Friday 9 November 2012

മതം മനുഷ്യനു വേണ്ടിയോ മനുഷ്യന്‍ മതത്തിനു വേണ്ടിയോ..?


മതമെന്നാല്‍ സാംസ്കാരിക സംവിധാനങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും, കൂടാതെ മാനവികതയെ ആത്മീയതയുമായും സദാചാര മൂല്യങ്ങളുമായും ബന്ധപ്പെടുത്തുന്ന ലോകവീക്ഷണങ്ങളെ ഉറപ്പിക്കുന്ന പ്രതീകങ്ങളുടെയും ഒരു സമാഹാരമാണെന്ന് നിര്‍വചനം പറഞ്ഞുതരുന്നു. മതങ്ങള്‍ മനുഷ്യനു ജീവിത ശൈലി കാണിച്ചുകൊടുക്കുന്നു, അലൌകികമായ കാര്യങ്ങളെക്കുറിച്ച് ആശയങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നും മത നിര്‍വചനത്തിന്റെ വിശദീകരണങ്ങളില്‍ നമുക്ക് വായിച്ചെടുക്കാം.
അങ്ങനെ വരുമ്പോള്‍ മാനവികതയെ , അതിന്റെ സ്വച്ഛന്ദമായ , നിഷ്കളങ്കമായ, സഹജമായ നിലനില്‍പ്പിനു സഹായിക്കുന്ന ഒന്നാണ് മതം എന്നു വരുന്നു. കൃസ്തീയതയും ഇസ്ലാമികതയും ഹൈന്ദവികതയും ബുദ്ധിസവും എല്ലാം തന്നെ ഉടലെടുത്തപ്പോള്‍ അവയുടെ ലക്ഷ്യം അതൊക്കെ തന്നെയായിരുന്നു. പക്ഷേ മതങ്ങളൊന്നും ആ ലക്ഷ്യങ്ങളുടെ നിഷ്‌കപടതയില്‍ ഒതുങ്ങി നിന്നില്ല. വയലാറിന്റെ സിനിമാഗാനം പോലെ ” മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു..” എന്ന നിലയിലാകുകയായിരുന്നു കാര്യങ്ങള്‍. മണ്ണു മാത്രമല്ല, മണ്ണിലെ നിലനില്‍ക്കുന്ന എല്ലാം പങ്കു വയ്ക്കപ്പെടുന്നു, സമാധാനമായിട്ടുള്ള പങ്കുവയ്പ് അല്ല, ആക്രമിച്ചു നേടിയെടുക്കല്‍ തന്നെ.

ശാസ്ത്രവും സാങ്കേതികയും വളര്‍ന്ന് ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് കണ്ടുപിടിക്കുകയും ലോകത്തെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ , നമ്മുടെ നാട്ടില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുന്നതിന്റെ പേരില്‍ മുസ്ലിം യുവാവ് ആക്രമിക്കപ്പെടുന്നു, തരം താണ ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയ യുവതിയെ/യുവാവിനെ വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തുന്നു, ദളിതര്‍ എന്ന പേരു നല്‍കപ്പെട്ട് സാമൂഹികമായി തരം താഴ്ത്തപ്പെട്ടവര്‍ ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് സമരം തുടരുന്നു, ആ സമരത്തെ വരേണ്യര്‍ പ്രതിരോധിക്കുന്നു. അരിയും തുണിയും പകരമായ് കൊടുത്ത് മതത്തില്‍ ആളുചേര്‍ക്കപ്പെടുന്നു. അജ്‌ഞതയുടെ ഇരുട്ടില്‍ അരങ്ങേറുന്ന മതനാടകങ്ങളില്‍ വെളിച്ചത്തു വരുന്നവ വളരെ ചെറിയ ഒരംശം മാത്രമാണ്.

മതം , അജ്‌ഞാനത്തോടൊപ്പം ചേര്‍ന്ന് സമൂഹത്തില്‍ നടത്തുന്ന പേക്കൂത്തുകളെക്കാള്‍ ഭീകരമാണ് അറിവുള്ളവരുടെ ലോകത്തു നടക്കുന്നത്. അവിടെ കാണുന്നത് മതത്തിന്റെ സ്വതന്ത്രമായ വിപണനമാണ്. വിപണനമെന്നത് ലാഭമുണ്ടാക്കല്‍ പ്രക്രിയ മാത്രമായതിനാല്‍ ഈ മതവാണിജ്യത്തിലും ലക്ഷ്യം ലാഭം തന്നെ. അധികാരത്തിനും ധനത്തിനും വേണ്ടി കച്ചവടം ചെയ്യപ്പെടുന്ന മതവിശ്വാസങ്ങള്‍. മതത്തെ ദൈവങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നിടത്താണ് കച്ചവടത്തിന്റെ തുടക്കം . മതം ആത്മീയതയില്‍ നിന്നും മോചനം നേടി കച്ചവടവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവ്യവസ്ഥയായി മാറുന്നു. മനുഷ്യരെക്കാള്‍ മതത്തിനു പ്രധാനമാകുന്നതു ചിഹ്‌നങ്ങളും നിയമങ്ങളുമാണ് . അതുകൊണ്ടു തന്നെ അവയെ സ്ഥാപിച്ചെടുക്കുവാന്‍ മാനുഷികതയുമായി കൈമാറ്റം ചെയ്യാനും നാം തയാറാകുന്നു. കുരിശും ചന്ദ്രക്കലയും ശൂലമുനയുമൊക്കെ വാണിജ്യത്തിലെ ഉപകരണങ്ങളാകുന്നു .

ഈ വാണിജ്യവല്‍ക്കരണത്തില്‍ എന്തൊക്കെയാണ് സമൂഹജീവിയായ മനുഷ്യനു നഷ്ടമാകുന്നത്? മതം ആത്മീയമായ ഔന്നത്യത്തിനു പകരം വര്‍ഗ്ഗീയതയുടെ നീചഭാവങ്ങള്‍ പകര്‍ന്നു കൊടുക്കുമ്പോള്‍ വ്യക്തിയ്ക്ക് നഷ്ടമാകുന്നത് സ്വന്തം സ്വാതന്ത്ര്യമാണ്, ആഹാര, വസ്ത്ര രീതികളുള്‍പ്പടെയുള്ള ജീവിതശൈലി തെരഞ്ഞെടുക്കുന്നതിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിലും എന്നു വേണ്ട ജനനത്തിലും മരണത്തിലും പോലും കടന്നെത്തുന്ന മതം മനുഷ്യനെ അക്ഷരാര്‍ദ്ധത്തില്‍ കൂച്ചുവിലങ്ങിടുകയാണ്. മതമെന്ന വേലിക്കെട്ടിനെ ഭയക്കുന്ന ഓരോ വ്യക്തിയും സ്വന്തം ജീവിതം മതത്തിന്റെ പേരില്‍ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്.

അധികാരം പിടിച്ചെടുക്കുവാനുള്ള ആയുധമാകുന്ന മതത്തെയാണു നാം രാഷ്ട്രീയത്തില്‍ കാണുന്നത്. തികച്ചും അരാഷ്ട്രീയമായ മത വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടുചേരുമ്പോള്‍ അങ്ങേയറ്റം വിഷകരമായ ഒരു സംയുക്തമായി അത് രൂപപ്പെടുന്നു. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ആ വിഷം കലരുന്നത് നാം പോലും അറിയാതെയാണ്. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അധികാരം കൈയാളുവാനും മതങ്ങള്‍ ആഹ്വാനം ചെയ്തുതുടങ്ങിയിരിക്കുന്നു. അപ്പോള്‍ മതവും ദൈവവും എല്ലാം പരമമായി ലക്ഷ്യമാക്കുന്നത് അധികാരത്തില്‍ തന്നെയാണെന്നു വരുന്നു. അവിടെയാണു കച്ചവടബുദ്ധിക്കാര്‍ നേതാക്കളാകുന്നത്. ആജ്ഞാപിക്കുമ്പോള്‍ ശൂലമോ തോക്കൊ ബോംബോ എടുത്ത് യുദ്ധത്തിനിറങ്ങുവാന്‍ തയാറായ മതാനുയായികളെ സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന കച്ചവട ബുദ്ധിയെ ആര്‍ക്കും തടുക്കുവാനാകുന്നില്ല.

മിശ്രമതവിവാഹങ്ങള്‍ക്ക് ഇപ്പോള്‍ മതനേതാക്കളില്‍ നിന്ന് പിന്‍‌തുണ വര്‍ദ്ധിച്ചുവരുന്നുണ്ട്, അതൊരിക്കലും മതമൈത്രിയെ ലക്ഷ്യമാക്കിയോ , മറ്റു മതങ്ങളെ അംഗീകരിച്ചിട്ടോ അല്ല എന്നതാണതിന്റെ ക്രൂരമായ മറുവശം. ഇവിടെ മതങ്ങളുടെ സ്ത്രീ വിരുദ്ധ നിലപാടു കൂടി പ്രകടമാകുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന ആണും പെണ്ണും വിവാഹിതരാകുവാന്‍ അനുവാദം കൊടുക്കേണ്ടത് പുരുഷന്റെ മതമാണ്, അതിനുള്ള വ്യവസ്ഥയോ പെണ്ണിന്റെ മതം മാറ്റവും. പ്രത്യക്ഷത്തിലും , പ്രണയത്തിന്റെ ദൃഷ്ടിയിലും തികച്ചും നിരുപദ്രവവും എളുപ്പവുമെന്ന് തോന്നാവുന്ന ഈ വ്യവസ്ഥ ഇന്നു സാമൂഹികമായി സ്വീകാര്യമായിക്കഴിഞ്ഞു. ഇവിടെ മതം ഒരു സ്ത്രീയെയും അവള്‍ക്കുണ്ടാകുവാന്‍ പോകുന്ന സന്തതിപരമ്പരകളെയും, പ്രണയത്തിന്റെ പേരില്‍ വിലയ്ക്കെടുക്കുകയാണ്. ഇല്ലാതാകുന്ന വ്യക്തിസ്വാതന്ത്ര്യമെന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രൂപത്തിലാണിവിടെ.
അമ്പലങ്ങളും പള്ളികളും മോസ്ക്കുകളും മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ പലമടങ്ങ് ഇപ്പോള്‍ അധികാരങ്ങളെക്കുറിച്ച് സംസാരിക്കുന്നു, പ്രചരിപ്പിക്കുന്നു. ഓരോ തലമുറയുടെയും മസ്തിഷ്കത്തിലേയ്ക്ക് അവര്‍ക്കു യോജിച്ച രീതിയിലുള്ള പ്രചരണോപാധികള്‍ കടത്തിവിടുന്നു. 20 ലെത്തുന്ന യുവസമൂഹത്തെയും 80 ലെത്തിയ വൃദ്ധസമൂഹത്തെയും മതം കീഴ്പ്പെടുത്തുന്നത് അവരവര്‍ക്കു യോജിച്ച ആയുധങ്ങളിലൂടെയാണ്. ഒരുപക്ഷേ ഏറ്റവും ബുദ്ധിപരമായി മനുഷ്യനെ വിലയ്കെടുക്കുന്ന സാമൂഹ്യപ്രസ്ഥാനം ഇന്നു മതം തന്നെയാണെന്നു പറയാം. ഒരു രാഷ്ട്രീയ കക്ഷിയ്ക്കും തനിച്ചു ചെയ്യാന്‍ കഴിയാത്തത് മതസ്ഥാപനങ്ങള്‍ ചെയ്യുന്നു. ശക്തനായ കൂട്ടുകക്ഷി എന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയാധികാരമോഹികള്‍ മതത്തെ മാലയിട്ട് സ്വീകരിക്കുന്നു. ഏതൊരു രാഷ്ട്രീയ ആദര്‍ശത്തെക്കാളും മതം ഭരണകൂടത്തില്‍ സ്വാധീനം ചെലുത്തുന്നു. ആ സ്വാധീനം അറിഞ്ഞുകൊണ്ട് ജനങ്ങള്‍ അവയ്ക്കുകീഴില്‍ അണിനിരക്കുന്നു. മതനിറങ്ങളില്‍ തിരിച്ചറിയപ്പെടുന്നതിലെ അപഹാസ്യത ഇല്ലാതാകുന്ന കാലമാണിത്.

വ്യക്തിപരമായ ചെറുത്തു നില്‍പ്പുകളാണ് മതത്തെ പ്രതിരോധിക്കാന്‍ ആവശ്യമായിട്ടുള്ളത്. സ്വയം തിരിച്ചറിയുന്ന ജനത മതത്തിന്റെ ഇടപെടലുകളെ തട്ടി മാറ്റുകയും അതിന്റെ മൂടുപടങ്ങളില്‍ നിന്ന് വെളിയില്‍ വരികയും ചെയ്യുന്ന കാലം വിദൂരമാണോ?

 സ്മിത മീനാക്ഷി
http://nattupacha.com/?p=245

0 comments:

Post a Comment