തൃശൂര്‍ കരുവന്നൂരിലെ വിഖ്യാതമായ ഈഴവപ്പറമ്പില്‍ തറവാട്ടിലെ ഇക്കോരന്റേയും ചെറോണിന്റെയും മകനായി കൊല്ലവര്‍ഷം 1058 മകരം 10ന് പുണര്‍തം നക്ഷത്രത്തില്‍ ബോധാനന്ദന്‍ എന്ന് പിന്നീട് അറിയപ്പെട്ട വേലായുധന്‍ ജനിച്ചു. അക്കാലത്ത് ലഭിക്കാവുന്ന നല്ല വിദ്യാഭ്യാസം തന്നെ അദ്ദേഹത്തിന് ലഭിച്ചു. 16-ാം വയസ്സില്‍ വിവാഹം കഴിപ്പിച്ചു. കൊതമ്മയെന്നായിരുന്നു ഭാര്യയുടെ പേര്. സ്വതവേ വിവാഹത്തോട് താല്‌പര്യമില്ലായിരുന്നെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധവും കുടുംബത്തിന്റെ സ്ഥിതിയുമാണ് അതിലേക്ക് നയിച്ചത്. ആത്മാന്വേഷണമാര്‍ഗ്ഗത്തില്‍ കഴിയാനാഗ്രഹിച്ച അദ്ദേഹം വൃദ്ധയായ മാതാവിനെയും ഭാര്യയേടും മകനേയും ഉപേക്ഷിച്ച് ഒരു രാത്രിയില്‍ വീടിന്റെ പടിയിറങ്ങി. ആറുമാസത്തിനു ശേഷം വീട്ടില്‍ തിരികെയെത്തി. രണ്ടുമാസത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ വീണ്ടും തീര്‍ത്ഥയാത്രക്കിറങ്ങി. കാശി യാത്രക്കുശേഷം നാട്ടിലെത്തി. പിന്നീട് ഹരിദ്വാര്‍, ഋഷികേശ്, ഹിമാലയം എന്നിവിടങ്ങളിലേക്ക്. ഹിമാലയത്തിലെ ജ്യോതിര്‍മഠത്തിലെത്തിയതായിരുന്നു വേലായുധന്റെ ജീവിതത്തിലെ വഴിത്തിരിവ്. ജ്യോതിര്‍മഠത്തിലെ മഠാധിപതി ഈശ്വരാനന്ദ മണ്ഡലേശ്വരനുമായുള്ള പരിചയം ഗുരുശിഷ്യ ബന്ധത്തിലെത്തിച്ചു. അദ്ദേഹം ബോധാനന്ദന് സന്ന്യാസം നല്‍കി ബോധാനന്ദഗിരി എന്ന് നാമകരണവും ചെയ്‌തു. തര്‍ക്കം വ്യാകരണം എന്നിവയില്‍ ഇവിടെവച്ച് പാണ്ഡിത്യംനേടി.
പിന്നീട് വീട്ടിലെത്തിയ ബോധാനന്ദന് വീട്ടുകാര്‍ ഒരു മഠം പണിത് നല്‍കി. അവധൂതമഠം എന്നുപേരിട്ടു. എന്നാല്‍ അവിടെ ഒതുങ്ങിനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. ജാതിഭ്രാന്തുമൂലമുള്ള അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹം തീര്‍ച്ചയാക്കി. ധര്‍മ്മഭടസംഘം രൂപീകരിച്ച് കായികമായി ജാതിപ്പിശാശിനെ നേരിടാന്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി.
തലശ്ശേരി ജനന്നാഥക്ഷേത്ര പ്രതിഷ്‌ഠാവേളയില്‍ ഗുരുദേവനും ബോധാനന്ദസ്വാമിയും കണ്ടുമുട്ടി. അന്ന് കുറേസമയം ബോധാനന്ദന്‍ സ്വാമിയെ നോക്കിനിന്നതേയുള്ളൂ. പിറ്റേന്ന് ഒരു തളികയില്‍ കുറച്ച് മുന്തിരിയും കല്‌ക്കണ്ടവും പഴവുമായി ഗുരുവിനെ കാണാന്‍ വന്നു. ഉപഹാരദ്രവ്യങ്ങള്‍ കാഴ്‌ചവച്ചു സാഷ്‌ടാംഗം നമസ്‌കരിച്ചു. ആ സമയം മുറിയില്‍ ബോധാനന്ദന്‍ താമസിക്കുന്ന വീട്ടിലെ ആളുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എവിടെ താമസിക്കുന്നു? പേരെന്താണ്? എന്നു ഗുരുദേവന്‍ ആരാഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തനം കൊള്ളാം. അക്രമം അരുത്. എല്ലാം ശാന്തമായിട്ടുവേണം. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം സംന്യാസം നല്‍കരുത് എന്ന് അരുളിച്ചെയ്‌തശേഷം ഒറ്റയ്‌ക്ക് വരാന്‍ കല്‌പിച്ചു. അന്ന് വൈകിട്ട് വീണ്ടും വന്നു. അന്ന് ഗുരു താമസിക്കുന്ന സ്ഥലത്ത് വിശ്രമിക്കാന്‍ സൗകര്യമുണ്ടാക്കി. അന്ന് ആളൊഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ കൂടുതല്‍ സംസാരിച്ചു. ഗുരു ബോധാനന്ദനെ ശരിക്കും മനസ്സിലാക്കി. ഗുരുവിന്റെ ജ്ഞാനത്തെയും പരഹൃദയജ്ഞാനത്തെയും ബോധാനന്ദന്‍ അറിഞ്ഞ് ഗുരുവിലേക്ക് തന്നെതന്നെ സമര്‍പ്പിച്ചു.... നമ്മോടൊത്ത് ശിവഗിരിക്ക് പോരൂ..... എന്നുള്ള അനുഗ്രഹവാണി ബോധാനന്ദന് ദിവ്യവാണിയായിരുന്നു.
ബോധാനന്ദനില്‍നിന്നും സന്യാസം വാങ്ങിയവരായിരുന്നു പിന്നീട് അറിയപ്പെട്ട ഹനുമന്‍ഗിരിസ്വാമി, കൃഷ്‌ണാനന്ദഗിരി സ്വാമി, വിദ്യാനന്ദസ്വാമി, പിള്ളയാര്‍പെട്ടി ഗോവിന്ദാനന്ദസ്വാമി, ഗോപാലസ്വാമി എന്നിവരെല്ലാം. ബോധാനന്ദന്‍ പിന്നീട് ആര്‍ക്കും സന്യാസം നല്‍കിയില്ല. പിന്നീട് ബോധാനന്ദന്‍ ശിവലിംഗദാസ സ്വാമിയോടൊപ്പം പെരിങ്ങോട്ടുകരയിലും കൂര്‍ക്കഞ്ചേരിയില്‍ ക്ഷേത്രം പണിയുന്നതിനും ബോധാനന്ദന്‍ മേല്‍നോട്ടംവഹിച്ചു. ഗുരുദേവന്‍ പിന്നീട് തന്റെ എല്ലാകാര്യങ്ങളും ബോധാനന്ദനോട് ആരാഞ്ഞായിരുന്നു ചെയ്‌തിരുന്നത്. .... ബോധാനന്ദനോട് പറയൂ.... ബോധാനന്ദന്‍ അറിഞ്ഞില്ലേ? ബോധാനന്ദന്‍ പറയും എന്നായിരിക്കും പലകാര്യത്തെക്കുറിച്ചും ഗുരുദേവന്‍ പ്രതികരിക്കുക.
ആലുവായിലെ സര്‍വ്വമതസമ്മേളനം ബോധാനന്ദസ്വാമിയുടെ ചുമതലയിലും കൂടിയായിരുന്നു. ധര്‍മ്മം എന്ന പത്രം ശ്രീനാരായണ ധര്‍മ്മ പ്രചാരണത്തിനായി തുടങ്ങി. ഗുരുവിനോടുള്ള ഭക്തി അതിരുകടന്നപ്പോള്‍ ശ്രീനാരായണ മതം എന്നൊരു മതസംഘടന രൂപീകരിക്കാന്‍ ബോധാനന്ദസ്വാമി മുന്നിട്ടിറങ്ങി. എന്നാല്‍ ഗുരുദേവന്‍ അത് വിലക്കി. തൃശൂരില്‍ ശ്രീനാരായണ ഭക്തപരിപാലനയോഗവും കൊച്ചന്‍ നാഷണല്‍ ബാങ്കും, കൊച്ചി ഈഴവ സമാജവും ബോധാനന്ദസ്വാമി രൂപീകരിച്ചതാണ്.
1925ലെ വിജയദശമിനാളിലാണ് ബോധാനന്ദസ്വാമിയെ ഗുരു തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്‌തത്. ശ്രീനാരായണ ധര്‍മ്മസംഘത്തിന് മുന്നിട്ടിറങ്ങിയതും ബോധാനന്ദനാണ്.
കോട്ടയത്തെ നാഗമ്പടം, ശക്തീശ്വരം, വാടാനപ്പള്ളി, ഇരിങ്ങാലക്കുട, കുറിച്ചിക്കര, എന്നിവിടങ്ങളില്‍ ഗുരുദേവനുപകരം പ്രതിഷ്‌ഠനടത്തിയത് ബോധാനന്ദനാണ്.
1918 ല്‍ ഗുരുദേവന്‍ സിലോണിലേക്ക് യാത്രചെയ്‌തപ്പോള്‍ ബോധാനന്ദസ്വാമിയായിരുന്നു അതിന് അവിടെ ഗുരുവിനുവേണ്ട് യോഗങ്ങളില്‍ അധ്യക്ഷം വഹിച്ച് സംസാരിച്ചത്. സിലോണില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശ്രിവിജ്ഞാനോദയം സഭ രൂപീകരിക്കുകയും അതിന്റെ കീഴില്‍ ഫാക്‌ടറിതൊഴിലാളികള്‍ക്ക് നിശാപാഠശാല, യോഗ പരിശീലനം, പ്രാര്‍ത്ഥനസമാജം, എന്നിവ സ്ഥാപിച്ചു.
ഗുരുദേവന്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് കിടപ്പായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നത് ബോധാനന്ദനായിരുന്നു. ഗുരുവിനൊപ്പം നിന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു. എന്നാല്‍ കന്നി 5 ന് ഗുരു മഹാസമാധിയായപ്പോള്‍ ശിഷ്യന്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ ജ്വരംബാധിച്ച് കിടപ്പിലായിരുന്നു. സമാധിവിവരം കുറേനേരം ദുഃഖിതനായ അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിക്കുകയും ഗുരുദേവന്‍ വിളിക്കുന്നു. നാം പോകുന്നു എന്നുപറഞ്ഞ് അസ്വസ്ഥനായി. കന്നി 8ന് ഞായറാഴ്‌ച രാത്രി സ്വാമികള്‍ മഹാസമാധിസ്ഥനായി. ശിവഗിരിയില്‍ ഗുരുസമാധിമന്ദിരത്തിന് താഴെയായി ഇന്നും ശ്രീബോധാനന്ദസ്വാമിയുടെ സമാധിമണ്ഡപമുണ്ട്.
0 comments:
Post a Comment