാനവകുടുംബം എന്ന മഹത്തായ ആശയമായിരുന്നതുകൊണ്ട് തന്നെ അവിടുത്തെ വാക്കുകളും പ്രവര്‍ത്തികളും ഈ പ്രപഞ്ചത്തിലെ സര്‍വ്വ മനുഷ്യരാശിയുടെയും നന്മയ്ക്ക് ഉതകുന്നവയും കാലത്തിന്‍റെ കുത്തൊഴുക്കില്‍ നിറം മങ്ങാതെ വര്‍ദ്ധിച്ച പ്രഭയോടെ പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുന്നവയുമാണെന്ന് നിസ്സംശയം പറയാം .
ശ്രീനാരായണന്‍ ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ വചനമാണ് ' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്നത് . വര്‍ണ്ണ വ്യത്യാസങ്ങളുടെ കൊടുംങ്കാറ്റിലുലഞ്ഞ ആ കാലഘട്ടത്തില്‍ മാത്രമല്ല , ആധുനികതയുടെ , പരിഷ്കാരങ്ങളുടെ ഹൈടെക് യുഗമായ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും പ്രസക്തമാകുന്നവയാണ് ആ വാക്കുകളെന്ന് സമൂഹത്തെ നോക്കി കാണുന്ന ഏതൊരുവനും നിസ്സംശയം പറയുവാന്‍ കഴിയും .ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്‍റെ പേരിലുള്ള കലഹം തന്നെ . മതാഷ്ഠിതവിദ്യാഭ്യാസവും , മതത്തിന്‍റെയും ജാതിയുടെയും പേരില്‍ രാജ്യങ്ങളും ദേശങ്ങളും നിലകൊള്ളുമ്പോള്‍ മതസ്പര്‍ദ വളരുക സ്വാഭാവികം മാത്രം . കുപ്പിവളയും കളിപ്പാട്ടവും താലോലിക്കേണ്ട കൈകള്‍ ആയുധമെന്തുമ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ലക്‌ഷ്യം വയ്ക്കുന്നത് ഇതര മതസ്ഥനെ അല്ലെങ്കില്‍ ഇതര ഗോത്രത്തെ തന്നെ . ഹിന്ദുവും ,ക്രിസ്ത്യാനിയും , മുസല്‍മാനും മതസൌഹാര്‍ദ്ദത്തെക്കുറിച്ച് ഘോരഘോരംപ്രസംഗിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാന്‍ , എന്‍റെ , എന്‍റെ മതം എന്‍റെ ആളുകള്‍ എന്ന ചിന്ത പുലര്‍ത്തിപ്പോരുന്നു എന്നതാണ് സത്യം . മതവൈര്യത്തിന്റെയും , ഗോത്ര വിദ്വെഷങ്ങളുടെയും പേരില്‍ ദിനംപ്രതി മരിച്ചുവീഴുന്നത് ആയിരക്കണക്കായ മനുഷ്യ ജീവനുകളാണ് . സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വിലപിടിച്ച സംഭാവനകള്‍ നല്‍കേണ്ട യൗവ്വനങ്ങള്‍ മതമെന്ന കറുപ്പിനാല്‍ ആകൃഷ്ടരായി ഭീകരവാദമെന്ന രാക്ഷസന് വിധേയമായി രാജ്യ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നു കൂടി അറിയുമ്പോഴേ ചിത്രം പൂര്‍ണ്ണമാവൂ . കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ലോകസമൂഹം അവരുടെ വരുമാനത്തിന്‍റെ സിംഹഭാഗവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ചിലവഴിക്കുകയാണ് . മത മൌലികവാദം തന്നെയാണ് ഇത്തരമൊരു ആയുധ ശേഖരണത്തിന് ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . ഇപ്രകാരം ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ചിലവഴിക്കുന്ന പണം കൃഷിക്കായി ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ ലോകം ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ എത്രയോ ദൂരം മുന്നിലെത്തിയേനെ ? . മതമൗലികവാദത്തിന്‍റെ പേരില്‍ തകര്‍ന്നുപോയ രാജ്യങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉദാഹരണങ്ങളായി നിലകൊള്ളുന്നുണ്ട് . ലോകത്തിന് മുഴുവന്‍ പ്രയോജനപ്പെടേണ്ടിയിരുന്ന പ്രകൃതിവിഭവങ്ങള്‍ സായുധ സമരത്തില്‍ നശിക്കപ്പെടുന്നത് വരും തലമുറയോട് ചെയ്യുന്ന കടുത്ത പാതകം തന്നെയെന്ന് പറയേണ്ടി വരും . നമ്മുടെ രാജ്യം തന്നെ മത തീവ്രവാദത്തെ നേരിടാന്‍ ചിലവഴിക്കുന്ന തുകയുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ് . ഇപ്രകാരം സമൂഹത്തിന്‍റെ സര്‍വ്വോന്മുഖ പുരോഗതിക്കും വിഘാതമായി മതമൗലികവാദവും , മതങ്ങളുടെ പേരില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഒരു സത്യമായി നിലകൊള്ളുന്ന ഈ നൂറ്റാണ്ടില്‍ പ്രസക്തം തന്നെയല്ലേ ശ്രീനാരായണ വചനങ്ങള്‍ ? ഈ കാലഘട്ടത്തില്‍ ലോകമാകമാനം അത്യുച്ച്സ്തരം മുഴങ്ങിക്കെള്‍ക്കെണ്ടാതാണ് ശ്രീനാരായണ വചനങ്ങള്‍ . ഈ വാക്കുകള്‍ കാലികമാകുന്നത് എങ്ങിനെ ?
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളമണ്ണിന്‍റെ ഇന്നത്തെ ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് . മാവേലിയുടെ സ്വന്തം നാട് മതതീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം . ഇതില്‍ ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യര്‍ എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം . ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ മതമൌലികവാദത്തെ നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്നു . മതനിന്ദ ആരോപിച്ച് ഒരദ്ധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം നമ്മുടെ മന:സ്സാക്ഷിയെ സ്പര്‍ശിച്ച് കടന്നുപോയിട്ട് കാലം അധികമായിട്ടില്ല . ഗോധ്രയും , അക്ഷര്‍ധാമും , മാറാടും , പൂന്തുറയും ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ചത് ഇന്നലെകളിലാണ് എന്നത് നാം വിസ്മരിച്ചുകൂടാ . അതിനാല്‍ തന്നെ ഭൂരിപക്ഷവും , ന്യൂനപക്ഷവും മതവികാരം ലക്ഷ്യമാക്കി സായുധപരിശീലനം നടത്തുന്ന കേരള നാട്ടിലും , വിശിഷ്യാ ഭാരതത്തിലും , മത തീവ്രവാദത്തിന് നിര്‍ലോഭപിന്തുണയും സാമ്പത്തികവും നല്‍കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ശ്രീനാരായണ വചനങ്ങള്‍ക്ക് പ്രസക്തി കുറയുകയല്ല മറിച്ച് പ്രസക്തിയേറുകയാണ് ചെയ്യുന്നത് .
മനുഷ്യന്‍ ജാതിക്കും മതത്തിനും മീതെ മനുഷ്യത്വമെന്ന ചങ്ങലയാല്‍ പരസ്പരം ബന്ധനസ്ഥരായാല്‍ മതവൈരത്തിനും, മതമൗലികവാദത്തിനും സ്ഥാനമില്ലതാകും . ലോകസമൂഹത്തില്‍ ശാന്തിയും സമാധാനവും തദ്വാരാ പുരോഗതിയും കൈവരും . ഹിന്ദുവെന്നും ,ക്രിസ്ത്യനെന്നും , മുസ്ലീമെന്നുമുള്ള ചിന്തയ്ക്ക് മുകളില്‍ മനുഷ്യന്‍ എന്ന ഒറ്റവികാരം പുലരണം . ഞാന്‍ കൊല്ലുന്നത് എന്‍റെ തന്നെ സഹോദരനയല്ലേ എന്ന ചിന്ത ലോകസമൂഹത്തില്‍ വളര്‍ന്നുവരണം . ' എല്ലാവരും ആത്മസഹോദരരെന്ന ' ഗുരുവചനം ലോകം സ്വായത്തമാക്കിയാല്‍ , ഗുരുവരുളിയതുപോലെ അനുകമ്പ എന്ന വികാരം മാനവരാശി ശീലമാക്കിയാല്‍ മനുഷ്യന്‍റെ എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമാകും . മതമല്ല മനുഷ്യനാണ് പ്രധാനം എന്ന ചിന്ത പുലരണമെങ്കില്‍ ഗുരുവചനങ്ങള്‍ ജീവിതത്തില്‍ പാലിക്കുകതന്നെ ചെയ്യണം .ഗുരുദേവകൃതികളായ ദൈവദശകവും , അനുകമ്പാദശകവും , ജീവകാരുണ്യപഞ്ചകവും വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും മതമെന്ന വികാരത്തിന് മുകളില്‍ മനുഷ്യനെന്ന വികാരം മുറ്റിനില്‍ക്കുന്നതായി അനുഭവിക്കാന്‍ കഴിയും .
ഇവിടെയാണ് ഭഗവാന്‍ ശ്രീനാരായണന്‍റെ വചനങ്ങള്‍ കാലാതിവര്‍ത്തിയാകുന്നത് . ആ പുണ്യാത്മാവ് തന്‍റെ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി പരമസത്യത്തില്‍ വിലയം പ്രാപിച്ചെങ്കിലും ആ യുഗപുരുഷന്‍ ജഗത്തിനുനല്‍കിയ മഹാധോരണികള്‍ കാലദേശഭേദം കൂടാതെ ആകാശ സീമയോളം പരന്ന് പ്രവഹിക്കുന്നു . ആ മഹാപ്രവാഹത്തിലെ കണ്ണികളായി തീരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരട്ടെ !ആ വിശ്വഗുരു നമുക്ക് നല്‍കിയ സംഭാവനകളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു വിശ്വമാനവനായി ജീവിക്കാന്‍ പ്രതിജ്ഞയെടുക്കാം . കാലതീതമാകുന്ന ആ വാക്ധോരണികളെ ലോകം മുഴുവന്‍ എത്തിക്കാനായി ഒന്നുചേര്‍ന്ന് മുന്നേറാം .
ഗുരുകൃപയില്‍
ബിനു കേശവന്‍
0 comments:
Post a Comment