Thursday 22 November 2012

ശ്രേയസ്സുണ്ടാവാന്‍ അവനവന്‍ പ്രയത്‌നിക്കേണം


ജനകനുമമ്മയുമാത്മസഖിപ്രിയ-
ജനവുമടുത്തയല്‍വാസികളും വിനാ
ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
തനിയെയിരിപ്പതിനേ തരമായ്‌ വരൂ.. (ശിവശതകം - 94)

(അച്ഛനും അമ്മയും ആത്മസഖികളായിരിക്കുന്ന കൂട്ടുകാരും അടുത്ത സ്‌നേഹമുള്ള അയല്‍പക്കക്കാരും അധികനാള്‍ കൂടെയുണ്ടാകാതെ എന്നും ജനിച്ചും മരിച്ചും പിരിഞ്ഞുപോയ്‌ക്കൊണ്ടിരിക്കും. ജീവിതത്തെ ധന്യമാക്കുന്ന കാര്യത്തില്‍ അവനവന്‍ പ്രയത്‌നിച്ചെങ്കിലേ എന്തെങ്കിലും സാദ്ധ്യമാകൂ.)

ഏതുനേരവും മൃതരായിപ്പോകുന്ന ശരീരികളാണ്‌ എല്ലാവരും. അളവില്ലാത്ത ജലം നിറഞ്ഞുകിടക്കുന്ന സമുദ്രത്തില്‍ സഞ്ചരിക്കുന്നവന്‌ ദാഹമകറ്റുവാന്‍ ആ സമുദ്രജലം മതിയാവുകയില്ല. അതിന്‌ ശുദ്ധജലം സ്വന്തമായി കരുതേണം. അതുപോലെ ഈ ജീവിതത്തില്‍ ആരെല്ലാം കൂട്ടിനുണ്ടായാലും അവരൊക്കെയും ഒരു നാളില്‍ വേര്‍പെട്ടുപോകുന്നവരാണ്‌. അതിനാല്‍ ബന്ധുബലത്തിലുള്ള അഹന്ത ഉപേക്ഷിക്കുക. അവനവന്റെ ജീവിതത്തില്‍ ശ്രേയസ്സുണ്ടാകാന്‍ അവനവന്‍ തന്നെയാണ്‌ പ്രയത്‌നിക്കേണ്ടത്‌. എന്റെ വിജയം മറ്റൊരാളിന്റെ കൈകളിലല്ല.

ഇന്ന്‌ കുട്ടികളെ നാം അമിതമായി സ്‌നേഹിച്ച്‌ അവരെ നശിപ്പിക്കുകയാണ്‌. ഒരു ജീവശാസ്‌ത്ര അദ്ധ്യാപകന്‍ രൂപ പരിണാമത്തിന്റെ ഫലമായി ഒരു പുഴു ചിത്രശലഭമായി മാറുന്ന പ്രക്രിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാണിച്ചുകൊടുക്കുയായിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ പുഴു കൊക്കൂണില്‍നിന്ന്‌ ചിത്രശലഭമായി പുറത്തുവരും. ഈ ശ്രമത്തില്‍ ആരും അതിനെ സഹായിക്കരുതെന്ന്‌ നിര്‍ദ്ദേശം നല്‍കി അധ്യാപകന്‍ പുറത്തേക്കുപോയി.

ജിജ്ഞാസയോടെ കാത്തിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക്‌ ചിത്രശലഭം കൊക്കൂണില്‍നിന്ന്‌ പുറത്തുവരാനായി നടത്തുന്ന കഠിനശ്രമംകണ്ട്‌ അനുകമ്പതോന്നി. അവന്‍ കൊക്കൂണ്‍ പൊട്ടിച്ച്‌ അതിനെ പുറത്തുവരുവാന്‍ സഹായിച്ചു. പക്ഷേ ഇതിന്റെ ഫലമായി ചിത്രശലഭത്തിന്റെ ജീവന്‍ നഷ്‌ടപ്പെട്ടു.

തിരിച്ചുവന്ന അദ്ധ്യാപകന്‍ ഇതറിഞ്ഞപ്പോള്‍ കൊക്കൂണില്‍നിന്നും പുറത്തുവരാനായി ചിത്രശലഭം നടത്തുന്ന കഠിനശ്രമം പ്രകൃതി നിയമമാണെന്നും അതുമൂലമാണ്‌ അതിന്റെ ചിറകുകള്‍ക്ക്‌ ശക്തിലഭിക്കുന്നതെന്നും വിശദീകരിച്ചു. ചിത്രശലഭത്തെ സഹായിക്കുകവഴി അതിന്‌ സ്വയം ശ്രമിച്ച്‌ ശക്തിനേടാനുള്ള അവസരമാണ്‌ വിദ്യാര്‍ത്ഥി നിഷേധിച്ചത്‌.

മക്കളോട്‌ അമിതമായി വാത്സല്യം കാണിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കു സ്വന്തമായി പരിശ്രമിച്ച്‌ ശക്തിനേടാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ മക്കള്‍ക്ക്‌ ഗുണകരമല്ല. മറിച്ച്‌ അവര്‍ക്ക്‌ ദോഷമാണ്‌ ചെയ്യുന്നത്‌.


- സുരേഷ്‌ബാബു മാധവന്‍



0 comments:

Post a Comment