ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ദൂകൃജ്ഞകരണേ
(അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച് പഠിച്ച് നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട് ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത് ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക് തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത് നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.)
മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം
(അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ഈശ്വരനെ ഭജിക്കുക.)
നാരീ സ്‌തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.
(സ്‌ത്രീകളുടെ സ്‌തനം, ഗുഹ്യപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ അമിതമായ മോഹമോ ആവേശമോ സൂക്ഷിക്കാതിരിക്കുക. എന്തെന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ അവയും മാംസത്താല്‍ നിര്‍മ്മിച്ചിരിക്കുന്നവ മാത്രമാണ്. എല്ലാ സമയവും ഇതിനെക്കുറിച്ചോര്‍ത്ത് സമയം കളയാതെ, ഉള്ള സമയത്ത് മോക്ഷത്തിനായി ഈശ്വരനെ ഭജിക്കുക.)
നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം
(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ് മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത് ഈശ്വരനെ ഭജിച്ച് മോക്ഷം നേടുക.)
യാവദ് വിത്തോപാര്‍ജ്ജനസക്ത-
സ്‌താവന്നിജപരിവാരോ രക്ത:
പശ്‌ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്‌ച്ഛതി ഗേഹേ
(എന്നു വരെ നീ ധനം സമ്പാദിക്കാന്‍ ആരോഗ്യമുള്ളവനായിരുക്കുന്നുവോ അത്രയും കാലം മാത്രമേ നിന്നോട് എല്ലാവര്‍ക്കും സ്‌നേഹവും ഔല്‍സുക്യവുമുണ്ടായിരുക്കുകയുള്ളൂ. നീ സമ്പാദിക്കാന്‍ കഴിവില്ലാതാകുന്നതോടെ, നിന്റെ സ്വന്തം ബന്ധുക്കളാലും, മിത്രങ്ങളാലും പരിവാരങ്ങളാലുമൊക്കെ നീ പരിത്യജിക്കപ്പെടുന്നു.)
യാവത് പവനോ നിവസതി ദേഹേ
താവത് പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാം ബിഭൃതി തസ്‌മിന്‍ കായേ
(ശരീരത്തില്‍ ആത്‌മാവ് നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാവരും നിന്നോട് സ്‌നേഹവും സൌഖ്യവുമുള്ളവരായിരിക്കുന്നു. വായുരൂപത്തിലുള്ള ആത്‌മാവ് നിന്റെ ശരീരത്തില്‍ നിന്നും അകന്നു പോകുന്നതോടെ നീ കേവലം ജഡമാകുന്നു. ഇന്നലെവരെ പുണര്‍ന്നുറങ്ങിയിരുന്ന നിന്റെ ഭാര്യ പോലും പിന്നെ നിന്റെ ശരീരത്തെ ഭയക്കുന്നു.)
അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തത: സുഖ ലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാ രീതി
(ധനമാണ് ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക് ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്. ലോകത്തെവിടേയും ഇതു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.)
ബാലസ്‌താവത് ക്രീഡാസക്താ
തരുണസ്‌താവത് തരുണീസക്താ
വൃദ്ധസ്‌താവത് ചിന്താസക്താ
പരമേ ബ്രഹ്മണി കോപി ന സക്ത:
(ബാല്യകാലത്ത് ഒരുവന്‍ കളികളില്‍ ആസക്തിയുള്ളവനായിരിക്കുന്നു. യൌവ്വനകാലത്ത് സ്‌ത്രീകളിലും ഭോഗക്രിയകളിലും ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യകാലത്ത് തന്റെ മക്കളുടേയും ഭാര്യയുടേയും ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുമോര്‍ത്തുള്ള വ്യാധിയില്‍ മുഴുകിയിരിക്കുന്നു. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നീ ദു:ഖ ഹേതുവായി മുഴുകിവെച്ചിരിക്കുന്നതിനാല്‍ ഒരിക്കല്‍ പോലും തന്റെ ചിന്തകളെ ഈശ്വരഭജനത്തിനായി അവന്‍ മാറ്റിവെക്കുന്നില്ല.)
കാ തേ കാന്ത: കസ്‌തേ പുത്ര:
സംസാരോ: യ: മതീവ വിചിത്രം
കസ്യ: ത്വം ക: കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാത:
(യാഥാര്‍ഥ്യത്തെ ചിന്തിച്ചാല്‍ നിന്റെ ഭാര്യ, നിന്റെ പുത്രന്‍, പുത്രി, ഇവരൊക്കെ നിനക്ക് ആരാണ്? ഇതു കേവലം വിചിത്രമായ ചില സംസാരബന്ധനങ്ങള്‍ മാത്രമാണ്. നീ എവിടെ നിന്നാണ് വന്നത്? നീ ആരുടേതാണ്? ഇതൊന്നും സ്വയം ചിന്തിക്കാതെ, അല്ലയോ സോദരാ, ഇത്തരം സംസാരവൈചിത്ര്യങ്ങളില്‍ മനമുടക്കി സമയം പാഴാക്കാതെ ഈശ്വരനെ ഭജിക്കുക.)
സത്‌സംഗത്വേ നിസ്സംഗത്വം
നി:സംഗത്വേ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്‌ചലതത്ത്വം
നിശ്‌ചലതത്ത്വേ ജീവന്‍ മുക്തി:
(സദ്‌ജനങ്ങളുമായുള്ള സംസര്‍ഗ്ഗത്താല്‍ മാത്രമേ ഇത്തരം മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച് നിസ്സംഗതയിലേക്കെത്താന്‍ പറ്റുകയുള്ളൂ. ഈ നിസ്സംഗാവസ്ഥയിലെത്തിയാല്‍ ജടിലമായ മോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. ഈ മോഹങ്ങളെ അതിജീവിക്കുന്നതോടെ, ശാശ്വതമായ തത്വത്തെ അറിയാന്‍ കഴിയും, അതു വഴി മാത്രമേ ഒരുവനു ജീവിത മുക്തി ലഭിക്കുകയുള്ളൂ.)
വയസി ഗതേ ക: കാമവികാര:
ശുഷ്‌കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാരോ
ജ്ഞാതേ തത്ത്വേ ക: സംസാര:
(യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല.)
മാ കുരു ധനജന യൌവ്വനപര്‍വ്വം
ഹരതി നിമേഷാത് കല: സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ
(ഇഹലോകത്തെ സുഖസൌകര്യങ്ങളും സന്തോഷങ്ങളും യുവത്വവും ഒക്കെ
ഇന്ദ്രജാലങ്ങള്‍ പോലെ കേവലം നൈമിഷികമായി പ്രത്യക്ഷപ്പെടുന്നവയാണ്. ഇതെല്ലാം ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം മായകളില്‍ വഞ്ചിതരാകാതെ, ഈശ്വരനെ ഭജിച്ച് മോക്ഷപദം സ്വീകരിക്കുക.)
ദിനയാമിന്യൌ സായം പ്രാത:
ശിശിരവസന്തൌ പുനരായാത:
കല: ക്രീഡതി ഗച്ഛത്യായു:
തദപി ന മുഞ്ചത്യാശാവായു:
(പകലും രാത്രിയും, പ്രഭാതവും പ്രദോഷവും , ശിശിരവും, വസന്തവും മാറി മാറി വന്നും പോയുമിരിക്കും. കാലം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കുന്നതിനൊപ്പം അവന്റെ ആയുസ്സും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളുടെ പിടി വിടാതെ, മോഹങ്ങളില്‍ നിന്നും അവനെ വിടുവിക്കാതെ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായിരിക്കുന്നു. ഇതിനിടയില്‍ മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നതേ ഇല്ല.)
കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ
ഭവതി ഭവാര്‍ണ്ണവതരണേ നൌകാ.
(ഹേ മൂഢാത്മാവേ, നീ പോലും നിന്റെ നിയന്ത്രണത്തിലല്ലാത്തയിടത്ത് പരമമായ സത്യത്തെ അന്വേഷിക്കാതെ നീ എന്തിനാണ് നിന്റെ ഭാര്യയെക്കുറിച്ചും, സ്വത്തിനേക്കുറിച്ചും ഇത്രയേറെ വ്യാകുലപ്പെട്ടു ജീവിക്കുന്നത്? ഈ മൂന്നുലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗവും ഈശ്വരഭക്തിയും ഒഴിച്ച് മറ്റൊന്നും ജീവിതമാകുന്ന കടല്‍കടക്കാന്‍ നിന്നെ സഹായിക്കുകയില്ല.)
ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം
(ശിരസ്സില്‍ ജട പിടിപ്പിച്ചും തല മുണ്ഡനം ചെയ്തും കാഷായവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്. സന്യാസമെന്നത് പുറമെ കാണിക്കുന്ന മോടികളിലല്ല, അത് ശാശ്വതമായ സത്യത്തെ കണ്ടെത്തലിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.)
അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം.
(പ്രായാധിക്യത്താല്‍ ശരീരം വളഞ്ഞുപോകുന്നു, തലമുടി നരയ്‌ക്കുന്നു, വായിലെ പല്ലുകള്‍ എല്ലാം കൊഴിഞ്ഞു പോകുന്നു. വടിയുടേയോ പരസഹായമില്ലാതെയോ നിവര്‍ന്നു നില്‍ക്കാനാകുന്നില്ല..എന്നിട്ടും മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളില്‍ നിന്നും ഒട്ടും പിന്നോട്ടു പോകുന്നില്ല. )
അഗ്രേ വഹ്‌നി, പൃഷ്‌ഠേ ഭാനു:
രാത്രൌ ചിബുക സമര്‍പ്പിത ജാനു:
കരതലഭിക്ഷ, സ്തരുതല വാസ:
തദപി ന മുഞ്ചത്യാശാപാശ:
(കയറിക്കിടക്കാനിടമില്ലാത്തവെങ്കിലും, മരത്തിന്റെ കീഴെ വസിക്കുന്നവനാണെങ്കിലും, ഭിക്ഷ എടുത്ത് ജീവിക്കുന്നവനാണെങ്കിലും, രാത്രിയില്‍ പുതക്കാനില്ലാതെ താടി മുട്ടോടു ചേര്‍ത്തുറങ്ങേണ്ട ഗതികേടുള്ളവനാണെങ്കിലും, അവന്‍ ആശയില്‍നിന്നോ, ആഗ്രഹങ്ങളില്‍ നിന്നോ പിന്നോട്ടു പോകാതെ ജീവിക്കുന്നു.)
കുരുതേ ഗംഗാസാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീന: സര്‍വ്വമതേന
മുക്തിര്‍ ഭവതി ന ജന്മശതേന
(ഒരുവന്‍ ഗംഗാനദിയില്‍ കുളിച്ചതുകൊണ്ടോ, അനേകം വ്രതങ്ങളെടുത്തതുകൊണ്ടോ, ഒരുപാട് ദാനകര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ, മോക്ഷപ്രാപ്തിക്കര്‍ഹനാകുന്നില്ല. മഹത്തായ ഈശ്വരജ്ഞാനമില്ലാത്തവന് നൂറു ജന്മങ്ങളെടുത്താലും മോക്ഷം ലഭിക്കുന്നില്ല. ഇഹബന്ധങ്ങളെ ത്യജിച്ചുള്ള ഈശ്വരധ്യാനമാണ് മോക്ഷപ്രാപ്തി.)
സുരമന്ദിരതരുമൂലനിവാസ:
ശയ്യാഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:
(സര്‍വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. ക്ഷേത്രകവാടങ്ങളിലോ, വൃക്ഷച്ചുവട്ടിലോ മാന്‍തോല്‍ മാത്രം പുതച്ചു കിടന്നുറങ്ങുന്നവനും, ജീവിതത്തോടു പോലും ആഗ്രഹമില്ലാത്തവനുമായ ഒരാളെ എന്തുകൊണ്ടാണ് ശല്യപ്പെടുത്താന്‍ കഴിയുക.?)
യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ
(യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഭോഗാസക്തിയില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഒരു സാമൂഹ്യജീവിയായി എല്ലവരോടുമൊപ്പം കഴിയുന്നതുകൊണ്ടോ, അഥവാ ഏകാകിയായി ഇരിക്കുന്നതുകൊണ്ടോ, ഒരുവന്‍ സന്തോഷവാനായിരിക്കണമെന്നില്ല. സുഖം എന്നതു ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒന്നാണ്. ഉള്ളിന്റെ ഉള്ളില്‍നിന്നും ഈശ്വരജ്ഞാനത്തിന്റെ തിരിച്ചറിവുകൊണ്ടുണ്ടാകുന്ന സന്തോഷമാണ് നിത്യമായിട്ടുള്ളത്.)
ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജല ലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമോപി ന ചര്‍ച്ചാ.
(ഭഗവദ്‌ഗീതയെക്കുറിച്ചുള്ള അല്പമാത്രമെങ്കിലും അറിവോ, ഒരു തുള്ളിയെങ്കിലും ഗംഗാജലം കുടിക്കാനുള്ള ഭാഗ്യമോ, അല്‍പ്പമെങ്കിലും കൃഷ്ണനെ ഭജിക്കാനുള്ള അവസരമോ കിട്ടിയാല്‍ മരണസമയത്ത് നിങ്ങളെ മോക്ഷത്തിനു അതു സഹായിക്കുന്നതാണ്.)
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ
(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)
രഥ്യാകര്‍പ്പം വിരചിത കന്‌ഥ:
പുണ്യാപുണ്യവിവര്‍ജ്ജിത പന്‌ഥാ:
യോഗീ യോഗനിയോജിത ചിത്തോ
രമതേ ബാലോന്മത്തവദേവ:
(കീറിപ്പഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ എല്ലാം ഉപേക്ഷിച്ചും സര്‍വസംഗപരിത്യാഗിയായി ധ്യാനനിരതനായി വര്‍ത്തിക്കുന്ന യോഗി ബാഹ്യമായ എല്ലാ സൌഖ്യങ്ങള്‍ക്കും അപ്പുറത്തുള്ള ശാശ്വതമായ ആ സത്യത്തിന്റെ വെളിപാടുള്ളവനാകുന്നു. അവനെ ചിലപ്പോള്‍ ഒരു ബാലകന്റെ ചാപല്യത്തോടെയോ, ഒരു ഭ്രാന്തനെപ്പോലെയോ കാണാന്‍ കഴിഞ്ഞേക്കാം.)
കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം
(നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്? അച്ഛന്‍ ആരാണ്? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ് ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും
ത്വയി മയി ചാന്യത്രൈകോവിഷ്ണുര്‍
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു
ഭവ സമ ചിത്ത: സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യത്തി വിഷ്ണുത്വം
(എന്നിലും നിന്നിലും എല്ലായിടവും ഒരേ ഒരാളായ വിഷ്ണു (ഈശ്വരന്‍) മാത്രമേ ഉള്ളൂ. പലരേയും പലരൂപത്തില്‍ കാണുന്നത് നിന്റെ തെറ്റാണ്. നിന്നിലുള്ള അതേ ദൈവാംശമാണ് മറ്റുള്ളവരിലുമുള്ളത് എന്നു നീ അറിയണം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാണ് എന്ന നിന്റെ അഹങ്കാരമാണ് നിന്നെ ഈശ്വരനെ അറിയുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്. ഒരേ ദൈവത്തിന്റെ അംശമെന്ന രീതിയില്‍ സമസ്തലോകത്തേയും അറിഞ്ഞു ജീവിക്കുക.)
കാമം ക്രോധം ലോഭം മോഹം
ത്വക്ത്വാത്‌മാനം ഭാവയ കോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
സ്‌തേ പച്യന്തേ നരകനിഗൂഢാ
(ഭോഗാസക്തി, കോപം അത്യാഗ്രഹം, മോഹം എന്നിവയാണ് നിന്നെ ബന്ധിച്ചിരിക്കുന്നത്. അതില്‍ നിന്നും നിന്നെ വിടുവിച്ച് നീ ആരെന്ന് ആലോചിക്കുക. നിന്നിലെ നിന്നെ നിന്നില്‍ തന്നെ അന്വേഷിക്കുക. നിന്നിലെ നിന്നെ അറിയുമ്പോള്‍ നീ ഈശ്വരനെ അറിയുന്നു. സ്വയം അറിയാത്തിടത്തോളം ഇപ്പോഴെന്നപോലെ നീ മരണശേഷവും നരകയാതനകളിലേക്കു പതിക്കും.)
ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം
(ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.)
ശത്രൌ മിത്രേ പുത്രേ ബന്ധൌ
മാ കുരു യത്നം വിഗ്രഹ സന്ധൌ
സര്‍വസ്‌മിന്നപി പശ്യാത്‌മാനാം
സര്‍വത്രോത്‌സൃജ ഭേദാജ്ഞാനം
(ആരേയും ശത്രുവെന്ന രീതിയിലോ, മിത്രമെന്ന രീതിയിലോ, സഹോദരനെന്ന രീതിയിലോ, ബന്ധുവെന്ന രീതിയിലോ കാണാതിരിക്കുക. നിന്റെ മനസ്സിന്റെ ഊര്‍ജ്ജത്തെ ഇത്തരം ബന്ധുത്വം, ശത്രുത എന്നീ വികാരങ്ങളിലൂടെ പാഴാക്കിക്കളയാതിരിക്കുക. എല്ലാവരോടും ഒരേ തരം മാനസികനിലയില്‍ വര്‍ത്തിക്കുക, എല്ലാവരേയും ഒന്നേപ്പോലെ കാണുക. നിന്നിലുള്ള ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്നു മനസ്സിലാക്കണം.)
സുഖത: ക്രിയതേ രാമാഭോഗ:
പശ്‌ചാത് ഹന്ത! ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം
തദപി മുഞ്ചതി പാപാചരണം.
(എത്രമാത്രം ഭോഗാസക്തിയില്‍ ഒരുവന്‍ മുഴുകുന്നുവോ, അത്രമാത്രം അവന്‍ രോഗാതുരനുമാകുന്നു. മരണം ഒഴിവാക്കാനാകാത്തതാണെന്നും അന്ത്യമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ മനുഷ്യന്‍ ഇത്തരം പാപങ്ങളില്‍ മുങ്ങിത്തന്നെ ജീവിക്കുന്നു.)
പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം
(ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണായാമം ചെയ്യുക, ഇഹത്തിലെ ശാശ്വതും നശ്വരവുമായവയെ തിരിച്ചറിയുക, ജപങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും ശരീരത്തില്‍ നിന്നും ആത്‌മാവിനെ മൌനമായി ഈശ്വരപാദങ്ങളിലെത്തിക്കുക. ലൌകികതയില്‍ നിന്നും ആത്മാവിനെ വിടുവിച്ച് ധ്യാനത്തിലൂടെ ഈശ്വരപാദങ്ങളിലെത്തുക.)
ഗുരുചരണാംബുജ നിര്‍ഭരഭക്ത:
സംസാരാദചിരാദ് ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം
(ഇന്ദ്രിയങ്ങളുടെ മേല്‍ വിജയിച്ച ഒരു മനസ്സുമായി ഗുരുവിന്റെ പാദപങ്കജങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കുക. ഇഹത്തിലെ എല്ലാ വിധ മോഹങ്ങളേയും പരിത്യജിച്ച്, മനസ്സിനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുവിച്ച് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ധ്യാനത്തിലൂടെ തിരിച്ചറിഞ്ഞു കണ്ടെത്തി നിങ്ങളെ സമര്‍പ്പിക്കുക.)
0 comments:
Post a Comment