‘നാരായണഗുരുവിന്‍റെ വസ്ത്രത്തിന്‍റെ നിറം ’ എന്നൊരു വിഷയം നാം ഇവിടെ പഠനത്തിനെടുക്കുന്നു.
ഗുരു ധരിയ്ക്കാറുണ്ടായിരുന്ന വസ്ത്രം, ഗുരുവിനു കാവിയെപറ്റിയുള്ള കാഴ്ചപ്പാട്, ഗുരു കാവി ധരിച്ചതെപ്പോള്‍, മഞ്ഞവസ്ത്രവും ഗുരുവും, ഗുരുവിനെ ആരാധിക്കുന്നവര്‍ക്ക് ഈ വിഷയങ്ങളില്‍ ഉണ്ടാവേണ്ട ധാരണ ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നതിനാല്‍ അതുകൂടിചേര്‍ത്ത് സമഗ്രമായ ആശയരൂപീകരണമാണ് ഉദ്ദേശിക്കുന്നത്.
ഭാരതീയ സംസ്കാരത്തില്‍ നിറങ്ങള്‍ക്ക് പ്രമുഖസ്ഥാനമാണുള്ളത്.
ചുവപ്പ് : ശ്രേഷ്ഠതയുടെ അടയാളമാണിത്.വിവാഹം, ഉത്സവം, തുടങ്ങി ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ക്കുധരിക്കുന്നവസ്ത്രം, ധീരത, ശത്രുസംഹാരകശേഷി എന്നിവയുടെ പ്രതീകങ്ങളായി ഗണിക്കപ്പെടുന്ന ഉപാസനാമൂര്‍ത്തികള്‍ക്ക് നല്‍കുന്ന ഉടയാടയുടെ നിറം എന്നിവ ചുവപ്പാണ്. മൃതദേഹത്തില്‍ പുതപ്പിയ്ക്കുന്ന വസ്ത്രവും ചുവപ്പാണ്. പച്ച: പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു. ഇത് സമാധാനത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
വെള്ള: സപ്തവര്‍ണ്ണങ്ങളുടെ സങ്കലനമാകയാല്‍ സര്‍വഗുണസമ്പന്നതയുടെ പ്രതീകമാണ്, വെള്ള. വിശുദ്ധിയുടെയും ശാന്തിയുടെയും അറിവിന്‍റെയും നിറമായും ഇത് ഗണിക്കപ്പെടുന്നു.
നീല: സംരക്ഷകത്വത്തിന്‍റെയും വിശാലതയുടെയും അടയാളമാണ്.
മഞ്ഞ: അറിവിന്‍റെയും പഠനത്തിന്റെയും അടയാളമാണ്. ഇത് ധ്യാനത്തെയും മാനസിക വികാസത്തെയും പ്രതിനിധീകരിക്കുന്നു.
കാവി: അഗ്നിയുടെ നിറമാണിത്. മാലിന്യങ്ങളെല്ലാം അഗ്നിയില്‍ ശുദ്ധമാക്കപ്പെടുന്നു എന്നതിനാല്‍ ഇത് വിശുദ്ധിയെ പ്രതിനിധീകരിയ്ക്കുന്നു.
മേല്‍പ്പറഞ്ഞ നിറങ്ങളെ സംബന്ധിക്കുന്ന കാഴപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഭാരതീയര്‍ ഓരോ അവസരങ്ങളിലും വസ്ത്രം ധരിച്ചുപോന്നിരുന്നത്.
അതിന്‍റെ ഭാഗമായാണ് സന്യാസിമാര്‍ കാവിവസ്ത്രം ധരിയ്ക്കുവാന്‍ ഇടയായത്.
ജനനമരണദാരിദ്ര്യരോഗാദികള്‍ക്കപ്പുറമുള്ള, ഈശ്വരനുമായി താദാദ്മ്യം പ്രാപിച്ചു, അതുതന്നെയായി മാറുന്ന ‘നിര്‍വാണം’ എന്ന ധ്യാനത്തിന്‍റെപരമകാഷ്ഠയില്‍ എത്തിയയാള്‍ ആണ് സന്യാസി. അങ്ങനെയുള്ളയാള്‍ക്കാണ് കാവി വിധിക്കപ്പെട്ടിരിയ്ക്കുന്നത്.
കാവിധരിയ്ക്കുന്നതിനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞിരിക്കുന്നത് നോക്കാം: “രാജാവിന് കിരീടം പോലെയാണ് സന്യാസിക്കു കാവി. രാജവല്ലാത്തവന്‍ കിരീടം വച്ചതുകൊണ്ട് രാജാവാകുന്നില്ല. കിരീടം വയ്ക്കാത്തുകൊണ്ട് രാജാവിന് ഒരു കുറവും സംഭവിയ്ക്കുന്നുമില്ല”.
ഗുരു, ജീവിതത്തില്‍ എന്നും സാധാരണ മനുഷ്യനെപ്പോലെ ലളിതമായ വസ്ത്രം ധരിച്ചിരുന്നയാളാണ്. ഗുരു അവധൂതനായിരുന്നകാലം മുതല്‍ വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും ധരിച്ചുപോന്നു. ഗുരുവിന്‍റെ പ്രശസ്തി കടല്‍കടന്നുവ്യാപിച്ചുകൊണ്ടിരുന്ന കാലം. പ്രമുഖ ബുദ്ധമതകേന്ദ്രമായ സിലോണ്‍ സന്ദര്‍ശിയ്ക്കുന്നതിനു ഗുരു തയ്യാറെടുക്കുന്ന സമയം(1924). ഗുരുവിന്‍റെ ശിഷ്യര്‍, ഗുരു കാവിധരിച്ചുകൊണ്ട് പോകുന്നത് കാണണം എന്നാഗ്രഹം പ്രകടിപ്പിയ്ക്കുകയും തുടര്‍ന്ന് അവര്‍ കൊണ്ടുവന്ന കാവി, “നമുക്ക് നാം തന്നെ ഗുരു” എന്ന് പറഞ്ഞുകൊണ്ട് ഗുരുതന്നെ എടുത്തു ധരിയ്ക്കുകയും ചെയ്തത് ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്.
1928 ജനുവരിയില്‍ ശിഷ്യരുടെ ആഗ്രഹപ്രകാരം ശിവഗിരി തീര്ധാടനതിനു ഗുരു അനുമതി നല്‍കുന്ന വേളയില്‍, തീര്‍ഥാടനത്തിന്‍റെ ലക്ഷ്യങ്ങളെപ്പറ്റി പറയുന്നതോടൊപ്പം അവരുടെ വസ്ത്രധാരണത്തെപ്പറ്റിയും ഗുരു വ്യക്തമാക്കി.
അറിവിന്‍റെയും പഠനത്തിന്‍റെയും ധ്യാനത്തിന്‍റെയും മാനസ്സികവികാസത്തിന്‍റെയും നിറമായി ഭാരതത്തില്‍ കണക്കാക്കപ്പെടുന്ന മഞ്ഞയാണ് ഗുരു നിര്‍ദ്ദേശിച്ചത്. ബുദ്ധന്‍റെ വസ്ത്രവും മഞ്ഞയായിരുന്നല്ലോ.
ആ മഞ്ഞതന്നെ, ഉള്ള വെള്ളവസ്ത്രം മഞ്ഞള്‍മുക്കി എടുത്താല്‍ മതിയെന്ന് ഗുരു വ്യക്തമാക്കുകയും ചെയ്തു. മഞ്ഞളിന്‍റെ അനുനിവാരണ ശക്തിയും ഇവിടെ സ്മരിയ്ക്കെണ്ടതാണ്. അതേ വസ്ത്രം കഴുകി വീണ്ടും വെള്ളനിറം ആക്കാം എന്നിടത്തുള്ള ധനശാസ്ത്രം നാം പഠിയ്ക്കെണ്ടതാണ്, ജീവിതത്തില്‍ അനുഷ്ടിയ്ക്കെണ്ടതാണ്.
അവസാനമായി, ഗുരുവിനെ ഉപാസനാമൂര്‍ത്തിയായി ആരാധിയ്ക്കുന്ന പല കേന്ദ്രങ്ങളിലും ഗുരുവിനു മഞ്ഞവസ്ത്രം അണിയിയ്ക്കുന്നതിനെപ്പറ്റി ഒരു വാക്ക്: ഗുരു തീര്‍ഥാടകര്‍ക്കായി വിധിച്ചതാണ്, മഞ്ഞവസ്ത്രം. ഗുരു ജീവിതത്തിന്‍റെ ഏറിയ കാലവും ധരിച്ചിരുന്ന വെള്ളവസ്ത്രമോ, ഗുരു ധരിയ്ക്കുകയും ഭാരതത്തിലെ സങ്കല്പം അനുസരിച്ച് ബ്രഹ്മസാക്ഷാല്‍ക്കാരം സിദ്ധിച്ച സന്ന്യാസികളുടെ വസ്ത്രമായി കണക്കാക്കപ്പെടുകയും ചെയ്തുപോരുന്ന കാവിയോ ആണ് ഗുരുവിഗ്രഹത്തില്‍ അണിയിയ്ക്കെണ്ടത് എന്നാണ് കരുതുന്നത്.
ഗുരു ചരണം ശരണം
0 comments:
Post a Comment