(എഴുതിയതു് (©) ഉദയഭാനു പണിക്കർ. സാമ്പത്തിക വരുമാനത്തിനായി ഈ ലേഖനം ഉപയോഗിക്കാൻ പാടില്ല. സാമ്പത്തിക വരുമാനത്തിനല്ലാതെ, എവിടെ എന്തിനുപയോഗിക്കുന്നു എന്നു് ലേഖനകർത്താവിനെ അറിയിച്ചുകൊണ്ടു് ആർക്കും ഈ ലേഖനം ഉപയോഗ്ക്കാം.)
“ഗുരുദേവൻ ഹിന്ദു സന്യാസി ആണോ’ എന്ന വിഷയത്തെപ്പറ്റി യുള്ള ചർച്ചയ്ക്കു വേണ്ടി എഴുതിയ ലേഖനത്തിനു പലരും എഴുതിയ അഭിപ്രായങ്ങൾക്കുള്ള മറിപടിയായിട്ടാണിതെഴുതുന്നതു്. ഇതോടുകൂടി ഞാൻ ഈ വിഷയത്തിനു വിരാമം ഇടുന്നു. ചർച്ച തുടങ്ങിയ ഡാ. കമൽജിത്തിനെന്തെങ്കിലും എഴുതാനുണ്ടൊ എന്നറിയില്ല.
ഇവിടെ ചർച്ചാവിഷയം ഗുരുദേവൻ “ഹിന്ദു സന്യാസി ആണോ” എന്നതാണു്. ‘ഗുരുദേവൻ’ എന്നു് എഴുതിയതിനാൽ ‘ഗുരു’ ആണോ അല്ലയോ എന്നതു് ചർച്ചാവിഷയമേ ആകുന്നില്ലല്ലോ? “ഗുരുദേവൻ” എന്നെഴുതുമ്പോൾ “ദേവൻ” ആണെന്നതിലും സംശയം വരാൻ പാടില്ലാത്തതാണു്. എന്നാൽ ചിലർക്കു സംശയം ഉണ്ടായിരിന്നു. അതിനാലാണു് ഇങ്ങനെ ഒരു ലേഖനം എഴുതാമെന്നു കരുതിയതും എഴുതിയതും. പ്രധാന ചർച്ചാവിഷയം “സന്യാസി”യും ആണു്.
ബ്ലോഗിലുള്ള ലേഖനം വായിച്ചു എങ്കിൽ ‘സന്ന്യാസി” അഥവാ “സ്വാമി” എന്ന സ്ഥാനത്തെ സംബന്ധിച്ചുന്നയിച്ചിരിക്കുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള എല്ലാ മറുപടികളും ആ ലേഖനത്തിൽ തന്നെ ഉണ്ടു്. “ഗുരുദേവൻ” തപസ്സിരുന്നതെന്തിനു വേണ്ടി ഗുരുദേവൻ എന്തെല്ലാം ചെയ്തു എന്നൊക്കെയുള്ള വിഷയങ്ങളെപ്പറ്റിയല്ല ഞാൻ എഴുതിയിരുന്നതു്. അതല്ല ചർച്ചാവിഷയം. അതിനെപ്പറ്റി ചർച്ച വേണമെങ്കിൽ അതും ആകാം.
“സന്യാസം” എന്തു്; അല്ലെങ്കിൽ എന്തെല്ലാം എന്നും അതിൽ പറയുന്നുണ്ടു്. കാവി ഉടുക്കുന്നതുകൊണ്ടോ, വീടുവിട്ടു് ഇറങ്ങുന്നതു കൊണ്ടോ, അന്വഷണം നടത്തുന്നതു കൊണ്ടോ, ധ്യാനം ഇരിക്കുന്നതു കോണ്ടോ മാത്രം ആരും “സന്യാസി”യാകുന്നില്ല. ഇതൊന്നുമല്ല ‘സന്യാസി”യുടെ ഗുണങ്ങൾ. കാവി വസ്ത്രം ഒരു തിരിച്ചറിയാനുള്ള അടയാളം മാത്രം ആണു്. അരു് ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നതിനു നീയമം ഒരു രാജ്യത്തും ഉള്ളതായി അറിവില്ല. ആയതിനാൽ അർഹതയില്ലാത്തവർ കാവിയുടുത്താൽ ചോദ്യം ചെയ്യാനും പറ്റില്ല.
മുകളിൽ പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങൾ സന്യാസത്തിലേക്കുള്ള വഴികളിൽ ചിലതു മാത്രം ആണു്. “സന്ന്യാസം” അവയാണെന്നുള്ള ധാരണയാണു പൊതുവേ പലർക്കും ഉള്ളതും. മിക്ക നിഘണ്ടുക്കൾ നൽകുന്ന അറിവും അതാണു്. അവയിൽ നിന്നും കിട്ടിയ അർത്ഥം മാറ്റിവച്ചിട്ടു് ആ ലേഖനം ഒന്നു വയിക്കുവാൻ അപേക്ഷിക്കുന്നു.
“സ്വാമി’ എന്ന സംബോധനയ്ക്കു് അർഹരല്ലാത്തവരെ “സ്വാമി” എന്നു സംബോധനചെയ്യുന്നത് ഒരു പതിവായതിനാൽ ഇപ്പോൾ ‘സ്വാമി” ആരെന്നുള്ളതു ജനങ്ങൾക്കറിയാൻ വയ്യാതെ ആയിരിക്കയാണു്. അതിനാലാണീ സംശയം തലപൊക്കിയതു തന്നെ. ബ്രഹ്മസാക്ഷാല്ക്കാരം നേടിയവർ മാത്രം ആണു് “സന്യാസി”. “സന്ന്യാസി” മാരാണു് “സ്വാമി” എന്ന സംബോധന്യ്ക്കർഹർ എന്നാണു് ഉപനിഷത്തുക്കൾ പറയുന്നതു്. ബ്രഹ്മസാക്ഷാല്ക്കാരം ലക്ഷ്യമാക്കി അതിനുവേണ്ടി പ്രയഗ്നിക്കുന്നവരെയും അങ്ങനെ സംബോധന ചെയ്യാം എന്നും ചില മഹാത്മാക്കൾ പറയുന്നു.
സത്യത്തേയും ധർമ്മത്തേയും വ്യക്തമായി കാണുക എന്നതു സന്യാസത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയാണു്. എന്നാൽ “ബുദ്ധി സത്യത്തേയും ധർമ്മത്തേയും വ്യക്തമായി കാണുമ്പോഴും, ശാരീരികവും ഐന്ദ്രീകവുമായ താല്പര്യങ്ങൾക്കു വഴങ്ങി തെറ്റായ തീരുമാനങ്ങൾ എടുക്കുകയും, അതിൽതന്നെ ഉറച്ചുനിൽക്കുവാൻ അഹങ്കാരം ശാഠ്യം പിടിക്കുകയും ചെയ്യാറുണ്ടു്. ഇതിനെ ഒക്കെയാണു് ബന്ധം എന്നു പറയുന്നതു്. ആ ബന്ധങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞാൽ മുക്തനായി. ഇപ്രകാരമുള്ള മുക്തിയെമാത്രം ലക്ഷ്യമായി സ്വീകരിക്കുന്നവനെയാണു “സന്ന്യാസി” എന്നു പറയുന്നതു്” എന്നു് ഒരു മഹാനായ വ്യക്തി പറഞ്ഞിട്ടുണ്ടു്. പലരും ഇദ്ദേഹത്തെ ‘സ്വാമി” എന്നു സംബോധന ചെയ്യാറും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും താൻ സ്വയം സന്ന്യാസിയാണെന്ന രീതിയിൽ സംസാരിച്ചു ഞാൻ കേട്ടിട്ടും എല്ല. മുക്തിയെ മാത്രം ലക്ഷ്യം ആക്കി ആയിരുന്നു അദ്ദേഹത്തിന്‍റെ ചര്യകൾ; എങ്കിലും ബന്ധങ്ങളിൽ നിന്നും അദ്ദേഹം മുക്തനായിരുന്നില്ല. അതിനാൽ ആയിരിക്കാം ഒരു “സന്ന്യാസി” എന്നൊരിക്കൽ പോലും അദ്ദേഹം അവകാശപ്പെടുകയോ ആ രീതിയിൽ പെരുമാറുകയോ ചെയ്തു കാണുകയുണ്ടായില്ല. ബന്ധങ്ങളിൽ നിന്നും മുക്തനായില്ലാ എന്നബോധം ഉണ്ടായിരുന്നതിനാലാണെതെന്നു ഞാൻ വിശ്വസിക്കുന്നു.
ജന്മം ആണു് വർണ്ണം നിർണ്ണയിക്കുന്നതെന്ന തെറ്റിദ്ധാരണയും നമ്മെ വഴിതെറ്റിച്ചു. “ബ്രാഹ്മണ”വർണ്ണത്തിൽ പിറന്നതുകൊണ്ടുമാത്രം ആരും “സ്വാമി”യാകയില്ല. സ്വാമിയാകാനുള്ള എല്ലാക്കഴിവുകളും സ്വയം നേടിക്കഴിഞ്ഞാലേ “സ്വാമി”യാകയുള്ളൂ. സ്വാമിയാകും മുമ്പുതന്നെ ‘ബ്രാഹ്മണ”നും ആകും. ഒരു “ഗുരു”വിനും ആരേയും; (സ്വന്തം ശിഷ്യനെപ്പോലും); “സ്വാമി”യാക്കാൻ പറ്റില്ല. “സ്വാമി”യായിക്കഴിഞ്ഞ ഗുരുവിനുപോലും സാധിക്കയില്ല. “സ്വാമി”യാകേണ്ടതു് സ്വന്തം പരിശ്രമത്തിൽ കൂടിയാണു്. അങ്ങനെയേ അതു സാദ്ധ്യം ആകുകയുള്ളൂ. നിഘണ്ടുക്കളിലെ അർത്ഥം നോക്കിയോ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്‍റെ നിറം നോക്കിയോ “സ്വാമി” ആരെന്നു തീരുമാനിക്കാൻ പറ്റില്ല. അതുപോലെ തന്നെ “ബ്രാഹ്മണ”നും ആരെന്നു തീരുമാനിക്കാൻ പറ്റില്ല. (സർക്കാരിന്‍റെ നടപടിക്രമങ്ങൾക്കു വേണ്ടി എഴുതുന്ന ജാതിയെക്കുറിച്ചല്ല ഞാൻ എഴുതുന്നതു്.) അങ്ങനെ നിഘണ്ടുക്കളിലെ അർത്ഥം നോക്കിയും ഉടുത്തിരിക്കുന്ന വസ്ത്രത്തിന്‍റെ നിറം നോക്കിയും “സ്വാമി” ആരെന്നും “ബ്രഹ്മണൻ” ആരെന്നും തീരുമാനിച്ചതാണു നമുക്കു പറ്റിയതും പറ്റിക്കൊണ്ടിരിക്കുന്നതുമായ അബദ്ധങ്ങൾ. “സന്തോഷ് മാധവ”ന്മാരുടെ (പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും ആയ) വലിയ ഒരു പറ്റം നമുക്കിടയിൽ ഉണ്ടല്ലോ.
ഞാൻ എന്തുകൊണ്ടു ഗുരുദേവനെ സന്യാസിയായി കാണുന്നൂ എന്നാണതിൽ വിവരിച്ചിരിക്കുന്നതു്. ഒരു സന്യാസിക്കുണ്ടായിരിക്കേണ്ട സകലവിധമായ ഗുണങ്ങളും ഗുരുദേവനിൽ ഉണ്ടായിരുന്നൂ എന്നും അതുകോണ്ടാണു ഗുരുദേവൻ സന്യാസിയായതെന്നും ആണു ഞാൻ എഴുതാൻ ശ്രമിച്ചതു്. ഇതു രണ്ടും കാര്യകാരണസഹിതം അതിൽ എഴുതിയിട്ടുണ്ടു് എന്നാണെന്‍റെ വിശ്വാസവും. അതു വായിച്ചവരിൽ ചിലർക്കു് അതു മൻസ്സിലായിട്ടും ഉണ്ടെന്നു് അവരുടെ പ്രതികരണത്തിൽ നിന്നും മൻസ്സിലായി.
ഗുരുദേവൻ “സ്വാമി”യായതെങ്ങനെ എന്നെഴുതാൻ ശ്രമിച്ചതിനോടൊപ്പം തന്നെ ബ്രഹ്മവിദ്യയെ ഒരു മതമായി തരം താഴ്ത്തിയതു ശരിയല്ലാ എന്നും കാട്ടുവാൻ ഞാൻ ശ്രമിച്ചു. അങ്ങനെ മതമായി തരം താഴ്ത്തിയതിനാലാണല്ലോ “ഗുരുദേവൻ ഹിന്ദു സന്യാസി ആണോ” എന്ന സംശയം തന്നെ ഉണ്ടായതും. അപ്പോൾ ഭാരതത്തിന്‍റെ ആത്മീയത ഒരു മതം അല്ല എന്നും ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു. അതിനാലാണു അതും ലേഖനത്തിൽ ഉൾപ്പെടുത്തിയതു്.
കാവി ആർക്കെങ്കിലും (ഒരു പ്രത്യേക വിഭാഗത്തിനോ വിഭാവങ്ങൾക്കോ) മാത്രം ഉള്ളതാണെന്നും അതിലെഴുതിയിട്ടില്ല. എന്നാൽ കാവിയുടുക്കുന്നതിനു് ഒരു കാരണവും ഒരർത്ഥവും ഉണ്ടു്. അതു രണ്ടും പൂർത്തീകരിച്ചിട്ടില്ലെങ്കിൽ കാവി ഉടുക്കുന്നതു തെറ്റും ആണു്. ഒരുപക്ഷേ ആ കാരണങ്ങൾ കൊണ്ടായിരിക്കാം ഗുരുദേവൻ ആദ്യം കാവി ഉടുക്കാതിരുന്നതും പിന്നീട് ഉടുത്തതും. ഗുരുദേവൻ കാവി സ്ഥിരമായി ഉടുത്തിരുന്നില്ല.
നിഘണ്ടുക്കളിൽ കാണുന്ന “സ്വാമി” എന്ന വാക്കിന്‍റെ അർത്ഥവും, കാവി ഉടുക്കുന്നതും വീടുവിട്ടിറങ്ങുന്നതും അന്വഷണം നടത്തുന്നതും ധ്യാനം ഇരിക്കുന്നതും ആണു ‘സന്ന്യാസം” എന്ന മുൻ വിധിയില്ലാതെ ആ ലേഘനം വായിക്കുക. അപ്പോൾ അതിലെഴുതിയ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.
‘ഗുരുസ്വാമി” എന്നു വിളിച്ചതു് ‘ഗുരു”വായ മഹാൻ “സ്വാമി”യും കൂടി ആയതിനാലാകണം. എല്ലാ ‘ഗുരു’ക്കന്മാരും ‘സ്വാമി”യാകണം എന്നില്ല. എല്ലാ ‘സ്വാമി’മാരും ‘ഗുരു”ക്കന്മാരും ആകണം എന്നും എല്ല. “സ്വാമി എന്നതിനു് “ഗുരു” എന്നും അർഥം ഉണ്ടു്. എന്നാൽ ‘ഗുരു” എന്നതിനു “സ്വാമി” എന്നില്ല. അതിനു കാരണം “സന്യാസി” ആയ ആൾക്കു് ഗുരുവും ആകാനുള്ള യോഗ്യത ഉള്ളതാണു്. ഒരു യഥാർത്ഥ “സന്യാസി” ആത്മവിദ്യയിൽ സർവ്വജ്ഞനായിരിക്കും. അപ്പോൾ തീർച്ചയായും ഗുരുവാകാൻ അർഹൻ തന്നെയാണദ്ദേഹം. ഇവിടെ “സ്വാമി” അഥവാ “സന്ന്യാസി”, “ഗുരു”വും കൂടി ആയായിരിക്കുന്നതിനാൽ “ഗുരുസ്വാമി” എന്നു പറയാം. ഞാൻ “ഗുരുദേവൻ” എന്നാണു് സാധാരണ ഉപയോഗിക്കുന്ന സംബോധന. “ഗുരു” ആയ “ദേവൻ”, അതു് വെറും “ഗുരു”വിനേക്കാളും, വെറും “സ്വാമി”യേക്കാളും “ഗുരു ആയ സ്വാമി”യേക്കാളും അല്പം മുന്തിയപദവിയായിട്ടാണു കണക്കാക്കപ്പെടുന്നതെന്നാണറിവു്.
ചില ശിഷ്യന്മാർ “ഗുരു”വിനെക്കാൾ മുമ്പുതന്നെ “സ്വാമി” ആയെന്നു വരാം. ഒരിക്കലും “സ്വാമി”യാകാൻ പറ്റാത്ത ‘ഗ്രുരു”ക്കന്മാരും ഉണ്ടാകാം. ശിഷ്യന്മാർ പലരും “സ്വാമി”യും ‘ദേവ’നും ആയതിനു ശേഷവും “ഗുരു” മാത്രം ആയിരിക്കുന്ന “ഗുരു”ക്കന്മാരേയും കണ്ടെന്നു വരാം. ശിഷ്യന്മാർ “സ്വാമി”മാരും ‘ദേവ”ന്മാരും ആയതിനു ശേഷവും “ഗുരു”വായിത്തന്നെ ജീവിച്ചു് അടുത്ത ജന്മത്തിലേക്കു പോയ ഗുരുക്കന്മാരും ഉണ്ടായെന്നു വന്നേക്കം.
“സ്വാമി”യോ “ഗുരു”വോ ശ്രേഷ്ടൻ എന്നല്ല ഇവിടെ ചർച്ചാവിഷയം. എങ്കിലും ചിലർ ആ വിഷയം ഉന്നയിച്ചതിനാൽ അതെപ്പറ്റി അല്പം എഴുതട്ടെ.
‘ഗുരു’ തനിക്കറിയാവുന്ന ആത്മീയജ്ഞാനം ശിഷ്യനു പകർന്നു കൊടുക്കുന്ന ആൾ ആണു്. “സന്യാസി” ആ ആത്മീയജ്ഞാനം സ്വായത്തം ആക്കിയതിനു ശേഷം തനിക്കറിയാവുന്ന ആ ആത്മീയജ്ഞാനം പ്രായോഗികമായി ഉപയോഗിച്ചു അതിനെ വിഞ്ഞാനമാക്കി, ജീവസാക്ഷാൽക്കാരം നേടിയ ആൾ ആണു്. “ഗുരു”വിനു് ആത്മീയജ്ഞാനമേ ഉള്ളൂ; വിജ്ഞാനം ഇല്ല. ജ്ഞാനവും വിജ്ഞാനവും ഉള്ളവരാണു് “സ്വാമി”മാർ.
ഗുരു-ശിഷ്യ ബന്ധത്തിൽ ശിഷ്യനു് “ഗുരു സാക്ഷാൽ പരം ബ്ർഹ്മം” ആണു്, എന്നാൽ മറ്റുള്ളവർക്കതല്ല. ഗുരു-ശിഷ്യ ബന്ധത്തിലെ, “ഗുരു” എന്നാൽ ശിഷ്യനു നേരിട്ടു് ഉപദേശങ്ങൾ നല്കുന്ന “ഗുരു’ എന്നാണർഥം. ഇവിടെ ഇന്നു ജീവിച്ചിരിക്കുന്ന ആർക്കും ഗുരുദേവൻ നേരിട്ടു ഒന്നും പഠിപ്പിച്ചുകൊടുത്തിട്ടില്ല. അപ്പോൾ ഇവിടെ “ഗുരു” എന്നതു് ഒരു സ്ഥാനപ്പേരായിട്ടു വേണം കാണാൻ. ആത്മവിദ്യ നേരിട്ടു പകർന്നു തന്ന ഗുരുവിനെ പരബ്രഹ്മത്തിനു തുല്ല്യമായി കാണുന്നു, അങ്ങനെകാണണം എന്ന അർദ്ധത്തിലാണു “ഗുരു പരം ബ്രഹ്മഃ” എന്നു പറയുന്നതു്. അതും ഒരു കർമ്മത്തിന്‍റെ ആരംഭത്തിൽ ഗുരുവിനുള്ള വണക്കം ആണതു്.
മാതാ, പിതാ, ഗുരു ഇവർ മൂവരും പരബ്രഹ്മത്തിന്‍റെ പ്രതീകം എന്ന അർദ്ധത്തിലാണു ആ ശ്ലോകത്തിൽ പറയുന്നതെന്നോർക്കുക. മാതാ-പിതാ എന്നതു കുടുംബ ബന്ധത്തിലും; ഗുരു എന്നതു ഗുരു-ശിഷ്യ ബന്ധത്തിലും മാത്രം ഒതുങ്ങി നില്ക്കുമ്പോൾ; “സന്യാസി” എന്ന “സ്വാമി” എന്നതു ബന്ധങ്ങൾക്കെല്ലാം അതീതമായ ജീവാത്മാ-പരമാത്മാ ഏകീകരണത്തിൽ ആണടങ്ങിയിരിക്കുന്നതും ആണു്. അതു സാർവ്വജനീനമാണെന്നോർക്കുക. “സന്യാസി” സർവ്വർക്കും, ഗുരുവിനും മാതാപിതാക്കൾക്കും അടക്കം സകലർക്കും ഗുരുവാണു്. ഗുരുവായിരുന്ന ദ്രോണർക്കും കുലഗുരുവായിരുന്ന കൃപർക്കും, പിതാമഹൻ കൂടിയായ ഭീഷ്മാചാര്യർക്കും കൂടി ഗുരുവായിരിന്നു ശ്രീകൃഷ്ണൻ. കുലഗുരുവായ കൃപരും, ഗുരു മാത്രം ആയ ദ്രോണരും, പിതാമഹനും ഗുരുവും ആയിരുന്ന ഭീഷ്മാചാര്യരും; ആത്മജ്ഞാനമുണ്ടായിരിന്നിട്ടും അധർമ്മിയായ ദുഃര്യോധനന്‍റെ കൂടെ നിന്നു. എന്നാൽ ഗുരുവും സന്യാസിയും “ദേവനു”മായ ശ്രീകൃഷ്ണഭഗവാനോ? ധർമ്മത്തിനുടമകളായ പാണ്ഠവരോടൊപ്പം നിന്നു. അതിൽ നിന്നും മനസ്സിലാക്കാം ഗുരു-സന്യാസി സംബോധനക്ളുടെ വ്യത്യാസവും ശ്രേഷ്ടത്ത്വവും. അതുപോലെ തന്നെ “ഗുരുദേവൻ” ധർമ്മത്തിനു വേണ്ടിയാണു നിലകൊണ്ടതു്. അതിനാലാണു ഗുരുദേവൻ സ്വന്തം വാക്കുകളിൽ കൂടിയും, കർമ്മങ്ങളിൽ കൂടിയും, സ്വന്തം ജീവിതം കൊണ്ടുതന്നെ അധർമ്മങ്ങളെ എതിർത്തതും.
ലേഖനത്തിൽ എഴുതിയിരിക്കുന്ന “സന്ന്യാസി”ക്കു വേണ്ട ഗുണങ്ങൾ ഒന്നും ഞാൻ ഉണ്ടാക്കിപ്പറഞ്ഞതല്ല. ഭഗവദ്ഗീത സഹിതം ഉള്ള ഉപനിഷത്തുക്കളിൽ കാണാം ഞാൻ അവിടെ എഴുതിയിരിക്കുന്ന കാര്യങ്ങളെല്ലാം.
പഞ്ചേന്ദ്രിയബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മുക്തരായവരാണു ‘സ്വാമി”മാർ. “ഗുരു”ക്കന്മാർ അങ്ങനെയും ആകാം; അല്ലാതെയും ആകാം. അവർ അറിവിനെ പകർന്നു കൊടുക്കുക എന്ന സൽക്കർമ്മങ്ങൾ ചെയ്യുന്ന മഹാത്മാക്കളാണു്. “ഗുരുദേവൻ” അദ്ദേഹത്തിന്‍റെ ഈ ലോകവാസത്തിന്‍റെ മദ്ധ്യമത്തിൽ തന്നെ ആ ഭാഗം കടന്നു ജീവാന്മുക്തനായിരിന്നു. “ഗുരുദേവൻ” കർമ്മനിരതനായതു് മാനവസമുദായത്തിലെ ഉച്ചനീചത്ത്വങ്ങളെ ഇല്ലാതാക്കാനായിരിന്നു. അല്ലാതെ ഈഴവരെ രക്ഷിക്കാൻ വേണ്ടിയായിരുന്നില്ല. അതിന്‍റെ പ്രയോജനം കൂടുതലും കിട്ടിയതു് ഈഴവർക്കായിരിന്നു എന്നതൊരു സത്യം തന്നെ.
എല്ലാം, ഏകമാണെന്ന അദ്വൈതം സാക്ഷാൽക്കരിച്ച ജീവാന്മുക്തനായ “സന്ന്യാസി” ആയിരിന്നു “ഗുരുദേവൻ”. ആയതിനാൽ. ദയവായി ഗുരുദേവനെ വേറും “ഗുരു”വാക്കാതെയിരിക്കുക.
ആരേയൊക്കെ “സ്വാമി” എന്നു സംബോധന ചെയ്യുന്നൂ എന്നല്ല ചർച്ച. ‘സ്വാമി’ എന്നു സംബോധന ചെയ്യപ്പെടാൻ അർഹനായ “സന്യാസി” എന്നാൽ എന്തു്, “സന്യാസി” ആകാൻ വേണ്ട ഗുണങ്ങൾ എന്തെല്ലാം, “സന്യാസി” അഥവാ “സ്വാമി” എന്ന സ്ഥാനം ഏതു വിധമാണു് ഉപയോഗിക്കേണ്ടതു്, എന്തെല്ലാം ഗുണങ്ങൾ ഉള്ളവർക്കാണു് ആ സ്ഥാനം കൊടുക്കുക, ആത്മീയതയിൽ “സ്വാമി” എന്നാൽ എന്തു് എന്നിങ്ങനെയുള്ള കാര്യങ്ങളാണു് ആ ലേഖനത്തിൽ ഞാൻ വിവരിക്കാൻ ശ്രമിച്ചിരിക്കുന്ന്തു്. ചർച്ചയുടെ ഗതിയനുസരിച്ചു ഈവക കാര്യങ്ങൾ പലർക്കും ശരിക്കും അറിയില്ല എന്നു മനസ്സിലായതിനാലാണു എഴുതിയതും.
അറിവില്ലാതിരുന്ന പല കാര്യങ്ങലും അറിയാൻ ഡാ. കമൽജിത് തുടങ്ങിയ ഈ ചർച്ച ഉപകരിച്ചു. അതിനുള്ള നന്ദി അറിയിക്കുന്നു. ഞാൻ മറുപടിയായി എഴുതിയ ലേഖനം വായിച്ചതിനു ശേഷം പലരും ഉന്നയിച്ച വാദങ്ങൾ പിന്നെയും പലതും പഠിക്കാൻ സഹായകമായി. അവർക്കും വളരെ നന്ദി. ആയതിനാൽ തുടർന്നും വാദിക്കാൻ അപേക്ഷിക്കുന്നു. ഈ വിഷയത്തിലല്ല. ഈ വിഷയം ഈ കുറിപ്പോടെ നിരുത്തുന്നു. ആർക്കെങ്കിലും കൂടുതലായി അറിയണം എന്നുണ്ടെങ്കിൽ നേരിട്ടു ബന്ധപ്പടുക.
ചിലരൊക്കൊ വാദങ്ങൾ കണ്ടു്, ആവശ്യം ഇല്ലാത്ത ചില വാൿ പ്രയോഗങ്ങൾ നേരത്തെ നടത്തിയിരുന്നൂ എങ്കിലും ഇനിയും നടത്തില്ലാ എന്നു ഞാൻ വിസ്വസിക്കുന്നു. ഈ ചർച്ച കാര്യങ്ങൾ അറിയാൻ വേണ്ടിയാണു്; അപ്പോൾ അല്പം വാദിക്കുന്നതിൽ യാതൊരുതെറ്റും ഇല്ല. വാദിക്കുന്നതു ശണ്ഠയാണെന്നാണു ചിലരുടെ ധാരണ. അതു തെറ്റായ ധാരണയാണു്. വാദം ജയിക്കാൻ വേണ്ടിയാകരുതു; അങ്ങനെയാകുമ്പോൾ അതു ശണ്ഠയാകും. അങ്ങനെ വാദിക്കുന്നവർക്കു് മറ്റാരെങ്കിലും ഒരാളിന്‍റെ വാദത്തെ ഖണ്ഠിക്കാനായി എന്തെങ്കിലും എഴുതുകയോ, എഴുതിയതിലെ തെറ്റു ചൂണ്ടിക്കാട്ടുകയോ ചെയ്യുമ്പോൾ അതു ശണ്ഠയായി മാത്രമേ അവർക്കു് കാണാൻ സാധിക്കൂ. ഞാൻ സംവാദത്തിലേർപ്പെടുന്നതു് വാദിച്ചു് ജയിക്കാനല്ല, എനിക്കാറിയാവുന്നതിനെ പങ്കുവയ്ക്കാനായിട്ടാണു്. എനിക്കു ബോദ്ധ്യം വന്ന കാര്യങ്ങളേ എഴുതാറുള്ളൂ. മറ്റുള്ളവരും അങ്ങനെയാകണം എന്നും ആഗ്രഹിക്കുന്നു. അങ്ങനെയാകുമ്പോൾ തെറ്റുകൾ കണ്ടാൽ അതു ചൂണ്ടിക്കാണിച്ചു് തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാം. അങ്ങനെ വേണം മുന്നോട്ടു പോകാൻ. അപ്പോൾ മാത്രമേ അതു് ഗുരുദേവൻ അരുളിച്ചെയ്തതുപോലെ, “അറിയാനും അറിയിക്കാനും വേണ്ടി” ആകുകയുള്ളൂ. അതുകൊണ്ട് തുടർന്നും വാദിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. വാദിക്കുമ്പോൾ വാദമുഖം ശരിയാണൊ എന്നു ചിന്തിച്ചിട്ടു വേണം എന്നു മാത്രം.
അല്പം ചരിത്രം എഴുതിക്കൊണ്ടു് ഈ സവാദം തല്ക്കാലം നിറുത്തട്ടെ.
ജനിച്ചപ്പോൾ “നാരയണൻ” എന്നു പേരിട്ടു, ചൊല്ലപ്പേർ “നാണു”. നാണു പഠിക്കാൻ ബഹുമിടുക്കൻ. പഠിപ്പിച്ചാ അശാന്മാരിലും സ്വന്തം മാതുലനിലും അച്ഛനിലും മിടുക്കൻ. “നാണു” പഠിക്കാതെ തന്നെ മിടുക്കനായിരുന്നു. യുവാവായപ്പോൾ “നാണു” ആശാനായി, അപ്പോൾ ജനങ്ങൾക്കദ്ദേഹം “നാണുവാശാ”നായി. അല്പം കൂടിക്കഴിഞ്ഞപ്പോൾ “നാണു ആശാൻ” ആത്മീയകാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. അപ്പോൾ, “നാണു ആശാൻ” “നാരായണഗുരു’ ആയി. അതു കഴിഞ്ഞു അദ്ദേഹത്തിനു് ആത്മീയസ്സാക്ഷാല്ക്കാരം ലഭിച്ചു എന്നു് അദ്ദേഹത്തിന്‍റെ ജീവിതവും പ്രവർത്ത്നവും (നിഷ്ക്കാമകർമ്മങ്ങൾ) കണ്ടപ്പോൾ ജനങ്ങൾക്കു മനസ്സിലായി. അപ്പോൾ അവർ അദ്ദേഹത്തെ “നാരായണഗുരുസ്വാമി” എന്നു സംബോധന ചെയ്തു. (ഇടയ്ക്കു ചിലരൊക്കെ “നാണുയോഗി” എന്നും വിളിച്ചു.) പിന്നെ അതു “ശ്രീനാരായണഗുരുസ്വാമി” ആയി. (ചിലർ നാരായണഗുരുസ്വാമി എന്നാണു പറയുക.) കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ “ശ്രീനരായണഗുരുദേവൻ” ആയി. (ചിലർ “നരായണഗുരുദേവൻ” എന്നും പറയും.) പിന്നെ വെറും “ഗുരുദേവനാ”യി. ഭക്തിയുടെ പാരമ്മ്യതയിൽ ഭക്തനു് എങ്ങനെ ശ്രീകൃഷ്ണഭഗവാൻ വെറും “കൃഷ്ണനോ” “കണ്ണനോ” ആകുന്നതു് അതുപോലെ. ഗുരുദേവനെയും ഗുരുദേവന്‍റെ കൃതികളെയും പറ്റി പഠിക്കാൻ ഭാഗ്യം ലഭിച്ച ചിലരുമായി ഇടപഴകാൻ സാധിച്ചിട്ടുണ്ടു്. അവരിൽ ആരും തന്നെ “ഗുരുദേവൻ” എന്നല്ലാതെ ഗുരുദേവനെ സംബോധനചെയ്യാറില്ല. ചിലപ്പോൾ അതു മനസ്സിലാകാത്തവർക്കു മൻസ്സിലാകാൻ വേണ്ടി “ശ്രീനാരായണഗുരുദേവൻ” എന്നു കൂടി അതിനോടു ചേർത്തേക്കും. ഇതിന്‍റെ കാരണം “ഗുരുദേവൻ” എല്ലാ കടമ്പകളും കടന്നു് ആത്മീയതയുടെ പാരമ്മ്യതയിൽ എത്തി ഒരു ദേവനായിത്തീർന്നിരുന്നു എന്ന പൂർണ്ണബോദ്ധ്യം വന്നതിനാലാകാം എന്നു ഞാൻ വിശ്വസിക്കുന്നു.
കടപ്പാട് : ഉദയഭാനു പണിക്കർ
0 comments:
Post a Comment