1944ൽ പ്രസിദ്ധീകരിച്ച ഒരു മാസികയിൽ ഒരു ചരിത്ര പണ്ഡിതൻ ഇങ്ങനെ പറഞ്ഞു കാണുന്നു. ‘ഹിരണ്യകശിപുവിന്‍റെ മകൻ പ്രഹ്ളാദൻ, പ്രഹ്ളാദന്‍റെ മകൻ വിരോചനൻ. ഇവരെല്ലാം ദിതിയുടെ പരമ്പരയിൽ പെട്ടവർ ആയതിനാൽ ഇവരെല്ലാം ദിജന്മാരാണു്. ‘ദിജൻ’ എന്ന വാക്കു ലോപിച്ചാണു് ‘തീയൻ’ എന്ന വാക്കുണ്ടായതു്.’ കേരളത്തിലെ തീയന്മാർ അപ്പോൾ മഹാബലിയുടെ വംശജരാണല്ലോ? ഈഴവർ മണ്ഡോദരിയുടെ തായ് വഴിയിൽപ്പെട്ടവരാണന്നും പറയപ്പെടുന്നുണ്ടു്. കൊല്ലത്തുവച്ചു നടന്ന എസ്സ് എൻ ഡി പിയുടെ മുപ്പത്തിഒന്നാം വാർഷികത്തിൽ അന്നത്തെ എസ്സ് എൻ ഡി പി നേതാക്കളിൽ ഒരാളായിരുന്ന ശ്രീമാൻ റ്റി കെ നാരായണൻ ‘കാർണീലിയസ് നാടാർ തമിഴിൽ എഴുതിയിട്ടുള്ള അമരപുരാണം എന്ന ഗ്രന്ഥത്തിൽ ചോള-പാണ്ഡ്യ രാജാക്കന്മാരും, മൈസൂറിലെ കദംബരാജാക്കന്മാരും, ശ്രീരാമൻ, ശ്രീപരമേശ്വരൻ തുടങ്ങി പുരാണേതിഹാസങ്ങളിൽ പറയുന്ന ദേവാസുരന്മാരിൽ പലരും ഈഴവരായിരുന്നു എന്നു സമർത്ഥിച്ചിട്ടുണ്ടു്’ എന്നു് തന്‍റെ പ്രസംഗത്തിൽ പറയുകയുണ്ടായി.
കേരളത്തിൽ വസിക്കുന്ന ജനങ്ങളെ ആദിവാസികൾ എന്നും വിദേശീയരെന്നും രണ്ടായി വിഭജിച്ചാൽ; ചെറുമർ, പുലയർ, കാടർ, മലയർ, നായാടികൾ, കുറുമ്പർ, കുറിച്ചിയവർ, എന്നിവർ ആദിമനിവാസികളും; ഈഴവർ, നായന്മാർ, ജൂതന്മാർ നമ്പൂതിരിമാർ, ഇവർ പില്ക്കാലങ്ങളിൽ വന്ന വിദേശീയരും ആകാനാണു സാദ്ധ്യത എന്നു് ‘കേരളരാജ്യം’ എന്ന ഒരു പ്രസിദ്ധീകരണം അതിന്‍റെ ഒന്നാം വാല്യത്തിന്‍റെ അഞ്ചാം പുറത്തു പറയുന്നുണ്ടു്. വരവുകാരെന്നു കരുതപ്പെടുന്നവരിൽ ആദ്യം വന്നവർ ഈഴവരും, രണ്ടാമതു വന്നവർ നായന്മാരും, മൂന്നാമതു വന്നവർ നമ്പൂരി ബ്രഹ്മണരും ആകാനാണു സാദ്ധ്യത എന്നു് ശ്രീ പത്മനാഭമേനോൻ അദ്ദേഹത്തിന്‍റെ കേരളചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവർ തുളുനാടു ഭരിച്ചിരുന്ന ആഴ്വ രാജവംശത്തിൽ പെട്ടവരാണെന്നു് ഒരു പ്രസിദ്ധ ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള പറയുന്നു.
പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന അഥവാ ജീവിച്ചിരുന്ന മലവർഗ്ഗക്കാർ അവിടെത്തന്നെ പർത്തിരുന്ന ആദിമനിവാസികളുടെ പിന്തുടർച്ചക്കാരാണെന്ന അനുമാനമാണു് പല ചരിത്രകാരന്മാർക്കും നരവംശശാസ്ത്രജ്ഞന്മാർക്കും ഉള്ളതു് ആദികാലങ്ങളിൽ ഫലഭൂയിഷ്ടമായ മണ്ണിൽ വളർന്ന കായ്കനികളും ഇലകളും ആഹരിച്ചു ജീവിച്ച അവർ കാലക്രമേണ വിഷയസുഖങ്ങളിൽ ലോലുപരായപ്പോൾ പക്ഷിമൃഗാദികളിലേക്കും തിരിഞ്ഞിരിക്കാം. അതും പോരാതായപ്പോൾ കട്ടിൽ നിന്നും കടൽത്തീരത്തേക്കു മാറി, പുതിയ വിഷയസുഖങ്ങളായി മത്സ്യവും മദ്യവും പുതുമാംസവും ഉപയോഗിക്കാൻ തുടങ്ങിയിരിക്കണം. ഇതിനെ പരിഷ്ക്കാരം എന്നും ചിലർ പറയും. കാലാന്തരത്തിൽ സാമൂഹ്യജീവിതം തുടങ്ങിയിരിക്കാനാണു സാദ്ധ്യത. ആ അവസരത്തിലാകണം ആരാധനയുടെ തുടക്കം. ആദികാല ആരാധനയിൽ നിന്നും ആകാം കാളിപൂജയും മറ്റും തുടങ്ങിയതെന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്. ഈ പൂജയ്ക്കു വേണ്ടിയാകണം കാവുകൾ ഉണ്ടാക്കപ്പെട്ടതും.
സാമൂഹ്യജീവിതം ഒരു ഭരണസമ്പ്രദായത്തിനു ജന്മം നല്കുക ഇന്നതു സ്വാഭാവികം തന്നെ. അങ്ങനെ ഓരോ ദേശങ്ങളിലും വസിച്ചുരുന്നവർ കൂട്ടത്തിൽ സമർദ്ധനായ ആളുടെ നേതൃത്ത്വത്തിൽ ഒരു ഭരണസവിധാനം ഉണ്ടാക്കിയിരിക്കണം. അങ്ങനെയാവണം കരപ്രമാണിമാരുടെ ഉത്ഭവം. കലം കടന്നപ്പോൾ കരപ്രമാണികൾ ഭരണത്തിന്‍റെ ചുക്കാൻ പിടിക്കുന്ന രാജാക്കന്മാരായി മാറിയിരിക്കണം. ഭരണത്തിന്‍റെ ഭാഗമായി, ക്രമസമാധാനപാലനം, നീതിപാലനം ഇവയും തുടങ്ങിയിരിക്കാനാണു സാധ്യത. അതിനുവേണ്ടി പരിശീലനം നല്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടക്കിയിരിക്കാനും സാദ്ധ്യത ഉണ്ടു്. അതിന്‍റെ ഭാഗമായി കളരികളും പാഠശാലകളും ഉണ്ടായി എന്നും അനുമാനിക്കാം.
കാലാന്തരത്തിൽ പുരോഗമനം വീണ്ടും വന്നപ്പോൾ ചെയ്തുകൊണ്ടിരുന്ന തൊഴിലിന്‍റെ അടിസ്ഥാനത്തിൽ ചില നാമകരണങ്ങൾ നടന്നിരിക്കണം. അങ്ങനെ തൊഴിലടിസ്ഥാനത്തിൽ നല്കപ്പെട്ട പേരുകളാകണം പിന്നീടു് ജാതിയും വർണ്ണങ്ങളും ആയിപരിണമിച്ചതും. സേവനതല്പ്പരരായവരിൽ കഴിവു കൂടിയവർ ഭരാണധിപന്മാരും അവരെ സഹായിക്കുന്നവരും ആയി അവരോധിക്കപ്പെടുക സാധാരണമായും സംഭവിച്ചിരിക്കണം. അങ്ങനെ ഭരണകാര്യങ്ങൾ നടത്തുകയും അതിൽ സഹായിക്കുകയും ചെയ്തവർ ‘സേവകർ’ ആയി എന്നു പറയാം. ആ സേവകരായിരിക്കണം പിന്നീടു് ‘ചേവകർ’ ആയി ചിത്രീകരിക്കപ്പെട്ടതും, അങ്ങനെയാണു് ‘ചേവകർ’ ഉണ്ടായതെന്നും ചരിത്രകാർന്മാർക്ക് അഭിപ്രായം ഉണ്ടു്. അങ്ങനെ ചെയ്തു പോന്ന ജോലിയുടെ അടിസ്താനത്തിൽ മറ്റും പലപേരുകളും ഉണ്ടായിരിക്കണം.
ഇങ്ങനെ ജാതികൾ തിരിഞ്ഞു എങ്കിലും, തുടക്കത്തിൽ എല്ലാവരും ഒന്നിൽ നിന്നും തന്നെയായിരുന്നു ഊരുത്തിരിഞ്ഞു വന്നതെന്നു വേണം നാം അനുമാനിക്കാൻ. അപ്പോൾ നാമെല്ലാം ഒന്നു തന്നെ എന്നു പറയാം. എല്ലാവരും, കേരളത്തിൽ തന്നെ ഉണ്ടായിരുന്നവർ തന്നെയാകണം ഇന്നു് ഊഹിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഈഴവരും അതിൽ ഉൾപ്പെടും.
Posted in:
0 comments:
Post a Comment