ഒരു മലര്‍വാടിയിലേക്ക് ഇളം കാറ്റെത്തുമ്പോള്‍ നിര്‍മ്മലസുഗന്ധവുമായി നില്‍ക്കുന്ന പൂക്കളും തളിരുകളും ആനന്ദാനുഭൂതി അറിഞ്ഞിട്ടെന്നപോലെ ഇളകിയാടും . വന്‍മരങ്ങള്‍ ധാര്‍ഷ്ട്യത്തോടെ പ്രതിരോധിക്കും. കാറ്റാകട്ടെ വന്‍മരമെന്നോ തളിരെന്നോ ഭേദമില്ലാതെ പൂക്കളുടെ സുഗന്ധമെടുത്ത് അവിടമാകെ നിറയ്ക്കും .
അസമത്വത്തിന്‍റെ വിളഭൂമിയായിരുന്ന ഈ മണ്ണിലൂടെ ഗുരുദേവന്‍റെ യാത്ര മലര്‍വാടിയിലേക്കെത്തുന്ന ഇളം കാറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഹൃദയനൈര്‍മ്മല്യമുള്ളവര്‍ക്ക് ആ സാന്നിധ്യം ആനന്ദാനുഭൂതി നിറച്ചു. ധാര്‍ഷ്ട്യത്തിന്‍റെ ആള്‍രൂപങ്ങള്‍ അദ്ദേഹത്തെ അവഗണിക്കാന്‍ ശ്രമിച്ചു. തനിക്ക് ചുറ്റും ഹൃദയപാരവശ്യത്തോടെ ഇളകിയാടുന്ന പൂക്കളില്‍ നിന്ന് സുഗന്ധമെടുത്ത് വിതറുമ്പോള്‍ മന്ദമാരുതനെപ്പോലെ അദ്ദേഹവും ആരോടും ഭേദഭാവം കാട്ടിയില്ല. ഗുരുദേവന്‍ സ്വധര്‍മ്മപാലനം ചെയ്തത് എങ്ങും പരിവര്‍ത്തനത്തിന്‍റെ സുഗന്ധം പരത്തിക്കൊണ്ടാണ്. യുദ്ധങ്ങളും ഒളിപ്പോരുകളും അക്രമങ്ങളും കൊണ്ട് ചരിത്രപുസ്തകങ്ങള്‍ നിറയ്ക്കുന്നവര്‍ക്ക് ഇതൊരുപക്ഷേ അത്ഭുതമായേക്കാം.
സമാധാനത്തിന്‍റെ പ്രവാചകര്‍ പലകാലങ്ങളില്‍ പല ഭാവങ്ങളില്‍ അവതരിച്ച് ഹൃദയത്തിന്‍റെ ഭാഷ പകര്‍ന്നു നല്‍കിയിട്ടും മനുഷ്യനു യുദ്ധക്കൊതി തീര്‍ന്നിട്ടില്ല. രാജ്യങ്ങളുടെ പേരില്‍, ആരാധനാലയങ്ങളുടെ പേരില്‍, പെണ്ണിന്‍റേയും പണത്തിന്‍റേയും പേരില്‍, മതത്തിന്‍റെ പേരിലെല്ലാം നിരന്തര കലഹം . സ്ഫോടനങ്ങളും അക്രമങ്ങളും ചോരവീഴ്ത്താത്ത ദിവസങ്ങളില്ല. എല്ലായിടത്തും അശാന്തി. നിരപരാധികള്‍ക്ക് എന്നും കണ്ണീര്‍. കേരളം എന്ന ഭാഷാ എന്ന അതിര്‍ത്തിക്കപ്പുറത്തേക്ക് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിനു ആക്കം കൂട്ടേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങളാണു ഇനി ഉണ്ടാകേണ്ടത്. " ജാതിക്കെതിരെ പടപൊരുതിയ ഗുരുദേവന്‍ " എന്നാണു ഇന്ന് മിക്ക ഭാഷണങ്ങളിലും ഗുരിവിനെ വിശേഷിപ്പിക്കുന്നത്. ജാതി അയിത്തം ഇല്ലാതായപ്പോള്‍ ഗുരുവിന്‍റെ പ്രസക്തി അവസാനിച്ചു എന്നൊരു ധ്വനികൂടിയുണ്ട് ഈ വിശേഷണത്തില്‍. അപ്പോള്‍പ്പിന്നെ ഗുരുസ്മരണ എന്നത് വെറും ഒരു നന്ദിപ്രകടനം മാത്രമാകും . ജാതിയില്‍ മാത്രം ഒതുങ്ങുന്നതാണോ ഗുരുവിന്‍റെ പ്രസക്തി. അല്ല എന്നുറച്ച് പറയണമെങ്കില്‍ ഗുരു പകര്‍ന്ന ധര്‍മ്മം എന്തായിരുന്നു എന്ന് അറിയാന്‍ ശ്രമിക്കണം .
ഹൃദയത്തില്‍ കപടത ഇല്ലാതിരുന്നാല്‍ നമ്മുടെ സാന്നിധ്യം എല്ലാവര്‍ക്കും ആനന്ദാതിരേകമുണ്ടാക്കുമെന്ന് ഗുരുദേവന്‍ പറയുന്നു. ഹൃദയം ശുദ്ധമാക്കാനുള്ള സാധന അനുഷ്ഠിക്കുകയെന്നതാണു ശ്രീനാരായണഗുരു ഉപദേശിക്കുന്ന ധര്‍മ്മം. സത്യവും ധര്‍മ്മവും ജീവിതത്തില്‍ ശീലിച്ചുകൊണ്ട് സ്വയം ആത്മാവിനെ കണ്ടെത്തുക. അങ്ങനെ എല്ലാ ചരാചരങ്ങളിലും വിളങ്ങുന്ന ആത്മസ്വരൂപത്തെ അറിയാനുള്ള കര്‍മ്മങ്ങള്‍ ചെയ്യുക. ശ്രീനാരായണഗുരുദേവന്‍ തന്‍റെ ദത്താപഹാരം എന്ന ലഘുകൃതിയില്‍ പറയുന്നത് ശ്രദ്ധിക്കുക ;
" ഒന്നുണ്ടു നേരു നേരല്ലി -
തൊന്നും മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സും
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക. "
സത്യം ഒന്നുമാത്രമേയുള്ളു. ജാതിയും മതവും ദൈവഭേദങ്ങളും ഭാഷാഭേദങ്ങളും രാജ്യഭേദങ്ങളുമില്ല. മനുഷ്യര്‍ക്ക് ആവശ്യം സത്യവും ധര്‍മ്മവുമാണ്. ആയുസ്സുപോലും ആര്‍ക്കും സ്ഥിരമായി നില്‍ക്കില്ലെന്നു ഓര്‍ക്കുക - എന്നാണു ഈ ശ്ലോകത്തിന്‍റെ ഭാവാര്‍ത്ഥം.
അഹിംസ, സത്യം, അസ്തേയം, മദ്യവര്‍ജ്ജനം, വ്യഭിചാരമില്ലായ്മ എന്നിങ്ങനെ പഞ്ചധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഗുരുദേവന്‍ മനുഷ്യനെ ഉപദേശിക്കുന്നു. അഹിംസ പാലിക്കുന്നവന്‍ ലോകത്തിനു വിശ്വസനീയനായിത്തീരും . സത്യം പാലിക്കുന്നവന്‍ യശസ്വിയാകും. അന്യന്‍റെ മുതല്‍ ആഗ്രഹിക്കാതെ അസ്തേയം പാലിക്കുന്നവനു ആരുമായും ഒരിക്കലും തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരില്ല. മദ്യവര്‍ജ്ജനവും വ്യഭിചാരമില്ലായ്മയും എല്ലാവരും ശീലിച്ചാല്‍ ഈ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാക്കാം. ഗുരുദേവന്‍ ഉപദേശിച്ച ഈ പഞ്ചധര്‍മ്മങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് നമ്മള്‍ പ്രചരിപ്പിക്കുക. കാരണം അത് മന്വന്തരങ്ങളിലൂടെ പലവുരു മനനം ചെയ്ത് വെളിപ്പെട്ട സത്യമാണ്.
ഒരു ഭാഗത്ത് സമ്പന്നത പെരുകിവരുന്നതും മറുഭാഗത്ത് ദാരിദ്ര്യം പെരുകുന്നതുമാണു ലോകത്ത് അസമത്വത്തിനു കാരണം . സായുധവിപ്ലവമാണു വേണ്ടതെന്ന് ചിലര്‍ പറയുന്നു. അത് സം ഘര്‍ഷത്തിന്‍റെ മാര്‍ഗ്ഗമാണ്. ഇതല്ല ഗുരുവിന്‍റെ മാര്‍ഗ്ഗം . എല്ലാവര്‍ക്കും ആവശ്യത്തിനു ആഹരിക്കാനുള്ള അവസരം ഉണ്ടാക്കണം . അവനവന്‍റെ പരിശ്രമം കൊണ്ട് ആഹാരം കണ്ടെത്തണം . സമ്പന്നതയും ദാരിദ്ര്യവും ഒരുവന്‍റെ മനോഭാവത്തെ ആശ്രയിച്ചാണു നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് ഗുരുദേവന്‍ പറയുന്നുണ്ട്. എത്രവലിയ ധനികനായിരുന്നാലും കിട്ടുന്നതൊന്നും പോര എന്ന മനോഭാവത്തോടെ ജീവിക്കുന്നവനാണു യഥാര്‍ത്ഥത്തില്‍ ദരിദ്രന്‍. ഉള്ളതില്‍ തൃപ്തനായിരിക്കുന്നവനാണു യഥാര്‍ത്ഥ സമ്പന്നന്‍. ആത്മാവുകൊണ്ട് സമ്പന്നനായിരിക്കുന്നവനെ തോല്‍പ്പിക്കുവാനോ നേടാനോ ആര്‍ക്കും കഴിയില്ല. ആത്മാവില്‍ ദരിദ്രനായിരിക്കുന്നവനെ തൃപ്തിപ്പെടുത്താനും കഴിയില്ല. സ്വന്തം ശരീരത്തില്‍ സുഗന്ധമിരിക്കെ അതറിയാതെ സുഗന്ധമന്വേഷിച്ച് നടക്കുന്നാ കസ്തൂരിമാനിനെപ്പോലെയാണു നാം . ഇന്ന് ലോകത്തിന്‍റെ വെളിച്ചമാകാനും സ്വയം സുഗന്ധം പരത്താനും കഴിവുള്ള ശ്രീനാരായണ ധര്‍മ്മം ഉപേക്ഷിച്ച് അവിടവിടെ പൊട്ടിമുളയ്ക്കുന്ന തകരകള്‍ക്കു കീഴില്‍ അഭയം തേടാന്‍ ഓടുകയാണ്. പണമെറിഞ്ഞാണു ശാന്തിതേടുന്നത്. പണം കുമിഞ്ഞുകൂടുമ്പോള്‍ അശാന്തിയാണുണ്ടാവുക. ആവശ്യത്തിനുമാത്രം പണം. ആവശ്യത്തിനുമാത്രം ആഹാരം. അതാണു സമത്വത്തിലേക്കുള്ള മാര്‍ഗ്ഗം. ആര്‍ഭാടക്കുടവറുകള്‍ക്കു മുകളില്‍ ഒരു മഞ്ഞച്ചേലയെടുത്ത് ചുറ്റിയിട്ട് അത് ശ്രീനാരായണ ധര്‍മ്മ മാര്‍ഗ്ഗമാണെന്ന് പറഞ്ഞാല്‍ എത്രനാള്‍ എല്ലാവരേയും വിശ്വസിപ്പിക്കാന്‍ കഴിയും ?
( കടപ്പാട് : സജീവ് കൃഷ്ണന്‍, ഗുരുസാഗരം, കേരളകൌമുദി )
0 comments:
Post a Comment