'An Integrated Science of the Absolute' എന്ന ഗ്രന്ഥം അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പാഠവിഷയമായി അങ്കീകരിച്ചിരുന്നു. ഇത് ഗുരുദേവ കൃതിയില്‍ നിന്നാണ് എന്നുള്ളത് ഇന്ത്യക്കാരന് തന്നെ അഭിമാനത്തിന് വകയുള്ളതാണ്.
ഒരു അദ്വൈത ആചാര്യന്‍ സാമൂഹിക പരിഷ്കര്‍ത്താവാകുക എന്ന അപൂര്‍വ സംഗമം ആണ് ശ്രീ നാരായണ ഗുരുദേവന്‍. ഗുരുവിലെ അദ്വൈതിയെയും കവിയേയും സംസ്കൃത പണ്ഡിതനെയും ഇക്കാലത്ത് അധികം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. 56 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഈശാവാസ്യോപനിഷത്തും തിരുക്കുറലും (തമിഴ് ) മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും മഹത്തായത് എന്ന് എനിക്ക് തോന്നുന്നത് 'ദര്‍ശനമാല' ആണ് . വേദാന്ത ശാസ്ത്രം മുഴുവന്‍ 10 ദര്‍ശനങ്ങളായി വിഭജിച്ചു ഭഗവത് ഗീതയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ വൃത്തത്തില്‍ (അനുഷ്ടുപ്പ് വൃത്തം) അവതരിപ്പിച്ചിരിക്കുന്നു. ശ്രീ ശങ്കരന് ശേഷം മിക്ക ആചാര്യന്മാരും അദ്വൈതവേദാന്തം തന്നെയാണ് പ്രകാശിപ്പിച്ചിരിക്കുന്നത്. പക്ഷെ തത്വങ്ങളുടെ എല്ലാ വശങ്ങളും മിക്ക ഗ്രന്ഥങ്ങളും പരിഗണിക്കുന്നില്ല. ഭഗവത്ഗീതയ്ക്കു ശേഷം അതുപോലെ പൂര്‍ണമായ മറ്റൊരു ഉപനിഷത് സംഗ്രഹ ഗ്രന്ഥം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ദര്‍ശനമാല ആണ്. (ശ്രീ ശങ്കരന്റെ സര്‍വവേദാന്തസിദ്ധാന്ത സാര സംഗ്രഹം, അപരോക്ഷാനുഭൂതി, സ്വാത്മ നിരൂപണം തുടങ്ങിയവയില്‍ പോലും ജ്ഞാന ദര്‍ശനം മാത്രമാണ് വിഷയം). ശിഷ്യന്‍ ആയ നടരാജ ഗുരു ദര്‍ശനമാലയ്ക്കു എഴുതിയ വ്യാഖ്യാനം ആണ് 'An Integrated Science of the Absolute'.
ഗുരുവിന്റെ മറ്റൊരു ആത്മീയ ഗ്രന്ഥം ആണ് ബ്രഹ്മവിദ്യാ പഞ്ചകം. ആമുഖത്തിനു ശേഷം നേരിട്ടു സത്യ ദര്‍ശനത്തിലേക്ക് കടന്നു തുടങ്ങുന്നു -
"ത്വം ഹി ബ്രഹ്മ ന ചെന്ദ്രിയാണി
ന മനോ ബുദ്ധിര്‍ ന ചിത്തം വപു..." - നീ ബ്രഹ്മം തന്നെയാണ് , ഇന്ദ്രിയങ്ങളോ, മനസ്സോ ബുദ്ധിയോ ചിത്തമോ ശരീരമോ അല്ല. ഇതിനോട് താദാത്മ്യം പ്രാപിക്കുന്ന ശ്രീ ശങ്കരന്റെ 'ദക്ഷിണാമൂര്‍ത്തി സ്ത്രോത്രത്തിലെ ഒരു ശ്ലോകത്തോടെ തത്കാലം നിര്‍ത്തുന്നു'.
മനോ ബുദ്ധ്യഹങ്കാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂവിര്‍ ന തേജോ ന വായു
ചിതാനന്ദ രൂപാ ശിവോഹം ശിവോഹം
(ശിവം എന്ന വാക്കിനു ബ്രഹ്മം എന്നാണ് അര്‍ത്ഥം)
0 comments:
Post a Comment