Saturday 24 November 2012

ഗുരുദർശനങ്ങള്‍ ലോകത്തിന് മാതൃക: ദലൈലാമ


ശിവഗിരി: സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. മാനവരാശിയുടെ ഉന്നമനത്തിന് ഗുരു ദർശനങ്ങൾ എന്നും മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. എൺപതാമത് ശിവഗിരി തീർത്ഥാടന വിളംബര സന്ദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദലൈലാമ.

ഗുരുദർശനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ടത് മനുഷ്യ നന്മയ്ക്ക് ആവശ്യമാണ്. ശിവഗിരി തീർത്ഥാടനം ഗുരുവിന്റെ സന്ദേശങ്ങളുടെ നേർക്കാഴ്ചയാകട്ടെയെന്നും ദലൈലാമ ആശംസിച്ചു. ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരതയുടെയും അക്രമത്തിന്റെയും നൂറ്റാണ്ടാണ് ഇപ്പോഴത്തേത്. എന്നാൽ ലോകത്തിന് ആവശ്യം സമാധാനത്തിന്റെ ഒരു നൂറ്റാണ്ടാണ്. അതിനു വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആഭ്യന്തര യുദ്ധത്തിൽ ലോകത്താകമാനം നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇത്തരം യുദ്ധങ്ങൾ മാനവരാശിക്ക് ഒട്ടുംചേർന്നതല്ല. ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയതു കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ദലൈലാമ ചൂണ്ടിക്കാട്ടി.

ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചു. ശാസ്ത്രമേഖലയിലും ഇതിന്റെ വളര്‍ച്ച ദൃശ്യമായി. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശത്തിനാണ് കാരണമാകുന്നത്. ആണവായുധങ്ങള്‍ മനുഷ്യജീവിതത്തിന് നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലുമുണ്ടായി- ദലൈലാമ പറഞ്ഞു.


0 comments:

Post a Comment