ഓര്‍മ്മവെച്ച കാലം മുതല്‍ക്ക് മനസ്സില്‍ ഇടം നേടിയ ദേവാലയമാണു വൈക്കം മഹാദേവക്ഷേത്രം. ആ മതില്‍ക്കെട്ടിനുള്ളിലെ ഓരോ മണല്‍ത്തരിയോടും ഒരടുപ്പമുണ്ട്. കരിങ്കല്‍ ശിലകളോടും ആല്‍മരത്തോടും കുളത്തിലെ പായല്‍പിടിച്ച കല്‍പ്പടവുകളോടും നാലമ്പലത്തിനുള്ളിലെ എള്ളെണ്ണ എരിയുന്ന ഗന്ധത്തോടുമെല്ലാം അവാച്യമായ ആത്മബന്ധമുണ്ട്. ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിന്‍റെ നിറുകയില്‍ നിന്ന് അനുഭവിച്ച അതേ ആനന്ദമാണു വൈക്കം ക്ഷേത്രത്തിനുള്ളില്‍ കടക്കുമ്പോള്‍ ഓരോ അവര്‍ണ്ണന്‍റേയും പുതുതലമുറ അനുഭവിച്ചറിയേണ്ടത്. തടഞ്ഞുവെയ്ക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ വിയര്‍പ്പൊഴുക്കി പിടിച്ചടക്കിയതിന്‍റെ സഫലതയില്‍ നിറയുന്ന ആനന്ദാനുഭൂതി.
ഒരു അഷ്ടമിക്കാലത്താണു ആ തിരിച്ചറിവ് ആദ്യമായി ലഭിച്ചത്. പടിഞ്ഞാറേനടയില്‍ ഫോട്ടോകള്‍ വില്ക്കുന്ന വഴിവാണിഭക്കാരന്‍റെ കൈവശമിരുന്ന മഞ്ഞപുതച്ച ഒരു സ്വാമിയുടെ ചിത്രം ചൂണ്ടിക്കാട്ടിയിട്ട് ഈ ഗുരുസ്വാമിയാണു നമുക്ക് ക്ഷേത്രപ്രവേശനം നേടാനും ഇതുപോലെ അഷ്ടമി ആഘോഷിക്കാനും മാര്‍ഗ്ഗമൊരുക്കിയതെന്ന് അച്ഛനാണു ആദ്യമായി പറഞ്ഞുതന്നത്. അത് ശ്രീനാരായണഗുരുദേവന്‍റെ ചിത്രമായിരുന്നു. ഈഴവര്‍ അടക്കമുള്ള താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കല്പിച്ചുവച്ചിരുന്ന ഇടം അന്നാദ്യമായി കണ്ടു. അത് ഒരു തോടിന്‍റെ കരയായിരുന്നു. ഇതിനപ്പുറം താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല എന്നെഴുതി അവിടെ തീണ്ടല്‍ പലക വച്ചിരുന്നത്രേ. പിന്നീടൊരിക്കല്‍ ചന്ദ്രപ്രഭയില്‍ കുളിച്ചു നില്ക്കുന്ന ക്ഷേത്രത്തെ തീണ്ടല്‍ പലക സ്ഥാപിച്ചിരുന്നിടത്തു നിന്നുകൊണ്ട് ഒന്നുനോക്കി. തോടിനപ്പുറത്തേക്ക് നോക്കി ഒരായുഷ്ക്കാലം മുഴുവന്‍ വിസ്മയം പൂണ്ട് നില്ക്കേണ്ടിവന്ന ഒരുപാട് അവര്‍ണ്ണഹൃദയങ്ങള്‍ ആ സമയം നെഞ്ചിനുള്ളില്‍ ഒരുമിച്ചിരുന്ന് കിടിക്കുണ്ടായിരുന്നു. ക്ഷേത്രമുറ്റമെങ്കിലും കാണനും അറിയാനും കഴിയാതെ ജന്മം അവസാനിപ്പിക്കേണ്ടിവന്ന ആ പൂര്‍വ്വപിതാക്കന്മാര്‍ക്കുവേണ്ടി ഇളം തലമുറക്കാരന്‍റെ അഭിമാനബോധത്തോടെ മുന്നോട്ട് നടന്നു. പടിഞ്ഞാറേനടയിലൂടെ ക്ഷേത്രമുറ്റത്ത് കാല്‍വച്ചു. അതുകണ്ട് ആലിലകള്‍ സഹര്‍ഷം കാറ്റിലുലഞ്ഞു. മണല്‍ത്തരികളില്‍ പതിഞ്ഞ കാലുകള്‍ പുളകം കൊണ്ടു.
1924 മാര്‍ച്ച് 30നു തുടങ്ങി ഇരുപതുമാസ്സക്കാലം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ വൈക്കം നഗരത്തില്‍ കണ്ടുപഴകിയ ചരിത്രശേഷിപ്പുകളിലേക്ക് വീണ്ടും കടന്നു ചെന്നു. സത്യാഗ്രഹസ്മാരകമായി സ്ഥിതിചെയ്യുന്ന ആശ്രമം സ്കൂളും ബ്രാഹ്മണമേധാവിത്വത്തിന്‍റെ അധീശശക്തി താമസ്സിച്ചിരുന്ന ഇണ്ടം തുരുത്തിമനയും ഒക്കെ ഒരിക്കല്ക്കൂടി കണ്ടു. ഗാന്ധിജിയോട് ജാതിയെക്കുറിച്ച് തര്‍ക്കിച്ചു ജയിച്ച ഇണ്ടം തുരുത്തില്‍ നമ്പൂതിരിയുടെ മന ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്സായിരുന്നു അപ്പോള്‍. ക്ഷേത്രപരിസരത്തുകൂടി വഴി നടക്കാനുള്ള അവകാശം ചോദിച്ചായിരുന്നു വൈക്കം സത്യാഗ്രഹം. ഗുരുദേവന്‍റെ ആശീര്‍വാദത്തോടെ നടന്ന ആ സമരം പിന്നീട് ക്ഷേത്രപ്രവേശനത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു.
ഇങ്ങനെ ജാതി അയിത്തത്തിന്‍റെ ക്രൂരതകള്‍ പഴയതലമുറയില്‍ നിന്ന് പറഞ്ഞുകേട്ടും ചരിത്രപുസ്തകങ്ങള്‍ പഠിച്ചും മാത്രം അറിയുന്ന തലമുറയാണു ഇന്നത്തേത്. ഏട്ടിലെ പശുവിനെക്കണ്ടു പരിചയമുള്ള ഇന്നത്തെ തലമുറയ്ക്ക് മുന്നിലേക്കാണു ഡോ.കൌസല്ല്യ എന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സം സ്കൃതം പ്രൊഫസര്‍ അടുത്തകാലത്ത് തന്‍റെ പൊള്ളുന്ന അനുഭവങ്ങളുമായി കടന്നുവന്നത്. ബോളിവുഡ് നടനും സം വിധായകനുമായ ആമീര്‍ഖാന്‍ അവതരിപ്പിക്കുന്ന 'സത്യമേവജയതേ' എന്ന ടി.വി. പ്രോഗ്രാമിലായിരുന്നു ഡോ.കൌസല്ല്യ തന്‍റെ അനുഭവങ്ങള്‍ വിവരിച്ചത്. കരളുനോവുന്ന ക്രൂരതയുടെ നേര്‍ചിത്രങ്ങള്‍. തോട്ടിസമുദായക്കാരന്‍റെ തലമുറകള്‍ എന്നും തന്‍റെ വീട്ടില്‍ നിന്ന് മാലിന്യം കോരി ജീവിച്ചുകൊള്ളണം എന്നാഗ്രഹിക്കുകയും പുതിയതലമുറയിലേക്ക് ആ ദുരാഗ്രഹം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ജാതിക്കോമരങ്ങള്‍ ഇപ്പോഴും വടക്കേ ഇന്ത്യയില്‍ ജീവിക്കുന്നു എന്നതിന്‍റെ അനുഭവസാക്ഷ്യങ്ങള്‍. സ്കൂളില്‍ അയിത്തജാതിക്കാരെ തിരിച്ചറിയാന്‍ കരിനീല നിറമുള്ള യൂണിഫോം കൊടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം , പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം നിഷേധിക്കുന്ന സാമൂഹ്യവ്യവസ്ഥ, സഹപാഠിയുടെ വീട്ടില്‍ അഴുക്കുകോരാന്‍ ചെല്ലേണ്ടിവന്ന ബാലികയുടെ ഹൃദയവ്യഥകള്‍, അതിന്‍റെ പേരില്‍ പിറ്റേന്ന് സഹപാഠി മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മാനം കെടുത്തിയത്, അങ്ങനെ ഒത്തിരി ജീവിതാനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. വിപ്ലവസം ഘടനകള്‍ക്ക് അധീശത്വമുള്ള ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി കാമ്പസ്സിലും അവര്‍ക്ക് അയിത്തത്തിന്‍റെ തീക്ഷണത അനുഭവിക്കേണ്ടിവന്നു. തന്‍റെ ജാതിക്കാര്‍ക്ക് നിഷേധിച്ച സംസ്കൃത ഭാഷയെ വിലക്കുകള്‍ ലം ഘിച്ച് കൈവശപ്പെടുത്തിക്കൊണ്ടാണു ഡോ.കൌസല്ല്യ ജാതി അയിത്തത്തോട് പ്രതികരിച്ചത്. അത് ശ്രേഷ്ഠമായ മാതൃകയാണ്. അവരുടെ ദുരനുഭവങ്ങള്‍ കേട്ടിരിക്കുമ്പോള്‍ വൈക്കം ക്ഷേത്രറോഡില്‍ അഷ്ടമിത്തിരക്കിനിടെ അന്നാദ്യമായി കണ്ട ഗുരുസ്വാമിയുടെ ചിത്രമാണു വീണ്ടും മനസ്സിലേക്ക് കടന്നു വന്നത്. താഴ്ന്നജാതിക്കരെന്ന് കല്പ്പിച്ചുവച്ചിരുന്നവരെ മോചിപ്പിക്കാനും സവര്‍ണ്ണരെന്ന് നടിച്ചിരുന്നവരെ തെറ്റ് ചൂണ്ടിക്കാണിച്ച് നേര്‍വഴിനയിക്കാനും ദൈവം നേരിട്ടയച്ചതുപോലെ അവതരിച്ച മഹാത്മാവായിരുന്നു ശ്രീനാരായണഗുരുദേവന്‍. ആ സൂര്യ തേജസ്സിന്‍റെ വെളിച്ചമാണു നവകേരളത്തെ സൃഷ്ടിച്ചത്. സ്വാമി വിവേകാനന്ദന്‍, രാജാറാം മോഹന്‍ റായ് എന്നിവര്‍ അടക്കം എത്രയോ മഹാന്മാരായ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്ക് ജന്മം നല്‍കിയിട്ടും എന്തുകോണ്ട് ഇന്നും ഉത്തരേന്ത്യയില്‍ ജാതി അയിത്തം നടമാടുന്നു എന്നന്വേഷിക്കുമ്പോഴാണു ഗുരുദേവന്‍റെ മഹത്വം ശരിക്കും തിരിച്ചറിയുന്നത്.
സ്വതന്ത്രയായി 6 ദശാബ്ദം പിന്നിട്ടിട്ടും ജാതി അയിത്തം പ്രകടമായി അനുഷ്ഠിക്കുന്നവരുടെ തുള്ളാട്ടം നിറുത്താന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു കഴിയുന്നില്ല എന്നത് എത്രവലിയ അപരാധമാണ്? ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ എന്തുകൊണ്ട് ഈ അനീതികള്‍ക്കെതിരെ കണ്ണടയ്ക്കുന്നു? ഇവിടെ പ്രതിവിധി ഒന്നുമാത്രമാണ്. ശ്രീനാരായണദര്‍ശനം കേരളത്തിന്‍റെ 'ഠ' വട്ടത്തില്‍ നിന്ന് പുറത്തേയ്ക്ക് അതിശക്തമായി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. നിലവില്‍ കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇതിന്‍റെ നേതൃത്വം ഏറ്റെടുക്കണം. മലയാളികളുടെ കൂട്ടായ്മ എന്ന ചെറുവൃത്തത്തില്‍ നിന്ന് ഇന്ത്യയുടെ സാംസ്കാരിക ഭടന്മാര്‍ എന്ന ഔന്നത്യത്തിലേക്ക് അവര്‍ വളരണം. ഉത്തരേന്ത്യ അറിയട്ടെ ശ്രീനാരായണഗുരുവിന്‍റെ സ്വതന്ത്രചിന്തകള്‍. ഇരുളടഞ്ഞ ജാതിചിന്തയില്‍നിന്ന് മോചിതരായി അവര്‍ വെളിച്ചത്തെ സ്വയം വരിക്കട്ടെ.
'മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാംയഥ' - എന്ന് അവരും ഏറ്റുപാടട്ടെ !!!!
(കടപ്പാട് : സജീവ് കൃഷ്ണന്‍, കൌമുദി)
0 comments:
Post a Comment