അദ്വൈതാശ്രമത്തിലും മഹാശിവക്ഷേത്രത്തിലും ഉയരുന്ന ശാന്തിമന്ത്രങ്ങളില്‍ അലിഞ്ഞൊഴുകുന്ന ആലുവാപ്പുഴ ഭാരതത്തിലെ അനേകം നദികളില്‍ ഒന്നാണ്. എന്നാല്‍ ഈ കുഞ്ഞോളങ്ങളും കുളിര്‍കാറ്റും മണല്‍പ്പരപ്പും സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഭാരതം ഉയര്‍ത്തിപ്പിടിച്ച വിശ്വമഹാദര്‍ശനത്തിന് മഹത്തായ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത് ഈ നദിയുടെ തീരമാണെന്ന സത്യം. അക്കഥകളാവട്ടെ ഇത്തവണത്തെ നമ്മുടെ ചിന്താവിഷയം.
മഹാനായ കുറ്റിപ്പുഴ കൃഷ്ണപിളള ഗുരുദേവന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അദ്ധ്യാപകനായി കഴിയുന്ന കാലം. ബ്രഹ്മസൂത്രത്തിലെ അപശ്രൂദ്രാധികരണത്തെപ്പറ്റിയുളള ശ്രീ ശങ്കരാചാര്യരുടെ ഭാഷ്യത്തെക്കുറിച്ച് കൃഷ്ണപിളളയോട് സംസാരിക്കവേ "അവിടെ ശങ്കരന് തെറ്റിപ്പോയി" എന്ന് ഗുരുദേവന്‍ പറഞ്ഞു. ആ സമയം ഗുരുവിന്റെ മുഖം പ്രകാശപൂര്‍ണ്ണമായിരുന്നു. ആദി ശങ്കരനുമപ്പുറത്തേക്ക് ദര്‍ശനഗരിമയുടെ പാദം ഉയര്‍ത്തിവച്ച് നില്‍ക്കുന്ന മഹാജ്ഞാനിയെയാണ് കുറ്റിപ്പുഴ ആ സമയം ഗുരുദേവനില്‍ കണ്ടത്. "സമാരാധ്യനായ പൂര്‍വാചാര്യന്റെ വിധിയെയും തെറ്റാണെന്നുകണ്ടാല്‍ എതിര്‍ക്കാനുളള ധീരമായ സന്നദ്ധത ശ്രീനാരായണ ഗുരുവിനെപ്പോലെ മറ്റൊരു ഇന്ത്യന്‍ സംന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല." എന്നാണ് പിന്നീട് കുറ്റിപ്പുഴ തന്റെ സ്്മരണകളില്‍ രേഖപ്പെടുത്തിയത്. ആലുവാപ്പുഴയുടെ തീരം ലോകത്തിന് സമ്മാനിച്ച സര്‍വജ്ഞപീഠാധിപതിയാണ് ആദിശങ്കരന്‍. ചരിത്രവഴികളില്‍ അദ്ദേഹത്തിന്റെ ദര്‍ശനം പിന്തുടര്‍ന്ന ഗുരുദേവന്‍ ആചാര്യപാദര്‍ക്ക് തിരുത്തു കല്പിക്കുന്നതിനും സാക്ഷി ആലുവാപ്പുഴ തന്നെയായിരുന്നു.
ചരിത്രം പരിശോധിച്ചാല്‍ സ്വാമി വിവേകാനന്ദന്റെ ആഹ്വാനങ്ങള്‍ക്കും ഗുരുദേവന്റെ വക കാലോചിതമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം. "ബുദ്ധമുനിയുടെ ഹൃദയവും ശങ്കരാചാര്യരുടെ ബുദ്ധിയും ചേര്‍ന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂര്‍ണ്ണമാകില്ലെ"ന്നാണ് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത്. അത് ബുദ്ധമതത്തെ ഹിന്ദുസംസ്കാരമായിത്തന്നെ കണ്ടുകൊണ്ടുളള വിശാലവീക്ഷണത്തില്‍നിന്ന് ഉടലെടുത്ത സവിത്ചിന്തയാണ്. എന്നാല്‍ അനുകമ്പാദശകത്തിലെ ഗുരുവിന്റെ ദര്‍ശനം വ്യക്തമാക്കിക്കൊണ്ട് ആലുവയില്‍ നടന്ന സര്‍വമതസമ്മേളനത്തില്‍ ഗുരുശിഷ്യനായ സത്യവ്രതസ്വാമി ഇങ്ങനെ പറയുന്നുണ്ട്, "ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണമാകില്ലെന്നാണ് ശ്രീനാരായണ പരമഹംസന്‍ സിദ്ധാന്തിക്കുന്നത്." വിവേകാനന്ദവാണിക്ക് അനുബന്ധമായി ഈ ഗുരുവാണി ചേര്‍ത്തുവച്ചുകൊണ്ടാണ് ചിന്തിക്കുന്നവരുടെ ലോകം ശ്രീനാരായണഗുരുവിനെ വിശ്വഗുരുവായി ഉയര്‍ത്തിക്കാട്ടുന്നത്. സര്‍വമതസമ്മേളനം മുന്നോട്ടുവച്ച സന്ദേശത്തിലൂടെ ഗുരുദേവന്‍ സ്വാമി വിവേകാനന്ദനെയും തിരുത്തുമ്പോള്‍ അതിനും സാക്ഷിയായത് ആലുവാപ്പുഴയുടെ തീരമാണെന്നത് ആശ്ചര്യകരമായിരിക്കുന്നു. സി. വി. കുഞ്ഞുരാമന്‍ എഴുതിതയ്യാറാക്കി ഗുരുവിന്റെ ചില തിരുത്തലുകളോടെ സത്യവ്രത സ്വാമി സര്‍വമത സമ്മേളനത്തില്‍ അവതരിപ്പിച്ച ആ മഹത്തായ സ്വാഗതപ്രസംഗം എക്കാലവും പ്രസക്തമാകുന്നത് മതസാഹോദര്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്. എല്ലാം ഒന്നായിക്കാണാനുളള മലയാളിയുടെ ഒരു പൊതുമനോഭാവം ഈ പ്രസംഗത്തില്‍ വരച്ചുകാട്ടുന്നുണ്ട്.
"മതവിഷയമായ ഭയങ്കര കലഹങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നുളള അഭിമാനകരമായ പാരമ്പര്യം കേരളീയര്‍ക്കുളളതിനെ നാം മേലിലും പാലിച്ചുകൊണ്ടുപോകേണ്ടതാണ്. അതോടുകൂടി ഭാരതീയരായ മറ്റു ഹിന്ദുക്കള്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വിശേഷവും കേരളീയ ഹിന്ദുക്കള്‍ക്കുണ്ട്. കേരളത്തിനു പുറത്ത് ശൈവനും ശാക്തേയനും വൈഷ്ണവനും ഭിന്നമതക്കാരെപ്പോലെ കഴിഞ്ഞുകൂടുമ്പോള്‍ കേരളീയന്‍ ശൈവന്റെ ഭസ്മക്കുറി തേച്ച് അതിനുമേല്‍ വൈഷ്ണവന്റെ ഗോപിക്കുറിയും വരച്ച് അതിനകത്ത് ശാക്തേയന്റെ സിന്ദൂരപ്പൊട്ടും തൊട്ട്, ശാക്തേയന്റെ ഭഗവതിക്ഷേത്രത്തില്‍ ചെന്നിരുന്ന് ശൈവന്റെ ശനിപ്രദോഷസന്ധ്യയില്‍ വൈഷ്ണവന്റെ ഭഗവത്ഗീത പാരായണം ചെയ്യുന്ന കൌതുകകരമായ കാഴ്ച മതഭ്രാന്ത് ഇല്ലാത്ത ഏതു ഹിന്ദുവിനെയാണ് ആഹ്ളാദഭരിതനാക്കി തീര്‍ക്കാത്തത്? മതങ്ങള്‍ തമ്മിലുളള മത്സരം കൂടാതെ കഴിയാനുളള പാരമ്പര്യം മാത്രമല്ല ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കാനുളള പാരമ്പര്യവും കേരളീയര്‍ക്കുണ്ടെന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്." എന്നിങ്ങനെ എത്രഭംഗിയായും അടിസ്ഥാനപരമായുമാണ് ഗുരുശിഷ്യര്‍ കേരളീയരുടെ വിശ്വാസഘടനയെവരച്ചുകാട്ടുന്നതെന്ന് നോക്കുക. ഇക്കാലത്തും അമ്പലങ്ങളിലും പളളികളിലും ഒരേ വിശ്വാസതീവ്രതയോടെ വഴിപാടുനടത്തുന്ന മലയാളികളുടെ എണ്ണം ചെറുതല്ലെന്ന് ഓര്‍ക്കണം.
മറ്റൊരു ഭാഗത്ത് മത കലഹങ്ങളുടെ മൂലകാരണം വ്യക്തമാക്കിക്കൊണ്ട് ഗുരുശിഷ്യന്‍ പറയുന്നത് കേള്‍ക്കുക, "സള്‍ഫ്യൂറിക് ആസിഡ് കണ്ടുപിടിക്കുന്നത് ശാസ്ത്രജ്ഞനാണ് എന്നാല്‍ മൂലധനം മുടക്കി അത് ധാരാളമായി സംഭരിച്ച് വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്." ആദ്ധ്യാത്മിക മോക്ഷമാര്‍ഗം അവനവന്റെ ശൈലിയില്‍ വിശദീകരിച്ച മതസ്ഥാപകര്‍ സള്‍ഫ്യൂറിക് ആസിഡ് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെയാണ്്. അവര്‍ സ്ഥാപിച്ച മതത്തെ ആദായകരമായ വാണിജ്യസാധനങ്ങളാക്കി "ഉത്തമം, കുശലം, വിദ്യ" എന്ന മട്ടില്‍ വില്‍ക്കുന്നത്ചില ബുദ്ധിമാന്മാരുമാണ്. മുടിവളരാന്‍ തങ്ങളുടെ എണ്ണയാണ് നല്ലത് എന്നുപറയുന്ന എണ്ണക്കമ്പനികളെപ്പോലെ ഈ തീവ്രവാദപുരോഹിതവിഭാഗങ്ങളാണ് വിഭാഗീയത പ്രചരിപ്പിച്ച് തങ്ങളുടെ 'ഉല്പന്നത്തിന്റെ' മാര്‍ക്കറ്റ് ഉയര്‍ത്തുന്നത്. ഗുരുവിന്റെ സര്‍വമതസമ്മേളനം ഇക്കാര്യം പറഞ്ഞിട്ട് 88വര്‍ഷം പിന്നിട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച് ശ്രീനാരായണഗുരുദേവന്‍ പരുവപ്പെടുത്തിയ കേരളീയന്റെ മനസില്‍ വിഭാഗീയത കുത്തിവയ്ക്കാനും അക്രമം അഴിച്ചുവിട്ട് മതഭ്രാന്ത് മുതലെടുക്കാനും പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. എന്നാല്‍ അതത്രകണ്ട് വിജയിക്കുന്നില്ല. അതൊരുകാലത്തും വിജയിക്കില്ലെന്ന് 88 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവും ശിഷ്യരും ചേര്‍ന്ന് ആലുവാപ്പുഴയെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് ഇക്കൂട്ടര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്പലമുറ്റത്ത് പശുവിനെ അറുത്താലോ കടപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും കുറച്ചുപേരെ വെട്ടിക്കൊന്നാലോ ഒരു ഇ-മെയില്‍ വിവാദത്തിലോ ഇടിഞ്ഞുവീഴുന്ന മതസൌഹാര്‍ദ്ദമല്ല മലയാളിയുടേതെന്ന് ഇക്കൂട്ടര്‍ ഇനിയും തിരിച്ചറിയുന്നില്ല. ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ ആരാധനാലയത്തിന്റെ അവകാശത്തിനായി അങ്കംവെട്ടുന്ന സംഭവങ്ങള്‍ക്കുപിന്നിലും "ഉത്തമം, കുശലം, വിദ്യ" എന്ന പ്രമാണം വച്ച് കച്ചവടം കൊഴുപ്പിക്കുന്നവരുടെ നിഴലനക്കം കാണുന്നുണ്ട്.
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന ഗുരു സന്ദേശം യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട് 1949 ല്‍ കൊല്ലത്ത് ഒരു പാതിരി നടത്തിയ മതപ്രചാരണപ്രസംഗത്തിന് അന്ന് കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഒരുഭാഗമാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. "അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാനര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."
കടപ്പാട് : Sajeev Krishnan
http://krishnanatam.blogspot.in/2012/01/blog-post_23.html
0 comments:
Post a Comment