Tuesday, 13 November 2012

ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയഭാവം


by : സ്വാമി സച്ചിദാനന്ദ     [ Posted on: Tuesday, 13 November 2012 ]

ശ്രീനാരായണ ഗുരുദേവൻ ദൈവമോ? ചോദ്യം കേരളത്തിലെ പൊതുജീവിതത്തിൽനിന്ന് സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു.
ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് അദ്ദേഹം അനുവർത്തിച്ച ജീവിതംകൊണ്ടും തത്ത്വദർശനം കൊണ്ടുമാണ്. കേവലം 'അക്കാഡമിക്ക് എഡ്യൂക്കേഷ'നിലൂടെ ഗുരുക്കന്മാരെ വിലയിരുത്താനാവില്ല. ഭൗതികവാദമെന്ന മാനിയ പിടിപെട്ടവർക്ക് ശ്രീനാരായണസ്വരൂപം കണ്ടെത്താൻ ഏറെ വിഷമിക്കേണ്ടി വരും. ആദ്യമായി നാമറിയേണ്ടത് 'ശ്രീനാരായണഗുരു' എങ്ങനെ ഉണ്ടായി എന്നാണ്? ചെമ്പഴന്തിയിൽ വന്നു പിറന്നത് നാരായണനാണ്. തപസാണ് ഗുരുക്കന്മാരെ സൃഷ്ടിക്കുന്നത് എന്നു നാമറിയണം. തപസിലൂടെ സിദ്ധാർത്ഥൻ-ശ്രീബുദ്ധനായി, യേശു-ക്രിസ്തുവായി, മുഹമ്മദ്-നബിയായി, ശങ്കരൻ- ശ്രീശങ്കരാചാര്യരായി, ഗംഗാധരൻ- ശ്രീരാമകൃഷ്ണനായി. ഗുരുദേവന്റെ പാരമ്പര്യം നമുക്കിവിടെ കണ്ടെത്താം. ചെമ്പഴന്തിയിലെ നാരായണൻ മരുത്വാമലയിലും മറ്റും ചെയ്ത തപസിലൂടെ നാരായണഗുരുവായി- ശ്രീനാരായണപരമഹംസനായി- അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി, പരബ്രഹ്മസ്വരൂപിയായി- പരമദൈവമായി.

ഭാരതീയ സംസ്‌കാരത്തെ പശ്ചാത്തലമാക്കിയാണ് ശ്രീനാരായണഗുരു വിശ്വദർശനം ചമച്ചത് എന്നു നാമോർക്കണം. ഗുരു വേദത്തെ-ശ്രുതിയെ അംഗീകരിച്ച വേദാന്തിയായിരുന്നു, അദ്വൈതിയായിരുന്നു. ''ഉപനിഷദുക്തിരഹസ്യമോർത്തിടേണം'' എന്ന് ഗുരു ഉപദേശിച്ചു. ഒരു ഉപനിഷദ് സൂക്തം ഉദ്ധരിക്കാം: ''ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി''-ബ്രഹ്മത്തെ ഈശ്വരനെ അറിഞ്ഞയാൾ- ബ്രഹ്മം തന്നെ- ഈശ്വരൻ തന്നെയാകുന്നു. ബ്രഹ്മജ്ഞാനിയും ബ്രഹ്മവും ഇവിടെ അഭേദമാണ്.

ഒരു ജീവൻ ബ്രഹ്മഭാവത്തിലമരുന്നത് സമുദ്രത്തിന്റെ ആഴമളക്കാൻ പോയ ഉപ്പുപാവയുടെ അവസ്ഥ പോലെയെന്ന് വേദാന്തശാസ്‌ത്രത്തിൽ പറയുന്നു. സർവസംഗപരിത്യാഗിയായി ഇറങ്ങിത്തിരിച്ച നാരായണൻ ദൈവസത്തയിൽ വിലയം പ്രാപിച്ച് ബ്രഹ്മ-ദൈവസ്വരൂപം മാത്രമായി. ഇതിന്റെ ഉണർത്തുപാട്ടുകളാണ് ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, സ്വാനുഭവഗീതി തുടങ്ങിയ ഗുരുദേവകൃതികൾ. ' മരുത്വാമലയിലെ തപശ്ചര്യാകാലയളവിൽ അവിടത്തേക്ക് അനുഭൂതമായ ദേവീദേവസാക്ഷാത്കാരാനുഭവങ്ങളുടെ സ്വരൂപം ഗുരുദേവകൃതിയിലൂടെ അറിയാൻ സാധിക്കും. ദൈവത്തിൽ വിലയം പ്രാപിച്ച് ദൈവം മാത്രമാകണമെന്നാണ് ഗുരുസങ്കല്പം. മരുത്വാമലയിലും മറ്റും ചെയ്ത ത്യാഗപൂർവവും അതിതീവ്രവുമായ തപസിലൂടെ ആ പരമവിരാഗി ദൈവസത്യത്തെ- പരബ്രഹ്മസത്തയെ പ്രാപിച്ച് അതുമാത്രമായിത്തീർന്നു. ഈ ബോധോദയത്തിൽ ഈശ്വരസാക്ഷാത്ക്കാരാനുഭൂതിയിലാണ് നാരായണൻ 'നാരായണഗുരു'വായി മാറിയത്. ''കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല''എന്ന ഈ അദ്വൈതസാന്ദ്രാനുഭൂതിയിലാണ് ശ്രീനാരായണഗുരു വിഹരിച്ചത്.

ഗുരുദേവകൃതികളിലുടനീളം ദൈവത്തെ അറിവ് എന്ന വാക്കുകൊണ്ടാണ് വിവരിക്കുന്നത്. അറിവ് എന്ന കൃതിതന്നെ ഗുരു രചിച്ചിട്ടുണ്ട്. '. ഗുരുദേവൻ നാല്‌പതുവർഷക്കാലം നിർവഹിച്ച സാമൂഹ്യ നവോത്ഥാനം-ലോകസംഗ്രഹം- ഈ ദൈവഭാവത്തിൽ അമർന്നുകൊണ്ടായിരുന്നു. അങ്ങനെ അമർന്ന ഈശ്വര സ്വരൂപനായ ഗുരുവിനെയാണ് മഹാകവി ടാഗോറും ഗാന്ധിജിയും ശിവഗിരിയിൽ വന്ന് കണ്ടത്. ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ പുണ്യാത്മാവ് ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ലെന്ന് ദീനബന്ധു സി.എഫ്. ആൻഡ്രൂസിനെക്കൊണ്ട് പറയിച്ചതും ഗുരുദേവന്റെ ഈ ഈശ്വരീയഭാവംതന്നെ.

ഒരു ഗുരു പോക്കുവരവറ്റ പൊരുളാണ്. ഗുരുവിന്റെ മഹാസമാധിക്കുശേഷവും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. കാരണം, ഗുരു ജനനമരണങ്ങൾക്കപ്പുറത്താണ്. ആത്മോപദേശശതകത്തിൽ ''മരണവുമില്ല പുറപ്പുമില്ല വാഴ്‌വും/നരസുരരാദിയുമില്ല നാമരൂപം/മരുവിലമർന്ന മരീചിനീരുപോൽ നില്‌പൊരു/പൊരുളാം പൊരുളല്ലിതോർത്തിടേണം'' എന്ന പാരമാർത്ഥിക സത്യസ്വരൂപവും ഗുരുദേവൻ അനാവരണം ചെയ്തിട്ടുണ്ട്. ''ശ്രീനാരായണഗുരു മുൻപുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, എപ്പോഴുമുണ്ടായിരിക്കും'' എന്ന് ശ്രീശ്രീ രവിശങ്കർ ഒരിക്കൽ പറഞ്ഞത് ഇവിടെ സ്‌മർത്തവ്യമാണ്.

ശ്രീനാരായണഗുരുദേവന്റെ ഈശ്വരീയഭാവം അന്യഥാകരിക്കാൻ ഒരാൾക്കും സാധിക്കുകയില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ എനിക്ക് നാവില്ലേ എന്ന് പറയുന്നതിനു തുല്യമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
ഗുരുദേവൻ ഒരു സാമൂഹ്യപരിഷ്‌കർത്താവാണ് എന്ന് കരുതുന്നവർ ഏറെയുണ്ട്. അത് മഹാത്മാഗാന്ധി ഒരു വക്കീലാണ് എന്ന് പറയുന്നതുപോലെയാണ്. ഗുരുസ്വരൂപത്തെ പൂർണമായും അവർക്ക് കണ്ടെത്താനായില്ല എന്നുമാത്രം. മറ്റു ചിലരുടെ അഭിപ്രായം ഗുരുവിനെ ദൈവമാക്കിയാൽ ഗുരു പ്രസരിപ്പിച്ച സ്വതന്ത്രചിന്തയ്ക്കും സാമൂഹികപരിഷ്‌കരണ ജാതിമത ഭേദചിന്തകൾക്കുമതീതമായ പ്രവർത്തനങ്ങൾക്കും മൂല്യങ്ങൾക്കും കുറവ് സംഭവിക്കും എന്നാണ്. വാസ്തവത്തിൽ ഗുരുദേവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗുരുദർശനത്തിന്റെ കാലികപ്രസക്തിയിലൂന്നി നിന്ന് പ്രവർത്തിക്കുന്നവ‌‌ർ.

0 comments:

Post a Comment