Monday, 19 November 2012

യുഗപ്രഭാവനായ കര്‍മ്മയോഗി


(ശ്രീനാരായണ ഗുരുദേവന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തെ എങ്ങനെ മാനവീയമായി പുതുക്കിപ്പണിഞ്ഞുവെന്ന് പരിശോധിക്കുകയാണ് ലേഖിക.ഡോ. സുമാ നാരായണന്‍)

വ്യക്തികള്‍ മരണത്തോടുകൂടി മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവന്റെ സ്മരണകള്‍ ലോകജനതയുടെ മനസ്സില്‍ നവോന്മേഷം പകരുകയാണ്. ശരീരത്യാഗം സമാധിയിലൂടെ സംഭവിച്ചുവെങ്കില്‍ ഗുരുദേവന്റെ സനാതനമായ ആശയങ്ങള്‍ സമകാലിക ലോകത്ത് പ്രസക്തി നേടുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനെടുത്ത തീരുമാനവും ഗുരുജയന്തി നാളില്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ഠിക്കാനുള്ള തീരുമാനവും. സമാനതകളില്ലാത്ത ചിന്താധാരയിലൂടെ തന്റെ ധൈഷണിക വിപ്ലവ ആശയങ്ങള്‍ പ്രായോഗിക തലത്തില്‍കൊണ്ടുവന്ന് ഗുരുദേവന്‍ അമരത്വം കൈവരിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-ഭൗതിക സാഹചര്യങ്ങളില്‍  ഒട്ടേറെ വ്യതിയാനങ്ങള്‍ വരുത്താന്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വാതന്ത്ര്യം വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം ആയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടത് തദ്ദേശീയരായ സവര്‍ണ ജന്മിനാടുവാഴികളില്‍ നിന്നുമുള്ള മോചനമായിരുന്നു. ഈ മോചനം ജാതിയും മതവും സമ്പത്തുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു. സാമൂഹികമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ ചരിത്ര സന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ആധുനിക ജനതയുടെ മനസ്സില്‍ ആവേശ സ്ഫുലിംഗമായി നിലനില്‍ക്കുന്നത്.

യൂറോപ്യന്‍ നവോത്ഥാനം മധ്യകാലഘട്ടത്തില്‍ സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും മറ്റുരംഗങ്ങളിലും മനുഷ്യത്വം എന്ന ആശയം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതി പരിശോധിക്കുമ്പോള്‍ തന്റെ നിശബ്ദ വിപ്ലവത്തിലൂടെ മാറ്റംവരുത്താന്‍ ഗുരുദേവന് കഴിഞ്ഞു. കേരളത്തില്‍ നിലനിന്നിരുന്ന അസമത്വം മനസ്സിലാക്കി വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം ചെയ്തു. പിന്നിട്ട യുഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ സാമൂഹിക അന്തരീക്ഷവും സമത്വസിദ്ധാന്തവും ഗുരുദേവന്‍ വളര്‍ത്തിയെടുത്തു. മാനവിക എന്ന ആശയം കേരളീയ സമൂഹമാകെ വ്യാപിപ്പിക്കാന്‍ ഗുരുദേവ ചൈതന്യം ഏറെ സഹായിച്ചു. ഗുരുദേവന്‍ നടപ്പില്‍വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളില്‍ സുവ്യക്തമായി കാണാന്‍ കഴിയുന്ന ഒന്നാണ് 1905ല്‍ ധര്‍മ്മ പ്രചാരണത്തിനുവേണ്ടി തെരഞ്ഞെടുത്ത ആശയങ്ങള്‍. കേരളത്തിന്റെ സ്ഥായിവിഷയങ്ങളായ മതം, വിദ്യാഭ്യാസം, വ്യവസായം ഇവയെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ഗുരുനിര്‍ദ്ദേശം നല്‍കി. മതം എന്നതിലൂടെ  താന്‍ വിശ്വസിക്കുന്ന മതം ലോകത്തിലേക്കുംവെച്ച് സമുന്നതമായ മതം എന്ന ആശയം വളര്‍ത്തിയെടുക്കുകയല്ല ഗുരു ചെയ്തത്; പകരം ഹൈന്ദവ മതത്തില്‍ കടന്നു കൂടിയ ദുഷിച്ച സംവിധാനങ്ങളെ അകറ്റുക എന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശം. അതോടൊപ്പം ശുദ്ധമായ ഹൈന്ദവമതത്തിന്റെ സദ്ഗുണ തത്ത്വങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുവാനും ഗുരുദേവന്‍ ആഹോരാത്രം യത്‌നിച്ചു. ആവശ്യമാണെന്ന് തോന്നിയിരുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ മഠങ്ങളോ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മതസങ്കല്‍പങ്ങള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുവാനും മത സമന്വയം എന്ന ആശയം വളര്‍ത്തിയെടുക്കുവാനും ഇതര മതങ്ങളോടു സഹാനുഭൂതി വളര്‍ത്തിയെടുക്കുവാനും ജനങ്ങളെ സഹായിച്ചു.

ഗുരുദേവന്റെ സദാചാര സങ്കല്‍പത്തിന് ഇന്ന് വളരെയേറെ പ്രധാന്യമുണ്ട്. സത്യം, അഹിംസ, ധര്‍മ്മം, ഐക്യം മുതലായ സനാതന മൂല്യങ്ങള്‍ക്ക് ഗുരു പ്രാധാന്യം നല്‍കിയിരുന്നു. ആത്മസംതൃപ്തി നിറഞ്ഞ ജീവിത നിര്‍വഹണത്തിനായി ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ച സദാചാരബോധം സമൂഹത്തിലെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സമത്വസിദ്ധാന്തം സമൂഹത്തില്‍ നിലനിര്‍ത്താന്‍ കഴിയും. വളരെ പരിപാവനമായി കരുതുന്ന സദാചാരചിന്ത ഗുരുദേവന്റെ അനുഗ്രഹത്താല്‍ കേരള സമൂഹത്തില്‍ നല്ല സ്വാധീനമുണ്ടാക്കി. വിജ്ഞാനം മനുഷ്യന്റെ കണ്ണ് തുറപ്പിക്കും എന്ന ചിന്ത ഗുരുദേവന്‍ നല്‍കി. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ആഹ്വാനം ഇന്ന് കേരളത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മേലാള വിഭാഗത്തില്‍ വിദ്യാഭ്യാസ മേല്‍ക്കോയ്മ എന്ന ധാരണ വെടിഞ്ഞ് സാധാരണക്കാരന്റെ കരണങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് ഏറെ സ്തുത്യര്‍ഹമാണ്. മനുഷ്യന്റെ ഉള്ളിലുള്ള അജ്ഞതയെ പുറത്തു കൊണ്ടുവന്ന് ലോകത്തെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഗുരുദേവന്‍ വളര്‍ത്തി. അധഃകൃത വിഭാഗങ്ങള്‍ക്കു വേണ്ടി ഗുരുദേവന്‍ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറിവിന്റെ ലോകം സാര്‍വത്രികമാക്കുകയും അതുവഴി സാമൂഹിക ജീവിതത്തില്‍ പുത്തനുണര്‍വ് നേടിയെടുക്കുകയും ചെയ്തു.ഗുരുധര്‍മ്മത്തില്‍ അനവധി ആശയങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, സദാചാരം, വൃത്തി, കുടുംബജീവിത ഭദ്രത തുടങ്ങിയ പല ആശയങ്ങളും പ്രാവര്‍ത്തിക തലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ അന്തരീക്ഷവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇന്ന് നേരിടുന്ന പല പ്രതികൂലമായ അവസ്ഥക്ക് ശാശ്വതമായ പരിഹാരം നേടിയെടുക്കുവാന്‍ ഗുരുദേവ ധര്‍മ്മത്തിലൂടെ നമുക്ക് കഴിയും.

നാടിന്റെ സമ്പദ്‌വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങള്‍ കൃഷി, കച്ചവടം, വ്യവസായം, കൈത്തൊഴില്‍ എന്നിവയാണല്ലോ. ഇവയ്ക്ക് അനുകൂലമായ നയം സൃഷ്ടിക്കുക എന്നത് ഓരോ കാലത്തും നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ ബാധ്യതയാണ്; ഉത്തരവാദിത്വമാണ്. ഗള്‍ഫ് പണം എന്ന താത്ക്കാലിക സ്വപ്‌നം നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തിലും കേരളത്തിലെ അധഃകൃതവിഭാഗക്കാരുടെ സാമ്പത്തിക ഉന്നമനത്തിന് നല്ല പശ്ചാത്തലം കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായത്തിലൂടെയും നേടുവാന്‍ കഴിഞ്ഞു എന്നത് ഗുരുദേവന്റെ പ്രോത്സാഹനവും ഉള്‍പ്രേണരയും പ്രചോദനവും കൊണ്ടാണ്. ശിവഗിരി തീര്‍ത്ഥാടനം ഗുരുദേവന്‍ വിഭാവനം ചെയ്തപ്പോള്‍ മേല്‍ സൂചിപ്പിച്ച ആശയങ്ങളുടെ പ്രചരണവും കൂടെ ഉദ്ദേശിച്ചിരുന്നു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലുള്ള ഗുരുവിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഭരണഘടനപോലും വിഭാവനം ചെയ്യാത്ത രീതിയിലുള്ള സാമൂഹിക സമത്വ സിദ്ധാന്തത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നു എന്നതിനാലാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളായ സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയവ ഗുരുദേവന്റെ പരിലാളനയിലൂടെ ആധുനിക യുഗത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു. കേരളീയ സമൂഹത്തിലാകെ ആഡംബര ഭ്രമം, ആഭരണഭ്രമം, പാഴ്‌ച്ചെലവ് എന്നിവ ധാരാളമായി കാണുന്നു.

മിതവ്യയം എന്ന രീതിയാണ് അഭികാമ്യം. ഗുരുദേവന്‍ വിഭാവനം ചെയ്ത പല ആശയങ്ങളും മിതവ്യയം എന്ന ശീലം വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്നതാണ്. പുളികുടി, തീരണ്ടു കല്യാണം, താലിക്കെട്ടിക്കല്യാണം, അടിയന്തരം തുടങ്ങിയ പല ദുര്‍വ്യയങ്ങളും ദുരാചാരങ്ങളും ഒഴിവാക്കുവാന്‍ ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ചു. ഇന്ന് സാധാരണക്കാരന് താങ്ങുവാന്‍ കഴിയാത്ത രീതിയിലുള്ള പാഴ്‌ച്ചെലവുകള്‍ വര്‍ധിച്ചിരിക്കുന്നു. ഗുരുദേവന്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള വൈവാഹികരീതിയും മരണാനന്തര ചടങ്ങുകളും അവലംബിക്കുകയാണെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ സാമ്പത്തിക സുരക്ഷിതത്വം വളര്‍ത്തിയെടുക്കാം.നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു ഘട്ടമായിട്ട് ദൈവശാസ്ത്രത്തിന്റെയും മതശാസ്ത്രത്തിന്റെയും യഥാര്‍ത്ഥ പൊരുള്‍ വ്യാഖ്യാനിച്ച് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'എന്ന് ഉദ്‌ഘോഷിച്ചത് ഗുരുദേവന്റെ പ്രവര്‍ത്തനങ്ങളുടെ ഉദാത്തമായ ഒരു തലമാണ്. അതിനുവേണ്ടി ആത്മോപദേശക ശതകം, ദൈവശതകം, വേദാന്തസൂത്രം തുടങ്ങിയ കൃതികള്‍ ഗുരുദേവന്‍ രചിച്ചു. മനുഷ്യന് മനുഷ്യത്വം തന്നെയാണ് ജാതി എന്ന് തുടങ്ങി മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള മന്ത്രം ഗുരുവചനങ്ങളിലുടനീളം കാണാം. ഇതെല്ലാം ഗുരുദേവന്‍ തന്റെ കര്‍മ്മ മണ്ഡലത്തില്‍ എത്തിച്ചത് വിപ്ലവഭേരി മുഴക്കാതെ നിത്യമായ സനാതന ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു മഹത്തായ വിപ്ലവത്തിന്റെ ജനയിതാവാണ് ഗുരുദേവന്‍. ആദ്ധ്യാത്മികരംഗത്തും ഭക്തിമാര്‍ഗ്ഗത്തിലും ഗുരുവിന്റെ പ്രവര്‍ത്തനം യാഥാസ്ഥിതിക മേധാവിത്വം തകര്‍ക്കുന്ന രീതിയിലായിരുന്നു. ശിവഗിരിയില്‍ സന്ദര്‍ശനം നടത്തിയ ദേശീയകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ വരികള്‍ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള ടാഗോര്‍ ആദ്ധ്യാത്മികരംഗത്ത് ഗുരുവിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന, ഗുരുവിന് തുല്യനായ ഒരാളെപോലും കണ്ടിട്ടില്ലെന്ന് അത്ഭുതാദരങ്ങളോടെ രേഖപ്പെടുത്തിയിരിക്കുന്നു. ശിവഗിരി സന്ദര്‍ശിച്ച മഹാത്മാഗാന്ധിയും ഗുരുവിനോട് അഗാധമായ ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഗുരുദേവനുമായുള്ള സംസര്‍ഗംമൂലം ജാതിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഗാന്ധിജിക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹത്തില്‍നിന്നും ജാതി സ്പര്‍ധ മാറ്റാനുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണ്. അധകൃത വര്‍ഗ്ഗക്കാര്‍ക്ക് ഒരു കാലഘട്ടത്തില്‍ അന്യമായിരുന്ന സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാനും തുല്യനീതി നടപ്പില്‍വരുത്താനും ഗുരുദേവ ആശയങ്ങള്‍ക്ക് കഴിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഉള്ള ആഹ്വാനത്തോടൊപ്പം പണിശാലകളിലേക്ക് പോകാനുള്ള ഗുരുവിന്റെ ഉപദേശം ഇന്നത്തെ ജനതക്ക് പ്രചോദനമാണ്. ഇന്ത്യയുടെ എന്‍ജിനീയര്‍ എന്ന പേരില്‍ പ്രസിദ്ധനായ വിശ്വേശ്വരയ്യരുടെ സന്ദേശമായ 'വ്യവസായവത്ക്കരിക്കൂ അല്ലെങ്കില്‍ നശിക്കൂ' എന്ന ആശയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കൃഷിക്കും വ്യവസായത്തിനും ഗുരു നല്‍കിയ ആവേശം കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിത്തറ തന്നെയാണ്.

ഗുരുദേവന്‍ ചിന്തകനും കവിയും സാഹിത്യകാരനും ആത്മീയതത്വചിന്തകനുമൊക്കെയാണെന്ന് അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ നമുക്ക് മനസ്സിലാക്കാം. മലയാളം, തമിഴ് ഭാഷാ സാഹിത്യവും കവിതയും ഗുരുദേവ ചൈതന്യത്തിലൂടെ ധന്യത നേടിയെടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളതും അഭിമാനകരമാണ്. മഹാകവി കുമാരനാശാന് ഗുരുവുമായുള്ള ബന്ധം ചരിത്രപരമായ ദിശാബോധം കവിയില്‍ വളരാന്‍ ഇടയാക്കി. ബുദ്ധമത തത്വങ്ങളും വേദാന്തവും കലര്‍ന്ന ആശാന്റെ കവിതകള്‍ പിറന്നത് ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെയാണ്. 1928ല്‍ ഗുരുദേവന്‍ സമാധിയായി. ഗുരുദേവ ആശയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കോഴിക്കോട് എം പിയായ എം കെ രാഘവന്‍ ആവശ്യപ്പെട്ടതുപോലെ ഗുരുദേവന്റെ നാമത്തില്‍ ഒരു സര്‍വകലാശാല ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതത് പ്രദേശത്തെ മഹത് വ്യക്തികളുടെ നാമധേയത്തില്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി യുജിസിയുടെ ഔദ്യോഗിക കുറിപ്പില്‍നിന്നും മനസ്സിലാകുന്നു.

(വിവിധ ശ്രീനാരായണ കോളജുകളില്‍ അധ്യാപികയും പ്രിന്‍സിപ്പലും ആയിരുന്നു ലേഖിക)


0 comments:

Post a Comment