"എല്ലാ മതങ്ങളുടെ സാരവും ഒന്നു തന്നെ എന്ന് മനസ്സിലാക്കാതെ കുറേ അന്ധന്മാര്‍ ആനയെ സ്പര്‍ശിച്ച ശേഷം അവരവരുടെ അനുഭവങ്ങള്‍ക്കനുയോജ്യമായ യുക്തി പറഞ്ഞ് ആനയെ വിവരിച്ചതു പോലെയാണ് മതവിശ്വാസികള്‍ ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞ് വഴക്കടിക്കുന്നത്. ഒരു മതക്കാരന് മറ്റൊരുവന്റെ മതം നിന്ദ്യമാണെന്നാണ് വിചാരം.എന്നാല്‍ എല്ലാ മതങ്ങളും ഈശ്വര സാക്ഷാത്കാരത്തിനുള്ളതാണെന്ന രഹസ്യം അറിയാന്‍ കഴിയുന്നതു വരെ ഒരോ മതക്കാരനും തെറ്റിദ്ധാരണയില്‍ മുഴുകിയിരിക്കും.എല്ലാവരും പറയുന്നത് ഒരു മതം ആയിത്തീരുവാനാണ് ,എന്നാല്‍ വാദിക്കുന്നവരില്‍ ആരും തന്നെ അത് ഓര്‍ക്കാറില്ല.ഭിന്ന മതങ്ങള്‍ അയഥാര്‍ത്ഥങ്ങളാണെന്ന് ഗ്രഹിക്കാന്‍ കഴിഞ്ഞ വിദ്വാന്മാര്‍ക്ക് മാത്രമേ ഈ ഏകമത സിദ്ധാന്തം എതെന്ന് അറിയുവാന്‍ കഴിയുകയുള്ളൂ."
'ആത്മോപദേശ ശതകം ' എന്ന ശ്രീ നാരായണ ഗുരുവിന്‍റെ കൃതിയിലെ 44 മുതല്‍ 47 വരെയുള്ള ശ്ലോകങ്ങളുടെ ആശയമാണ് മേല്‍ ഉദ്ധരിച്ചത്.
" ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാം കിട ദൈവം എന്നതിലുപരി ഒരു ഒന്നാം കിട മനുഷ്യനായി കാണണം " എന്നാണു ഗുരുവിന്‍റെ സമകാലികനായ സാമൂഹ്യ പരിഷ്കര്‍ത്താവ് ശ്രീ. അയ്യങ്കാളി പറഞ്ഞിട്ടുള്ളത്.
ദൈവങ്ങളില്‍ പോലും അവര്‍ണ്ണരും സവര്‍ണ്ണരും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ നാരായണ ഗുരു ജീവിച്ചിരുന്നത്. താഴ്ന്ന ജാതിക്കാരെന്നു മുദ്ര കുത്തപ്പെട്ട ഭൂരിപക്ഷം ജനവിഭാഗങ്ങള്‍ക്കും അവരനുഭവിച്ചിരുന്ന ദുഷ്ക്കരങ്ങളായ വ്യാകുലതകളെക്കുറിച്ച് പരാതിപറയാന്‍ സ്വന്തമായി ഒരു ദൈവം പോലും ഇല്ലായിരുന്നു. 1888 മാര്‍ച്ച് മാസത്തില്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്തു നടത്തിയ പ്രതിഷ്ടാ വിപ്ലവത്തിലൂടെയാണ് കീഴ്ജാതിക്കാര്‍ക്കും ദൈവത്തെ ദര്‍ശിക്കാം എന്ന സ്ഥിതിയുണ്ടായത്.
ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ആരാധനാലയങ്ങള്‍ എല്ലാം " ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനങ്ങളായിരുന്നു. നൂറ്റാണ്ടുകളായി വേരോടിയിരുന്ന ജാതി ചിന്തയെ കേരള മണ്ണില്‍ നിന്നും തുടച്ചുമാറ്റാന്‍ ശ്രീനാരായണ ഗുരുവിനു സാധിച്ചു. ഡോ. പല്പു , സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, ടി. കെ. മാധവന്‍ അയ്യങ്കാളി , ചട്ടമ്പി സ്വാമി തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളും ഇക്കാര്യത്തിന് ഗുരുവിനു പിന്തുണ നല്‍കി.
യുഗപുരുഷന്മാര്‍ ജന്മം ദാനം ചെയ്തു സമ്പാദിച്ച സാമൂഹ്യ മാറ്റങ്ങള്‍ എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍ ഗുരു വചനങ്ങള്‍ നമുക്ക് നിരന്തരം ഓര്‍ക്കാം.
0 comments:
Post a Comment